X

ജപ്പാനില്‍ അഭയാര്‍ത്ഥികളാകാന്‍ വന്‍ ഡിമാന്‍ഡ്

ജപ്പാന്‍ ന്യൂസ്/ യോമിയുറി

ജപ്പാനില്‍ അഭയാര്‍ത്ഥികളായി പരിഗണിക്കപ്പെടാന്‍ അപേക്ഷ നല്‍കിയവരുടെ എണ്ണം തുടര്‍ച്ചയായ അഞ്ചാംവര്‍ഷവും റെക്കോഡ് ഭേദിച്ചു. 2015ല്‍ 7586 പേരുടെ അപേക്ഷയാണ് ലഭിച്ചത്. ഇത് മുന്‍വര്‍ഷത്തെക്കാള്‍ 52 ശതമാനം കൂടുതലാണെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു.

പ്രാഥമികവിവരം അനുസരിച്ച് 2015ല്‍ 27 പേര്‍ക്കാണ് അനുമതി ലഭിച്ചത്.  അപേക്ഷിച്ചവരില്‍ ഒരു ശതമാനത്തിലും താഴെയാണിത്. മുന്‍വര്‍ഷം 11 പേര്‍ക്കായിരുന്നു അനുമതി. ഭൂരിപക്ഷം അപേക്ഷകളും വ്യാജമാണെന്നും അഭയാര്‍ത്ഥി സമ്പ്രദായത്തെ ദുരുപയോഗം ചെയ്യാനുള്ള ശ്രമമാണെന്നുമാണ് അധികൃത നിലപാട്.

അഭയാര്‍ത്ഥി അപേക്ഷ നല്‍കുന്നവര്‍ക്ക് ആറുമാസത്തിനുശേഷം ജോലി ചെയ്തു തുടങ്ങാമെന്ന ഭേദഗതി 2010ല്‍ കൊണ്ടുവന്നിരുന്നു. ഇവര്‍ സാമ്പത്തികമായി ദുരിതത്തിലാകുന്നതു തടയാന്‍ ഉദ്ദേശിച്ചായിരുന്നു ഇത്. എന്നാല്‍ അപേക്ഷ നല്‍കിയാല്‍ ജപ്പാനില്‍ ജോലി ചെയ്യാമെന്ന വാര്‍ത്ത പരന്നതോടെ ഏജന്റുമാരുടെ സഹായത്തോടെയുള്ള വ്യാജ അപേക്ഷകള്‍ പെരുകുകയാണെന്ന് അധികൃതര്‍ കരുതുന്നു.

2015ലെ അപേക്ഷകരില്‍ നേപ്പാളില്‍നിന്നുള്ള 1,768 പേരും ഇന്‍ഡോനേഷ്യയില്‍നിന്നുള്ള 969 പേരും തുര്‍ക്കിയില്‍നിന്നുള്ള 926 പേരും മ്യാന്‍മറില്‍നിന്നുള്ള 808 പേരുമാണ് ഉണ്ടായിരുന്നത്. ഇന്‍ഡോനേഷ്യയില്‍നിന്നുള്ള അപേക്ഷകളുടെ എണ്ണത്തിലാണ് വന്‍ വര്‍ധന. മുന്‍ വര്‍ഷം 17 പേര്‍ മാത്രമാണ് അപേക്ഷിച്ചിരുന്നത്.

2014 മുതല്‍ ഇന്‍ഡോനേഷ്യയില്‍നിന്ന് ജപ്പാനില്‍ ഹ്രസ്വസന്ദര്‍ശനത്തിനെത്തുന്നവര്‍ക്ക് വിസ ആവശ്യമില്ല. ഇങ്ങനെ എത്തി അഭയാര്‍ത്ഥികളാകാന്‍ ശ്രമിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് അധികൃതര്‍ പറയുന്നു.

ആഗോളതലത്തില്‍ യൂറോപ്പിലേക്ക് വന്‍തോതില്‍ കുടിയേറ്റം നടത്തുന്ന സിറിയയില്‍നിന്നുള്ളവരായിരുന്നു അഞ്ച് അപേക്ഷകര്‍. ഇവരില്‍ മൂന്നുപേരുടെ അപേക്ഷ സ്വീകരിക്കപ്പെട്ടു. ആറ് അഫ്ഗാനിസ്ഥാന്‍കാരും എത്യോപ്യയില്‍നിന്നും ശ്രീലങ്കയില്‍നിന്നുമുള്ള ഓരോരുത്തരും അനുമതി ലഭിച്ചവരില്‍പ്പെടുന്നു.

അപേക്ഷകരുടെ എണ്ണം നടപടിക്രമങ്ങള്‍ വൈകിക്കുന്നതിനെത്തുടര്‍ന്ന് നീതിന്യായ മന്ത്രാലയം അര്‍ഹതയില്ലാത്തവരെ കണ്ടെത്താന്‍ നടപടിക്രമങ്ങള്‍ ലഘൂകരിച്ചിരുന്നു. അര്‍ഹരായവര്‍ക്ക് മുന്‍ഗണന നല്‍കുകയായിരുന്നു ഉദ്ദേശ്യം.

മാറ്റങ്ങളെത്തുടര്‍ന്ന് തീര്‍പ്പായ അപേക്ഷകളുടെ എണ്ണം മുന്‍വര്‍ഷത്തെക്കാള്‍ 23 ശതമാനം വര്‍ധിച്ചു. പെട്ടെന്നുള്ള തീര്‍പ്പാക്കല്‍ കൂടുതല്‍ ആളുകള്‍ക്ക് അഭയാര്‍ത്ഥി പദവി ലഭിക്കാന്‍ സഹായിച്ചതായാണ് അധികൃതര്‍ പറയുന്നത്.

 

This post was last modified on February 5, 2016 7:56 am