X

ടെഹല്‍ക്കയുടെ പഴയ റിപ്പോര്‍ട്ടുകളുള്ള ആര്‍കൈവിന് എന്ത് പറ്റി? പല റിപ്പോര്‍ട്ടുകളും കാണാനില്ല

പല ലിങ്കുകളും തുറക്കുമ്പോളും 404 error ആണ് കാണിക്കുന്നത്. 2018 സെപ്റ്റംബറോടെ ടെഹല്‍ക്കയുടെ ആര്‍കൈവ്‌സ് വെബ് സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒട്ടേറെ കോളിളക്കം സൃഷ്ടിച്ച അന്വേഷണ റിപ്പോര്‍ട്ടുകളിലൂടെയും ഒളി ക്യാമറ ഓപ്പറേഷനുകളിലൂടെയുമാണ് ടെഹല്‍ക ശ്രദ്ധ നേടിയത്. എന്നാല്‍ ടെഹല്‍ക്കയുടെ പല പഴയ റിപ്പോര്‍ട്ടുകളും അപ്രത്യക്ഷമായിരിക്കുന്നു. ഇത് സംബന്ധിച്ചാണ് കാരവാന്‍ മാഗസിന്‍ പരിശോധിക്കുന്നത്. പല ലിങ്കുകളും തുറക്കുമ്പോളും 404 error ആണ് കാണിക്കുന്നത്. 2018 സെപ്റ്റംബറോടെ ടെഹല്‍ക്കയുടെ ആര്‍കൈവ്‌സ് വെബ് സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. ചില സ്റ്റോറികള്‍ പിന്നീട് റീസ്റ്റോര്‍ ചെയ്യാന്‍ കഴിഞ്ഞെങ്കിലും പലതും അപ്രത്യക്ഷമായി തുടര്‍ന്നു. മേധ പട്കറെക്കുറിച്ച് ഷോമ ചൗധരി ചെയ്ത പ്രൊഫൈല്‍ സ്റ്റോറി അടക്കം അപ്രത്യക്ഷമായിരിക്കുന്നു.

അതേസമയം ബിജെപി ദേശീയ അധ്യക്ഷനായിരുന്ന ബംഗാരു ലക്ഷ്മണിന്റെ രാജിയിലേയ്ക്കും വാജ്‌പേയ് സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതിലേയ്ക്കും നയിച്ച ഓപ്പറേഷന്‍ വെസ്റ്റ് എന്‍ഡ് എന്ന് അറിയപ്പെടുന്ന, ആയുധ ഇടപാട് കൈക്കൂലി പുറത്തുകൊണ്ടുവന്ന ഒളിക്യാമറ ഓപ്പറേഷന്‍, 2002ലെ ഗുജറാത്ത് വര്‍ഗീയ കലാപത്തില്‍ ആര്‍എസ്എസിന്റേയും വിഎച്ച്പി അടക്കമുള്ള മറ്റ് സംഘപരിവാര്‍ സംഘടനകളുടേയും പങ്ക് വ്യക്തമാക്കുന്ന ബാബു ബജ്രംഗിയുടെ മൊഴികള്‍ ഉള്‍ക്കൊള്ളുന്ന ആശിഷ് ഖേത്തന്റെ സ്റ്റോറികള്‍, സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസില്‍ കുറ്റസമ്മതം നടത്തിയ മുന്‍ ആര്‍എസ്എസ് നേതാവ് അസീമാനന്ദിന്റെ കുറ്റസമ്മത മൊഴി (സംഝോത സ്‌ഫോടനം അടക്കമുള്ളവയില്‍ മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കളുടെ പങ്ക് സംബന്ധിച്ച് ആരോപണങ്ങള്‍ അസീമാനന്ദിന്റെ മൊഴിയിലുണ്ടായിരുന്നു) തുടങ്ങിയ സ്റ്റോറികള്‍ ഇപ്പോളും ഓണ്‍ലൈനില്‍ ലഭ്യമാണ്.

വായനയ്ക്ക്: Into the Void – The curious case of Tehelka’s missing archives