X

സ്വാഗതം, കൊടുങ്കാറ്റേ; ഇറോം ശര്‍മ്മിളയ്ക്ക് സ്‌നേഹപൂര്‍വ്വം

പാര്‍വ്വതി

ഇറോം ശര്‍മ്മിള കേവലം ഒരു വ്യക്തിനാമം എന്നതിലുപരിയായി പല പരിസരങ്ങളിലേക്കുയരുന്നത് ഈ നൂറ്റാണ്ടില്‍ നാം സാക്ഷ്യം വഹിച്ചതാണ്. മണിപ്പൂരിലെ ചുരുങ്ങിയ പരിപ്രേക്ഷ്യത്തില്‍ നിന്നും ലോകത്തിന്റെയാകെ മുന്നില്‍ സമരവീര്യത്തിന്റെയും ശുഭാപ്തി വിശ്വാസത്തിന്റെയും പ്രതിരൂപമായി അവര്‍ നിലകൊണ്ടു. പത്രമാധ്യമങ്ങള്‍, ദൃശ്യമാധ്യമങ്ങള്‍ എല്ലാംതന്നെ അവരെപ്പറ്റി ചര്‍ച്ച ചെയ്യുകയും അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ചെയ്യുന്നു. ഇത്രമാത്രം പ്രഭാവശാലിയായ ഒരു വ്യക്തി ഈ നൂറ്റാണ്ടില്‍ ഉണ്ടായിട്ടില്ല എന്നു നിസ്സംശയം പറയാന്‍ സാധിക്കും. ഇന്ത്യയുടെ ഇപ്പോഴത്തെ സാമൂഹിക-സാംസ്‌കാരിക സാഹചര്യത്തില്‍ ശര്‍മ്മിള തന്നെ എങ്ങനെ അടയാളപ്പെടുത്തുന്നു എന്നതാണ് ശ്രദ്ധേയമായിട്ടുള്ളത്.

ഏറ്റവും ലളിതമായ യുക്തിയാണ് ശര്‍മ്മിള നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. അവരുടെ വര്‍ഷങ്ങള്‍ നീണ്ട നിരാഹാരസമരത്തിന്റെ കാതല്‍ ‘വിവേകമുള്ള മനുഷ്യര്‍ എന്ന നിലയില്‍ സ്വയം ദൃഢനിശ്ചയമെടുക്കാനുള്ള അവകാശം’ എന്ന അവരുടെ വാക്യം തന്നെയാണ്. അവരുടെ ഈ സമരം, ലളിതമായ ഗ്രാമീണ ജീവിതത്തിലെ ഭരണകൂടം അധിനിവേശത്തിനെതിരാണ്. പ്രകൃതിയെ, മനുഷ്യനെ, മനുഷ്യ ജീവിത സന്ദര്‍ഭങ്ങളെ ഒക്കെത്തന്നെ അലങ്കോലമാക്കുന്ന സൈന്യത്തിന്റെ ആയുധ-നിയമ അവകാശങ്ങള്‍ക്കെതിരെയാണ്. അതുകൊണ്ടുതന്നെയാണ് മണിപ്പൂരിന്റെ മുഴുവന്‍ ആത്മാവും ഉരുക്കു വനിതയായ ശര്‍മ്മിളയില്‍ സന്നിവേശിക്കുന്നത്. ഇന്ത്യയുടെ ഇങ്ങേയറ്റത്തെ ഏറ്റവും സുരക്ഷിതമായ ഒരു കോണില്‍ ഇരുന്ന് ശര്‍മ്മിളയെപ്പറ്റിയും അഫ്‌സ്പയെപറ്റിയും  നമ്മള്‍ സംസാരിക്കുമ്പോള്‍ പോലും, മണിപ്പൂര്‍ ജീവിതത്തിന്റെ യഥാര്‍ത്ഥ യാതന നമുക്കനുഭവിക്കാനാവില്ല; തീര്‍ച്ചയാണ്. എങ്കിലും ഇത്തരത്തില്‍ കത്തുന്ന ആത്മാവുമായി നിരാഹാരം കിടക്കുന്ന ഈ മനുഷ്യജീവിയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കുക എന്നതും രാഷ്ട്രീയമായ, മനുഷ്യത്വപരമായ നിലപാടാണ്.

