X

നൈജീരിയയിൽ സ്കൂൾ കെട്ടിടം പൊളിഞ്ഞുവീണ്‌ 10 കുട്ടികൾ മരിച്ചു

മാതാപിതാക്കൾ വെപ്രാളത്തോടെ കുഞ്ഞുങ്ങളെ തിരിച്ചറിയാൻ ശ്രമിക്കുന്നത് രക്ഷ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കിയെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.

നൈജീരിയയിൽ സ്കൂൾ കെട്ടിടം ഇടിഞ്ഞുവീണ് 10 കുട്ടികൾ മരിച്ചു. ഇടിഞ്ഞുപൊളിഞ്ഞ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളിൽ നിന്ന് നാല്പതോളം കുട്ടികളെ ജീവനോടെ പുറത്ത് എത്തിക്കാനായിട്ടുണ്ട്‌. മറ്റ് കുട്ടികൾക്കായുള്ള തിരച്ചിലിലാണ് രക്ഷ പ്രവർത്തകർ. നൈജീരിയയിലെ ലാഗോസ് ദ്വീപിലെ നാലുനില കെട്ടിടമാണ് തകർന്നുവീണത്. കെട്ടിടത്തിന്റെ നാലാം നിലയിൽ പ്രവർത്തിച്ചുവരികയായിരുന്നു സ്കൂളിൽ ഏതാണ്ട് നൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. കെട്ടിടം ഇടിഞ്ഞന്നുവീഴാനുണ്ടായ കാരണത്തെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല. സ്കൂൾ ഇടിഞ്ഞുവീണതറിഞ്ഞ് കുട്ടികളുടെ മാതാപിതാക്കൾ ഓടി കൂടിയതോടെ രംഗം ആകെ കലുഷിതമായി. അവശിഷ്ടങ്ങൾക്കടിയിൽ നിന്നും കുഞ്ഞുങ്ങളെ വലിച്ച് പുറത്തേക്കെടുക്കുമ്പോൾ മാതാപിതാക്കൾ വെപ്രാളത്തോടെ കുഞ്ഞുങ്ങളെ തിരിച്ചറിയാൻ ശ്രമിക്കുന്നത് രക്ഷ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കിയെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ജീവനോടെ പുറത്തെടുത്ത കുട്ടികളെ ഉടൻ തന്നെ ലാഗോസിലെ ജനറൽ ആശുപത്രിയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളും നടന്നു വരികയാണ്.

“നിങ്ങളുടെ വികാരം ഞങ്ങൾ മനസിലാക്കുന്നു. പക്ഷെ നിങ്ങളുടെ കുഞ്ഞുങ്ങളെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് ഇവിടെ നടക്കുന്നത്. ദയവായി സംയമനം പാലിക്കണം. രക്ഷ പ്രവർത്തകർ അവരുടെ പണിയെടുക്കട്ടെ”  സംഭവസ്ഥലത്തെത്തിയ മെഡിക്കൽ രംഗത്തെ വിദഗ്ദർ കുട്ടികളുടെ രക്ഷിതാക്കളോട് അപേക്ഷിക്കുന്നത് ഇങ്ങനെയൊക്കെയാണ്. ആശുപത്രിയിലെത്തി പരിക്കേറ്റ കുഞ്ഞുങ്ങളെ സന്ദർശിച്ച സ്റ്റേറ്റ് ഡെപ്യൂട്ടി ഗവർണ്ണർ ഐഡിയറ്റ് ഓള്‌റൻറ്റി മരിച്ച കുഞ്ഞുങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തി.

കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുന്നത് നൈജീരിയയിൽ ആദ്യത്തെ സംഭവമല്ല. ഗുണമേന്മയില്ലാത്ത അസംസ്കൃത വസ്തുക്കൾ കൊണ്ടാണ് നൈജീരിയൻ ഗ്രാമങ്ങളിലെ ഭൂരിഭാഗം കെട്ടിടങ്ങളും നിർമ്മിച്ചിരിക്കുന്നത്. ഈ കെട്ടിടങ്ങളൊന്നും തന്നെ ഈട് നിൽക്കാറില്ല. പൊളിഞ്ഞ് വീണ സ്കൂൾ കെട്ടിടത്തിൽ മുൻപ് തന്നെ വലിയ വിള്ളലുകൾ കണ്ടിട്ടുണ്ടെന്നും, അധികൃതരോട് പറഞ്ഞിട്ട് അവർ വേണ്ടത്ര ഗൗരവത്തോടെ വിഷയം പരിഗണിച്ചില്ലെന്നുമാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.

This post was last modified on March 14, 2019 6:51 am