X

‘ബഹുമാനമില്ലാ’തെ സംസാരിച്ചാല്‍ ജയിലിലിടുന്ന നിയമവുമായി റഷ്യ

പ്രതിഷേധങ്ങളോടുള്ള പുട്ടിന്റെ ഭയം പണ്ടേ പ്രശസ്തമാണ്. 2000 ൽ അധികാരത്തിലേറിയപ്പോൾ പുട്ടിൻ ആദ്യം ചെയ്തത് “കുക്കിലി” എന്ന ആക്ഷേപഹാസ്യ പരിപാടിയെ നിരോധിക്കുകയായിരുന്നു

ഭരണകൂടത്തിനെതിരെയുള്ള വിയോജിപ്പ് സ്വരങ്ങളെ നിശബ്ദമാക്കാനൊരുങ്ങി റഷ്യൻ ഭരണകൂടം. ഭരണകൂടത്തെയും ഭരണാധികാരികളെയും  ഉദ്യോഗസ്ഥരെയും കുറിച്ച് ‘ബഹുമാനമില്ലാ’തെ സംസാരിക്കുകയും സമൂഹമാധ്യമങ്ങളിൽ പോസ്റ്റുകളിടുകയും ചെയ്യുന്നവരെ 15 ദിവസം ജയിലിലിടാൻ കഴിയുന്ന വിവാദ നിയമനിർമ്മാണത്തിന്റെ എല്ലാ ഘട്ടങ്ങളും പൂർത്തിയായി. വിയോജിക്കാനുള്ള സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്ന ഒരു കരിനിയമമാണിതെന്നും, ആളുകളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേൽ സെന്‍സര്‍ഷിപ്പുകൾ ഏർപ്പെടുത്തുന്ന സോവിയറ്റ് ധാർഷ്ട്യത്തിന്റെ ബാക്കിപത്രമാണ് റഷ്യൻ പാർലമെൻറ്റ് പാസ്സാക്കിയ ഈ പുതിയ നിയമവുമെന്നും സൂചിപ്പിക്കുന്ന വ്യാപക എതിർപ്പുകളാണ് രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. ഈ നിയമപ്രകാരം സൈബർ ഇടങ്ങളിൽ അമാന്യമായ കമന്റുകൾ ഇടുന്നവരെയും, രാജ്യത്തിൻറെ അധികാര ചിഹ്നങ്ങളെയും അധികാരികളെയും ബഹുമാനിക്കാതെ സൈബർ ഇടങ്ങളിൽ ഇടപെടുന്നവരെയും കുടുക്കി 100,000 റൂബിൾ വരെ പിഴയടപ്പിക്കാനുമാകും.

ഈ നിയമത്തിനെതിരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും കടുത്ത എതിർപ്പുകളാണ് വന്നുകൊണ്ടിരിക്കുന്നത്. “ഇനി നമ്മുക്ക് സർക്കാരിനെ കുറിച്ച് എന്തെങ്കിലും എതിർപ്പുണ്ടെങ്കിൽ അടുക്കളയിൽ നിന്ന് ആരും കേൾക്കാതെ പിറുപിറുക്കാം”, എന്നാണ് റഷ്യയിലെ അഭിഭാഷകനായ സെർജി ഷ്വാക്കിൻ തന്റെ ഫേസ്‌ബുക്കിൽ കുറിച്ചത്. “ഒരു മണ്ടൻ മണ്ടനാണെന്നു നമ്മൾ അയാളോട് തുറന്നു പറയാതിരുന്നാൽ, അതിനുള്ള സാധ്യതകളെല്ലാം അടച്ചാൽ അയാൾ മണ്ടനായി തന്നെ തുടരും” എന്നാണ് നാഷണലിസ്റ് പാർട്ടി എംപി സെർജി ഇവാനോവ് നിയമത്തെ കളിയാക്കികൊണ്ട് രേഖപ്പെടുത്തുന്നത്.

ഭരണകൂടത്തെ കുറിച്ച് ബഹുമാനമില്ലാതെ സംസാരിക്കുന്നുവെന്നോ, വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നോ കണ്ടെത്തിയാൽ ആ വെബ്‌സൈറ്റ് ബ്ലോക്ക് ചെയ്യാൻ ഗവൺമെന്റിന് അധികാരം നൽകുന്ന ഒരു പ്രത്യേക നിയമവും പാർലമെന്റ് കഴിഞ്ഞ ദിവസം അംഗീകരിച്ചു. എന്നാൽ എതിരഭിപ്രായങ്ങൾ രേഖപ്പെടുത്തുന്ന വ്യവസ്ഥാപിത മാധ്യമങ്ങളുടെ വെബ്‌സൈറ്റുകൾ ഉദ്ദേശിച്ചല്ല ഈ പുതിയ നിയമ നിർമ്മാണമെന്നാണ് അധികാരികൾ സൂചിപ്പിക്കുന്നത്. പ്രസിഡന്റ്റ് വ്ലാദിമിർ പുട്ടിനെക്കുറിച്ച് അശ്ളീലം പറയരുതെന്ന് മാത്രമാണ് സൂചിപ്പിക്കുന്നതെങ്കിലും പരിഹാസത്തിലൂടെയും തമാശകളിലൂടെയും നയങ്ങളിലുള്ള അഭിപ്രായ ഭിന്നത ചൂണ്ടിക്കാണിച്ചാലും ആളെ പിടിച്ച് അകത്തിടാനുള്ള പഴുതുകൾ ഈ നിയമത്തിലുണ്ടെന്നാണ് റഷ്യയിലെ ജനാധിപത്യ വിശ്വാസികൾ ആരോപിക്കുന്നത്.

പ്രതിഷേധങ്ങളോടുള്ള പുട്ടിന്റെ ഭയം പണ്ടേ പ്രശസ്തമാണ്. 2000 ൽ അധികാരത്തിലേറിയപ്പോൾ പുട്ടിൻ ആദ്യം ചെയ്തത് “കുക്കിലി” എന്ന ആക്ഷേപഹാസ്യ പരിപാടിയെ നിരോധിക്കുകയായിരുന്നു. അത് സംപ്രേഷണം ചെയ്തു വന്നിരുന്ന എൻടിവി ചാനലിനെ കാലക്രമേണ ഗവൺമെന്റ് ഏറ്റെടുക്കുകയായിരുന്നു.

This post was last modified on March 7, 2019 4:29 pm