X

ആ അമ്മ പിന്നെ എങ്ങനെ പെരുമാറുമെന്നാണ് നിങ്ങള്‍ കരുതുന്നത്?

എം കെ രാമദാസ്

കനാല്‍ പുറമ്പോക്കിലെ ഒറ്റമുറിപ്പുരയില്‍ രണ്ട് പെണ്‍മക്കള്‍ക്കൊപ്പം അരക്ഷിതയായി ജീവിതം തള്ളി നീക്കുന്ന ഒരമ്മ എങ്ങനെ പെരുമാറുമെന്നാണ് നിങ്ങള്‍ കരുതുന്നത്? കറുത്തതൊലി, താഴ്ന്നജാതി, പെണ്‍മക്കള്‍ പറക്കമുറ്റുന്നതിനു മുമ്പേ പുരുഷന്‍ ഉപേക്ഷിച്ചു പോയ ദരിദ്രയായ ഒരു ദളിത് സ്ത്രീ എങ്ങിനെ കാര്‍ക്കിച്ചു തുപ്പാതിരിക്കും. കഴുകന്‍ കണ്ണുകളാണ് ചുറ്റിലും, അവര്‍ക്കതറിയാം. പരിചയായി ആയുധങ്ങളൊന്നുമില്ല. തറപ്പിച്ച നോട്ടവും കാറിത്തുപ്പലും ഇടക്കിടെ തലച്ചോറില്‍ നിന്ന് നാവിലേക്കെത്തുന്ന അശ്ലീലവാക്കുകളും മാത്രമേ തന്റെയും മക്കളുടെയും രക്ഷക്കെത്തുകയുള്ളുവെന്ന് ആ അമ്മയ്ക്കറിയാം. പിന്നെങ്ങനെ ആ അമ്മ അലറിവിളിക്കാതെ സൗമ്യയാകും? ചോദ്യങ്ങള്‍ ചോദിക്കാതിരിക്കും? കവിയും ദളിത് ആക്ടിവിസ്റ്റുമായ സതി അങ്കമാലിയുടേതാണ് സമൂഹത്തോടുള്ള ഈ ചോദ്യം.

 

അവിചാരിതമായി വിവരം അറിഞ്ഞാണ് സതി ജിഷയുടെ പെരുമ്പാവൂരിലെ വീട്ടില്‍ എത്തിയത്. ക്രൂരപീഢനത്തിനിരയായി കൊല്ലപ്പെട്ട് നാല് ദിവസങ്ങള്‍ക്ക് ശേഷം. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയും സംഘവും അവിടെ ഉണ്ടായിരുന്നു. തളര്‍ന്ന സഹോദരിയാണ് അല്‍പ്പമെങ്കിലും സംസാരിച്ചത്. മുന്നിലെ വീട്ടുകാരന്‍ മാറിനിന്നു. അടുത്തുള്ള  താമസക്കാരനായ കോളേജ് പ്രൊഫസറാണ് കൂടുതല്‍ വിവരങ്ങള്‍ തന്നത്. ലഭിച്ച വിവരങ്ങളുടെ വിലയിരുത്തലില്‍ ഒരുപാട് സംശയങ്ങള്‍ സതി ഉന്നയിക്കുന്നു.

 

ഒരു പെണ്‍കുട്ടി ക്രൂരപീഢനത്തിനിരയായി കൊല്ലപ്പെട്ടത് സ്ഥിരീകരിച്ചിട്ടും ശവശരീരം കത്തിച്ചു കളയാന്‍ ശ്രമിച്ചത് എന്തിനാണ് എന്നതാണ് അതില്‍ പ്രധാനം. ശരീരത്തില്‍ നിന്ന് ശേഖരിക്കാവുന്ന അവസാന തെളിവുകളെ കൂടി ഇങ്ങനെ നശിപ്പിച്ചു. പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിനിരയായെന്ന് പ്രാഥമിക കാഴ്ചയില്‍ തന്നെ ബോധ്യമായതാണ്. പോലീസിന് എന്നല്ല, കോമണ്‍സെന്‍സുള്ള ആര്‍ക്കും ഇത് മനസ്സിലാകും. അവിദഗ്ദനായ ഡോക്ടറാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തുടര്‍ന്നും വിദഗ്ദ പോസ്റ്റ്‌മോര്‍ട്ടം ആവശ്യമാവുമെന്ന് പോലീസുകാര്‍ക്കെന്നപോലെ സാധാരണക്കാര്‍ക്കുമറിയാം; എന്നിട്ടും ആരുടെ പ്രേരണയാലാണ് പോലീസ് ഈ കൊടുംകൃത്യം ചെയ്തതെന്ന് സതി ചോദിക്കുന്നു.

