X

സ്ത്രീകളുടെ തമിഴകവും ആൾദൈവമല്ലാത്ത അമ്മയും

സ്മിതാ മോഹൻ

ഒരുപാട് ബീച്ചുകള്‍ ഉണ്ട് ചെന്നൈയില്‍. ഒറ്റയ്ക്ക് പല പ്രാവശ്യം പോയിട്ടും ഉണ്ട്. കമന്റടി പോയിട്ട് അനാവശ്യമായ ഒരു നോട്ടം പോലും ഉണ്ടായിട്ടില്ല. കൂടാതെ എന്ത് സഹായവും ചെയ്യാന്‍ സൌഹൃദ ഭാവത്തോടെ ഒരുപാടു വനിതാ പോലീസുകാരും. ഒരിക്കല്‍ ബീച്ചില്‍ പോയി തിരികെ വരാന്‍ ഓട്ടോയോ ടാക്സിയോ കിട്ടാതെ നിന്നപ്പോള്‍ ഓട്ടോ കിട്ടും വരെ കൂടെ നിന്നു, വീട്ടില്‍ ചെന്നാല്‍ വിളിച്ചറിയിക്കാന്‍ നമ്പരും തന്നു ഒരു വനിതാ പോലിസ്. 

നമ്മുടെ നാട്ടില്‍ തോണ്ടലും കമന്റടിയും കൂടാതെ തിരക്കുള്ള ബസില്‍ യാത്ര ചെയ്യുന്നത് സ്വപ്നം കാണാന്‍ പോലും പറ്റില്ല. എന്നാല്‍ ഇവിടെ ജയലളിത അധികാരത്തില്‍ വന്നു കഴിഞ്ഞപ്പോള്‍ എല്ലാ ബസിലും, എന്തെങ്കിലും പ്രശ്നം ഉണ്ടായാല്‍ വിളിക്കാന്‍, വലിയ അക്കങ്ങളില്‍ നമ്പര്‍ കൊടുത്തിട്ടുണ്ട്. വര്‍ക്ക് ചെയ്യാത്ത ടോള്‍ ഫ്രീ  നമ്പര്‍ അല്ല, വിളിച്ചാല്‍ ഉടനെ സ്ഥലത്ത് പോലീസ് എത്തുന്ന മൊബൈല്‍ നമ്പര്‍. ഒരു സുഹൃത്തിനെ ഒരിക്കല്‍ ബസില്‍ ഒരാള്‍ ശല്യപ്പെടുത്തി, അവള്‍ ഈ മൊബൈല്‍ നമ്പരില്‍ വിളിച്ചു നിമിഷങ്ങള്‍ക്കകം പോലീസ് എത്തി അവനെ പൊക്കുകയും ചെയ്തു. പഠനവും ജോലിയും ആയി ഒരുപാടു പെണ്‍കുട്ടികളും സ്ത്രീകളും ഇവിടെ ഒറ്റയ്ക്ക് താമസിക്കുന്നുണ്ട് , സ്ത്രീ ആയതുകൊണ്ട് ആര്‍ക്കും ഇവിടെ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. 

അപരിചിതയായ സ്ത്രീകളെ പോലും അമ്മാ എന്ന് ആണ് ഇവിടത്തെ പുരുഷന്മാര്‍ സംബോധന ചെയ്യുന്നത്. അങ്ങിനെ ഉള്ള നാട്ടിലെ സ്ത്രീ ആയ  ഭരണാധികാരിയെ അവര്‍ എത്ര മാത്രം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യും.

പണ്ട് നമ്മുടെ നാട്ടില്‍ തുച്ഛമായ കൂലിക്ക് പണിക്ക് വന്നിരുന്ന തമിഴനെ അവന്റെ നാട്ടിലേക്ക് തന്നെ തിരികെ എത്തിച്ചത്‌ ജയലളിതയാണ്‌. വിലക്കയറ്റം പാവപ്പെട്ടവനെ ബാധിക്കാതിരിക്കാന്‍ അമ്മ പച്ചക്കറി സ്റ്റാളുകള്‍, അമ്മ മീന്‍ കട, രണ്ടു രൂപക്കും അഞ്ചു രൂപയ്ക്കും വയറു നിറയെ ഭക്ഷണം കഴിക്കാന്‍ അമ്മ കാന്റീന്‍ , ടിവിയും,  മൊബൈൽ ഫോണും, കുട്ടികള്‍ക്ക് പഠന സാമഗ്രികള്‍ തൊട്ട് സൈക്കിളും ലാപ്ടോപ്പും, പാവപെട്ട പെണ്‍കുട്ടികളുടെ കല്യാണത്തിന് സ്വര്‍ണവും പണവും അങ്ങനെ ആവശ്യമായതെല്ലാം അമ്മ അവരുടെ ജനതയ്ക്ക് കൊടുത്തു.

