X

കൊലയാളിയെ കണ്ടെത്തിയിരിക്കാം; കൊന്നത്എന്തിനാണെന്നു കൂടി പറയണം

ജിഷയുടെ കൊലപാതകവാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് അഡ്വ. മായ കൃഷ്ണന്‍ മേയ് രണ്ടിന് ഇട്ടൊരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ്. ലോ കേളോജില്‍ ജിഷയുടെ സഹപാഠികളും മായയുടെ ജൂനിയേഴ്‌സുമായ ചിലരാണ് കൊലപാതക വിവരം മായയെ അറിയിക്കുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് അതിക്രൂരമായാണ് ജിഷ കൊലപ്പെട്ടതെന്നും പൊലീസ് ഇക്കാര്യത്തില്‍ അനാസ്ഥ കാണിക്കുന്നുണ്ടെന്ന വിവരവും മായയ്ക്ക് ബോധ്യപ്പെട്ടതും ഈ കാര്യങ്ങള്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പങ്കുവച്ചതും. എന്തായാലും മായയുടെ പോസ്റ്റ് വലിയ ചര്‍ച്ചയായി. ജിഷയുടെ കൊലപാതകിയെ കണ്ടെത്തണമെന്ന ആവശ്യവുമായി നടന്ന ജനകീയ സമരങ്ങളിലും സജീവ പങ്കാളിയായി നിന്ന മായ ജിഷ വധക്കേസിലെ പ്രതിയെ പിടികൂടിയെന്ന വാര്‍ത്തയോട് പ്രതികരിക്കുന്നത് ചില സംശയങ്ങള്‍ ബാക്കിവച്ചുകൊണ്ടാണ്… ആ കാര്യങ്ങള്‍ അഴിമുഖവുമായി പങ്കുവയ്ക്കുകയാണ് അഡ്വ. മായ കൃഷ്ണന്‍

ഇതുതന്നെയാണ് പ്രതിയെങ്കില്‍ സന്തോഷം. ഡിഎന്‍എ പരിശോധനയുടെ ക്വാണ്ടിറ്റിയും ക്വാളിറ്റിയുമൊക്കെ ശരിയാണെങ്കില്‍ ഡിഎന്‍എ പ്രൊഫൈലിംഗ് എന്നത് ആധുനീക കുറ്റാന്വേഷണ രീതിയില്‍ ആധികാരികമായ തെളിവായി തന്നെ എടുക്കാവുന്നതാണ്. മിനിമം നാലു മുതല്‍ അഞ്ചു ദിവസം വരെ വേണ്ടിവരും ഡിഎന്‍എ പ്രൊഫൈലിംഗിന് വേണമെന്നാണ് പറയുന്നത്. അതേസമയം ഡോക്ടര്‍മാര്‍ തന്നെ പറയുന്നുണ്ട്, നാല്‍പ്പത്തിയെട്ട് മണിക്കൂര്‍ കൊണ്ട് ചെയ്യാന്‍ കഴിയുമെന്നും. അങ്ങനെയെങ്കില്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ ഉള്ള അമി ഉള്‍ ഇസ്ലാമിനെ നമുക്ക് പ്രതിയെന്നു കരുതാം.

