X

കോഴ, വിവാദങ്ങൾ… എങ്കിലും കാണാതിരിക്കുന്നതെങ്ങനെ ഐ പി എൽ!

അജീഷ് മാത്യു കറുകയിൽ

പൊന്നുകായ്ക്കുന്ന മരത്തിന്റെ വിളവെടുപ്പിന്റെ കാലമാണ് ഏപ്രിൽ. ഐ പി എൽ കേവലം കളിയല്ല. കോടികളുടെ കളകളാരവം കേട്ട് നാടും നഗരവും കുട്ടി ക്രിക്കറ്റിന്റെ ആവേശ ലഹരിയിലേക്കും വർണവിസ്മയങ്ങളുടെ ലോകത്തേയ്ക്കും ഊളിയിടുന്ന ഉറക്കമില്ലാ രാവുകൾക്കാണ് ഇനി ഒന്നര മാസം ഉപഭൂഖണ്ഡം  സാക്ഷിയാകാൻ പോകുന്നത്. ലോകത്തിലെ ഏറ്റവും സമ്പന്നമായ കായിക സംഘടന നടത്തുന്ന മത്സരം എന്ന നിലയിൽ അത് ഭംഗിയാവേണ്ടതും വിജയമാവുന്നതും  ഓരോ ഇന്ത്യക്കാരനും അഭിമാനം നല്കുന്ന വസ്തുത തന്നെയാണ്. എന്നാൽ നാൽക്കവലകളിൽ കൺകെട്ടു വിദ്യ കാണിക്കുന്ന മഹേന്ദ്രജാലക്കാരെ പോലെ  ഗ്യാലറി നിറഞ്ഞെത്തുന്ന പതിനായിരങ്ങളെ ഒന്നടങ്കം വിഡ്ഢി വേഷം കെട്ടിക്കുന്ന കോലങ്ങളായി നമ്മുടെ കളിക്കാർ അധഃപതിച്ചതോടെ ക്രിക്കറ്റ് ഒരു കളി എന്ന നിലയിൽ നിന്നും വെറും വ്യവസായം മാത്രമായി. ഓരോ പന്തിനും ഓവറിനും റൺസിനും എന്തിന് അമ്പയറുടെ തീരുമാനങ്ങൾക്ക് വരെ പുറത്തെ ചൂതാട്ടക്കാരന്റെ കൈയ്യിലെ വെള്ളിക്കാശുകളുടെ സ്വാധീനമാകാം എന്ന സ്ഥിതി വന്നതോടെ ഇന്ത്യൻ പ്രീമിയർ ലീഗ് അക്ഷാരാർഥത്തിൽ  കാശുള്ളവന്റെ മാത്രം കളിയായി മാറുകയായിരുന്നു.

കാളച്ചന്തയിൽ വിലപറഞ്ഞുറപ്പിക്കുന്ന മാടുകളെ പോലെ ലേലച്ചന്തയിൽ നിന്നും ക്രിക്കറ്റ് ക്രീസിൽ എത്തുമ്പോൾ മാക്സിമം പ്രകടനത്തിന് കിട്ടുന്ന പ്രതിഫലത്തോടൊപ്പം കിട്ടുന്ന  ആനുകൂല്യങ്ങളിലും രാത്രി പാർട്ടികളിലെ പ്രലോഭനത്തിലും വശംവദരായി പോകുന്ന കളിക്കാരെ വീണ്ടും വീണ്ടും നമ്മൾ വിശ്വസിച്ചു പോകുന്നു എന്നതാണ് ഇന്ത്യക്കാരന് ക്രിക്കറ്റ് എത്രമേൽ പ്രിയപ്പെട്ടതാണ് എന്നതിന്റെ ഉത്തമ ഉദാഹരണം. പ്രഥമ സീസണിലെ ഉദ്ഘാടന മത്സരത്തിൽ തകർത്തടിച്ച  മക്കല്ലം  ഈ കളി ബാറ്റ്സ്മാന്റെ  കളിയാണെന്നും  സിക്സും ഫോറും കണ്ടു മനം നിറഞ്ഞ കാണികളുടെ പൾസ് എന്താണെന്നും ബി സി സി ഐയെ ബോധ്യപ്പെടുത്തി. സാഹീർ ഖാനും പ്രവീൺ കുമാറും ജാക്വിസ് കാലിസും കാമറൂൺ വൈറ്റും ഒക്കെ അടങ്ങിയ ലോകോത്തര ബൌളർമാരെ നിർദ്ദയം പറത്തിയ ആ മത്സരം ഒരു ഉശിരൻ തുടക്കം തന്നെ ആയിരുന്നു. താരതമ്യേന ദുർബലരുമായി കളിക്കാനിറങ്ങിയ ലളിത് മോഡിയുടെ രാജസ്ഥാൻ റോയൽസ് കപ്പ് സ്വന്തമാക്കിയത് ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ടാണ്. മലയാളിയുടെ അഭിമാനമെന്നും കൊച്ചിയുടെ രോമാഞ്ചം എന്നും മാധ്യമങ്ങൾ വാഴ്ത്തിപ്പാടിയ ശ്രീശാന്ത് ഹർഭജൻ സിംഗിന്റെ തല്ലുകൊണ്ട് വലിയ വായിൽ നിലവിളിക്കുന്ന കാഴ്ചയായിരുന്നു ആ ഐ പി എൽ കണ്ട ഏറ്റവും വലിയ തമാശയും വിവാദവും. പിന്നീട് പിന്നാമ്പുറ സംസാരങ്ങൾ ഒരുപാട് ഉണ്ടായെങ്കിലും ആദ്യ ഐ പി എൽ ഒരു ബമ്പർ ഹിറ്റ് തന്നെ ആയിരുന്നു.