ജയലളിതയുടെ തമിഴ്നാട്ടിലെ ചെന്നൈയിലെ ഒരു അന്തേവാസി ആണ് ഞാന്‍. ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളില്‍ ഒന്നാണ് ഇത്. സ്ത്രീകള്‍ ഇവിടെ ഇത്ര സുരക്ഷിതമായും സ്വസ്ഥമായും ജീവിക്കുന്നതിനു ഒരു  പ്രധാന കാരണം അമ്മയുടെ ഭരണമാണ്.  ജോലിയും പഠനവുമായി ഒരുപാടു സ്ഥലങ്ങളില്‍ താമസിച്ചിട്ടുണ്ടെങ്കിലും ഇവിടത്തെ സുരക്ഷിതത്വം വേറെ ഒരു നാട്ടിലും അനുഭവപ്പെട്ടിട്ടില്ല. സ്ത്രീകളും കുട്ടികളും അമ്മയുടെ പരിഗണനാ പട്ടികയില്‍ ഒന്നാമതാണ്. ഗര്‍ഭിണികളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷയും ആരോഗ്യവും, തൊഴിലാളി സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേക പദ്ധതികള്‍,  പാവപ്പെട്ട വീട്ടമ്മമാര്‍ക്ക് പശുക്കളും കോഴികളും, ഇങ്ങനെ നിരവധി പദ്ധതികള്‍ നടപ്പാക്കി . ഇടത്തരക്കാരും പണക്കാരും അനുഭവിക്കുന്നതില്‍ കുറച്ചെങ്കിലും തന്റെ പാവപെട്ട പ്രജകള്‍ അനുഭവിക്കണം എന്ന് അമ്മ തീരുമാനിച്ചു . അങ്ങനെയുള്ള ഒരു മന്ത്രിയോട് സ്നേഹം മാത്രം അല്ല ഭക്തിയും ഉണ്ടായാല്‍ കുറ്റം പറയാന്‍ പറ്റില്ല. സാധാരണക്കാരും പാവപ്പെട്ടവരുമായ സ്ത്രീകള്‍ ജയലളിതയില്‍ അവരുടെ രക്ഷകയെ കണ്ടു. ഇന്നലെ ആശുപത്രി പരിസരത്തും തെരുവുകളിലും അനാഥരെ പോലെ നിലവിളിക്കുന്നത് ആ പാവപ്പെട്ട സ്ത്രീകളാണ്.

ഡല്‍ഹിയില്‍ നിര്‍ഭയ ബലാല്‍സംഗം ചെയ്യപ്പെട്ടപ്പോള്‍ സന്ധ്യ കഴിഞ്ഞാല്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് പുറത്തു പോകരുതെന്നും മാന്യമായി വസ്ത്രം ധരിക്കണം എന്നും, അത് ചെയ്യാത്തതുകൊണ്ടാണ് നിര്‍ഭയയ്ക്ക് അങ്ങനെ ഒരു അവസ്ഥ വന്നതെന്നും അന്നത്തെ  ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. അല്ലാതെ അവിടുത്തെ സ്ത്രീകളുടെ സുരക്ഷക്കായി ഒന്നും ചെയ്തതായി അറിവില്ല.

എം ജി ആർ മരിച്ച സമയത്ത് അദ്ദേഹത്തിന്റെ വളർത്തു മകൻ, അവരെ മൃതദേഹം വഹിച്ചിരുന്ന വാഹനത്തിൽ നിന്നും ചവിട്ടി താഴെ ഇട്ട സംഭവം പറഞ്ഞു കേട്ടിട്ടുണ്ട്. അന്ന്  ആ നിലത്തു കിടന്നുകൊണ്ട്  അവർ പ്രതിജ്ഞ ചെയ്തു എന്നാണ് കഥ. അതുപോലെ തന്നെ മുഖ്യമന്ത്രി ആയി തിരികെ വരികയും ചെയ്തു . ഇച്ഛാശക്തിയുള്ള ഒരു സ്ത്രീക്ക് എവിടം വരെ എത്താം എന്നതിന്റെ നേർചിത്രമാണ് അമ്മ.

