X

ഇസ്രായേല്‍: ലക്ഷ്യം നെതന്യാഹുവിനെ പുറത്താക്കൽ, ബെന്നി ഗാന്റ്സിനെ പിന്തുണയ്ക്കാൻ സംയുക്ത അറബ് പാർട്ടികളുടെ തീരുമാനം

1992-നു ശേഷം ഇതാദ്യമായാണ് അറബ് പാർട്ടികൾ സംയുക്തമായി പ്രധാനമന്ത്രി സ്ഥാനാർഥിക്കു പിന്തുണ നൽകുന്നത്.

ഇസ്രായേല്‍ പൊതു തെരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ സർക്കാർ രൂപീകരണത്തിനുള്ള അനിശ്ചിതത്വം തുടരുന്നു. അതിനിടെ 13 സീറ്റുകൾ നേടി പാർലമെന്റിലെ മൂന്നാമത്തെ വലിയ സഖ്യമായി മാറിയ സംയുക്ത അറബ് പാർട്ടികൾ ബെന്നി ഗാന്റ്സിന്റെ പ്രതിപക്ഷ കക്ഷിയായ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചു. 1992-നു ശേഷം ഇതാദ്യമായാണ് അറബ് പാർട്ടികൾ സംയുക്തമായി പ്രധാനമന്ത്രി സ്ഥാനാർഥിക്കു പിന്തുണ നൽകുന്നത്. ‘ഗാന്റ്സിന്റെ നയങ്ങളെ അംഗീകരിക്കുകയല്ല, മറിച്ച്, നെതന്യാഹുവിനെ പുറത്താക്കാനുള്ള നീക്കത്തിനൊപ്പമാണ് ഞങ്ങള്‍ നില്‍ക്കുന്നത്’ എന്ന് അറബ് പാർട്ടികളുടെ നേതാവ് അയ്മാൻ ഒഡെ വ്യക്തമാക്കി.

1992-ല്‍ അറബ് പാർട്ടികൾ യിത്ഷാക് റാബിനെ പിന്തുണച്ചിരുന്നു. അദ്ദേഹമാണ് ഫലസ്തീനികളുമായി ഓസ്ലോ കരാറിൽ ഒപ്പുവെച്ചത്. ഇസ്രായേലിലെ അറബ് ജനതയോടുള്ള വംശീയത പ്രചരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ള നേതാവാണ്‌ നെതന്യാഹു. ‘നെതന്യാഹുവിന്‍റെ കാലഘട്ടത്തിൽ ഞങ്ങൾ ഇസ്രായേൽ രാഷ്ട്രീയത്തിൽ നിയമവിരുദ്ധരായിത്തീർന്നിരിക്കുന്നു’ എന്നാണ് ഇസ്രായേൽ പ്രസിഡന്റ് റുവെൻ റിവ്‌ലിന്‍ വിളിച്ചുചേര്‍ത്ത സംയുക്ത പാര്‍ട്ടികളുടെ യോഗത്തില്‍  ഒഡെ പറഞ്ഞത്. ‘ചരിത്രംകുറിച്ചു കഴിഞ്ഞു. ഇനി നെതന്യാഹുവിനെ താഴെയിറക്കാൻ ആവശ്യമായത് ഞങ്ങൾ ചെയ്യും’ എന്ന് പ്രമുഖ അറബ് പാർലമെന്റ് അംഗം അഹ്മദ് ടിബിയും വ്യക്തമാക്കി. എന്നിരുന്നാലും നെതന്യാഹുവിന്റെ ഇസ്രായേൽ രാഷ്ട്രീയത്തിലെ ദീർഘകാലമായുള്ള ആധിപത്യം അവസാനിപ്പിക്കാനുള്ള അറബ് പാർട്ടികള്‍ ഇനിയും കാത്തിരികേണ്ടിവരും.

ആർക്കും ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിൽ സർക്കാർ രൂപീകരണത്തിന്‌ ആരെ ക്ഷണിക്കണമെന്ന്‌ തീരുമാനിക്കാൻ പ്രസിഡന്റ്‌ റ്യൂവെൻ റിവ്‌ലിൻ വിവിധ കക്ഷികളുമായി കൂടിക്കാഴ്‌ച ആരംഭിച്ചു. നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും ബെന്നി ഗാന്റ്സിന്റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയും ചേർന്നു സംയുക്ത സര്‍ക്കാര്‍ രൂപീകരിക്കണം എന്നാണ് റിവ്‌ലിൻ നിര്‍ദേശിക്കുന്നത്. 120 അംഗ പാർലമെന്റിൽ ആൻഡ് വൈറ്റ് പാർട്ടിക്ക് 33 സീറ്റും ഭരണകക്ഷിയായ ലിക്കുഡ് പാർട്ടിക്ക് 31 സീറ്റുമാണ് ലഭിച്ചത്. ഇവർക്കു ശക്തമായ സർക്കാർ രൂപീകരിക്കാൻ കഴിയും എന്നാണ് അദ്ദേഹത്തിന്‍റെ വാദം.

സഖ്യസർക്കാർ രൂപവൽക്കരിക്കാനുള്ള പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്‍റെ അഭ്യര്‍ത്ഥന തള്ളിക്കളഞ്ഞ ഗാന്‍റ്സ് വിശാല സഖ്യസർക്കാർ രൂപവൽക്കരിച്ച് പ്രധാനമന്ത്രിയാകുമെന്ന് വ്യക്തമാക്കിയതാണ്. എട്ട് സീറ്റുകൾ നേടിയ ഇസ്രയേൽ ബൈത്തനു പാർട്ടിയുടെ നേതാവ് അവിഗ്ദോർ ലിബർമാന്‍റെ നിലപാടും നിര്‍ണ്ണായകമാകും.

This post was last modified on September 23, 2019 10:06 am