ഇറോം ശര്‍മ്മിളയുടെ ജീവിതാനുഭവങ്ങളും ജീവിതപരിസരവും തന്നെയാണ് അവരുടെ നിശ്ചയദാര്‍ഢ്യം രൂപപ്പെടുത്തിയെടുത്തത്. ഇത്തരത്തില്‍ അനിശ്ചിതമായ ഒരു രാഷ്ട്രീയ സമരരീതി, ഒരുപക്ഷേ ശര്‍മ്മിളയെ വിമര്‍ശിക്കുന്നതിന് പലരും ആയുധമാക്കിയിരിക്കാം. പക്ഷേ അവര്‍ ഉറച്ചുപറയുന്നു: ”ഇത് പീഡനമല്ല. ഇത് ശിക്ഷയുമല്ല. ഇതെന്നില്‍ അര്‍പ്പിതമായ കര്‍ത്തവ്യമായി ഞാന്‍ കരുതുന്നു.” സ്വന്തം സ്വത്വബോധത്തില്‍ നിന്നുണ്ടായതാണ് അവരുടെ വാക്കുകളിലെ ഈ കരുത്ത്. തങ്ങള്‍ കൂടി ഉള്‍പ്പെട്ട ഒരു ഭരണകൂടത്തിന്റെ യുക്തിരഹിതമായ കടന്നുകയറ്റമാണ് ശര്‍മ്മിളയുടെ പ്രചോദനകേന്ദ്രം. സ്വന്തം രാജ്യം, രാജ്യസ്‌നേഹം മുതലായ പദാവലികള്‍ നമ്മുടെ ജീവിതത്തില്‍ എപ്രകാരം നിര്‍വ്വചിക്കപ്പെടുന്നുവെന്നത് ഈയവസരത്തില്‍ തീര്‍ത്തും പ്രസക്തമാകുന്നു. എല്ലാ വൈകുന്നേരവും ഇന്ത്യയുടെ പടിഞ്ഞാറേ അറ്റത്തെ അതിര്‍ത്തിരേഖയായ വാഗാബോര്‍ഡറില്‍ എ.ആര്‍. റഹ്മാന്റെ വന്ദേ മാതരത്തിന്റെ ഈണത്തിനൊത്ത് ഭാരത് മാതാ കീ ജയ് എന്ന് ആര്‍ത്തലയ്ക്കുന്നതാണ് രാജ്യസ്‌നേഹമെന്നും, പാകിസ്ഥാനില്‍ നിന്നുള്ള ആര്‍പ്പുവിളികളേക്കാള്‍ ഉറക്കെ തൊണ്ടപൊട്ടുമാറുച്ചത്തില്‍ ‘വന്ദേമാതരം’ ഘോഷിക്കലാണ് രാജ്യസ്‌നേഹമെന്നും നമ്മുടെ ജനതയെ നമ്മള്‍, ഭരണകൂടം, സാമൂഹിക സംവിധാനം എല്ലാം പഠിപ്പിക്കുന്നു. ഈയവസരത്തിലാണ് ഇന്ത്യയുടെ തന്നെ കിഴക്കേ അറ്റത്ത് ഒരേ രാജ്യത്തിന്റെ അധികാരപരിധിക്കുള്ളില്‍, ആ രാജ്യത്തെ പൗരന്‍മാര്‍ നിഷ്ഠൂരം വേട്ടയാടപ്പെടുന്നതും. ഈ വൈരുദ്ധ്യമാണ് ശര്‍മ്മിളയുടെ നിരാഹാരത്തിന്റെ ഊര്‍ജ്ജം.

പുതിയ ഗവണ്‍മെന്റിന്റെ അവരോധം, പൗരാവകാശങ്ങളില്‍ കടന്നുകയറി ജനങ്ങളെ കുറ്റവാളികളാക്കുന്നത് വളരെ വ്യക്തമായ കാഴ്ചയാണെന്ന് കാണുന്നത്. ഒരര്‍ത്ഥത്തില്‍ ഇറോം ശര്‍മ്മിളയുടെ, ഇത്രകാലം നീണ്ടുനിന്ന നിരാഹാരസമരം കേവലം മണിപ്പൂരിന്റെ സ്വാന്ത്ര്യത്തിനായല്ല, മറിച്ച് വ്യക്തിജീവിതത്തിന്റെ ഓരോ അരികുകളും കാര്‍ന്നുതിന്നുന്ന എല്ലാ അധികാരവ്യവസ്ഥകളോടുമായിട്ടാണ്. 

