X

ജാമിയ സര്‍വകലാശാല ന്യൂനപക്ഷ സ്ഥാപനമല്ലെന്ന് കേന്ദ്രം; വീണ്ടും വിവാദം

അഴിമുഖം പ്രതിനിധി

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ വിവിധ മേഖലകളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വീണ്ടും കൊഴുക്കുന്നു. രാജ്യത്തെ പ്രമുഖ കേന്ദ്ര സര്‍വകലാശാലകളായ അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റി, ജാമിയ മിലിയ ഇസ്ലാമിയ എന്നിവയുടെ ന്യൂനപക്ഷ പദവിയെ ചൊല്ലിയാണ് പുതിയ തര്‍ക്കം. പാര്‍ലമെന്റില്‍ നിയമം മൂലം നിലവില്‍ വന്ന ജാമിയ മിലിയ ന്യൂനപക്ഷ സ്ഥാപനമല്ലെന്നും ഇതേ മാതൃക അലിഗഡിനും ബാധകമാണെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്. ഇക്കാര്യത്തില്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്ത്തകി കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന് നിയമോപദേശവും നല്‍കി. എന്നാല്‍ ഇത്തരം വാര്‍ത്തകളില്‍ വിശ്വസിക്കരുതെന്നും കോടതിവഴി ഇക്കാര്യത്തില്‍ തീര്‍പ്പുണ്ടാകട്ടെയെന്നുമാണ് അലിഗഡ് വൈസ് ചാന്‍സലറുടെ നിലപാട്.

 

കഴിഞ്ഞ ദിവസമാണ് ജാമിയ മിലിയയുടെ ന്യൂനപക്ഷ പദവി എടുത്തുകളയണമെന്ന നിയമോപദേശം അറ്റോര്‍ണി ജനറല്‍ നല്‍കിയത്. കഴിഞ്ഞ യു.പി. സര്‍ക്കാരിന്റെ കാലത്താണ് ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷന്‍ ജാമിയ മിലിയയ്ക്ക് ന്യൂനപക്ഷ പദവി നല്‍കിയത്. ഇതോടെ കേന്ദ്ര സര്‍വകലാശാലകള്‍ പാലിക്കേണ്ട സംവരണതത്വങ്ങളില്‍ നിന്ന് ജാമിയ ഒഴിവായി. എസ്.സി, എസ്.ടി, ഒ.ബി.സി സംവരണത്തില്‍ നിന്ന് ഒഴിവായതോടെ ഇവിടെ 30 ശതമാനം സീറ്റുകള്‍ മുസ്ലീം സമുദായത്തില്‍ നിന്നുള്ളവര്‍ക്കും 10 ശതമാനം സീറ്റുകള്‍ വീതം മുസ്ലീം വനിതകള്‍ക്കും മുസ്ലീം ഒ.ബി.സി, എസ്.ടി വിഭാഗങ്ങള്‍ക്കുമായി മാറ്റിവച്ചു. ഇത് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതോടെയാണ് കേന്ദ്ര നിയമമന്ത്രാലയം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

 

 

നേരത്തെ സുപ്രീം കോടതിയില്‍ നടന്ന വാദത്തിനിടെ അലിഗഡിന് ന്യൂനപക്ഷ പദവി നല്‍കാന്‍ പാടില്ലെന്ന് റോഹ്ത്തകി വാദിച്ചിരുന്നു. ഒരു മതേതര രാജ്യത്ത് ന്യൂനപക്ഷ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നത് കേന്ദ്ര സര്‍ക്കാരിന് അനുവദിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. അലിഗഡ് സര്‍വകലാശാലയ്ക്ക് സാങ്കേതികമായി ന്യൂനപക്ഷ സ്ഥാപനമെന്ന പദവിക്ക് അര്‍ഹതയില്ലെന്ന് 1967-ല്‍ സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇത് ജാമിയയ്ക്കും ബാധകമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാദം. 1988-ലെ ജാമിയ മിലിയ ഇസ്ലാമിയ നിയമത്തിലെ സെക്ഷന്‍ ഏഴില്‍ പറയുന്ന ‘ഏതെങ്കിലും വിധത്തിലുള്ള മത, ജാതി, ലിംഗ, വര്‍ഗ വ്യത്യാസങ്ങള്‍ വിദ്യാര്‍ഥികളുടെ പ്രവേശന കാര്യത്തിലോ അധ്യാപക നിയമത്തിലോ മറ്റു പദവികള്‍ വഹിക്കുന്നതിനോ കാരണമാകരുതെ‘ന്ന വകുപ്പിന്റെ ലംഘനമാണ് ജാമിയയ്ക്ക് ന്യൂനപക്ഷ പദവി നല്‍കിയതിലൂടെ കമ്മീഷന്‍ ചെയ്തത് എന്നാണ് സര്‍ക്കാരിന്റെ വാദം.

 

ബ്രിട്ടീഷ് സര്‍ക്കാരിന്റെ പിന്തുണയിലോ നടത്തിപ്പിലോ ഉള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള മഹാത്മാ ഗാന്ധിയുടെ ആഹ്വാനത്തിനു പിന്നാലെയാണ് 1920-ല്‍ അലിഗഡില്‍ ജാമിയ മിലിയയ്ക്ക് അന്നത്തെ മുസ്ലീം നേതാക്കള്‍ രൂപം നല്‍കുന്നത്. പിന്നീട് ഈ സ്ഥാപനം ഡല്‍ഹിയിലേക്ക് മാറ്റുകയും ജാമിയ മിലിയ ഇസ്ലാമിയ സൊസൈറ്റിക്ക് കീഴിലാക്കുകയും ചെയ്തു. 1962-ല്‍ ഡീംഡ് യൂണിവേഴ്‌സിറ്റിയായ ജാമിയ കേന്ദ്ര നിയമത്തിലൂടെ 1988-ല്‍ കേന്ദ്ര സര്‍വകലാശാലയായി ഉയര്‍ത്തപ്പെടുകയും ചെയ്തു. 1875-ലാണ് അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി സ്ഥാപിതമാകുന്നത്. 

 

This post was last modified on January 16, 2016 12:05 pm