ഇഷ്ടമുള്ള ഒരു വസ്ത്രം ധരിക്കാനോ ആൺ സുഹൃത്തിനൊപ്പം യാത്ര ചെയ്യാനോ സ്ത്രീകൾക്ക് വിലക്കുള്ള ഒരു രാജ്യത്താണ് ഒരു യുവതി ഒരു വലിയ ആൾക്കൂട്ടത്തിനു നടുവിൽ എഴുന്നേറ്റു നിന്ന് പ്രതിഷേധത്തിന്റെ പാട്ടുകൾ പാടിയത്. വർധിച്ചു വരുന്ന പട്ടിണി പരിഹരിക്കാൻ യാതൊരു നടപടികളിലും സ്വീകരിക്കാത്ത സർക്കാർ, സദാചാര കുറ്റകൃത്യങ്ങൾക്ക് കല്ലെറിഞ്ഞ് കൊല്ലൽ പോലുള്ള ശിക്ഷകൾ വിധിക്കുന്ന സുഡാനിൽ പ്രതിരോധത്തിന്റെ ഈ പാട്ടുകാരി സ്ത്രീ സ്വാതന്ത്ര്യത്തിന്റെ പ്രതീകമാകുകയാണ്.
തിങ്കളാഴ്ച രാത്രി സുഡാനിലെ ഖാർത്തൂമിലെ തെരുവിൽ കാറിന് മുകളിൽ കയറി നിന്നുകൊണ്ടാണ് ഒരു യുവതി പ്രതിരോധത്തിന്റെ പാട്ടുപാടുകയും മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തത്. പയ്യെപ്പയ്യെ അവളെ കേൾക്കാനായി മാത്രം തെരുവിൽ പതിനായിരങ്ങൾ തടിച്ചുകൂടി. സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കണക്കാക്കുന്ന സുഡാനിലെ തെരുവിൽ രാത്രി നടന്ന ആ പ്രതിരോധത്തിൽ സ്ത്രീകളായിരുന്നു കൂടുതലും. ജനങ്ങളുടെ പട്ടിണിയും ദാരിദ്ര്യവും മാറ്റാൻ യാതൊരു വിധത്തിലുള്ള നടപടിയും സ്വീകരിക്കാത്ത പ്രസിഡണ്ട് ഒമർ അൽ ബഷിറിനോട് രാജിവെച്ച് പുറത്തുപോകാൻ ആവശ്യപ്പെടുന്ന മുദ്രാവാക്യങ്ങളും ഈ യുവതി മുഴക്കി. മനുഷ്യാവകാശ പ്രവർത്തകരെയും ആക്റ്റിവിസ്റ്റുകളെയും ജയിലിൽ അടക്കുന്ന ഭരണകൂടത്തെ വിറപ്പിച്ചുകൊണ്ടാണ് അവർ പൊതുജനമധ്യത്തിൽ താവ്ര…താവ്ര (വിപ്ലവം …വിപ്ലവം) എന്ന് വിളിച്ചുപറഞ്ഞത്.
യുവതി വൻ ജനാവലിയ്ക്കു മുൻപിൽ എഴുന്നേറ്റ് നിന്ന് കൈകൊട്ടുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്യുന്ന വീഡിയോയും ചിത്രങ്ങളും സൈബർ ഇടങ്ങളിൽ വൈറലായി. ‘കണ്ടക്ക’ (നുബിയൻ രാജ്ഞി) എന്ന് ജനങ്ങൾ വിശേഷിപ്പിച്ച ആ പേരറിയാത്ത യുവതി ഞങ്ങൾക്കെല്ലാം പ്രചോദനമാണെന്നാണ് ഫോട്ടോ പങ്കുവെച്ച ഭൂരിഭാഗം സുഡാനി സ്ത്രീകളും ട്വിറ്ററിൽ കുറിച്ചത്. വെളുത്ത വസ്ത്രങ്ങൾ ധരിച്ച ഉത്സാഹഭരിതയായ ആ യുവതി സ്ത്രീസ്വാതന്ത്ര്യത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകമാണെന്നാണ് പലരും അഭിപ്രായപ്പെട്ടത്.
‘അവൾ എല്ലാവർക്കും പ്രതീക്ഷയും പോസിറ്റിവ് എനർജിയും നൽകുകയായിരുന്നു. അവൾ ഞങ്ങൾ സുഡാനി വനിതകളുടെ കഥകൾ പാട്ടുകളായി പാടുകയായിരുന്നു. ഞങ്ങളുടെ ഭാവി ഞങ്ങൾ തന്നെ നെയ്യുമെന്നും ഞങ്ങൾ വിപ്ലവമുണ്ടാക്കുമെന്നും എനിക്ക് പതുക്കെ ബോധ്യം വന്നു.’ ദൃക്സാക്ഷിയായ ലാന ഹാരോൺ സിഎൻഎന്നിനോട് പറഞ്ഞു.
This post was last modified on April 10, 2019 9:23 am
Leave a Comment