തിരഞ്ഞെടുപ്പ് കാലമായതിനാൽ സുരക്ഷ നൽകാനാവില്ല എന്ന തീരുമാനത്തെത്തുടർന്ന് സൌത്ത് ആഫ്രിക്കയിലാണ് രണ്ടാം സീസൺ നടത്തപ്പെട്ടത് ഇന്ത്യൻ  സമയവുമായി വലിയ വ്യത്യാസം ഇല്ലാത്തതും എല്ലാ മത്സരങ്ങൾക്കും  ഗ്രൌണ്ട് നിറഞ്ഞ് കാണികൾ ഒഴുകിയെത്തിയതും രണ്ടാം സീസണും വളരെ വേഗം ഹിറ്റ് ആയി. ആദ്യ സീസണിന്റെ താരം ആരാലും അറിയപ്പെടാതിരുന്ന യുസഫ് പത്താൻ ആയിരുന്നെങ്കിൽ രണ്ടാം സീസണിൽ വിദേശ താരങ്ങളുടെ വിളയാട്ടമായിരുന്നു. ആദം ഗിൽക്രിസ്റ്റ് എന്ന വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും മാത്യു ഹെയ്ഡനും എ ബി യുമെല്ലാം നിറഞ്ഞാടിയപ്പോൾ ഒരു സുരേഷ് റെയ്ന മാത്രമാണ് ഇന്ത്യൻ നിരയിൽ മുന്നിട്ടു നിന്നത്. പരസ്യ വരുമാനം എന്ന മുന്തിരിച്ചാറിന്റെ രുചിയിൽ കൊതിപൂണ്ട ബി സി സി ഐ ഓരോ 7 ഓവറിനു ശേഷവും ടെലിവിഷൻ ടൈം ഔട്ട് എന്ന ബ്രേക്ക് ഏർപ്പെടുത്തിയത്. കളിക്കാരുടെ കളിയുടെ ഒഴുക്ക് നഷ്ടമാക്കുന്നു എന്ന് പറഞ്ഞു വിവാദം ഉണ്ടായെങ്കിലും അതെല്ലാം വേഗം പരിഹരിക്കപ്പെട്ടു. ഡെക്കാൻ ചാർജേഴ്സ് ആവേശകരമായ മത്സരത്തിൽ ആറു റൺസിനു  റോയൽ ചലഞ്ചേഴ്സിനെ തുരത്തി രണ്ടാം കിരീടം സ്വന്തമാക്കി.

