X

ജയലളിതയുടെ മരണം; സംശയങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്; ചലച്ചിത്രനടി ഗൗതമി പ്രധാനമന്ത്രിക്ക് അയച്ച തുറന്ന കത്ത്

അഴിമുഖം പ്രതിനിധി

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിവാസവും തുടര്‍ന്നുണ്ടായ മരണവും വളരെ രഹസ്യമായാണ് കൈകാര്യം ചെയ്യപ്പെട്ടത്. അവരുടെ ആരോഗ്യം സംബന്ധിച്ച് ദൈനംദിന ബുള്ളറ്റിന്‍ ഇറക്കാന്‍ പോലും ചികിത്സിച്ചിരുന്ന ആശുപത്രി അധികൃതര്‍ തയ്യാറായില്ല. വിരലില്‍ എണ്ണാവുന്ന ആളുകളെ മാത്രമാണ് അവരെ കാണാന്‍ അനുവദിച്ചിരുന്നത്. ഇത്രയും പ്രധാനപ്പെട്ട ഭരണഘടന പദവി വഹിച്ചിരുന്ന ഒരാളുടെ സ്ഥിതി ഇതാണെങ്കില്‍ തന്റെ പൗരാവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുന്ന ഒരു സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും? തന്റെ ബ്ലോഗിലൂടെ ഇത് സംബന്ധിച്ച ആശങ്കകള്‍ പങ്കുവച്ചു ചലച്ചിത്രതാരം ഗൗതമി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച തുറന്ന കത്തിന്റെ പൂര്‍ണരൂപം:

ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രി,
ശ്രീ നരേന്ദ്ര മോദിജി
സര്‍,

ഇന്ത്യയിലെ ഒരു സാധാരണ പൗരന്‍ എന്ന നിലയിലാണ് ഇന്ന് ഞാന്‍ ഈ കത്ത് അങ്ങേയ്‌ക്കെഴുതുന്നത്. ഞാനൊരു അമ്മയും ഉദ്യോഗസ്ഥയും വീട്ടമ്മയുമാണ്. എന്റെ കുടുംബാംഗങ്ങള്‍ക്ക് സുരക്ഷിതവും സംതൃപ്തവുമായ ഒരു ജീവിതം നയിക്കാനുതകുന്ന തരത്തില്‍ അവര്‍ക്ക് സംരക്ഷിതവും പരിപോഷണാത്മകവുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ് ഈ രാജ്യത്തെ സഹരൗരന്മാര്‍ പങ്കുവെക്കുന്നത് പോലെ എന്റെയും ഉത്കണ്ഠയും മുന്‍ഗണനയും. 

കഴിഞ്ഞ ദിവസം അന്തരിച്ച ഞങ്ങളുടെ മുഖ്യമന്ത്രി സെല്‍വി ഡോ. ജെ ജയലളിതാജിയുടെ ഞെട്ടിപ്പിക്കുന്ന മരണത്തില്‍ ദുഃഖിക്കുന്ന കോടിക്കണക്കിന് ആളുകളില്‍ ഒരാള്‍ കൂടിയാണ് ഞാന്‍. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു അത്യുന്നത വ്യക്തിത്വവും ജീവിതത്തിലെ എല്ലാ തുറകളിലുമുള്ള സ്ത്രീകള്‍ക്ക് വലിയ പ്രചോദനവുമായിരുന്നു അവര്‍. നിരവധി തവണ അധികാരത്തില്‍ വന്ന അവരുടെ നേതൃത്വത്തിന്‍ കീഴില്‍ തമിഴ്‌നാട് വികസനത്തിന്റെ മണ്ഡലങ്ങളില്‍ മുന്നിലെത്തുകയും ചെയ്തു. തങ്ങളുടെ ജീവിതത്തിലുള്ള സ്വപ്‌നങ്ങളെ പിന്തുടരുമെന്ന് ശഠിക്കുന്ന ഓരോ ലിംഗവിഭാഗത്തിലെയും ഓരോ വ്യക്തിയ്ക്കും ആവേശം നല്‍കുന്ന തരത്തിലുള്ള അസ്തിക്കാത്ത പൈതൃകമാണ്, എല്ലാ പ്രതിബന്ധങ്ങള്‍ക്കെതിരായും സ്ഥിരോത്സാഹത്തോടെ പോരാടാനുള്ള സെല്‍വി ഡോ. ജയലളിത ജിയുടെ അനിഷേധ്യമായ കരുത്തും നിശ്ചയദാര്‍ഢ്യവും പ്രദാനം ചെയ്യുന്നത്. 

