X

രാഷ്ട്രീയക്കാരെ പടിക്കു പുറത്താക്കി തമിഴകത്തെ ജെല്ലിക്കെട്ടുവിപ്ലവം

അറുപതുകളിലെ ഹിന്ദിവിരുദ്ധ വിരുദ്ധ പ്രക്ഷോഭം കഴിഞ്ഞാല്‍ കൂടുതല്‍ ജനകീയമായ ഒരു സമരമുറയാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ജെല്ലിക്കെട്ട് സമരം

Counter protesters, pro Trump, show up during anti-Donald Trump protest at Trump Tower in 5th Avenue in New York, as Republican presidential front-runner Donald Trump has been calling for barring all Muslims from entering the United State. Dec 20, 2015, New York.

കഴിഞ്ഞ അഞ്ചു ദിവസമായി ചെന്നൈയിലെ മറീനാ കടപ്പുറം യുവാക്കളടക്കം പതിനായിരക്കണക്കിനു പേര്‍ കൈയടക്കിയിരിക്കുകയാണ്. ജെല്ലിക്കെട്ടുജ്വരം പടര്‍ന്നുപിടിച്ച വിദ്യാര്‍ത്ഥികളും ഐടി രംഗത്തെ യുവാക്കളുമാണ് അവരില്‍ അധികവും. സോഷ്യല്‍ മീഡിയ വഴി രോഗം പാരമ്യത്തിലെത്തിയപ്പോള്‍ മറീനാ കടല്‍പ്പുറത്താണ് അവര്‍ അഭയം പ്രാപിച്ചത്. സുപ്രീം കോടതി 2014 ല്‍ നിരോധിച്ച ജെല്ലിക്കെട്ട് വീണ്ടും പുനരുജ്ജീവിപ്പിക്കണമെന്നാണ് അവരുടെ ആവശ്യം. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി മധുര ഉള്‍പ്പെടെയുള്ള മൂന്നു തെക്കന്‍ ജില്ലകളില്‍ അരങ്ങേറുന്ന കായികവിനോദമാണ് ജെല്ലിക്കെട്ട്. കഴിഞ്ഞ നാലു വര്‍ഷമായി ജെല്ലിക്കെട്ടില്ലാതെയാണ് തമിഴ്‌നാട് പൊങ്കല്‍ ആഘോഷിക്കുന്നത്.

രാഷ്ട്രീയക്കാരെ പിന്നിലേക്ക് തള്ളിമാറ്റിക്കൊണ്ടാണ് വിദ്യാര്‍ത്ഥികളും മറ്റ് യുവാക്കളും ജെല്ലിക്കെട്ടിന്റെ പ്രസക്തിയെക്കുറിച്ച് മുദ്രാവാക്യങ്ങള്‍ വിളിച്ച് മറീനക്കടപ്പുറത്ത് എത്തിയത്. ജെല്ലിക്കെട്ട് ആവശ്യം പടര്‍ന്നു പിടിച്ചതോടെ കാര്യങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈവിട്ടു പോയി. ഇതോടെ മുഖ്യമന്ത്രി പനീര്‍സെല്‍വം ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ജെല്ലിക്കെട്ട് വിഷയത്തില്‍ താത്ക്കാലം ഇടപെടില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയത് ഒരാര്‍ഥത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആശ്വാസമാവുകയായിരുന്നു. ഇതോടെയാണ് ഓര്‍ഡിനന്‍സ് വഴി തേടാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സിന് കേന്ദ്രം ഇന്നലെ തന്നെ അനുമതി നല്‍കി. രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഏത് നിമിഷവും ഇതില്‍ ഒപ്പുവച്ചേക്കാം.

