X

ജനാധിപത്യത്തിലേക്കുള്ള പാത ദുർഘടമോ; ‘പ്രൊഫഷനലു’കള്‍ സുഡാൻ പോരാട്ടത്തില്‍ ചെയ്യുന്നത്

ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഒരു ഭരണകൂടമാണ് തങ്ങൾക്ക് ആവശ്യമെന്നും സൈനിക ഇടപെടലുകൾ പരിമിതമായിരിക്കണമെന്നുമാണ് പ്രതിഷേധപ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്ത സുഡാനീസ് പ്രൊഫഷനൽ അസോസിയേഷൻ (SPA ) പറയുന്നത്.

ജനാധിപത്യത്തിൽ കുറഞ്ഞ് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല എന്ന് ഉറപ്പിച്ചുകൊണ്ട് സുഡാന്റെ തെരുവുകളിൽ തടിച്ചുകൂടിയ ജനത കണ്ട സ്വപ്‌നങ്ങൾ വളരെ വലുതായിരുന്നു. ജനാധിപത്യത്തിലേക്കുള്ള പാത ദുർഘടം തന്നെയായിരിക്കും എന്ന് തിരിച്ചറിവുള്ള ഈ ജനത ഓരോ കടമ്പയും കടന്ന് പടിപടിയായാണ് മുന്നേറുന്നത്. ജനങ്ങൾ പട്ടണികൊണ്ട് മരിക്കുമ്പോഴും യാതൊരു കൂസലുമില്ലാതെ അഴിമതിയും ആക്രമണങ്ങളും നടത്തിക്കൊണ്ടിരുന്ന അൽ ബാഷിറിന്റെ മൂന്ന് പതിറ്റാണ്ടിലധികമായ ഭരണം അവസാനിപ്പിക്കുക എന്നതായിരുന്നു ആദ്യ കടമ്പ. സൈനിക അട്ടിമറിയിലൂടെ രാജ്യം പിടിച്ചെടുത്ത പ്രതിരോധ മന്ത്രി അഹമ്മദ് ഔഡി ഇബ്ൻ ഓഫിനെ രാജ്യം ഏൽപ്പിക്കാതിരിക്കുകയായിരുന്നു രണ്ടാം കടമ്പ. ഒടുവിൽ നിലവിലെ സൈനിക മേധാവിയായ അബ്ദെൽ ഫതഹ് അൽ ബുർഹാനെ പൂർണ്ണമായും വിശ്വസിക്കാതിരിക്കുക എന്നതായിരുന്നു അടുത്ത നീക്കം. ബാഷിർ ജയിലിലടച്ച രാഷ്ട്രീയ തടവുകാരെ മുഴുവൻ മോചിപ്പിക്കുക, ജനാധിപത്യപരമായി തിരഞ്ഞെടുത്ത ഒരു ഭരണകൂടം വരിക എന്നത് തന്നെയായിരുന്നു ഇവരുടെ മുദ്രാവാക്യം. ‘ബാഷിറിനെ താഴെ ഇറക്കിയിട്ട് ഒടുവിൽ മറ്റൊരു ബാഷിർ വാഴ്ച ഞങ്ങൾക്ക് ഇനിയും സഹിക്കാനാകില്ല,‘ സ്വേച്ഛാധിപതിയായ ഒരു ഭരണാധികാരിക്ക് കീഴിൽ പൊറുതിമുട്ടിയ ഒരു ജനത ഒന്നായി പറയുന്നു.

