X

‘പിടിച്ചകത്തിടും’; ഭീകരന്‍ ഹാഫിസ് സയിദിന്റെ ഈദ് പ്രാര്‍ത്ഥനയും ഇന്ത്യാ വിരുദ്ധ പ്രസംഗവും തടഞ്ഞ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍

സര്‍ക്കാര്‍ കര്‍ശന നിലപാടെടുത്തതോടെ ഹഫീസ് സയീദ് ബുധനാഴ്ചത്തെ പ്രാര്‍ത്ഥന ജൗഹര്‍ ടൗണിലെ വസതിക്കു സമീപമുള്ള ചെറിയ മോസ്‌കിലേക്ക് മാറ്റി

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും യുഎന്‍ ഭീകര പട്ടികയിലുള്ളയാളുമായ ജമാത്-ഉദ്-ദവാ തലവന്‍ ഹാഫിസ് സയീദിനെ ലാഹോറിലെ പ്രശസ്തമായ ഗദ്ദാഫി സ്‌റ്റേഡിയത്തില്‍ ഈദ് പ്രാര്‍തഥനയും റാലിയും നടത്തുന്നതില്‍ നിന്ന് തടഞ്ഞ് പാക്കിസ്ഥാന്‍ സര്‍ക്കാര്‍. ഉത്തരവ് ലംഘിച്ച് റാലി നടത്തിയാല്‍ അറസ്റ്റ് ചെയ്യുമെന്ന് സര്‍ക്കാര്‍ കര്‍ശന നിലപാടെടുത്തതോടെ ഹഫീസ് സയീദ് ബുധനാഴ്ചത്തെ പ്രാര്‍ത്ഥന ജൗഹര്‍ ടൗണിലെ വസതിക്കു സമീപമുള്ള ചെറിയ മോസ്‌കിലേക്ക് മാറ്റിയെന്ന് പാക് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായാണ് സയീദിനെ ഇവിടെ റാലിയും പ്രാര്‍ത്ഥനയും നടത്തുന്നതില്‍ നിന്ന് തടഞ്ഞതെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഗദ്ദാഫി സ്‌റ്റേഡിയത്തിലാണ് വര്‍ഷങ്ങളായി ഈദ്-ഉല്‍-ഫിത്തറിനും ഈദ്-ഉല്‍-അസ്ഹയ്ക്കും സയീദ് പ്രാര്‍ത്ഥന നടത്തിയിരുന്നത്. സര്‍ക്കാര്‍ തന്നെ ഇയാള്‍ക്ക് സുരക്ഷയും ഒരുക്കിയിരുന്നു. ഇവിടെ പ്രാര്‍ത്ഥന നടത്തുക മാത്രമല്ല, ഇവിടെ തടിച്ചു കൂടുന്ന വന്‍ ജനാവലിക്കു മുമ്പാകെ കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യാ വിരുദ്ധ പ്രസംഗം നടത്തുകയും ചെയ്തിരുന്നു.

“സയീദിന് ഗദ്ദാഫി സ്‌റ്റേഡിയത്തില്‍ പ്രാര്‍ത്ഥന നടത്തണമായിരുന്നു. പക്ഷേ, പഞ്ചാബ് സര്‍ക്കാരിലെ ഉദ്യോഗസ്ഥന്‍ അയാളോട് അത് അനുവദിക്കാന്‍ കഴിയില്ല എന്നു തീര്‍ത്തു പറഞ്ഞു. അത് ലംഘിച്ച് മുന്നോട്ടു പോകാനാണ് പരിപാടിയെങ്കില്‍ സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു”, ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.

166 പേരുടെ മരണത്തിനിടയാക്കിയ മുംബൈ ആക്രമണത്തിനു ശേഷം 2008 ഡിസംബര്‍ 10-ന് സയീദിനെയും അയാളുടെ സംഘടനയേയും യുഎന്‍ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ടിംഗിനെ നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സുമായി മൂന്നു മാസം മുമ്പുണ്ടാക്കിയ ധാരണ പ്രകാരം ഭീകര സംഘടനകള്‍ക്കെതിരെ നടപടികള്‍ കര്‍ശനമാക്കിയിരുന്നു. അന്നു മുതല്‍ കടുത്ത നിലപാടുകളിലേക്ക് പോകാതെ ഒതുങ്ങിക്കഴിയുകയാണ് സയീദ് എന്നും റിപ്പോര്‍ട്ട് പറയുന്നു.

ഭീകര സംഘടനകളായ ജെയ്‌ഷെ-ഇ-മൊഹമ്മദ്, ലഷ്‌കര്‍ ഇ-തൊയ്ബ, ജമാത്-ഉദ്-ദവാ എന്നിവയ്ക്കുള്ള ഫണ്ടിംഗ് തടയാന്‍ സാധിക്കാത്തതിനാല്‍ പാക്കിസ്ഥാനെ ‘ഗ്രേ’ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയായിരുന്നു പാരീസ് ആസ്ഥാനമായുള്ള ഈ സംഘടന. കഴിഞ്ഞ മാര്‍ച്ചില്‍ ജമാത്-ഉദ്-ദാവയെുടെ ആസ്ഥാനമായ ജാമിയ മസ്ജിദ് ഖദ്‌സിയയില്‍ വെള്ളിയാഴ്ച പ്രഭാഷണം നടത്തുന്നതില്‍ നിന്ന് പാക്കിസ്ഥാന്‍ സര്‍ക്കാര്‍ സയീദിനെ തടഞ്ഞിരുന്നു.

ലഷ്‌കര്‍-ഇ-തൊയ്ബയുടെ മുഖമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജമാത്-ഉദ്-ദവെ എന്നാണ് കരുതപ്പെടുന്നത്. 2014-ല്‍ അമേരിക്ക ഈ സംഘടനയെ വിദേശ ഭീകര സംഘടനകളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

അതിനിടെ, ഇതാദ്യമായി അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രതിരോധ ബജറ്റ് വെട്ടിക്കുറയ്ക്കുന്ന കാര്യം പാക്കിസ്ഥാന്‍ സൈന്യം അംഗീകരിച്ചെന്നും മറ്റൊരു റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തെ സമ്പദ്‌വ്യവസ്ഥ തകര്‍ച്ചയിലായതിനാല്‍ സര്‍ക്കാര്‍ ചെലവ് കുറയ്ക്കല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് ഇത്. എന്നാല്‍ ഈ നീക്കം പാക്കിസ്ഥാന്റെ സൈനികശേഷിയെ ഒരു വിധത്തിലും ബാധിക്കില്ലെന്നും ഏതു ഭീഷണികളും നേരിടാന്‍ സജ്ജമാണെന്നും സൈന്യത്തിന്റെ വക്താവ് വ്യക്തമാക്കി. സൈന്യത്തിന്റെ നീക്കത്തെ ഇമ്രാന്‍ ഖാനും പ്രകീര്‍ത്തിച്ചു. പാക്കിസ്ഥാനില്‍ ജനകീയ സര്‍ക്കാരുകളേക്കാള്‍ ശക്തവും പലപ്പോഴും ഇത്തരം സര്‍ക്കാരുകളെ നിയന്ത്രിക്കുന്നതും സൈന്യമാണ്.

Azhimukham Special: കാസര്‍കോട് മുണ്ടത്തടം ക്വാറി സമരം: രണ്ടു പേര്‍ അറസ്റ്റില്‍, സിപിഎം നേതാവായ ക്വാറി മുതലാളിയെ പഞ്ചായത്ത് സംരക്ഷിക്കുന്നെന്ന് സമരക്കാര്‍

This post was last modified on June 6, 2019 11:54 am