ജെല്ലിക്കെട്ട് വിഷയത്തില്‍ താത്ക്കാലികമായെങ്കിലും തീര്‍പ്പുണ്ടാക്കിയില്ലെങ്കില്‍ മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ സമരക്കാര്‍ പനീര്‍സെല്‍വത്തെ അനുവദിക്കില്ല എന്നുറപ്പാണ്. മരീനാ കടപ്പുറത്തെ കെട്ടടങ്ങാത്ത തിരമാലകള്‍ തൊട്ടടുത്തുള്ള ഭരണസിരാകേന്ദ്രമായ സെന്റ് ജോര്‍ജ്ജ്‌ ഫോര്‍ട്ടിലേക്ക് അടിച്ചുകയറുമെന്നതില്‍ സംശയമില്ല. കാര്യങ്ങള്‍ കൈവിട്ടു പോയാല്‍ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാനും മോദി സര്‍ക്കാര്‍ മടിച്ചേക്കില്ല എന്നായിരുന്നു പനീര്‍സെല്‍വത്തിന് കിട്ടിയ രാഷ്ട്രീയ ഉപദേശം. അതുകൊണ്ടു തന്നെ വിഷയം എങ്ങനെയും പരിഹരിക്കാനുള്ള ഓട്ടത്തിലാണ് അദ്ദേഹവും. ജെല്ലിക്കെട്ട് നടന്നിരിക്കും എന്ന്‍ ഇന്നലെയും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. പക്ഷേ സമരക്കാരെ ഇതൊന്നും തണുപ്പിച്ചിട്ടില്ല. ജയലളിതയുടെ ഭരണത്തിനു കീഴില്‍ പത്തുവര്‍ഷമായി അടിമകളായിക്കഴിഞ്ഞവരുടെ സ്വാതന്ത്ര്യാഭിവാഞ്ചയാണ് ഇപ്പോള്‍ ജെല്ലിക്കെട്ട് ജ്വരത്തിന്റെ രൂപത്തില്‍ പുറത്തുവന്നതെന്ന അഭിപ്രായവും നിലവിലുണ്ട്.

ഡിഎംകെ തുടങ്ങിവച്ച ജെല്ലിക്കെട്ട് സമരം വളരെ പെട്ടെന്നാണ് അവരുടെ കൈയില്‍ നിന്നു വിട്ടുപോയത്. കക്ഷിരാഷ്ട്രീയമൊന്നും ഇല്ലെന്നാണ് ജെല്ലിക്കെട്ട് ജ്വരം പിടിപെട്ട യുവാക്കളും വിദ്യാര്‍ത്ഥികളും പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മധുര ജില്ലയിലെ ആലങ്ങനല്ലൂരില്‍ ആരംഭിച്ച ജെല്ലിക്കെട്ടിന്റെ അലയൊലികള്‍ തമിഴകം മൊത്തത്തില്‍ പടര്‍ന്നുപിടിക്കുമ്പോള്‍ രാഷ്ട്രീയകക്ഷികള്‍ അന്തംവിട്ടിരിക്കുകയാണ്. രാഷ്ട്രീയകക്ഷികളെ സമരത്തിന്റെ നാലയല്‍പ്പക്കത്ത് എത്താന്‍ സമരക്കാരായ യുവാക്കള്‍ അനുവദിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതിനാലാണ് പുതിയ സമരമുറകള്‍ പ്രഖ്യാപിച്ചുകൊണ്ട് മറീനയില്‍ എത്താതെ ദ്രാവിഡമുന്നേറ്റ കഴകത്തിന്റെ (ഡിഎംകെ) വര്‍ക്കിംഗ് പ്രസിഡന്റായ ഇളയ ദളപതി എം കെ സ്റ്റാലില്‍ മാമ്പലം റെയില്‍വേ സ്റ്റേഷന്റെ പാളത്തിലേക്ക് പോയതും പൊലീസ് പിടിച്ച് പുറത്താക്കിയതും.

വിവിധ രാഷ്ട്രീയ കക്ഷികള്‍ സമരത്തെ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആരാണ് ഇതിന്റെ നതൃത്വത്തിലുള്ളതെന്ന് അറിയാന്‍ കഴിയാതെ പരുങ്ങുകയാണ്. ബിജെപി കേന്ദ്ര മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ തമിഴ് മക്കള്‍ക്ക് വാക്കുകൊടുത്തതാണ്, ജീവനുണ്ടെങ്കില്‍ പൊങ്കലിനു ജെല്ലിക്കെട്ട് മടക്കിക്കൊണ്ടുവരുമെന്ന്. പക്ഷേ ആ പ്രസ്താവന വഴി മന്ത്രി ബിജെപിയെ തകര്‍ത്തു തരിപ്പണമാക്കിക്കളഞ്ഞു. ഡിഎംകെയാകട്ടെ സമരത്തിന്റെ നേതൃനിരയിലേക്ക് കയറിപ്പറ്റാന്‍ കിണഞ്ഞു പരിശ്രമിക്കുകയുമാണ്. കോണ്‍ഗ്രസിനും ഇക്കാര്യത്തില്‍ എത്തുംപിടിയുമില്ല.

