X

വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയും ഇസ്രായേലും കൈകോര്‍ക്കുന്നു

അഴിമുഖം പ്രതിനിധി

ഇസ്രായേല്‍ പ്രസിഡന്റ് റിയൂവെന്‍ റിവ്ലിന്‍റെ ഇന്ന് ആരംഭിക്കുന്ന ഇന്ത്യ സന്ദര്‍ശനത്തിന്റെ മുഖ്യ അജണ്ട രണ്ടു രാജ്യങ്ങളും തമ്മിലുള്ള വിദ്യാഭ്യാസ ഉടമ്പടികള്‍ പുനഃപരിശോധിക്കുക എന്നതാണ്. രണ്ട് രാജ്യങ്ങളും തമ്മില്‍ അക്കാദമിക് വിദഗ്ധരെ കൈമാറുന്നതും ഗവേഷണ മേഖലയുമായി ബന്ധപ്പെട്ടതുമായ 15ല്‍ പരം കരാറുകള്‍ ഇന്ത്യയിലെയും ഇസ്രായിലേയിലേയും സര്‍വകലാശാലകള്‍ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മനുഷ്യവിഭവങ്ങളുടെ കൈമാറ്റത്തിനാണ് പുതിയ കരാറുകള്‍ ശ്രദ്ധ ഊന്നുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രങ്ങളായ ഡല്‍ഹി സര്‍വകലാശാല. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല, മുംബെ സര്‍വകലാശാല എന്നിവയെ കൂടാതെ ഒപി ജിന്‍ഡാല്‍ സര്‍വകലാശാലയും ഇസ്രായേല്‍ സര്‍വകലാശാലകളുമായി കരാറില്‍ ഒപ്പിടും.

രണ്ട് രാജ്യങ്ങളും തമ്മില്‍ സംയുക്ത ഗവേഷണ സംരംഭങ്ങള്‍ വികസിപ്പിക്കുകയാണ് കരാറുകളുടെ ലക്ഷ്യമെന്ന് ഇന്ത്യയിലെ ഇസ്രായേല്‍ എംബസിയിലെ പബ്ലിക് ഡിപ്ലോമസി അധിപ ഡിറ്റസ പ്രോയിം പറഞ്ഞു. ജീവശാസ്ത്രത്തിലും രസതന്ത്രത്തിലും ഇത്തരം സംയുക്തപഠനങ്ങള്‍ ഇപ്പോള്‍ തന്നെ നടക്കുന്നുണ്ട്. കൃഷി, ഭക്ഷ്യസുരക്ഷ, സംരംഭകത്വം എന്നീ രംഗങ്ങളില്‍ സഹകരണം വര്‍ദ്ധിപ്പിക്കാനും ഇന്ത്യയില്‍ നിന്നുള്ള കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രാന്റുകള്‍ നല്‍കാനും ഉദ്ദേശിച്ചുള്ളതാവും കരാറുകളെന്നും അവര്‍ സൂചിപ്പിച്ചു.

ജീവശാസ്ത്രത്തിലും രസതന്ത്രത്തിലും ഗവേഷണം നടത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയപ്പെട്ട സ്ഥലമാണ് ഇസ്രായേല്‍ എന്ന് ഇതിനകം തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ രണ്ട് മേഖലകളിലും ഗവേഷണം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ ഇസ്രായേല്‍ തിരഞ്ഞെടുക്കുന്ന പ്രവണത 2014 മുതല്‍ കൂടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

This post was last modified on November 14, 2016 6:47 pm