 

ബോധപൂര്‍വ്വമാണ് ജിഷയുടെ ശരീരം കത്തിച്ച് കളഞ്ഞത്. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് അര്‍ദ്ധരാത്രിയില്‍ പൊതുശ്മശാനത്തില്‍ ദഹനം. അയല്‍ക്കാരുടെ നിസഹകരണം ഉണ്ടെങ്കിലും ജിഷയുടെ ശരീരം വീട്ടിലോ വീടിനടുത്തോ പൊതുദര്‍ശനത്തിന് വെക്കാന്‍ പോലീസ് ശ്രമിച്ചില്ല. മാധ്യമങ്ങളില്‍ നിന്ന് ഇക്കാര്യം മൂടിവെക്കാന്‍ പോലീസിനൊപ്പം രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും ശ്രമിച്ചതായി സംശയിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം ടേബിളില്‍ നിന്ന് ശ്മശാനത്തിലേക്കും അര്‍ദ്ധരാത്രിയില്‍ നടന്ന ശവദഹനത്തിനു പിന്നിലും സംശയമുണ്ട്; സതി പറഞ്ഞു.

 

ഏതാണ്ട് കഴിഞ്ഞ 20 കൊല്ലമായി കനാല്‍കരയിലെ പുറമ്പോക്ക് ഭൂമിയില്‍ കഴിയുന്ന കുടുംബമാണ് ജിഷയുടേത്. കീറത്തുണികൊണ്ട് മറച്ചാണ് താമസം തുടങ്ങിയത്. അച്ഛനുപേക്ഷിച്ചു പോയ രണ്ട് പെണ്‍മക്കള്‍ക്കൊപ്പമാണ് ഇപ്പോള്‍ മനോരോഗിയെന്ന് മുദ്രകുത്തപ്പെട്ട അമ്മയിവിടെ കഴിഞ്ഞത്. ഒരാള്‍പോലും ഇവരുടെ ജീവിതത്തിലേക്ക് കണ്ണയച്ചില്ല. ആ അമ്മയ്ക്ക് ഒരിക്കലും മാനസിക വിഭ്രാന്തിയുണ്ടായിരുന്നില്ല. പെണ്‍മക്കളെ ഓര്‍ത്തുള്ള ആധി മാത്രം. ഇങ്ങനെ പറഞ്ഞത് ജിഷയുടെ വീടിനടുത്തു താമസിക്കുന്ന കോളേജ് അധ്യാപകനാണ്– സതി വ്യക്തമാക്കി.

അടുത്ത വീടുകളിലെല്ലാം കിണറുകളുണ്ടെങ്കിലും കുടിക്കാനുള്ള വെള്ളം പോലും അകലെനിന്നാണ് ഇവര്‍ കൊണ്ടുവന്നിരുന്നത്. കറുത്ത നിറവും താഴ്ന്ന ജാതിയും ഒരു അശ്ലീലമാണ്. സമ്പന്ന വീടുകള്‍ക്ക് മുന്നില്‍ ചെറ്റക്കുടില്‍ അശ്രീകരമാണ്. അതുകൊണ്ട് തന്നെ ഈ കുടുംബത്തെ അവിടെനിന്ന് ഇറക്കിവിടാന്‍ ശ്രമമുണ്ടായി. ഭ്രഷ്ടും ഭീഷണിയും കയ്യേറ്റവുമുണ്ടായി. പട്ടികജാതിക്കാരായതുകൊണ്ട്  എന്തു ചെയ്താലും ആരേയും പേടിക്കാനില്ലെന്ന മുന്നറിയിപ്പും ഉണ്ടായെന്ന് ജിഷയുടെ സഹോദരി പറഞ്ഞിട്ടുണ്ട്. റോഡരികില്‍ സാരികൊണ്ട് മറച്ചതാണ് കുളിപ്പുര. അര്‍ദ്ധരാത്രിയിലോ പുലരുന്നതിനു മുമ്പോ വെളിസ്ഥലത്താണ് മലമൂത്രവിസര്‍ജ്ജനം. വീടിനോട് ചേര്‍ന്ന് കക്കൂസ്സ് നിര്‍മ്മിക്കാനുള്ള ശ്രമം പുറമ്പോക്ക് ഭൂമി കയ്യേറിയെന്ന് പരാതിപ്പെട്ട് തടഞ്ഞു- സതി പറഞ്ഞു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

This post was last modified on May 7, 2016 3:14 pm