നൂറ്റാണ്ടുകളായി തമിഴകത്തെ തേവര്‍ സമുദായവും യാദവര്‍, ദേവേന്ദ്രകുല വെള്ളാളര്‍ തുടങ്ങിയ മറ്റു സമുദായങ്ങളും കുത്തകയായി വച്ചിരിക്കുന്ന കായിക കലാപരിപാടിയാണ് ജെല്ലിക്കെട്ട്. ഈ സമുദായങ്ങള്‍ തെക്കന്‍ ജില്ലകളിലെ നിര്‍ണായക ഘടകമാണ്. തെരഞ്ഞെടുപ്പില്‍ ആര് ജയിക്കണമെന്നും ആര് ഭരണക്കസേരയില്‍ കയറിയിരിക്കണമെന്നും നിശ്ചയിക്കുന്നത് ഈ സമ്പന്ന സമുദായമാണ്. ഇവരുടെ ഇംഗിതങ്ങള്‍ക്ക് പോറലേല്‍പ്പിച്ചുകൊണ്ട് ആരും രാഷ്ട്രീയത്തില്‍ കളിക്കാന്‍ ഇറങ്ങേണ്ടതില്ല. അതാണ് സുപ്രീംകോടതി നിരോധിച്ചിരിക്കുന്ന ജെല്ലിക്കെട്ട് ഓര്‍ഡിനന്‍സ് വഴി പുനഃസ്ഥാപിക്കണമെന്ന് തമിഴ് ജനത ആവര്‍ത്തിക്കുന്നത്. ഇന്നത്തെ അവസ്ഥയില്‍ തേവര്‍ സമുദായത്തിനും ഗൗഢസമുദായത്തിനും ഈ സമരത്തിന്റെ പിന്നാമ്പുറങ്ങളിലുള്ള സ്ഥാനം അന്വേഷിക്കണമെന്ന് ചിലരെങ്കിലും ആവശ്യപ്പെടുന്നതില്‍ കഴമ്പുണ്ടെന്നു വേണം കരുതാന്‍.

ഇടത്തരക്കാരായ സമ്പന്നരാണ് കാളക്കൂറ്റന്മാരെ ജെല്ലിക്കെട്ടിനു വേണ്ടി സജ്ജമാക്കുന്നത്. വമ്പിച്ച സാമ്പത്തിക ബാധ്യതയുള്ള ഏര്‍പ്പാടാണ് ഇത്. നൂറു കണക്കിനു സാധാരണക്കാരായ യുവാക്കള്‍ ഈ വിനോദത്തില്‍ വര്‍ഷാവര്‍ഷം കൊല്ലപ്പെടുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കാളപ്പോരു നിരോധിക്കണമെന്ന ആവശ്യവുമായി അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ സുപ്രീംകോടതിയെ സമീപിക്കുന്നത്. മൃഗങ്ങളോടു കാട്ടുന്ന ക്രൂരതയുമായി ബന്ധപ്പെട്ട ചട്ടം (പിസിഎ) ആണ് കോടതി മുഖ്യമായും പരിഗണിച്ചത്. അതിനു ശേഷമാണ് മൃഗസ്‌നേഹികളുടെ സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റുമെന്റെ് ഓഫ് അനിമല്‍സ് (PETA) കോടതികളില്‍ എത്തുന്നത്. എന്ന PETA-യെ നിരോധിക്കണമെന്നാണ് ജെല്ലിക്കെട്ടു വാദികളുടെ പുതിയ ആവശ്യം.

രജനികാന്ത്, കമലഹാസന്‍, എ ആര്‍ റഹ്മാന്‍, വിജയ്, കുശ്ബു ഉള്‍പ്പെടെയുള്ള ചലച്ചിത്ര പ്രവര്‍ത്തകരും ജെല്ലിക്കെട്ടിനു അനുകൂലമായപ്പോള്‍ ഏതെങ്കിലും ഒരു രാഷ്ട്രീയകക്ഷിക്ക് മുന്നോട്ടു വരാന്‍ ബുദ്ധിമുട്ടായി. പക്ഷേ തമിഴ് മനസ്സിന്റെ സാംസ്‌ക്കാരികപ്പെരുമ മരീനാകടപ്പുറത്ത് പ്രകടമാണെന്നതാണ് സത്യം. അവിടെ അക്രമത്തിന്റെ നിഴല്‍പ്പാടുകള്‍ കാണാനില്ല എന്നതാണ് ഏറ്റവും മഹത്തായ സംഭവം. സമരം ആരംഭിച്ചിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും നേരിയ തരത്തിലുള്ള ക്രമവിരുദ്ധ നിലപാടുകള്‍പോലും ഉണ്ടായിട്ടില്ല. അറുപതുകളിലെ ഹിന്ദിവിരുദ്ധ വിരുദ്ധ പ്രക്ഷോഭം കഴിഞ്ഞാല്‍ കൂടുതല്‍ ജനകീയമായ ഒരു സമരമുറയാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ജെല്ലിക്കെട്ട് സമരം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

This post was last modified on January 21, 2017 12:41 pm