അന്തരിച്ച മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും, അവരുടെ ചികിത്സയും, റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സുഖംപ്രാപിക്കലും അവരുടെ പെട്ടെന്നുള്ള മരണവും ഉയര്‍ത്തുന്ന മറുപടിയില്ലാത്ത ഒരുപിടി ചോദ്യങ്ങളും കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ നിലനിന്നിരുന്ന സാഹചര്യങ്ങളും അവരുടെ മരണത്തെ കൂടുതല്‍ ദുരന്തപൂര്‍ണവും അസ്വസ്ഥവുമാക്കുന്നു. ഈ സംഭവങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ സമ്പൂര്‍ണമായും മൂടിവെക്കപ്പെടുകയാണുണ്ടായത്. അവരെ കാണാന്‍ ആരെയും അനുവദിച്ചില്ല എന്ന് മാത്രമല്ല, തങ്ങളുടെ കടുത്ത ആശങ്കകളുമായി അവരെ സന്ദര്‍ശിച്ച നിരവധി വിശിഷ്ട വ്യക്തികള്‍ക്ക് തങ്ങളുടെ ആശങ്കകള്‍ വ്യക്തിപരമായി അവരെ അറിയിക്കാനുള്ള അവസരം നിഷേധിക്കപ്പെടുകയും ചെയ്തു. തമിഴ്‌നാട് സര്‍ക്കാരിന്റെ സാരഥിയും ഇത്രയും പ്രിയപ്പെട്ട ജനനേതാവുമായ ഒരാളെ സംബന്ധിച്ച് എന്തുകൊണ്ടാണ് ഇത്രയും ഒറ്റപ്പെടുത്തലും രഹസ്യാത്മകതയും? അന്തരിച്ച മുഖ്യമന്ത്രിയെ കാണുന്നതില്‍ നിന്നും മറ്റുള്ളവരെ തടഞ്ഞത്‌ എന്ത്/ആരുടെ ആധികാരമാണ്? അവരുടെ ആരോഗ്യം ഇത്രയും നിര്‍ണായകമായിരുന്ന അവസ്ഥയില്‍ സെല്‍വി ഡോ. ജെ ജയലളിത ജിയുടെ ആരോഗ്യത്തെയും  ശുശ്രൂഷയെയും സംബന്ധിച്ച് ബന്ധപ്പെട്ട ഏത് വ്യക്തികളാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നത്? ഈ ചോദ്യം സംബന്ധിച്ച് ജനങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള ഉത്തരവാദിത്വം ആര്‍ക്കാണ്? തമിഴ്‌നാട്ടിലെ ജനങ്ങള്‍ ചോദിക്കുന്നത് ഈ പൊള്ളുന്ന  ചോദ്യങ്ങളാണ് സര്‍. അവരുടെ ശബ്ദം അങ്ങയുടെ ചെവികളില്‍ പ്രതിഫലിപ്പിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. 

