X

ജേക്കബ് തോമസിന്റെ അഴിമതി വിരുദ്ധ സംഘടന, മറ്റൊരു ആപ് കേരള ദുരന്തമാകരുത്

സാജു കൊമ്പന്‍

ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ തമാശയാണ് യു ഡി എഫ് പ്രകടനപത്രിക. തമാശയാകുന്നത് അതില്‍ നല്കിയിരിക്കുന്ന വാഗ്ദാനങ്ങളുടെ പേരിലല്ല. മറിച്ച് അതിന്‍റെ കവര്‍ ചിത്രത്തിന്റെ പേരിലാണ്. സുസ്മേരവദനനായി നടന്നു വരുന്ന മുഖ്യമന്ത്രിയാണ് മുഖചിത്രത്തില്‍. വരുന്ന അഞ്ചു വര്‍ഷത്തേക്ക് അഴിമതി രഹിത ഭരണം വാഗ്ദാനം ചെയ്യുന്ന പ്രകടനപത്രികയ്ക്ക് എന്തുകൊണ്ടും അനുയോജ്യമായ ചിത്രം! ഒരു കാര്യത്തില്‍ ആശ്വസിക്കാം. നിരവധി ത്വരിത പരിശോധന കുരുക്കില്‍ പെട്ടിരിക്കുന്ന മന്ത്രിസഭയിലെ തന്റെ സഹപ്രവര്‍ത്തകരുടെ തലകള്‍ കവറില്‍ വെട്ടി ഒട്ടിച്ചില്ലല്ലോ എന്നതില്‍.

അതിനിടയില്‍ മറ്റൊരു സംഭവം ഉണ്ടായി. തീര്‍ച്ചയായും ഈ തെരഞ്ഞെടുപ്പ് കാലത്ത് എല്ലാവരും ശ്രദ്ധിക്കേണ്ടത്. പാറ്റൂര്‍ കേസിന്റെയും ബാര്‍ കേസിന്റെയും ഒക്കെ പേരില്‍ ഉമ്മന്‍ ചാണ്ടി ‘ഡീല്‍’ചെയ്തു ഒരു വഴിക്കാക്കിയ ഡി ജി പി ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ ഒരു സംഘടന വരുന്നു. എക്സല്‍ കേരള എന്ന പേരിലുള്ള ഈ കൂട്ടായ്മയുടെ ലക്ഷ്യം അഴിമതി മുക്ത സമൂഹം കെട്ടിപ്പടുക്കുകയാണ്. അതോടൊപ്പം യു എന്‍ ഡി പിയുടെ മിഷന്‍ 2030 ലക്ഷ്യമിടുന്ന ഗുഡ് ഗവേര്‍ണന്‍സ് അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തമായ കര്‍മ്മപരിപാടിയുമായി മുന്നോട്ട് പോകും എന്നാണ് സംഘടനയുടെ പ്രതിനിധിയായ സംവിധായകന്‍ സത്യന്‍ അന്തിക്കാട് വിശദീകരിച്ചത്.   എന്തായാലും നല്ല കാര്യം തന്നെ. കേരള സമൂഹം ഇന്ന് നേരിടുന്ന നീറുന്ന പ്രശ്നം അടി മുതല്‍ മുടി വരെ ക്യാന്‍സര്‍ പോലെ ഗ്രസിച്ചിരിക്കുന്ന അഴിമതിയാണെന്ന് സമൂഹത്തിലെ ഒരു കൂട്ടം പ്രമുഖര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. വികസനത്തിന്റെ കാര്യത്തില്‍ ഒരു കേരള മോഡല്‍ ഉണ്ടെന്ന് പറയുമ്പോഴും ഒരു കേരള മോഡല്‍ പൊതുസമൂഹം നമുക്കുണ്ടോ എന്ന ചോദ്യമാണ് ഈ സംഘടന ഉയര്‍ത്തുന്നത്. 

