X

പുതിയ രാജാവിന്റെ ബോഡിഗാർഡ് ഇനി മുതൽ തായ്‌ലണ്ടിന്റെ രാജകുമാരി

ഇവർ തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും അങ്ങനെ യാതൊരു വിധത്തിലുമുള്ള ബന്ധവുമില്ലെന്നാണ് രാജകുടുംബം വാദിക്കുന്നത്.

കിരീടധാരണത്തിനു ദിവസങ്ങൾ മാത്രം ശേഷിക്കെ തന്റെ ബോഡിഗാർഡിനെ വിവാഹം കഴിച്ച് രാജ്ഞിയാക്കി രാജ്യത്തെയാകെ ഞെട്ടിച്ച് തായ് രാജാവ് മഹാ വാജിറാലോങ്‌കോങ്. തന്റെ വ്യക്തി സുരക്ഷയ്ക്കായി നിയമിക്കപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരിൽ ഒരാളെയാണ് രാജാവ് തന്റെ ജീവിതസഖിയും രാജ്യത്തിന്റെ രാജ്ഞിയുമാക്കാനായി തിരഞ്ഞെടുത്തത്. ഇവർക്ക് സുദിത രാജ്ഞി എന്ന പദവി നൽകി രാജ്യം ആദരിച്ചു.

ഭുമിബോൽ രാജാവിന്റെ മരണശേഷമാണ് മകൻ വാജിറാലോങ്‌കോങ് തായ്‌ലണ്ടിന്റെ രാജാവാകാനൊരുങ്ങുന്നത്. ഭരണഘടനാപ്രകാരമുള്ള രാജവാഴ്ച നിലനിൽക്കുന്ന തായ്‌ലൻഡിൽ നിയമങ്ങൾക്കനുസൃതമായാണ് ഇദ്ദേഹത്തെ രാജാവായി തിരഞ്ഞെടുത്തത്. രാമ X എന്ന പേരിലായിരിക്കും ഇദ്ദേഹം ഇനി അറിയപ്പെടുക. 66 വയസ്സുള്ള തങ്ങളുടെ പുതിയ രാജാവിന്റെ വിവാഹവാർത്ത ജനങ്ങൾ അവിശ്വസനീയതയോടെയാണ് കേട്ടത്. രാജകുടുംബത്തിൽ നിന്ന് ഔദ്യോഗിക വിജ്ഞാപനം പുറത്ത്‌ വന്നതോടെയാണ് ഊഹാപോഹങ്ങൾക്ക് ശമനമുണ്ടായത്.

രാജകുടുംബം പുതിയ രാജാവിന്റെ വിവാഹ ഫോട്ടോകൾ പുറത്ത്‌ വിട്ടതോടൊപ്പം രാത്രിയോട് കൂടി പല ചാനലുകൾക്കും വിവാഹത്തിന്റെ വീഡിയോ ഫുട്ടേജുകളും നൽകി. ബുദ്ധ പാരമ്പര്യ പ്രകാരവും ബ്രാഹ്മണ നിഷ്ഠകൾക്കനുസൃതമായ രീതിയുലുമാകും ഈ ആഴ്ച രാമ X രാജാവിന്റെ കിരീടധാരണ ചടങ്ങുകൾ നടക്കുക.

തായ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥയായിരുന്ന സുതിദ തിട്ജായെ 2014 ലാണ് രാജാവ് തന്റെ വ്യക്തി സുരക്ഷാ ഉദ്യോഗസ്ഥയായി നിയമിക്കുന്നത്. ഇവർ തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും അങ്ങനെ യാതൊരു വിധത്തിലുമുള്ള ബന്ധവുമില്ലെന്നാണ് രാജകുടുംബം വാദിക്കുന്നത്. 2016 ൽ രാജ്യം സുതിദയെ ലേഡി പദവിയ്ക്ക് തത്തുല്യമായ ബഹുമതികൾ നൽകി ആദരിച്ചിരുന്നു. മുൻ രാജാവിന്റെ മരണശേഷമാണ് പുതിയ രാജാവ് സിംഹാസനത്തിലേറുന്നത് എന്നതിനാൽ തന്നെ പഴയ രാജാവിന്റെ ആത്മാവിന്റെ ശാന്തിയ്ക്കായുള്ള പ്രാർത്ഥനകൾക്ക് ശേഷമാകും കിരീടധാരണ ചടങ്ങുകൾ നടക്കുക.

This post was last modified on May 2, 2019 7:49 am