സൂരജ്
ഉത്തരേന്ത്യയിലെ വേനല്‍ക്കാലത്തൊരിക്കല്‍ അര്‍ധരാത്രിയില്‍ ട്രാന്‍ഫോര്‍മര്‍ കത്തിപ്പോയതിനെ തുടര്‍ന്ന് ചൂടു സഹിക്കവയ്യാതെ ഹോസ്റ്റല്‍ മുറി വിട്ട് ക്യാംപസില്‍ ഞാന്‍ നടക്കാനിറങ്ങി. ഇന്‍വെര്‍ട്ടര്‍ ഉള്ള ചുരുക്കം ചില അദ്ധ്യാപകരുടെ വീടുകളിലൊഴിച്ചാല്‍ മറ്റെല്ലായിടത്തും ഇരുട്ടാണ്. റോഡുകളെല്ലാം വിജനം. നടന്നു നടന്ന് അഡ്മിനിസ്‌ട്രേഷന്‍ ഓഫിസിനടുത്തത്തിയപ്പോള്‍ കാണാം വെളിച്ചത്തില്‍ കുളിച്ചു കിടക്കുന്ന കെട്ടിടം. അതങ്ങനെയാണ്, അധികാരം അങ്ങിനെയാണ്. എല്ലാവര്‍ക്കും ലഭ്യമല്ലാത്ത സൗകര്യങ്ങള്‍പ്പോലും അവര്‍ തങ്ങള്‍ക്കായി ഒരുക്കിവച്ചിരിക്കും; എന്തു വില കൊടുത്തും. സര്‍വ്വകലാശാലയിലൊരു ഹോസ്റ്റല്‍ കെട്ടുമ്പോള്‍ താഴത്തെ തട്ടിലിരിക്കുന്ന നമ്മള്‍ കരുതും അധികാരികള്‍ നമ്മുടെ സ്വാസ്ഥ്യത്തെപ്പറ്റി ചിന്തിക്കുന്നവരാണെന്ന്, എന്നാല്‍ മുകളിലെ കസേരകളിലിരുന്ന് അവര്‍ ചിന്തിക്കുന്നത് അവരവരുടെ കസേരകള്‍ എങ്ങനെ സംരക്ഷിക്കണമെന്നതു മാത്രമാണ്.
ഇടതു വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിനു പേരുകേട്ട ജെഎന്‍യുവില്‍ അധികാരികളും വിദ്യാര്‍ത്ഥികളും തമ്മിലുള്ള അകലം തുറന്നുകാട്ടുന്നുവെന്നതാണ് ഫെബ്രുവരിയിലും ശേഷവുമുണ്ടായ സംഭവവികാസങ്ങളുടെ പരിണിതഫലം. അതു നല്ലതുതന്നെയാണു താനും. ഇവിടെ നിലനില്‍ക്കുന്ന ജനാധിപത്യ ഇടങ്ങള്‍ എത്രവലിയ വിദ്യാര്‍ത്ഥി പ്രതിരോധങ്ങളുടെ ഫലമാണെന്ന് പുറംലോകത്തിനു കാണിച്ചുകൊടുക്കുന്നുണ്ടത്. ഒരിക്കല്‍ ഇതേ ക്യാംപസില്‍ പഠിച്ചിരുന്നവരോ അദ്ധ്യാപകരായിരുന്നവരോ തന്നെയാണ് ഇന്ന് അധികാര ഇടങ്ങളിലിരുന്ന് അങ്ങേയറ്റം വിദ്യാര്‍ത്ഥി വിരുദ്ധമായ തീരുമാനങ്ങളെടുക്കുന്നതാണ് ഇതിലെ വൈരുദ്ധ്യം. റിസാര്‍ഡ് കപുസിന്‍സ്കി തന്റെ കൃതിയായ ‘സോക്കര്‍ വാറി’ല്‍ എഴുതുന്നുണ്ട്, സ്ഥിരമായി ഒരു മേശക്കു പിറകിലിരുന്നതിലൂടെ ആ മേശയുടെയും കസേരയുടെയും ഒരു ഭാഗം മാത്രമായി താന്‍ മാറിയതായി തോന്നിയതിനെപ്പറ്റി. അവിടെ ആ കസേരയിലിരിക്കുമ്പോഴത്തെ ശരികള്‍ പലപ്പോഴും താഴെ തെരുവുകളില്‍ നില്‍ക്കുന്നവരുടെ ശരികളായിക്കൊള്ളണമെന്നില്ല. ഒരു സര്‍വ്വകലാശാല അടിസ്ഥാനപരമായി ആര്‍ക്കു വേണ്ടി നിലനില്‍ക്കണം, ആരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കണമെന്നൊക്കെയുള്ളതാണ് അപ്പോള്‍ പ്രസക്തമാകുന്ന ചോദ്യങ്ങള്‍.