നടന്‍ ശ്രീനിവാസന്‍, സംവിധായകരായ സത്യന്‍ അന്തിക്കാട്, ലാല്‍ ജോസ്, സാഹിത്യകാരന്‍മാരായ പ്രൊഫ. എം കെ സാനു, അശോകന്‍ ചരുവില്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ. ഡി ബി ബിനു തുടങ്ങി സാമൂഹ്യ-സാംസ്കാരിക രംഗത്തുള്ള ഒരു കൂട്ടം ആളുകള്‍  ജേക്കബ് തോമസ് വിളിച്ച് ചേര്ത്ത യോഗത്തില്‍ പങ്കെടുക്കുകയുണ്ടായി. (വെള്ളാപ്പള്ളിയുടെ യോഗത്തിന് പങ്കെടുത്ത അഡ്വ. ജയശങ്കറും പങ്കെടുത്തു) സാഹിത്യകാരന്‍മാരായ എം മുകുന്ദനും സക്കറിയയും കൂട്ടായ്മയ്ക്ക് പിന്തുണ അറിയിച്ചതായും സംഘാടകര്‍ പറയുന്നു. 

പൊതുസമൂഹത്തില്‍ അംഗീകാരമുള്ള നാലാള്‍ അറിയുന്ന ആളുകള്‍ ഒരു സംഘടനയുമായി വരുമ്പോള്‍ സ്വാഭാവികമായും അതിനു പൊതുശ്രദ്ധ കിട്ടും എന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ചും സിനിമാക്കാര്‍ കൂടി ഉണ്ടാകുമ്പോള്‍ ഒരു ഗ്ലാമര്‍ പരിവേഷം ഉണ്ടാകും. 2011ലെ ഇന്ത്യ ഏഗയിനിസ്റ്റ് കറപ്ഷന്‍ പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായാണ് ഡല്‍ഹിയില്‍ 2012 നവംബറില്‍ ആം ആദ്മി പാര്‍ട്ടി രൂപീകരിക്കപ്പെടുന്നത്. സ്പെക്ട്രം, കല്‍ക്കരി പാടം, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെ ചളിക്കുണ്ടില്‍ യു പി എ സര്‍ക്കാര്‍ മുങ്ങിക്കുളിച്ച് കിടക്കുമ്പോഴാണ് അഴിമതി വിരുദ്ധ മുദ്രാവാക്യവുമായി ആപ്പ് വരുന്നത്. എന്തായാലും അത് വലിയ ചലനം ഇന്ത്യന്‍ സമൂഹത്തില്‍ ഉണ്ടാക്കി എന്നുള്ളത് തുടര്‍ന്ന് നടന്ന ലോകസഭാ തെരഞ്ഞെടുപ്പും നിയമ സഭ തെരഞ്ഞെടുപ്പും തെളിയിച്ചു. കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പതനത്തിലേക്ക് കൂപ്പുകുത്തി. ഗുണഭോക്താക്കള്‍ ആരായാലും. 

ഇന്‍ഡ്യന്‍ റവന്യൂ സര്‍വീസില്‍ ഉദ്യോഗസ്ഥനായ അരവിന്ദ് കെജ്രിവാള്‍ ഭരണ തലത്തിലും മറ്റും കൊടികുത്തി വാഴുന്ന അഴിമതിയില്‍ മനംമടുത്താണ് പൊതുപ്രവര്‍ത്തന രംഗത്തേക്ക് വരുന്നത്. അങ്ങനെ നോക്കുമ്പോള്‍ ജേക്കബ് തോമസിന് കേജ്രിവാളുമായി പ്രകടമായ സാമ്യമുണ്ടെന്ന് പറയാം. ആ സാമ്യം കേരള സമൂഹത്തില്‍ ഏത് രൂപത്തില്‍ പ്രയോഗിക്കുന്നു എന്നതിന് അനുസരിച്ചിരിക്കും ഈ സംഘടനയുടെയും ഭാവി. അതേസമയം ബാബാ രാംദേവ്, കിരണ്‍ ബേദി, വി കെ സിംഗ് തുടങ്ങിയവരും ഇന്ത്യ ഏഗയിനിസ്റ്റ് കറപ്ഷന്‍ പോരാട്ടത്തില്‍ അണിനിരന്നിരുന്നു എന്ന കാര്യം ഓര്‍ക്കുക. 