‘ദ കള്‍ട്ട് ഒഫ് ജയലളിത, റിട്ടേണ്‍ ഒഫ് ദ ഡാര്‍ക്ക് ഗോഡസ്സ്’ എന്ന ലേഖനത്തില്‍ പ്രമുഖ സാംസ്‌കാരിക വിമര്‍ശകന്‍  ശിവ് വിശ്വനാഥന്‍ ജയലളിതയെക്കുറിച്ച് ചില നിരീക്ഷണങ്ങള്‍ മുന്നോട്ടുവെയ്ക്കുന്നുണ്ട്. ‘ജയലളിതയുടെ രാഷ്ട്രീയം അവരുടെ തന്നെ സത്തയുടെ ഉയര്‍ത്തിക്കാട്ടലാണ്. ജയലളിതയ്ക്ക് വോട്ടുചെയ്യുന്നത് ഒഴിഞ്ഞുകിടക്കുന്ന ഒരു ക്ഷേത്രത്തില്‍ ദേവിയെ പ്രതിഷ്ഠിക്കുന്നത് പോലെയാണ്. തനിക്ക് വോട്ടു ചെയ്യുന്നവരോട് ജയലളിത നന്ദി പ്രകടിപ്പിക്കുന്നില്ല, അതവരുടെ വിധിയും നിയോഗവുമാണ്. ജയലളിതയുമായി തുലനം ചെയ്യുമ്പോള്‍ കരുണാനിധിയും കുടുംബവും മറ്റേതൊരു സാധാരണക്കാരനെയും പോലെയാണ്. കരുണാനിധിയും കുടുംബവും ഒരു തമിഴ് സീരിയലാണെങ്കില്‍ ജയലളിത ഇതിഹാസത്തിന്റെ് മൂര്‍ത്തിമദ് ഭാവമാണ്. തിരഞ്ഞെടുപ്പ് ജയിക്കാന്‍ കരുണാനിധിക്ക് ഒരു രാഷ്ട്രീയ യന്ത്രം ആവശ്യമാണ്. അതേസമയം ജയലളിത തന്നെയാണ് ജയലളിതയുടെ പാര്‍ട്ടി’.

തമിഴകം മുഴുവന്‍ ഇന്ന് മുഴങ്ങി കേള്‍ക്കുന്നത് ഒരേ ഒരു നാമം ആണ് ‘അമ്മ’. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന ഒരുപറ്റം ആള്‍ക്കാര്‍ കഴിഞ്ഞ 70 ദിവസമായി ചെന്നൈ അപ്പോളോ ആശുപത്രിയുടെ മുറ്റത്തായിരുന്നു താമസം. അമ്മയുടെ ആരോഗ്യം വീണ്ടും മോശം ആയി എന്ന വാര്‍ത്ത‍ അനുയായികള്‍ക്ക് താങ്ങാന്‍ പറ്റുന്നതിലും അപ്പുറമായിരുന്നു. സ്ത്രീകളും പുരുഷന്മാരും അലമുറയിട്ട് കരയുന്ന കാഴ്ചയാണ് നഗരത്തിലെങ്ങും.  

മരിച്ചാൽ കൂടെ മരിക്കാൻ തയ്യാറാകുന്ന പ്രജകളുള്ള  ഒരേ ഒരു രാഷ്ട്രീയ നേതാവായിരിക്കും ജയലളിത. സ്വന്തം കീശ മാത്രം വീർപ്പിക്കുന്നതില്‍ ശ്രദ്ധയുള്ള നേതാക്കന്മാർക്കിടയിൽ, നാട്ടിലെ പാവങ്ങളെ എന്നും പരിഗണിക്കുന്ന, സ്നേഹിക്കുന്ന ഒരേ ഒരു നേതാവ് . കേരളത്തില്‍ ഇങ്ങനെ ഹൃദയത്തോട്‌ ചേർത്ത് വെക്കാൻ പറ്റിയൊരു ഭരണാധികാരി ഇല്ലാത്തതാവണം തമിഴന്റെ ഹൃദയദുഃഖം മനസ്സിലാക്കാൻ മലയാളികൾക്ക്‌ കഴിയാതെ പോകുന്നത്‌. അതുകൊണ്ട്‌ തന്നെയാവണം, അമ്മയുടെ അസുഖത്തിൽ ദുഃഖിക്കുന്ന തമിഴ്‌നാട്ടുകാരെ ചിലരെങ്കിലും വല്ലാതെ പരിഹസിക്കുന്നത്‌.

(എം ബി എ ബിരുദധാരിയായ ലേഖിക ചെന്നൈയില്‍ താമസിക്കുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on December 6, 2016 8:20 am