പുറത്തുനിന്നും വന്ന മാധ്യമപ്രവര്‍ത്തകരോ ഇടപെട്ട രാഷ്ട്രീയക്കാരോ പരിചയിച്ചിട്ടില്ലാത്ത ജെഎന്‍യുവിലെ അവസ്ഥകളെപ്പറ്റി കൃത്യമായ അറിവുള്ള സര്‍വ്വകലാശാലാ ഭരണാധികാരികള്‍ തന്നെ മാധ്യമങ്ങള്‍ നിര്‍മ്മിച്ചു പൊലിപ്പിച്ചു കാണിച്ച വാര്‍ത്തകള്‍ക്കും ഉന്നത രാഷ്ട്രീയ ഇടപെടലുകള്‍ക്കും വശംവദരാക്കപ്പെട്ടതിന്റെയും അവരുടെ കയ്യിലെ പാവ കണക്കെ തുള്ളുന്നതിന്റെയും ഫലമായിട്ടാണ് എട്ട് വിദ്യാര്‍ത്ഥികള്‍ സസ്‌പെന്റ് ചെയ്യപ്പെട്ടത്, 21 പേര്‍ക്കെതിരെ ഷോക്കോസ് നോട്ടീസ് അയക്കപ്പെട്ടത്. ഹൈലെവല്‍ കമ്മറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്ന നടപടികളെപ്പറ്റി ഒരു വിവരവും പുറത്തു വിട്ടിട്ടില്ല. എന്നാലും കനയ്യ കുമാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടികള്‍ ഉണ്ടാകുമെന്നുള്ളത് തീര്‍ച്ച. സസ്‌പെന്റു ചെയ്യപ്പെട്ടവരില്‍ ആരും തന്നെ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതായി തെളിവുകളില്ല. സംഭവസ്ഥലത്തുണ്ടായിരുന്നു എന്നതല്ല മറിച്ച് ആക്ടിവിസ്റ്റുകളെന്ന നിലയില്‍ സ്ഥിരമായി അധികൃതര്‍ക്കു ‘തലവേദന’ സൃഷ്ടിക്കാറുണ്ടായിരുന്നുവെന്നതാണ് ഇവരില്‍ പലരുടെയും പേരുകള്‍ അധികൃതരുടെ ഹിറ്റ്‌ലിസ്റ്റില്‍ വരാന്‍ കാരണം. ഷോക്കോസ് നോട്ടീസു കിട്ടിയവര്‍ കിട്ടിയവര്‍ അന്തംവിട്ടു നിന്നു പോയത് കാരണം കാണിക്കേണ്ടത് എന്തു കുറ്റത്തിനാണെന്നറിയാതെയാണ്. കയ്യില്‍ കിട്ടിയ നോട്ടീസില്‍ ഇവര്‍ ചെയ്ത തെറ്റെന്താണെന്നതിനെ പറ്റി ഒരുവാക്കുപോലും പറഞ്ഞിട്ടില്ലായിരുന്നു. ഈ 21 വിദ്യാര്‍ത്ഥികളും ഇരകളാക്കപ്പെട്ടതിനും കാരണം മറ്റൊന്നല്ല. പതിയിരുന്ന് അവസരം കിട്ടിയപ്പോള്‍ പ്രതികാരം ചെയ്യുന്ന അധികാരികളെയാണ് നമ്മള്‍ ഇവിടെ കാണുന്നത്.