സംഭവിക്കേണ്ടതെല്ലാം സംഭവിച്ച് കഴിഞ്ഞതിനാല്‍ ഇതൊരു വിവദാചോദ്യമാണന്ന് ചിലരെങ്കിലും അഭിപ്രായപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ സര്‍, അത് തന്നെയാണ് എന്നെ കൃത്യമായി ഭീതിപ്പെടുത്തുന്നതും. തങ്ങളുടെ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട നേതാക്കളെ കുറിച്ച് അറിയാനും ബോധ്യമുള്ളവരായിരിക്കാനുമുള്ള പ്രാഥമികമായി അവകാശവും താല്‍പര്യവും ഇന്ത്യയിലെ ഓരോ പൗരനുമുണ്ട് എന്നതിനാലാണ് ഈ ചോദ്യങ്ങള്‍ ഞാന്‍ ചോദിക്കുന്നത്. ജനങ്ങളുടെ മൊത്തത്തിലുള്ള നന്മയ്ക്കായി തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കാനുള്ള ആരോഗ്യവും ശേഷിയും അവര്‍ക്കുണ്ടോ എന്ന് ബോധ്യപ്പെടാനുള്ള അവകാശം. ജനകോടികളുടെ പ്രിയപ്പെട്ട നേതാവിന്റെ സുഖത്തെയും സൗകര്യത്തെയും കുറിച്ച് ആശങ്കപ്പെടാനുള്ള അവകാശം. അതുകൊണ്ട് തന്നെ, ഏതൊരു സാഹചര്യത്തിലായാലും ഇത്രയും ഭീമമായ തോതിലുള്ള ഒരു ദുരന്തം ചോദ്യം ചെയ്യപ്പെടാതെ പോവുകയോ കൂടുതല്‍ പ്രധാനമായി അതിന് ഉത്തരം ലഭിക്കപ്പെടാതെ പോവുകയോ ചെയ്യരുത്. ഇത്രയും പ്രാമുഖ്യമുള്ള ഒരു സുപ്രധാന വ്യക്തിയുടെ അവസ്ഥ ഇതാണെങ്കില്‍, വ്യക്തിപരമായ അവകാശങ്ങള്‍ക്കായി പോരാടുന്ന ഒരു സാധാരണ ഇന്ത്യന്‍ പൗരന്റെ അവസ്ഥ എന്തായിരിക്കും? നമ്മുടെ ജനാധിപത്യ പ്രക്രിയയെ മഹത്താക്കുന്ന ഓരോ ഇന്ത്യക്കാരന്റെ ആത്മവിശ്വാസം അമൂല്യമാണെന്ന് മാത്രമല്ല എല്ലാ പ്രതിബന്ധങ്ങള്‍ക്കും ഉപരിയായി അത് സംരക്ഷിക്കപ്പെടുകയും ചെയ്യണം. 

സര്‍, നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന ഏതൊരു ഘടകത്തെയും കുറിച്ച് വിവരങ്ങള്‍ അറിയുന്നവരും ബോധമുള്ളവരുമായിരിക്കാനുള്ള ഓരോ ഇന്ത്യക്കാരന്റെയും അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള എന്റെ നിശ്ചയദാര്‍ഢ്യവും ഉത്കണ്ഠയും അങ്ങ് പങ്കുവെക്കുമെന്ന പൂര്‍ണമായ ആത്മവിശ്വാസത്തോടെയാണ് ഞാന്‍ അങ്ങേയ്ക്ക് എഴുതുന്നത്. സാധാരണ ജനങ്ങളുടെ അവകാശങ്ങള്‍ക്കായി നിലനില്‍ക്കുന്നതില്‍ നിര്‍ഭയനായ ഒരു നേതാവാണ് എന്ന് നിരവധി വഴികളിലൂടെ തെളിയിച്ചയാളാണ് അങ്ങ്. അതുകൊണ്ട് തന്നെ, അങ്ങയുടെ രാജ്യത്തെ പൗരന്മാരുടെ അപേക്ഷ അങ്ങ് പരിഗണിക്കുമെന്ന് എനിക്ക് പൂര്‍ണ വിശ്വാസമുണ്ട്,

അങ്ങേയറ്റത്തെ ബഹുമാനത്തോടെയും വിശ്വാസത്തോടെയും

ജയ് ഹിന്ദ്!
ഗൗതമി തടിമല്ല
08.12.2016
4/472, കാപാലീശ്വരര്‍ നഗര്‍
നീലാങ്കരൈ, ചെന്നൈ-600041

 

This post was last modified on December 9, 2016 1:58 pm