ആപ്പ് കടന്നു പോയത് പ്രക്ഷോഭ സമരങ്ങളിലൂടെയാണ്. അടിത്തട്ടില്‍ നടത്തിയ വെയില്‍ കൊണ്ടുള്ള മികച്ച പ്രവര്‍ത്തനങ്ങളും അതില്‍ യുവാക്കളുടെ സാന്നിധ്യവും ഉണ്ടായിരുന്നു.യോഗേന്ദ്ര യാദവ്, പ്രശാന്ത് ഭൂഷന്‍, സന്തോഷ് ഹെഗ്ഡെ തുടങ്ങി ബുദ്ധിജീവികളും വിവിധ മേഖലയിലെ വിദഗ്ധരും അതിലുണ്ടായിരുന്നു. (പിന്നീട് പലരും പൊഴിഞ്ഞു പോയെങ്കിലും) അതുകൊണ്ട് തന്നെ കൃത്യമായ നയങ്ങളും കര്മ്മ പദ്ധതികളും രൂപവത്ക്കരിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. എന്നാല്‍ ഈ പറഞ്ഞതൊന്നും കേരളത്തില്‍ നടപ്പിലാക്കാന്‍ സാധിച്ചില്ല എന്നത് ആം ആദ്മി കേരള ഇന്നെത്തിച്ചേര്‍ന്ന അവസ്ഥയില്‍ നിന്നു മനസിലാക്കാം. (ലോകസഭ തെരഞ്ഞെടുപ്പില്‍ ആപ് സ്ഥാനാര്‍ത്ഥിയായ സംവിധായകന്‍ അലി അക്ബര്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പായപ്പോള്‍ ബി ജെ പി സ്ഥാനാര്‍ത്ഥിയായതു പോലെ)

ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അഴിമതി നിറഞ്ഞ ഒരു ലോകത്തിലൂടെ കടന്നു വന്ന അശോകന്‍ ചരുവിലിനെയും ആദര്‍ശാത്മകമായ നിലപാടുകളും സൌമ്യതയും മുഖമുദ്രയായ സാനു മാസ്റ്ററെയും പോലുള്ളവരുടെ സാന്നിധ്യം പ്രതീക്ഷ പകരുന്നതാണ്. അതുപോലെ തന്നെ ശ്രീനിവാസന്‍ സത്യന്‍ അന്തിക്കാട് തുടങ്ങിയവരുടെയും. പക്ഷേ കേരളത്തിലെ യുവതയെ ഇവര്‍ക്ക് എങ്ങനെ പ്രചോദിപ്പിക്കാന്‍ കഴിയും എന്നാണ് അറിയേണ്ടത്. ഒരു എന്‍ ജി ഓ സെറ്റപ്പില്‍ നടത്തുന്ന പ്രൊജക്റ്റ് ബന്ധിതമായ കറങ്ങുന്ന കസേര ആക്റ്റിവിസമായി എക്സല്‍ കേരള മാറുമോ? 

പുതിയ സംഘടനയെ കുറിച്ച് എന്തെങ്കിലും ഒരു തീരുമാനത്തിലെത്താന്‍ മാത്രം സമയമായിട്ടില്ല. എന്തായാലും കേരളത്തിലെ ആപ് ദുരന്തമാകാതെ എക്സല്‍ കേരള മുന്നോട്ട് പോകും എന്നു പ്രതീക്ഷിക്കാം. സംഘാടകര്‍ പ്രഖ്യാപിച്ചത് പോലെ ഒരു രാഷ്ട്രീയ സംഘടനയാകാതെ സുതാര്യ ഭരണം (ഉമ്മന്‍ ചാണ്ടിയുടെ സുതാര്യമല്ല) ഉറപ്പുവരുത്തുന്ന ഒരു സംഘം വീസില്‍ ബ്ളോവേര്‍സിന്റെയും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരുടെയും കൂട്ടായ്മയായി ഒരു ഇടപെടല്‍ ശക്തിയായി മാറുമെന്നും.

(അഴിമുഖം സീനിയര്‍ എഡിറ്ററാണ് ലേഖകന്‍) 

  
.  

Related Post
Leave a Comment