X

മതപരിവര്‍ത്തന ആരോപണവുമായി ഝാര്‍ഘണ്ട് സര്‍ക്കാര്‍; 96 എന്‍ ജി ഒകളുടെ എഫ് സി ആര്‍ എ ലൈസന്‍സ് റദ്ദാക്കാന്‍ നീക്കം

അഴിമുഖം പ്രതിനിധി

ഝാര്‍ഘണ്ടിലെ ആദിവാസികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരിതരെ സംഘടനകളെ നിയന്ത്രിക്കാന്‍ ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 96 എന്‍ജിഒകളുടെ വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്‌സിആര്‍എ) പ്രകാരമുള്ള ലൈസന്‍സുകള്‍ റദ്ദാക്കാനുള്ള നീക്കവുമായി സംസ്ഥാന ആഭ്യന്തരമന്ത്രാലയം മുന്നോട്ട് പോവുകയാണെന്ന് പ്രാദേശിക ദിനപ്പത്രമായ പ്രഭാത് ഘബാര്‍ റിപ്പോര്‍ട്ട് ചെയ്തു. വിദേശ ഫണ്ടുകള്‍ മതപരിവര്‍ത്തനത്തിനായി ദുരുപയോഗം ചെയ്യുകയാണെന്നും അതിനാല്‍ ഇവരുടെ ലൈസന്‍സുകള്‍ റദ്ദാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും കാണിച്ച് ആഭ്യന്തരമന്ത്രാലയം മുഖ്യമന്ത്രി രഘുബീര്‍ ദാസിന് കത്തെഴുതിയിട്ടുണ്ട്.

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 106 എന്‍ജിഒകളുടെ പ്രവര്‍ത്തനം പരിശോധിച്ചപ്പോള്‍ 96 എണ്ണവും വിദേശ ഫണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയെന്ന് കത്തില്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഈ സംഘടനകള്‍ക്ക് 310 കോടി രൂപയുടെ വിദേശസഹായം ലഭിച്ചിട്ടുണ്ടെന്നാണ് വകുപ്പിന്റെ കണക്ക്. പല സംഘടനകളും ക്രിസ്ത്യന്‍ മിഷണറികളുടെ കീഴിലുള്ളതോ അല്ലെങ്കില്‍ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പിന്തുണയ്ക്കുന്നതോ ആണ്. എന്നാല്‍ ദശാബ്ദങ്ങളായി വിവിധ മേഖലകളില്‍ ക്ഷേമ പ്രവര്‍ത്തനം നടത്തുന്ന ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമമാണെന്ന് പൗരാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇതില്‍ പല സംഘടനകളും സമീപകാലത്ത് സര്‍ക്കാരിനെതിരെ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചിരുന്നുവെന്നും അത് ക്ഷുഭിതരായ ഉദ്യോഗസ്ഥരാണ് നീക്കത്തിന്റെ പിന്നിലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഝാര്‍ഖണ്ടിന്റെ പിന്നോക്ക പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ആരോഗ്യകേന്ദ്രങ്ങളും നടത്തുന്നവരാണ് പല സംഘടനകളും. കൂടാതെ സമീപകാലത്ത് ഖനി വ്യവസായത്തിനായി നിര്‍ബന്ധിത ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങള്‍ക്കെതിരെ അവര്‍ ജനങ്ങളെ സംഘടിപ്പിക്കുകയും ചെയ്യുന്നു. സമീപകാലത്ത് സര്‍ക്കാരിന്റെ രണ്ട് ഭൂമി ഏറ്റെടുക്കല്‍ ചട്ടങ്ങളുടെ ഭേദഗതികള്‍ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ആദിവാസി വ്യാവസായിക ആവശ്യങ്ങള്‍ക്കായി ഏറ്റെടുക്കാന്‍ ലക്ഷ്യം വച്ച് സാന്താള്‍ പര്‍ഗാന ടെനന്‍സി ചട്ടവും ചോട്ടാനാഗ്പൂര്‍ ടെനന്‍സി ചട്ടവുമാണ് സര്‍ക്കാര്‍ ഭേദഗതി ചെയ്തത്.

ഇത്തരം പ്രതിഷേധങ്ങള്‍ മുളയിലെ അടിച്ചമര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ആഭ്യന്തരമന്ത്രാലയം പുതിയ നിയന്ത്രണങ്ങളുമായി രംഗത്തുവരുന്നതെന്നാണ് ആരോപണം. കൂടാതെ, ചത്തീസ്ഗഡ്, ഝാര്‍ഖണ്ട്, ഒഡീഷ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ വ്യാപകമായി മതപരിവര്‍ത്തനം നടത്തുകയാണെന്ന് സംഘപരിവാര്‍ വളരെ കാലമായി ആരോപിക്കുന്നുണ്ട്. പുതിയ നടപടികള്‍ ഒരു വര്‍ഗ്ഗീയ കലാപത്തിലേക്ക് നീങ്ങുമോയെന്ന ആശങ്കയും നിരീക്ഷകര്‍ പങ്കുവെക്കുന്നുണ്ട്.

This post was last modified on December 8, 2016 11:29 am