X

രണ്ടാം ലോകമഹായുദ്ധത്തിലെ പോരാളി ലക്സംബെർഗ് ഗ്രാൻഡ് ഡ്യൂക്ക് ജീൻ വിടവാങ്ങി

മൂന്ന് പതിറ്റാണ്ടിലധികം കാലം രാജ്യം ഭരിച്ച ഇദ്ദേഹം ലക്സംബറിനെ ഒരു വാണിജ്യ സാമ്പത്തിക കേന്ദ്രമായി പരിവർത്തിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ നിസ്സാരമല്ല.

ലക്സംബെർഗിന്റെയും ഒപ്പം യൂറോപ്പിന്റെ തന്നെയും ചരിത്രം മാറ്റിക്കുറിച്ച ധീരനായ പോരാളിയും 36 വര്‍ഷം ലക്സംബെർഗ് ഭരണാധികാരിയുമായിരുന്ന ഗ്രാൻഡ് ഡ്യൂക്ക് ജീൻ അന്തരിച്ചു. 98 വയസ്സായിരുന്നു. ഇദ്ദേഹത്തിന്റെ പുത്രനും ലക്സംബർഗിന്റെ ഇപ്പോഴത്തെ ഡ്യൂക്കുമായ ഹെൻറി, അച്ഛന്റെ മരണം സ്ഥിരീകരിച്ചു. ജീനിന്റെ ആരോഗ്യനില തകരാറിലായതോടെ ഈസ്റ്റർ ദിനം മുതൽ ജീനിന്റെ കുടുംബം അദ്ദേഹം കിടക്കുന്ന കട്ടിലിനരികിൽ പ്രാർത്ഥനകളിൽ മുഴുകി കാവലിരിക്കുകയായിരുന്നു. അവസാന കാലഘട്ടത്തിൽ പൊതുപരിപാടികളിലൊന്നും സജീവമല്ലാതിരുന്ന ജീൻ ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ തന്റെ സഹോദരിയുടെ മരണദിവസമാണ് പുറത്തിറങ്ങിയത് എന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

1921 ജനുവരി 5-ന് ഫെലിക്സ് രാജകുമാരന്റെയും ഷാർലോട്ട് രാജകുമാരിയുടെയും പുത്രനായാണ് Jean Benoît Guillaume Robert Antoine Louis Marie Adolphe Marc d’Aviano എന്ന ജീനിന്റെ ജനനം. രണ്ടാം ലോക മഹായുദ്ധം മൂലം കലുഷിതമായ രാഷ്ട്രീയ സാഹചര്യത്തിൽ, 19-ആം വയസ്സിൽ ലക്സംബെർഗിന്റെ കിരീടധാരിയാകേണ്ടിയിരുന്ന ജീനിന്റെ മുൻപിൽ പ്രതിസന്ധികൾ അനവധിയായിരുന്നു. നാസി ജർമനി 1940-ല്‍ ലക്സംബർഗ് പിടിച്ചടക്കിയപ്പോൾ ഇദ്ദേഹം ഫ്രാന്‍സിലും പോര്‍ട്ടുഗലിലും യുഎസിലും കാനഡയിലും രാഷ്ട്രീയ അഭയം തേടി. ദീർഘകാലത്തെ സൈനിക പരിശീലനം നേടി 1942-ൽ യൂറോപ്പിൽ തിരിച്ചെത്തിയ ഇദ്ദേഹം സിയൻ യുദ്ധത്തിൽ പങ്കെടുക്കുകയും ബ്രസല്‍സിന്റെ മോചിപ്പിക്കുകയും ചെയ്തു. ഹിറ്റ്ലറുടെ നാസി ജര്‍മനിയെ ലക്സംബര്‍ഗില്‍ നിന്ന് തുരത്തിയ 1944-ലെ പ്രശസ്തമായ സഖ്യകക്ഷികളുടെ Normandy അധിനിവേശം അഥവാ D-Day-യുടെ ഭാഗവുമായിരുന്നു ജീന്‍.

ബല്‍ജിയം രാജകുമാരി ജോസെഫൈൻ ഷാര്‍ലോട്ട് ആയിരുന്നു ജീനിന്റെ ഭാര്യ. മൂന്ന് പതിറ്റാണ്ടിലധികം കാലം രാജ്യം ഭരിച്ച ഇദ്ദേഹം ലക്സംബറിനെ ഒരു വാണിജ്യ സാമ്പത്തിക കേന്ദ്രമായി പരിവർത്തിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ നിസ്സാരമല്ല. തന്റെ മൂത്ത പുത്രനായ ഹെൻറിയെ രാജ്യകാര്യങ്ങളൊക്കെ പരിശീലിപ്പിച്ച് 1998-ൽ തന്നെ അദ്ദേഹം ഭരണചുമതലകൾ ഹെൻറിയെ ഏൽപ്പിച്ചിരുന്നു. എന്നാൽ ഔദ്യോഗികമായി അദ്ദേഹം സിംഹാസനം ഒഴിയുന്നത് 2000-ൽ ആണ്. പിന്നീടും ബില്ലുകൾ പാസ്സാകണമെങ്കിൽ ജീനിന്റെ ഔദ്യോഗിക അനുമതിയും കൈയ്യൊപ്പും വേണമെന്ന തരത്തിൽ ജീനിന് ഗ്രാൻഡ് ഡ്യൂക്ക് അധികാരങ്ങളുണ്ടായിരുന്നു. ജീനിന്റെ മരണത്തിൽ രാജ്യം ആകെ ദു:ഖിക്കുന്നുവെന്നാണ് ഡ്യൂക്ക് ഹെൻറി പ്രതികരിച്ചത്.

This post was last modified on April 24, 2019 9:34 am

Related Post
Leave a Comment