X

ഇസ്രായേല്‍ പൊതുതിരഞ്ഞെടുപ്പിന് 42 ദിവസം; പ്രധാനമന്ത്രി നെതന്യാഹുവിനെതിരെ അഴിമതി ആരോപണങ്ങളുമായി അറ്റോര്‍ണി ജനറല്‍

 നെതന്യാഹു കുറ്റക്കാരൻ തന്നെയെന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറ്റോർണി ജനറൽ നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തിയതെന്നതിനാൽ തന്നെ നെതന്യാഹു കടുത്ത നിയമനടപടികൾ നേരിടേണ്ടി വന്നേക്കാം.

പൊതു തിരഞ്ഞെടുപ്പാകാൻ ആറ് ആഴ്ചകൾ മാത്രം അവശേഷിക്കുന്ന നിർണ്ണായക സമയത്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഗുരുതരമായ അഴിമതി ആരോപണങ്ങളുമായി രാജ്യത്തിൻറെ അറ്റോർണി ജനറൽ അവിചായി മണ്ടേൽബ്ലിറ്റ് രംഗത്ത്. നെതന്യാഹു മൂന്ന് വലിയ സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്നാണ് അവിചായി പരസ്യമായി പ്രഖ്യാപിച്ചത്. വിശ്വാസവഞ്ചന, കോഴകേസുകൾ, ചതി മുതലായ പല കേസുകൾക്കും നെതന്യാഹു നിയമ നടപടികൾ നേരിടേണ്ടി വന്നേക്കും. പൊതു തിരഞ്ഞെടുപ്പ് അടുത്ത് നിൽക്കുന്ന ഈ സമയത്ത് അറ്റോർണി ജനറലിന്റെ ഈ വെളിപ്പെടുത്തലുകൾ നെതന്യാഹുവിന്റെ പ്രതിച്ഛായയ്ക്ക് വലിയ കളങ്കം തന്നെ വരുത്തിയേക്കുമെന്നും അദ്ദേഹത്തിന്റെ രാഷ്ട്രീയഭാവി തന്നെ പരുങ്ങലിലായേക്കുമെന്നും ആഗോളമാധ്യമങ്ങൾ വിലയിരുത്തുന്നുണ്ട്.

ഇസ്രായേൽ നിയമം അനുസരിച്ച് കേസ് കോടതിയിലെത്തുന്നതിന് മുൻപുള്ള ഹിയറിങ്ങുകൾ നെതന്യാഹുവിന് പ്രതിരോധിക്കാം. ആ നടപടികളിലേക്ക് നെതന്യാഹു നീങ്ങുമോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നെതന്യാഹു ശക്തിയുക്തം എതിർത്തു.  അതൊക്കെ മാധ്യമങ്ങളുടെ ഓരോ കണ്ടെത്തലുകളാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കടുത്ത നിയമപരമായ സമ്മര്ദങ്ങളില്ലാതെ രാജിവെച്ചൊഴിയാൻ ഏതായാലും ഉദ്ദേശമില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. നിലവിൽ അങ്ങനെ സമ്മർദ്ദങ്ങൾ നിലനിൽക്കുന്നില്ലാത്ത സ്ഥിതിക്ക് നെതന്യാഹു തൽസ്ഥാനത്തുതന്നെ തുടർന്നേക്കും. എങ്കിലും വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് അദ്ദേഹത്തിന് ഒരു കടുത്ത വെല്ലുവിളി തന്നെയായിരിക്കും.

അറ്റോർണി ജനറലിന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് മുൻപ് തന്നെ സൂചനകളുണ്ടായിരുന്നതുകൊണ്ട്, നെതന്യാഹുവിന്റെ ലികുഡ് പാർട്ടി, വെളിപ്പെടുത്തൽ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെയെങ്കിലും നീട്ടിവെക്കാൻ ഹൈ കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ കോടതി ഈ അപേക്ഷ തള്ളുകയായിരുന്നു. നെതന്യാഹു കുറ്റക്കാരൻ തന്നെയെന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറ്റോർണി ജനറൽ നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തിയതെന്നതിനാൽ തന്നെ നെതന്യാഹു കടുത്ത നിയമനടപടികൾ നേരിടേണ്ടി വന്നേക്കാം.

Related Post
Leave a Comment