ബാംഗ്ലൂരിൽ പൊട്ടിയ പടക്കത്തിന്റെ ഭീതിയിലാണ് മൂന്നാം സീസൺ ആരംഭിച്ചത് കോടികൾ ലേലം കൊണ്ടിട്ടും ജീവനെ ഭയക്കുന്ന വിദേശ താരങ്ങളെ അനുനയിപ്പിക്കുക എന്നതായിരുന്നു ബി സി സി ഐ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. ട്വന്റി-ട്വന്റി കളിക്കാൻ അറിയാത്തവൻ എന്ന ചീത്തപ്പേര് സച്ചിൻ മായ്ച്ചു കളഞ്ഞത് ഈ സീസണിലാണ് ഏറ്റവും മികച്ച പ്രകടനങ്ങളും അഞ്ചോളം അർദ്ധ ശതകങ്ങളുമായി മുന്നിൽനിന്നും നയിച്ച സച്ചിൻ പ്രഥമ കിരീടം മുംബൈ ഇന്ത്യൻസിന് നേടികൊടുത്തു.

നാലാം സീസൺ നമ്മൾ മലയാളികളെ സംബന്ധിച്ച് അഭിമാനിക്കാൻ ഉള്ള സീസൺ കൂടിയായിരുന്നു. നമുക്കും സ്വന്തമായി ഒരു ടീം എന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെട്ട സന്തോഷം പിന്നെ പതിയെ പതിയെ വിവാദവും ചക്കളത്തി പോരുമാകുന്ന കാഴ്ച നമ്മൾ കാണേണ്ടി വന്നു. ശശി തരൂരെന്ന ആഗോള മലയാളിയും അദ്ദേഹത്തിന്റെ മന്ത്രി സ്ഥാനം  തുലാസിൽ ആടിയ  വിയർപ്പോഹരിയും സുനന്ദ പുഷ്കറും  എല്ലാം മലയാളിക്ക് വെളിപ്പെട്ടു കിട്ടിയ പുഷ്കല കാലം കൂടിയായിരുന്നു നാലാം സീസൺ. ഗുജറാത്തി ബിസിനസ്സുകാരൻ അഹമ്മദാബാദ് കിട്ടാത്ത മോഹഭംഗങ്ങൾ തീർക്കാൻ കണ്ടെത്തിയ ഒരു താല്കാലിക ഇടം എന്നതിൽ കവിഞ്ഞു കൊച്ചിൻ ടീമും   മലയാളിയും തമ്മിൽ കടലും കടലാടിയുമായുള്ള ബന്ധം മാത്രമാണ് ഉണ്ടായിരുന്നത്. എന്തായാലും കൊച്ചിൻ കൊമ്പന്മാർ നിരാശപ്പെടുത്തിയില്ല. കളിച്ച പതിനാലിൽ ആറും ജയിച്ചു പിന്നിൽ നിന്നും മൂന്നാമതായെങ്കിലും നമ്മൾ തലയുയർത്തി തന്നെയാണു തിരിച്ചു പോന്നത്. കള്ളച്ചൂതിന്റെ കളിയാട്ടം എല്ലാ സീമകളും ലംഘിച്ചു മുന്നേറിയ മത്സരങ്ങൾ ഈ സീസൺ മുതൽ ആണെന്നുള്ള പ്രത്യേകതയുമുണ്ട്. ബെറ്റിംഗ് സെന്ററുകളുടെ റെയ്ഡ് വഴി പിടിച്ചെടുത്ത കോടികളുടെ ഹവാല പണം ഒരു വേള ഈ ചൂതാട്ടത്തെ നിയമ വിധേയമാക്കി രാജ്യ താല്പര്യത്തിനും വരുമാനത്തിനും ഉതകും വിധം ഉപയോഗിക്കണം എന്നുള്ള പരസ്യ പ്രസ്താവനയിലേക്ക് നീളുന്നതിൽ വരെ കാര്യങ്ങളെ കൊണ്ട് എത്തിച്ചു.  സിക്സർ വീരൻ ഗെയ്ൽ സംഹാര രൂപം പൂണ്ട ക്രിക്കറ്റ് സീസൺ ആയിരുന്നു നാലാം സീസൺ. ഫൈനൽ വരെ മുന്നേറിയ ശേഷം ഫൈനലിൽ  ചെന്നൈയോടു കീഴടങ്ങാനായിരുന്നു  ബംഗ്ലൂരിന്റെ വിധി.