പക്ഷേ ചില സംശയങ്ങള്‍ അങ്ങനെ തന്നെ നിലനില്‍ക്കുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ടുത്തി പുറത്തു വരുന്ന കഥകള്‍- പൊലീസ് പറയുന്നതായി മാധ്യമങ്ങള്‍ പുറത്തുവിടുന്ന കഥകള്‍- ഒരു അഭിഭാഷക എന്ന നിലയില്‍ എന്നില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നു. പ്രതി ഇതാണെങ്കിലും അയാളിലേക്കെത്തുന്നതിനായി പൊലീസ് കണ്ടെത്തിയതെന്ന തരത്തില്‍ പുറത്തുവരുന്ന കാര്യങ്ങള്‍ പൂര്‍ണമായി വിസ്വസിക്കാന്‍ കഴിയില്ല. ചെരുപ്പിന്റെ കാര്യം തന്നെയെടുക്കു. ഇത്രയും ദിവസങ്ങള്‍ക്കുശേഷം ചെരുപ്പുകടക്കാരന്‍ ഇയാളെ ഓര്‍ത്തുവയ്ക്കുന്നു എന്നു പറയുമ്പോള്‍, അതും ഇതരസംസ്ഥാനക്കാരനായൊരാളെ, പൂര്‍ണമായി വിശ്വസിക്കാന്‍ പ്രയാസമാണ്. അതുപോലെ കുളക്കടവിലെ വഴക്ക്. ഇതൊക്കെ ഒരുപക്ഷേ മാധ്യമങ്ങളുടെ കഥകളായേക്കാം. പൊലീസിന്റെ ഭാഗത്തു നിന്ന് ആധികാരികമായ വിശദീകരണങ്ങളൊന്നും വന്നിട്ടുമില്ല. എന്തായാവും ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന കഥകള്‍ക്ക് വിശ്വാസക്കുറവുണ്ട്. കേസ് ബലപ്പെടുത്താന്‍ ഇതേ കഥകള്‍ തന്നെയാണ് പൊലീസും ഉപയോഗിക്കുന്നതെങ്കില്‍ നിരാശയാണ് ഫലം.

ഡിഎന്‍എ പ്രൊഫൈലിംഗ് കേസില്‍ നിര്‍ണായകമാണ്. എന്നാല്‍ എല്ലായ്പ്പോഴും അങ്ങനെയാവണമെന്നില്ലന്നും നിയമം പറയുന്നുണ്ട്. പ്രതി കൊല ചെയ്തിട്ടുണ്ടെങ്കില്‍ അതിലേക്ക് അയാളെ ബന്ധപ്പെടുത്താന്‍ പൊലീസ് നിരത്തുന്ന മറ്റു തെളിവുകള്‍ക്ക് ബലം വേണം. ഇല്ലൈങ്കില്‍ കോടതിയില്‍ കേസ് തള്ളിപ്പോകും. സെക്ഷ്വല്‍ ഒഫന്‍സ് ആണെങ്കില്‍ അതിനൊരു കാരണം ആവശ്യമില്ല, എന്നാല്‍ കൊലപാതകക്കേസില്‍ മോട്ടീവ് ഉണ്ടായിരിക്കണം. അതു തെളിയിക്കാന്‍ പൊലീസിന് കഴിയുകയും വേണം. ഇപ്പോള്‍ പറയുന്നതൊക്കെയാണ് പ്രതി കൊലചെയ്യാനുള്ള കാരണമെന്നാണു പൊലീസ് പറയുന്നതെങ്കില്‍ അതു കണ്‍ഫ്യൂഷനുണ്ടാക്കും.