തെരുവിലെ ആൾക്കൂട്ടത്തെ നോക്കി ഈ ‘സമാധാനപരമായ വിപ്ലവത്തെ ഞാൻ അഭിനന്ദിക്കുന്നു’ എന്നാണ് പുതിയ സൈനിക മേധാവി ബുർഹാൻ പറഞ്ഞത്. പ്രതിഷേധപ്രകടനത്തിലെ സ്ത്രീകളുടെയും യുവാക്കളുടെയും സാന്നിധ്യം ഒരു ബ്രോഡ്കാസ്റ്റ് സംഭാഷണത്തിൽ ഇദ്ദേഹം എടുത്ത്‌ സൂചിപ്പിച്ചു. രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കുമെന്നും ജനങ്ങളുടെ പ്രാതിനിധ്യം ഉറപ്പുവരുത്തിക്കൊണ്ടുള്ള ഒരു ഭരണക്രമം നിലവിൽ വരുത്തുമെന്നും ഇദ്ദേഹം വാക്കുനല്കിയിരുന്നു. എന്നാൽ ബുർഹാന്റെ വാക്കുകൾക്ക് പ്രതിഷേധക്കാരെ മതിയാകും വിധത്തിൽ തൃപ്തിപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് ദി ഗാർഡിയൻ ഉൾപ്പടെയുള്ള ആഗോള മാധ്യമങ്ങൾ പറയുന്നത്. തങ്ങൾക്ക് വേണ്ടത് സമാധാനവും ജനാധിപത്യവും സ്വാതന്ത്ര്യവും ആണ്, ഈ മൂന്ന് കാര്യത്തിലും യാതൊരു വിട്ടുവീഴ്ചയുമില്ല എന്ന് ഇവർ തറപ്പിച്ചു പറയുന്നുണ്ട്.

Also Read: സുഡാനിൽ നിന്നും കേരളത്തിലേക്കുള്ള ദൂരം; സ്ത്രീകളവിടെ അധികാരത്തെ കുറിച്ച് സംസാരിക്കുമ്പോൾ നമ്മൾ ആർത്തവത്തെ കുറിച്ച് സംസാരിക്കുന്നു

ജനങ്ങൾ തിരഞ്ഞെടുക്കുന്ന ഒരു ഭരണകൂടമാണ് തങ്ങൾക്ക് ആവശ്യമെന്നും അതിൽ സൈനിക ഇടപെടലുകൾ പരിമിതമായിരിക്കണമെന്നുമാണ് പ്രതിഷേധപ്രവർത്തനങ്ങൾക്ക് മുൻകൈയെടുത്ത സുഡാനീസ് പ്രൊഫഷനൽ അസോസിയേഷൻ (SPA) പറയുന്നത്. സൈന്യത്തിന് ഒരു കാരണവശാലും ഭരണച്ചുമതല നല്കരുതെന്നാണ് ഇവർ വാദിക്കുന്നത്. ബ്രെഡിന്റെ വില മൂന്ന് ഇരട്ടിയാക്കി വർധിപ്പിക്കാനുള്ള ബാഷിറിന്റെ നീക്കത്തിനെതിരെ ഇക്കഴിഞ്ഞ വര്‍ഷം ഡിസംബർ 19-നാണ് ഈ പ്രതിഷേധങ്ങൾ ആരംഭിക്കുന്നത്. നിലവിലെ സൈന്യവും SPA പ്രതിനിധികളുമായി വിട്ടുവീഴ്ചകൾക്കായി ചർച്ചകൾ നടത്തിയേക്കുമോ എന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. ഭരണകൂടത്തിനെതിരെയുള്ള ഇത്തരം പൗരസമൂഹ പ്രക്ഷോഭങ്ങൾ പുതിയതല്ലെങ്കിലും പ്രൊഫഷണൽ വിഭാഗത്തിന്റെ സാന്നിധ്യമാണ് ഈ സമരത്തെ വിത്യസ്തമാക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകൻ സച് വെർട്ടിൻ പറയുന്നത്. സ്വേച്ഛാധിപത്യഭരണക്രമത്തിന്റെ പ്രത്യാഘാതങ്ങൾ അത്രയധികം അനുഭവിക്കേണ്ടി വന്നിട്ടില്ലാത്ത, മറ്റ് നാടുകളിലേക്ക് തൊഴിൽ തേടി പോകാവുന്ന ഈ വിഭാഗത്തിന്റെ ഇടപെടൽ പ്രതിഷേധത്തെ കുറച്ചുകൂടി ശക്തമാക്കി എന്ന് ഇദ്ദേഹം നിരീക്ഷിക്കുന്നുണ്ട്.