ഓരോ വിവാദങ്ങളും കൂടുതൽ കൂടുതൽ കളിയെ ജനപ്രിയമാക്കുകയായിരുന്നു. സൂപ്പർ ഹിറ്റ് ബോളിവുഡ്  ത്രില്ലറിന് വേണ്ടി തിരക്കഥയൊരുക്കി ചിത്രീകരിച്ച പോലെ കാണികളെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് കൊണ്ടുപോകുന്ന മത്സരങ്ങളായിരുന്നു എക്കാലത്തെയും ആകർഷണങ്ങൾ. ഷാരൂഖ് ഖാൻ എന്ന വിശ്വനായകൻ കനവു കണ്ടുനടന്ന കപ്പ് കൈകളിൽ ഏന്താനായി എന്നതാണ് അഞ്ചാം സീസൺ നൽകിയ വലിയ സമ്മാനം. തമിഴ് ദേശീയത എന്ന പോലെ ബംഗാൾ ശൌര്യവും എത്രമേൽ നാടിനെയും കളിയും സ്നേഹിക്കുന്നു എന്ന് അടിവരയിടുന്നതായിരുന്നു മമത ബാനർജിയും സംഘവും വിജയികളായ കൽക്കട്ടാ ടീമിന് ഏദൻ ഗാര്‍ഡനിൽ നൽകിയ രാജകീയ സ്വീകരണം.

വിദേശ താരങ്ങളെ മാത്രം ആശ്രയിച്ചു കളി ജയിച്ചിരുന്ന ക്ലബ്ബുകൾ ദീർഘ കാല അടിസ്ഥാനത്തിൽ ലഭ്യമായ  ശരാശരി  ഇന്ത്യൻ കളിക്കാരെ ആശ്രയിച്ചു എന്നതായിരുന്നു ആറാം സീസൺ കണ്ട ഏറ്റവും വലിയ പ്രത്യേകത. ബി സി സി ഐ യുടെ ഗർവിനും അഹമ്മതിക്കും റാൻ മൂളാൻ തയ്യാറാകാത്ത വിദേശ ടീമുകൾ അവരുടെ പര്യടനത്തിൽ മാറ്റം വരുത്താഞ്ഞതും വിദേശ കളിക്കാരെ ലഭിക്കുന്നതിനു തടസ്സമായി. ശ്രീലങ്കൻ താരങ്ങളെ തമിഴ്നാട്ടിൽ കളിക്കാൻ അനുവദിക്കില്ലെന്ന പ്രാദേശിക സംഘടനകളുടെ പിടിവാശിയും ഒരു പരിധി വരെ ലങ്കൻ താരങ്ങളെ ലേലം കൊള്ളുന്നതിൽ നിന്നും  ഫ്രാഞ്ചൈസികളെ അകറ്റി.  താരതമ്യേന വലിയ താരങ്ങളുമായല്ലാതെ കളത്തിലിറങ്ങിയ സൺറൈസർ ഹൈദരാബാദ് വിജയികളായി മടങ്ങി. മലയാളികളുടെ മാനം കപ്പലു കയറ്റി ശാന്തകുമാരൻ ശ്രീശാന്ത് കോഴ കേസിൽ അകത്തായി എന്നതാണ് ഈ സീസണെ അത്യന്തം ദുഃഖപര്യവസായിയാക്കി മാറ്റിയത്. ക്രിക്കറ്റിനെ നെഞ്ചോട് ചേർക്കുന്ന ആർക്കും പെട്ടന്ന് മനസിലാക്കാവുന്ന ഭീമാബദ്ധങ്ങളും  മനപൂർവ്വം അല്ലേ എന്ന് തോന്നിപ്പിക്കുന്ന കൈപ്പിഴകളും കൊണ്ട് സമ്പന്നമായിരുന്നു ഈ സീസൺ. ഒരു വേള ജയിക്കാൻ ഒരു ബാളിൽ ഒരു റൺ വേണ്ട  ടീമിന് വേണ്ടി ബൌൾ ചെയ്യുന്ന ആർ പി സിംഗ് ക്രീസിനു രണ്ടു വാര അപ്പുറം കാലു വെച്ച് എറിഞ്ഞു സ്വയം തോൽവി ഏറ്റു വാങ്ങിയ കാഴ്ച ആർ പി എന്ന കളിക്കാരനോടുള്ള എല്ലാ ബഹുമാനവും കളയുന്നതായിരുന്നു.