അധികാര കേന്ദ്രങ്ങളിലിരിക്കുന്നവരെ ചോദ്യം ചെയ്തതിന്, ചെയ്തുകൊണ്ടേയിരിക്കുന്നതിന്, അധികാരികള്‍ക്ക് ‘തലവേദന’ സൃഷ്ടിക്കുന്നതിന് മുഖാമുഖം ആക്രമിക്കപ്പെട്ടവരാണ് മേല്‍പ്പറഞ്ഞവരെങ്കില്‍ ഇപ്പോള്‍ നാല് വിദ്യാര്‍ത്ഥികളെ പിറകില്‍ നിന്നു കുത്തിവീഴ്ത്തുകയാണ് ജെഎന്‍യു അധികാരികള്‍ ചെയ്തിരിക്കുന്നത്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ജെനറല്‍ സെക്രട്ടറി രാമ നാഗ, വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡണ്ട് അഷുതോഷ്, സ്റ്റുഡന്റ്‌സ് യൂണിയന്‍ കണ്‍വീനര്‍ (SLL&CS) ശ്വേതാ രാജ് എന്നിവരുടെ സ്‌കോളര്‍ഷിപ്പ് ഒരു മുന്നറിയിപ്പും കൂടാതെ തടഞ്ഞു വെക്കപ്പെട്ടിരിക്കയാണ്. മുന്‍ വിദ്യാര്‍ത്ഥി യൂണിയന്‍ ജെനറല്‍ സെക്രട്ടറി ചിന്തു കുമാരിയുടേതാകട്ടെ എംഫില്‍ ഡിഗ്രി തന്നെ തടഞ്ഞു വെക്കപ്പെട്ടിരിക്കുന്നു. ഫെബ്രുവരി 9-ആം തീയതിക്കു മുമ്പുള്ള സ്‌കോളര്‍ഷിപ്പും തടഞ്ഞു വച്ചിരിക്കുകയാണ്. ഏതെങ്കിലും വിധത്തിലുള്ള നടപടികള്‍ക്കു വിധേയരാകുന്ന വിദ്യാര്‍ത്ഥികളുടെ നടപടി കാലയളവിലുള്ള സ്‌കോളര്‍ഷിപ്പു നല്‍കാതിരിക്കാനേ നിയമപരമായി വ്യവസ്ഥയുള്ളൂ. ഒരു മാസത്തിനുള്ളില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള സസ്‌പെന്‍ഷന്‍ പിന്വലിക്കപ്പെട്ടതാണെന്നോര്
സസ്‌പെന്റ് ചെയ്യുന്നുവെന്നു കാണിച്ച് വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലിലും വീട്ടിലും പഠിക്കുന്ന സെന്ററുകളിലും നോട്ടീസ് അയക്കാന്‍ ജെഎന്‍യു ഓഫീസിലുള്ളവരും ഉന്നതാധികാര അന്വേഷണ സമിതിയും കാണിച്ച ത്വര സസ്‌പെന്‍ഷന്‍ പിന്‍വലിച്ചപ്പോള്‍ ഉണ്ടായില്ല. വിദ്യാര്‍ത്ഥികളില്‍ പലര്‍ക്കുമെതിരെയുള്ള സര്‍വ്വകലാശാലാ നടപടി പിന്‍വലിക്കപ്പെട്ടതായി കാണിച്ച് ഓഫീസിലെ പല സെക്ഷനുകളിലും നോട്ടീസുകള്‍ ഇനിയും ചെല്ലാന്‍ ബാക്കിയാണ്. നടപടികള്‍ പിന്‍വലിക്കപ്പെട്ട് ഒരു മാസത്തോളം കഴിഞ്ഞും ഇതുണ്ടാകാത്തത് നിരുത്തരവാദിത്വപരവും നിയമവിരുദ്ധവും മാത്രമല്ല പ്രതികാരം ചെയ്യുകയാണെന്നതിന്റെ വ്യക്തമായ സൂചന കൂടിയാണ്.
