X

ട്രംപിന്റെ ഉപദേശം കേട്ട് പ്രവർത്തിച്ചിരുന്നെങ്കിൽ നോത്രദാം ഇപ്പോൾ ഒരു ചാരക്കൂമ്പാരമായി മാറിയേനെ

തീ അണഞ്ഞ് കഴിഞ്ഞപ്പോഴാണ് ട്രംപിന്റെ ഉപദേശങ്ങളിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി ഫ്രാൻസിലെ ചില അഗ്നിശമന വിദഗ്ദർ രംഗത്തെത്തുന്നത്

നോത്രദാം കത്രീഡൽ നിന്നു കത്തുമ്പോൾ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഫോക്സ് ന്യൂസ് കാണുകയായിരുന്നു. പാരീസിലെ 850 വർഷം പഴക്കമുള്ള ദേവാലയം കത്തിനശിക്കുന്നതിനെ സംബന്ധിച്ചും തീ അണയ്ക്കേണ്ടതെങ്ങനെ എന്നതിനെ സംബന്ധിച്ചും ട്രംപ് അപ്പോൾ തന്നെ ഒരു ട്വീറ്റ് ഇട്ടു. നോത്രദാം കത്രീഡൽ കത്തിനശിക്കുന്ന കാഴ്ച ഭയാനകമാണെന്നും അടിയന്തിരമായി മുകളിൽ നിന്നും ഫ്ലയിങ് വാട്ടർ ടാങ്കുകളിൽ നിന്നും വെള്ളം തളിക്കണമെന്നുമായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഫ്രാൻസിലെ അന്ഗ്നിശമന സേനയുടെ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ തീ അണഞ്ഞ് കഴിഞ്ഞപ്പോഴാണ് ട്രംപിന്റെ ഉപദേശങ്ങളിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി ഫ്രാൻസിലെ ചില അഗ്നിശമന വിദഗ്ദർ രംഗത്തെത്തുന്നത്. അമേരിക്കൻ പ്രസിഡന്റിന്റെ  വാക്ക് കേട്ട് മുകളിൽ നിന്ന് വെള്ളമൊഴിച്ചിരുന്നെങ്കിൽ ഇപ്പോൾ പുരാതന ദേവാലയം ഒരു ചാരകൂമ്പാരമായി പോയെനെ.!

ആളിപ്പടർന്നുകൊണ്ടിരിക്കുന്ന തീയിൽ വായുവിലൂടെ വെള്ളം തളിക്കുന്നത് പോലെ അപകടം മറ്റൊന്നുമില്ലെന്നാണ് ഫ്രഞ്ച് സിവിൽ സെക്യൂരിറ്റി ഏജൻസി അധികൃതർ സിഎൻഎന്നിനോട് പറയുന്നത്. ജലത്തിന്റെ ഭാരവും ഓരോ തുള്ളിയുടെയും തീവ്രതയും നോത്രദാം പോലുള്ള ഒരു കെട്ടിടത്തെ മുഴുവൻ ആയി തകർത്തേക്കും, തീ ആളിപടർന്നേക്കുമെന്നുമായിരുന്നു വിദഗ്ദരുടെ വിലയിരുത്തൽ. ഫ്രാൻസ് പോലുള്ള ഒരു രാജ്യത്ത് നടക്കാറുള്ള അപ്രതീക്ഷിത അപകടങ്ങളിൽ സാധാരണ അമേരിക്കൻ പ്രസിഡന്റുമാർ അനുശോചനം രേഖപ്പെടുത്തുകയും പ്രസ്‌താവന ഇറക്കുകയും സഹായഹസ്തം നീട്ടുകയുമൊക്കെ ചെയ്യാറുണ്ട്. ലോകത്തെമ്പാടുമുള്ള ആളുകളുടെ വിശ്വാസത്തിന്റെ പ്രതീകമാണ് നോത്രദാമെന്നും അത് അഗ്നിക്കിരയാകുന്നതിൽ അതിയായ ദുഖമുണ്ടെന്നുമാണ് അമേരിക്കൻ പ്രഥമ വനിത മെലാനിയാ ട്രംപ് ട്വീറ്റ് ചെയ്തത്.

തിങ്കളാഴ്ച  പ്രാദേശിക സമയം 6.30നാണ് ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയങ്ങളിൽ ഒന്നായ നോത്രദാം കത്തീഡ്രലിനു തീപിടിക്കുന്നത്. അപകടത്തിൽ ദേവാലയത്തിന്റെ മേൽക്കൂര ഭാഗികമായി കത്തിനശിച്ചിരുന്നു. എവിടെനിന്നും പടർന്നുവെന്ന് വ്യക്തതയില്ലാത്ത തീ അതിവേഗം താഴെ നിന്നും മുകളിലേക്ക് പടരുകയായിരുന്നു. പുരാതന ദേവാലയത്തിന് തീ പിടിക്കാനിടയായ കാരണത്തെ കുറിച്ച് അടിയന്തിര അന്വേഷണം നടത്തുമെന്ന് ഫ്രാൻസ് പ്രസിഡണ്ട് ഇമ്മാനുവേൽ മാക്രോൺ പ്രഖ്യാപിച്ചിട്ടുണ്ട്. കത്തോലിക്കാ ദേവാലയം ഉടനടി പുതുക്കിപ്പണിയുമെന്നും അദ്ദേഹം വിശ്വാസി സമൂഹത്തിന് വാക്ക് നൽകിയിട്ടുണ്ട്.