X

ബെല്ലാരിയിലെ ഖനി മാഫിയയെ കുറിച്ചുള്ള ഡോക്ക്യുമെന്‍ററി: :’ബ്ലഡ് ആന്‍ഡ് അയണ്‍’ ഇന്ന് തിരുവനന്തപുരത്ത്

എങ്ങനെയാണ് കര്‍ണ്ണാടകയിലെ ബെല്ലാരിയിലെയും ആന്ധ്രാ പ്രദേശിലെ അനന്തപുര്‍ ജില്ലയിലെയും അനധികൃത ഇരുമ്പയിര്‍ ഖനനം അതുമായി ബന്ധപ്പെട്ടവരെ ബാധിച്ചത്?

ഗാലി റെഡ്ഡി സഹോദരന്മാരാണ് ഇതിന്റെ മുഖ്യ ഗുണഭോക്താക്കള്‍. ആവര്‍ ഖനനത്തിലൂടെ വന്‍ ലാഭം കൊയ്യുമ്പോഴും ഇവിടെ ജീവിക്കുന്ന സാധാരണക്കാരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം.

ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകത്തില്‍ സ്വര്‍ണ്ണ-വജ്ര ഖനനത്തേക്കാള്‍ ലാഭകരമായ ഒന്നായി ബേല്ലാരിയിലെയും അനന്തപുരിലെയും ഇരുമ്പയിര്‍ ഖനനം മാറി. 1993ല്‍ ഖനികള്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നു കൊടുത്തതോടെ ലോകത്തെ പ്രധാന ഇരുമ്പയിര്‍ കയറ്റുമതി രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറി. ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഇരുമ്പയിര്‍ കയറ്റുമതി രാജ്യമാണ് ഇന്ത്യ. അതില്‍ അഞ്ചില്‍ ഒന്നും ബെല്ലാരിയില്‍ നിന്നാണ്.

ഔദ്യോഗിക കണക്കുകള്‍ പ്രകാരം 99 ഇരുമ്പയിര്‍ ഖനികളാണ് ബെല്ലാരിയില്‍ ഉള്ളത്. എന്നാല്‍ യാഥാര്‍ഥ്യം മറ്റൊന്നാണ്. 2000 മുതല്‍ ഇങ്ങോട്ട് അനധികൃത ഖനനനവുമായി ബന്ധപ്പെട്ട് 12,000 കേസുകളാണ് ബെല്ലാരിയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

2003 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തില്‍ 7500 കോടി രൂപ വിലമതിക്കുന്ന 30 ടണ്‍ ഇരുമ്പയിര്‍ ഇവിടെ നിന്ന് അനധികൃതമായി  കടത്തിക്കൊണ്ടുപോയതായി അന്നത്തെ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ 2010ല്‍  നിയമ സഭയില്‍ പറഞ്ഞു.

അതേ സമയം വന്‍ തോതില്‍ നടന്ന അനധികൃത മൈനിങ് വലിയ സാമ്പത്തിക ധ്രുവീകരണം ബെല്ലാരിയിലെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കി. ഖനനത്തിന്റെ മറവില്‍ ഒരു വിഭാഗം തടിച്ചു കൊഴുത്തപ്പോള്‍ വലിയ വിഭാഗം ജനങ്ങള്‍ ഇപ്പൊഴും കടുത്ത ദാരിദ്ര്യത്തില്‍ കഴിയുകയാണ്. കൂടാതെ മൈനിംഗ് സൃഷ്ടിക്കുന്ന മലിനീകരണവും ആരോഗ്യ പ്രശ്നങ്ങളും വേറെയും.

2 ജി അഴിമതിയുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയില്‍ പരാതി നല്‍കുകയും റിലയന്‍സിന്റെ കൃഷ്ണ-ഗോദാവരി ഖനന പര്യവേഷണത്തിന്റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ‘ഗ്യാസ് വാര്‍’ എന്ന പുസ്തകം എഴുതുകയും ചെയ്ത മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പരഞ്ചോയ് ഗുഹ തകുര്‍ത സംവിധാനം ചെയ്ത “ബ്ലഡ് ആന്‍ഡ് അയണ്‍” എന്ന ഡോക്യുമെന്ററി ബെല്ലാരിയിലെയും അനന്തപുരിലെയും അനധികൃത ഖനന മാഫിയയുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുന്നു. കല്‍ക്കരിപ്പാടം അഴിമതിയെ കുറിച്ചുള്ള “കോള്‍ കേഴ്സാണ്” തകൂര്‍ത്തയുടെ മറ്റൊരു ഡോക്യുമെന്ററി.

തിരുവനന്തപുരത്ത് നടക്കുന്ന “Behind the Lines, Between the Lines”അ.ന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇന്ന് (ഒക്ടോബര് 24) നിളാ തിയറ്ററില്‍ “ബ്ലഡ് ആന്‍ഡ് അയണ്‍” പ്രദര്‍ശിപ്പിക്കുന്നു.

 

This post was last modified on October 24, 2014 11:09 am