X

ഞാൻ ഇതുവരെ മ്യുള്ളർ റിപ്പോർട്ട് വായിച്ചിട്ടില്ല, അത് വെറും വേസ്റ്റാണെന്ന് ഡൊണാൾഡ് ട്രംപ്

ഈ മാസം പകുതിയോടെ റിപ്പോർട്ടിന്റെ പൂർണ്ണരൂപം എഡിറ്റ് ചെയ്ത ശേഷം കോൺഗ്രസ്സിന് നൽകുമെന്ന് വില്യം ബാർ ഉറപ്പ് നൽകിയിരുന്നു.

മ്യുള്ളറിന്റെ റിപ്പോർട്ട് പൂർണ്ണമായും സമയ നഷ്ടമായിരുന്നെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. തനിക്ക് ആ റിപ്പോർട്ട് വായിക്കേണ്ട കാര്യമില്ലെന്നും അതിൽ തനിക്കെതിരെ യാതൊരു തെളിവും കണ്ടെത്താനാകില്ലെന്ന്  മുൻകൂട്ടി അറിയാമായിരുന്നെന്നുമാണ്ഫോക്സ് ന്യൂസിന് നൽകിയ ഒരു അഭിമുഖത്തിൽ  ട്രംപ് പ്രതികരിച്ചത്. 2016 പ്രസിഡണ്ട് തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപ് റഷ്യയുമായി നടത്തിയെന്ന് പറയുന്ന രഹസ്യധാരണകളെ കുറിച്ചുള്ള അന്വേഷണത്തിന്റെ സമഗ്ര വിവരങ്ങൾ അടങ്ങിയ രേഖയാണ് റോബർട്ട് മ്യുള്ളറിന്റെ വിവാദ റിപ്പോർട്ട്. 22 മാസം നീണ്ട അന്വേഷണങ്ങൾക്കൊടുവിൽ മാർച്ച് 22 ന് മ്യുള്ളർ യു എസ് അറ്റോർണി ജനറൽ വില്യം ബാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു.  എന്നാൽ ട്രംപിനെതിരെയുള്ള ആരോപണങ്ങൾ തെളിയിക്കുന്നതിൽ റിപ്പോർട്ട് പരാജയപ്പെട്ടുവെന്നായിരുന്നു മ്യുള്ളർ റിപ്പോർട്ട് സംഗ്രഹിച്ചെഴുതിയ കത്തിൽ വില്യം ബാർ സൂചിപ്പിച്ചത്.

റിപ്പോർട്ടിന്റെ നാല് പേജുള്ള ഒരു സംഗ്രഹം അറ്റോർണി ജനറൽ കോൺഗ്രസിലേക്ക് അയച്ചിരുന്നെങ്കിലും 400 പേജുള്ള അന്വേഷണ റിപ്പോർട്ട് മുഴുവനായി കാണണമെന്നായിരുന്നു ഡെമോക്രാറ്റുകളുടെ ആവിശ്യം. എന്നാൽ റിപ്പോർട്ട് കാണാൻ എല്ലാവിധ അവകാശങ്ങളും സാധ്യതകളും തനിക്കുണ്ടായിരുന്നിട്ടും വെറുതെ സമയം മിനക്കെടുത്താൻ വേണ്ടി മാത്രമുള്ള ഒരു റിപ്പോർട്ടായത് കൊണ്ടാണ് താൻ  അത് വായിക്കാത്തതെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.  ട്രംപ് കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്നതിൽ റിപ്പോർട്ട് പരാജയപെട്ടുവെങ്കിലും റിപ്പോർട്ട് ട്രംപിനെ കുറ്റ വിമുക്തനാക്കുന്നില്ല എന്ന് മ്യുള്ളർ റിപ്പോർട്ടിൽ തന്നെ സൂചിപ്പിച്ചിരുന്നു.

റിപ്പോർട്ട് പുറത്ത് വരുമോ എന്ന ഒരു മാദ്ധ്യമപ്രവർത്തകയുടെ ചോദ്യത്തിന് അതൊക്കെ അറ്റോർണി ജനറലിന്റെ തീരുമാനം പോലിരിക്കും എന്നായിരുന്നു ട്രംപ് മറുപടി നൽകിയത്. ഈ മാസം പകുതിയോടെ റിപ്പോർട്ടിന്റെ പൂർണ്ണരൂപം എഡിറ്റ് ചെയ്ത ശേഷം കോൺഗ്രസ്സിന് നൽകുമെന്ന് വില്യം ബാർ ഉറപ്പ് നൽകിയിരുന്നു. മ്യുള്ളർ റിപ്പോർട്ട് പുറത്ത് വന്നയുടൻ റിപ്പോർട്ട് തന്നെ കുറ്റവിമുക്തനാക്കി എന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തത്. തിരഞ്ഞെടുപ്പ് പ്രചാരണ കാലത്തെ ഇല്ലാത്ത റഷ്യൻ ഇടപെടൽ പറഞ്ഞ് മന്ത്രവാദ വേട്ടയെന്നത് പോലെ മ്യുള്ളർ തന്നെ വേട്ടയാടുകയായിരുന്നുവെന്നായിരുന്നു ട്രംപ് മുൻപ് പറഞ്ഞിരുന്നത്. മ്യുള്ളറിന്റെ അന്വേഷണ കാലത്ത് ട്രംപിന്റെ വിശ്വസ്തരായ പല അനുയായിക്കളയും സാമ്പത്തിക ക്രമക്കേട് ഉൾപ്പടെയുള്ള കാര്യങ്ങൾക്ക് കുറ്റക്കാരായി കണ്ടെത്തിയതും വിചാരണ നേരിട്ടതും വലിയ കോളിളക്കങ്ങൾ ഉണ്ടാക്കിയിരുന്നു.