X

കലാഭവന്‍ മണിയുടെ മരണത്തിന് കാരണം ചികിത്സാ പിഴവുകളും

നിരഞ്ജന്‍

കലാഭവന്‍ മണിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ എന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെ മരണത്തിന് ഇടയാക്കിയത് ചികിത്സാപ്പിഴവ് ആണെന്ന സംശയവും ബലപ്പെടുന്നു. കീടനാശിനി അകത്തുചെന്നതിനെ തുടര്‍ന്ന് ഛര്‍ദ്ദിച്ച ശനിയാഴ്ച മുതല്‍ അന്ത്യം വരെയുള്ള സമയം വരെ ചികിത്സാപ്പിഴവ് തുടര്‍ന്നതാണ് കലാഭവന്‍ മണിയെന്ന കലാകാരനെ ഇല്ലാതാക്കിയത്.

സംസ്ഥാനത്തെ പ്രമുഖ ഫോറന്‍സിക് വിദഗ്ധന്‍ പറയുന്നത്: അകത്ത് കീടനാശിനി ചെന്നതിന് ശേഷം രക്തം ഛര്‍ദ്ദിച്ച മണിയെ കാണാന്‍ ആദ്യം എത്തിയത് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ സൈക്യാട്രിസ്റ്റും മണിയുടെ അയല്‍വാസിയും സുഹൃത്തുമായ ഡോ. സുമേഷ് ആയിരുന്നു. കീടനാശിനി അകത്തുചെന്നതിനെ തുടര്‍ന്ന് വെപ്രാളം കാണിക്കുകയായിരുന്ന മണിയുടെ അവസ്ഥ തിരിച്ചറിയാന്‍ ഡോ. സുമേഷിന് കഴിഞ്ഞില്ല. മദ്യം കിട്ടാതെ ഇരിക്കുമ്പോള്‍ മദ്യാപനികള്‍ കാണിക്കുന്ന വിത്ത്‌ഡ്രോവല്‍ സിംപ്റ്റംസ് ആയാണ് ഡോ. സുമേഷ് ഇതിനെ തിരിച്ചറിഞ്ഞത്. സൈക്യാട്രിസ്റ്റ് ആയതുകൊണ്ടാകാം അദ്ദേഹം അങ്ങനെ ചിന്തിച്ചത്.

അമൃത ആശുപത്രിയില്‍ മണിയെ ചികിത്സിക്കുന്ന ഡോക്ടര്‍ ഇസ്മയിലിനെ ഡോ. സുമേഷ് വിളിച്ചെങ്കിലും അദ്ദേഹം ലക്‌നൗവില്‍ ആയിരുന്നു എന്ന് പറയുന്നു. തുടര്‍ന്ന് അസിസ്റ്റന്റ് ഡോക്ടര്‍ മാത്യു ആണ് മണിയെ ചികിത്സിച്ചത്. ഡോ. സുമേഷിന്റെ വിത്ത് ഡ്രോവല്‍ സിംപ്റ്റംസ് എന്ന രോഗനിര്‍ണ്ണയത്തെയും കരള്‍ രോഗത്തിനെയും അടിസ്ഥാനമാക്കിയായിരുന്നു വൈദ്യ പരിശോധനകളെല്ലാം. അതിനാല്‍ ശരീരത്തില്‍ ചെന്ന കീടനാശിനിയെ തിരിച്ചറിയുന്നതിനോ അതിനെ പ്രതിരോധിക്കുന്നതിനോ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല. മദ്യത്തില്‍ മെഥനോള്‍ കലര്‍ന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അതിനുള്ള ചികിത്സയും കരള്‍ രോഗത്തിന് എന്‍ഡോസ്‌കോപ്പിയും നടത്തിയെങ്കിലും കീടനാശിനി കണ്ടെത്തുന്നതിന് പ്രത്യേകമായ രക്തപരിശോധനയോ മറ്റോ നടത്തിയില്ല.

മണി മരണം വരിക്കുന്നതുവരെ കീടനാശിനിയാണ് അസ്വസ്ഥതയ്ക്ക് കാരണമെന്ന് തിരിച്ചറിയാന്‍ പോലും ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞില്ല എന്നതാണ് യഥാര്‍ത്ഥ മരണകാരണം. ആമാശയഭിത്തി തകര്‍ന്നതും അതിന്റെ നിറംമാറ്റവും കീടനാശിനിയുടെ അംശം ശരീരത്തില്‍ കലര്‍ന്നതാണെന്ന് മനസിലാക്കാതെ കരള്‍ രോഗം മൂര്‍ച്ഛിച്ച നിലയിലാണ് എന്നാണ് ഡോക്ടര്‍മാര്‍ വിശദീകരിച്ചത്. യഥാര്‍ത്ഥത്തില്‍ രോഗം നിര്‍ണ്ണയത്തില്‍ വന്ന പിഴവാണ് മണിയുടെ മരണത്തില്‍ കലാശിച്ചത്.

ആമാശയത്തിന് ബ്രൗണ്‍ നിറം കൈവന്നതും ഭിത്തികളില്‍ കീടനാശിനിയുടെ ബാധ മൂലം പരിക്ക് പറ്റിയതും കരള്‍ രോഗം മൂര്‍ച്ഛിച്ചതിന്റെ ലക്ഷണമായിട്ട് വിലയിരുത്തി ഗ്യാസോ എന്‍ട്രോളജിസ്റ്റ് ചികിത്സ നടത്തുക മാത്രമായിരുന്നു മണിക്ക് കിട്ടിയ പരിരക്ഷ. ഞായറാഴ്ച ആയതിനാല്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരും മറ്റും കുറവായതിനാല്‍ പരിചയക്കുറവുള്ള ഡോക്ടര്‍മാരുടെ സേവനം മാത്രമാണ് ആശുപത്രിയില്‍ നിന്നും ലഭിച്ചത്. ഇത് യഥാര്‍ത്ഥ ചികിത്സ ലഭ്യമാകാതെ മണിയുടെ മരണത്തിന് കാരണമായി.