ജനാധിപത്യ സംവിധാനം പുലരുന്ന രാഷ്ട്രം എന്ന നിലയില്‍ ഇന്ത്യയിലെ എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്യതയും സമത്വവും നമ്മുടെ ഭരണകൂടം വിഭാവനം ചെയ്യുന്നുണ്ട്. പക്ഷേ, അനുദിനം നമ്മള്‍ കാണുന്ന ഓരോ ന്യൂസ് റീലും വ്യക്തിസ്വാതന്ത്ര്യത്തെയും മനുഷ്യരുടെ പ്രാഥമികമായ അതിജീവനത്തെയും ഹനിക്കുന്ന വാര്‍ത്തകള്‍ പകര്‍ന്നുതരുന്നു. പാട്ടുപാടുന്നതിന്റെ പേരില്‍ ശീതള്‍ സാഠേയും, സിനിമ പിടിക്കുന്നതിന്റെ പേരില്‍ ആനന്ദ് പട്‌വര്‍ദ്ധനും എഴുതിയതിന്റെ പേരില്‍ പെരുമാള്‍ മുരുകനും – ഈ നിര നീണ്ടുപോകുന്നു. നിരവധി പേര്‍ നിരന്തരം ആക്രമിക്കപ്പെടുന്നു. കല്‍ബുര്‍ഗിമാരും, ധബോല്‍ക്കര്‍മാരും റോഡരികിലും സ്വന്തം വീടുകളിലും മരിച്ചുവീഴുന്നു. വിദ്യാര്‍ത്ഥികള്‍ എല്ലാം രാജ്യദ്രോഹികളാകുന്നു. ശര്‍മ്മിള ഇവരില്‍ നിന്നെല്ലാം ഒരംശം സ്വീകരിച്ച്, സമരം ചെയ്യുന്നു. സാധ്യമായ എല്ലാ സ്രോതസ്സുകളില്‍ നിന്നും അവര്‍ ഊര്‍ജ്ജം സ്വീകരിക്കുന്നു. എല്ലാവരുടേയും നാവായി മാറുന്നു. മനുഷ്യനും മനുഷ്യനും, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അനാദിയും സ്വതസിദ്ധവുമായ ബന്ധം ഉദ്‌ഘോഷിക്കുന്നു.

ഇന്ന് ശര്‍മ്മിള തികച്ചും പ്രധാനപ്പെട്ട ഒരു തീരുമാനം കൈക്കൊണ്ടിരിക്കുകയാണ്. തന്റെ നിരാഹാര സമരം അവസാനിപ്പിക്കുക. ഇതും സ്വാഗതാര്‍ഹമായ തീരുമാനം തന്നെ. ഇന്ത്യയിലെ ഓരോ സ്വാതന്ത്ര്യബോധമുള്ള മനുഷ്യനും സ്വാഗതം ചെയ്യുന്ന ഒരു തീരുമാനമായിരിക്കുമിത്. ആശുപത്രിയില്‍, തടങ്കലില്‍, ജനസമ്പര്‍ക്കമില്ലാതെ പൂട്ടിയിടപ്പെട്ട ഒരു കൊടുങ്കാറ്റ് പുറത്തേക്ക് ആഞ്ഞടിക്കുന്നതിന്റെ ആനന്ദം. .അത് ഇന്ത്യയിലെ മനുഷ്യാവകാശ പോരാട്ടങ്ങള്‍ക്ക് ആവേശം പകരുന്ന കാഴ്ചയായിരിക്കും. ശര്‍മ്മിള എന്നും ജനങ്ങള്‍ക്കിടയില്‍, ജനനിബിഡമായ തെരുവുകളില്‍ തന്നെയാണ് ജീവിച്ചിരുന്നത്; ഭൗതികമായി അവര്‍ ഏകാന്തതടവിലായിരുന്നെങ്കില്‍ കൂടിയും. അവരുടെ അസാന്നിദ്ധ്യം കൊണ്ട് വീര്‍പ്പുമുട്ടിയ മണിപ്പൂരിലെ ഇന്ത്യയിലെ തെരുവുകള്‍ ഇന്നുമുതല്‍ ശര്‍മ്മിളയെ സന്തോഷത്തോടെ, സമരവീര്യത്തോടെ അഭിവാദനം ചെയ്യും. ഇത് തികച്ചും കാല്‍പ്പനികമായ സങ്കല്‍പ്പമല്ല. പ്രത്യുത യാഥാര്‍ത്ഥ്യമാകുന്ന ആഗ്രഹമാണ്. സമകാലിക ഇന്ത്യന്‍ സാമൂഹിക പശ്ചാത്തലം, ശര്‍മ്മിളയുടെ കര്‍മ്മരംഗം അനിവാര്യമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നു. കബീര്‍ കലാമഞ്ചും, ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും ഇങ്ങ് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി വരെയും ശര്‍മ്മിളയുടെ സാന്നിദ്ധ്യം പ്രസക്തമാണെന്ന് തീര്‍ച്ചപ്പെടുത്തുന്നു. അഭിവാദ്യങ്ങള്‍!

(ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍  ഗവേഷക വിദ്യാര്‍ത്ഥിയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

This post was last modified on August 9, 2016 8:05 pm