തീരാത്തൊരു സംശയം ഇപ്പോഴും എനിക്കുണ്ട്. അമി ഉള്‍ ഇസ്ലാം തന്നെയാണ് കൊല നടത്തിയിരിക്കുന്നതെങ്കില്‍ അതാര്‍ക്കുവേണ്ടി? ജിഷയുടെ കൊലപാതകം നടന്ന് നാലാം ദിവസമാണ് ഈ വിവരം ഞാനറിയുന്നത്. ലോ കോളേജില്‍ ജിഷയുടെ സഹപാഠികളും എന്റെ ജൂനിയേഴ്‌സുമായ ചിലരാണ് ഇത്തരമൊരു വിവരം എന്നെ അറിയിക്കുന്നത്. മറ്റൊരു മാധ്യമത്തിലൂടെയും ഈ കൊലപാതകവിവരം ഞാനറിഞ്ഞിരുന്നില്ല. വിവരമറിഞ്ഞ ദിവസം തന്നെ കുറുപ്പംപടി പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടു. തികഞ്ഞ അനാസ്ഥയാണ് പൊലീസിന് ഈ കേസിന്റെ കാര്യത്തിലുണ്ടെന്ന് ആ സംസാരത്തില്‍ തന്നെ എനിക്കു ബോധ്യമായതാണ്. തെളിവുകളെന്തെങ്കിലും കിട്ടിയോന്ന് എന്നോടാണവര്‍ ചോദിച്ചത്. കൊലപാതകം നടന്ന് നാലുദിവസം പിന്നിട്ടിട്ടും ഒരന്വേഷണവും പൊലീസ് നടത്തിയിരുന്നില്ല. എന്നാല്‍ കൊന്നത് ഒരു അന്യസംസ്ഥാനക്കാരനാണെന്ന് അന്നേയവര്‍ തീര്‍ച്ചയാക്കിയിരുന്നു! ബലാത്സംഗ കേസിലായാലും കൊലപാതക കേസിലായാലും ഏറ്റവും വലിയ തെളിവാകുന്ന ഇരയുടെ ശരീരം ഇവിടെയവര്‍ മണിക്കൂറുകള്‍വച്ച് കത്തിച്ചു കളഞ്ഞു. ക്രൈം നടന്ന സ്ഥലം ബന്തവസ് ചെയ്യാന്‍ അഞ്ചുദിവസത്തോളമെടുത്തു. സാക്ഷിമൊഴികളില്‍ നിന്നും പ്രതിയെന്നു സംശയിക്കാവുന്നയാരോ കനാലില്‍ ഇറങ്ങുന്നതു കണ്ടതായി പറയുന്നുണ്ട്. എന്നാല്‍ രണ്ടാഴ്ചയോളം കഴിഞ്ഞാണ് പൊലീസ് കനാല്‍ പരിശോധിക്കാന്‍ തയ്യാറായത്. ഇത്തരത്തില്‍ വ്യക്തമായ കൃത്യവിലോപനം പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ട് അങ്ങനെ സഭവിച്ചു എന്നകാര്യത്തില്‍ വ്യക്തതവേണം. അതുകൊണ്ടു തന്നെയാണ് എന്റെ സംശയം ഇപ്പോഴും ബാക്കി നില്‍ക്കുന്നത്; ഈ പ്രതി തന്നെയാണ് കൊല നടത്തിയതെങ്കില്‍ അതാര്‍ക്കുവേണ്ടിയാണ് നടത്തിയത്? 

ഞാന്‍ വീണ്ടും പറയുന്നു, ഡിഎന്‍എ ഫലം നിര്‍ണായക തെളിവാണെങ്കിലും അത് എല്ലായിപ്പോഴും പൊലീസിനെ തുണയ്ക്കണമെന്നില്ല. മറ്റു തെളിവുകളെയും പൊലീസിന് ആശ്രയിക്കേണ്ടിവരും. പക്ഷേ ആ തെളിവുകള്‍ക്ക് ബലം വേണം. ഇപ്പോള്‍ പറയുന്ന തെളിവുകള്‍ (അത് പൊലീസ് പുറത്തുവിടുന്നതു തന്നെയാണോ എന്നറിയില്ല) കോടതിയെ ബോധ്യപ്പെടുത്താന്‍ പ്രയാസമാണ്. യാഥാര്‍ത്ഥ്യം ഇപ്പോള്‍ പറയുന്നതല്ലെന്നു വരികില്‍ പ്രതിയുടെ പിന്നില്‍ മറ്റാരൊക്കെയോകൂടിയുണ്ട്. അതാരണെന്നു കൂടി തെളിയണം. അപ്പോള്‍ മാത്രമാണ് ഈ അന്വേഷണം പൂര്‍ണമാകുന്നതും പൊലീസിന്റെ തൊപ്പിയില്‍ പൊന്‍തൂവല്‍ ചേരുന്നതും.

(അഭിഭാഷകയും സാമൂഹ്യപ്രവര്‍ത്തകയുമാണ് മായ കൃഷ്ണന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on June 18, 2016 1:19 pm