സുഡാനിലെ പ്രതിഷേധപ്രകടനകളെ മറ്റൊരു മുല്ലപ്പൂ വിപ്ലവം എന്നാണ് ചില ആഗോളമാധ്യമങ്ങൾ വിശേഷിപ്പിച്ചത്. അൾജീരിയയിൽ ജനങ്ങൾ തെരുവിൽ ഇറങ്ങി പ്രതിഷേധിച്ചതോടെ പതിറ്റാണ്ടുകളായി തുടരുന്ന ബ്ലൂട്ടിഫിക്കെ ഭരണം അവസാനിച്ച പശ്ചാത്തലത്തിൽ ഇത് ആഗോളതലത്തിൽ തന്നെ ഒരു ട്രെൻഡ് ആയി വളർന്നേക്കാം എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. സമൂഹമാധ്യമ ഇടങ്ങളുടെ സാധ്യത പരമാവധി ഉപയോഗിച്ചുകൊണ്ടും തെരുവിലിറങ്ങിയും പൗരസമൂഹം ദീർഘകാലങ്ങളായി നാടുഭരിക്കുന്ന സ്വേച്ഛാധിപതികളെ ഇറക്കിവിടുന്നത് ശുഭ സൂചനയാണെന്നും ഒരു വിപ്ലവത്തിന്റെ തുടക്കമാണെന്നുമാണ് റിപ്പോർട്ടുകൾ.

രാജ്യത്ത് പട്ടിണിയും ദാരിദ്ര്യവും അഴിമതിയും ശക്തമായപ്പോൾ പൊറുതിമുട്ടിയാണ് അൽ ബാഷിർ ഭരണത്തിനെതിരെ തെരുവിലിറങ്ങേണ്ടി വന്നതെന്നാണ് പ്രതിഷേധപ്രവർത്തകർ പറയുന്നത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം അല്‍ ബഷീറില്‍ നിന്ന് സൈന്യം ഭരണം പിടിച്ചെടുക്കുകയും പ്രതിരോധ മന്ത്രിയായിരുന്ന അഹമ്മദ് ഔഡി ഇബ്നെ താത്ക്കാലികമായി ഈ ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ 2000-ല്‍ സര്‍ക്കാരിനെതിരെ ആരംഭിച്ച ദര്‍ഫര്‍ എന്ന സായുധ മുന്നേറ്റത്തെ ചെറുക്കാനായി ജജ്ഞാവീദ് എന്ന സര്‍ക്കാര്‍ അനുകൂല സ്വകാര്യ സായുധ സംഘത്തെ ആയുധവും അധികാരവും കൊടുത്ത് ഇറക്കിയത് അന്ന് മിലിട്ടറി ഇന്റലിജന്‍സ് ചീഫ് ആയിരുന്ന അഹമ്മദ് ആണെന്ന് ആരോപിച്ച് 2007-ല്‍ അമേരിക്ക ഇയാളെ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. അന്ന് വ്യാപകമായ ബലാത്സംഗങ്ങളും കൊലപാതകങ്ങളുമാണ് ഈ സ്വകാര്യ സായുധസംഘം നടത്തിയത്.

അഹമ്മദ് ചുമതലയില്‍ നിന്ന് ഒഴിഞ്ഞതിനു പിന്നാലെ സൈന്യത്തിലെ ജനറല്‍ ഇന്‍സ്പെക്ടറും ബഹുമാന്യനുമായി കണക്കാക്കപ്പെടുന്ന ജനറല്‍ അബ്ദെല്‍ ഫത്താഹ് ബുര്‍ഹാനാണ് അധികാരം കൈമാറാനുള്ള കൌണ്‍സിലിന്റെ ചുമതല. അടുത്ത രണ്ടു വര്‍ഷത്തിനിടയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത് വരെ ബുര്‍ഹാന്‍ ഈ പദവി വഹിക്കും. അല്‍- ബാഷിര്‍ ഭരണകൂടത്തെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ അവരോടു സംസാരിക്കാനും അവരുടെ വാദങ്ങള്‍ കേള്‍ക്കാനും ആദ്യം തയാറായ വ്യക്തികളില്‍ ഒരാളും ബുര്‍ഹാന്‍ ആയിരുന്നുവെന്ന് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

This post was last modified on April 14, 2019 8:19 am