കോഴ വിവാദത്തിൽ മുഖം നഷ്ടപ്പെട്ട കളിയും കളിക്കാരും എഴാം  സീസണിൽ എത്തുമ്പോൾ സുപ്രീം കോടതി നിയമിച്ച ഗവാസ്ക്കറായിരുന്നു ബി സി സി ഐ യുടെ തലപ്പത്ത്. ഒരു കാരണവശാലും ഒത്തുകളിയോ ബെറ്റിങ്ങോ അനുവദിക്കില്ല എന്ന കർശന നിയന്ത്രണത്തിലാണ് സീസൺ ആരംഭിച്ചത്.  പൊതുതിരഞ്ഞെടുപ്പ് പ്രമാണിച്ച് സുരക്ഷാ പ്രശ്നം ഉന്നയിച്ചു  കളിയുടെ ആദ്യ ഘട്ടം യു  ഏ യിലെ വേദികളിലായിരുന്നു സംഘടിപ്പിക്കപ്പെട്ടത്. ഇന്ത്യക്കാർ എവിടെ എല്ലാം ഉണ്ടോ അവിടെല്ലാം ക്രിക്കറ്റ് ഒരു വികാരമായി കൂടെ ഉണ്ടാവും എന്ന് തെളിയിക്കുന്നതായിരുന്നു ദുബായിലെയും ഷാർജയിലെയും അബുദാബിയിലെയും വേദികളിൽ കണ്ട ജനസഞ്ചയം. പാകിസ്ഥാൻ താരങ്ങൾ ആരും ഇല്ലാതിരുന്നിട്ട് കൂടി പാകിസ്ഥാനികൾ അടക്കമുള്ള ക്രിക്കറ്റ് പ്രേമികൾ നെഞ്ചേറ്റിയ മാമാങ്കം ഗ്ലെൻ മാക്സ്വേൽ എന്ന കളിക്കാരന്റെ ഉദയവും എക്കാലവും പിന്നിലാകാൻ വിധിക്കപ്പെട്ട പഞ്ചാബി ശൌര്യത്തിന്റെ മുന്നേറ്റവും കണ്ട വർഷമായിരുന്നു. ആവേശകരമായ ഫൈനലിൽ കൽക്കട്ടയോടു തോറ്റെങ്കിലും തലയുയർത്തി തന്നെയാണ് അവർ മടങ്ങിയത്.

ചില ചെറിയ അഡ്ജസ്റ്റുമെന്റുകൾ അക്കൗണ്ട് ബുക്കുകൾ നിറയ്ക്കുമെങ്കിൽ അത്താഴ പട്ടിണിക്കാരായ നമ്മുടെ കളിക്കാർ മാത്രമല്ല  പല വമ്പൻ താരങ്ങളും കോഴപ്പണത്തിന്റെ മുന്തിരിച്ചാറു സമൃദ്ധമായി നുകരുന്നവരെന്നത്  പരസ്യമായ രഹസ്യമെങ്കിലും നമ്മൾ വീണ്ടും വീണ്ടും ഈ കളി കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഈ കളിയോട് നമുക്ക് എത്ര അകറ്റിയാലും അകലാൻ പറ്റാത്ത അത്ര ആത്മബന്ധമുണ്ട്. ക്രീസിൽ നിറഞ്ഞാടുന്ന ഇവർ നമുക്ക് കേവലം കളിക്കാർ മാത്രമല്ല, നമ്മുടെ പൂജാമുറിയിലെ പല വിഗ്രഹങ്ങൾക്കും ഒപ്പം ഇവർക്കും ഉണ്ടൊരു സ്ഥാനം. പലതവണ വീണുടഞ്ഞവയെങ്കിലും വീണ്ടും ഒന്നിച്ചു ചേർത്തു ഞങ്ങൾ വീണ്ടും ഹൃദയത്തിലേറ്റുകയാണ്. വരൂ, മൈതാനങ്ങളുടെ സമൃദ്ധിയിൽ നിന്നും ഒരു നല്ല ഹെലികോപ്റ്റർ ഷോട്ട് ഞങ്ങളുടെ ഹൃദയങ്ങളിലേയ്ക്കും പായിക്കുക.

(ആലപ്പുഴ സ്വദേശി,  പതിനഞ്ചു വര്‍ഷമായി ഷാർജയിൽ ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on April 10, 2015 3:34 pm