കീടനാശിനി ശരീരത്തില്‍ ചെന്നതിന് ശേഷം രക്തം ഛര്‍ദ്ദിച്ചാല്‍ അതിരൂക്ഷമായ ദുര്‍ഗന്ധം ഉണ്ടാവുക പതിവാണെന്ന് ഫോറന്‍സിക് വിദഗ്ധര്‍ പറയുന്നു. ഇതൊന്നും പരിശോധിക്കാതെ ചികിത്സ നടത്തിയത് അത്ഭുതകരം എന്ന് അവര്‍ വിശേഷിപ്പിക്കുന്നു.

മരണശേഷവും പിഴവുകള്‍
കലാഭവന്‍ മണിയുടെ മരണശേഷവും പിഴവുകള്‍ തുടര്‍ന്നതാണ് അന്വേഷണം വഴിമുട്ടുന്നതിനും നീളുന്നതിനും ഇടയാക്കിയത്. എറണാകുളം ജില്ലയില്‍ നടന്ന മരണം പോസ്റ്റുമോര്‍ട്ടം ചെയ്യേണ്ടത് ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ്. എന്നാല്‍ ഇത് സൗകര്യം പരിഗണിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇവിടെയും കലാഭവന്‍ മണിക്ക് നീതി കിട്ടിയില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തുറക്കുമ്പോള്‍ തന്നെ ക്ലോര്‍ പൈറിഫോസിന്റെ മണം ഒരു ഫോറന്‍സിക് സര്‍ജന് കിട്ടേണ്ടതാണ്. എന്നാല്‍ ഇത് തിരിച്ചറിയാന്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ക്ക് കഴിഞ്ഞിരുന്നില്ല. ഉന്നതനായ ഒരു വ്യക്തിയുടെ വിവാദമായ മരണത്തിനും പ്രേതപരിശോധനയ്ക്കും പോസ്റ്റുമോര്‍ട്ടത്തിനും മെഡിക്കല്‍ കോളേജിലെ ഏറ്റവും ജൂനിയറായ ഫോറന്‍സിക് സര്‍ജനെ നിയോഗിച്ചതിലും മെഡിക്കല്‍ കോളേജ് അധികൃതര്‍ക്ക് പിഴവ് പറ്റിയെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

ഒരു പ്രൊഫസര്‍ തസ്തികയില്‍ കുറയാത്ത അനുഭവസമ്പത്തുള്ള ഒരാള്‍ വേണമായിരുന്നു ഇത് ചെയ്യാന്‍ എന്നാണ് സാധാരണ പൊലീസുകാര്‍ പോലും പറയുന്നത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാസപരിശോധനയ്ക്ക് അയച്ച ആമാശയം കണ്ടയുടന്‍ കെമിക്കല്‍ എക്‌സാമിനര്‍ മുരളീധരന്‍ ആദ്യനോട്ടത്തില്‍ തന്നെ ഇത് കീടനാശിനി ബാധയാണെന്ന് സംശയം പ്രകടിപ്പിച്ചതായാണ് അന്വേഷണ സംഘത്തിലെ ചിലര്‍ പറയുന്നത്. ആ നിലയ്ക്ക് പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോക്ടര്‍ക്ക് തിരിച്ചറിയാന്‍ കഴിയാതെ വന്നത് മനഃപൂര്‍വമാണോ എന്നുവരെ ചിന്തിക്കുന്നവര്‍ മെഡിക്കല്‍ ലോകത്തുണ്ട്. സ്വകാര്യ കുത്തക ആശുപത്രിയുടെ ചികിത്സാ പിഴവ് മറച്ചുവയ്ക്കാന്‍ മനഃപൂര്‍വമായ ശ്രമം മെഡിക്കല്‍ കോളേജ് അധികൃതരില്‍ നിന്നും ഉണ്ടായോ എന്നാണ് ഉയരുന്ന സംശയം. 

നാല് സീനിയര്‍ ഫോറന്‍സിക് ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും ഏറ്റവും ജൂനിയറായ ഡോക്ടര്‍ ചെയ്തതാണ് പലരും സംശയത്തോടെ വീക്ഷിക്കുന്നത്. കീടനാശിനി സ്വയം കഴിച്ചതാണോ അതോ ആരെങ്കിലും നല്‍കിയതാണോ എന്ന ചോദ്യത്തിന് ഉത്തരം തേടുന്ന അന്വേഷണ സംഘം മണിയുടെ മരണത്തിന് കാരണമായ ചികിത്സാപ്പിഴവിനെ കുറിച്ചും അന്വേഷിക്കേണ്ടി വരും. യഥാസമയം രോഗനിര്‍ണ്ണയം നടത്തി ചികിത്സ നടത്തിയാല്‍ രക്ഷപ്പെടുമായിരുന്ന ചാലക്കുടിയുടെ ചങ്ങാതിയെ മരണത്തിലേക്ക് തള്ളിവിട്ടവര്‍ പുറത്തുവരുമെന്ന് തന്നെ പ്രതീക്ഷിക്കാം.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on March 21, 2016 10:57 am