സര്‍വ്വകലാശാല വേട്ടയാടുന്ന ഈ നാല് പേരും രാജ്യത്തെ ഏറ്റവും പിന്നോക്ക സാമൂഹിക-സാമ്പത്തികാവസ്ഥകളില്‍ നിന്നും വരുന്നവരാണ്. 1996-ല്‍ ബീഹാറിലെ ബത്തണി ടോളയില്‍ മുന്നോക്ക ജാതിക്കാരായ ഭുമിഹാറുകളുടെ രണ്‍വീര്‍ സേന നടത്തിയ ദളിത് കൂട്ടക്കൊലയുടെ ജീവിച്ചിരിക്കുന്ന ഇരയാണ് സഖാവ് ചിന്തു കുമാരി. അന്നുമുതല്‍ ഒളിവില്‍ താമസിക്കുകയാണ് ചിന്തുവിന്റെ അച്ഛന്‍. പത്രങ്ങള്‍ കെട്ടിയുണ്ടാക്കിയതു പോലെ മാവോയിസ്റ്റുകള്‍ക്കെതിരെയല്ല മറിച്ച് സിപിഐ(എംഎല്‍) ലിബറേഷനെന്ന പാര്‍ലമെന്ററി പാര്‍ട്ടിക്കെതിരെയാണ് രണ്‍വീര്‍ സേന രൂപപ്പെട്ടതെന്ന് കഴിഞ്ഞ സെപ്തംബര്‍ മാസം ‘കോബ്ര പോസ്റ്റ്’ പുറത്തുവിട്ട സ്റ്റിംഗ് വെളിപ്പെടുത്തുന്നു. ലിബറേഷന്റെ പ്രവര്‍ത്തകനായി ഭോജ്പൂര്‍ ജില്ലയില്‍ ദളിതുകളെ ഏകോപിപ്പിച്ചു, തങ്ങള്‍ക്ക് അവകാശപ്പെട്ട കൂലി ആവശ്യപ്പെട്ടു എന്നീ ‘കുറ്റ’ങ്ങള്‍ക്ക് വധഭീഷണി നേരിടുന്നയാളാണ് ചിന്തുവിന്റെ പിതാവ്. വളകളുണ്ടാക്കി വിറ്റാണ് അവരുടെ അമ്മ വീടു നോക്കുന്നത്. സഖാവ് ചിന്തു ബിഹാറിലെ തിരഞ്ഞെടുപ്പിനു മുന്‍പും ശേഷവും സംസ്ഥാന തലത്തില്‍ തന്നെ സിപിഐ(എംഎല്‍) ലിബറേഷനു വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായ ചിന്തു സഖാവ് റിസര്‍ച്ചു ചെയ്യുന്നതും ബിഹാറിലെ ഇടതു പാര്‍ട്ടികളെപ്പറ്റിയാണ്. പഠനത്തിനും രാഷ്ട്രീയത്തിനും പുറമെ തന്റെ ഇളയ പെങ്ങന്മാരെ ഡെല്‍ഹിയില്‍ കൊണ്ടുവന്ന് കസ്തൂര്‍ബാ ഗാന്ധി ബാലികാ വിദ്യാലയത്തില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നതും അവരുടെ ചിലവുകള്‍ നോക്കുന്നതും ചിന്തു തനിയെയാണ്.
ഒഡീഷയിലെ മാവോയിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കോരാപ്പുത് ജില്ലയിലെ ബൊയ്പ്പാരിഗുഡ ഗ്രാമത്തില്‍ നിന്നാണ് സഖാവ് രാമ നാഗ വരുന്നത്. അത്തരമൊരിടത്ത് ജീവിക്കുന്ന ദളിതനായ ഒരാള്‍ക്ക് സ്വപ്‌നം കാണാന്‍ പോലും കഴിയാത്ത വിദ്യാഭ്യാസം ഒരുപാടു പടവെട്ടി നേടിയെടുത്താണ് അയാള്‍ ഇന്ന് ജെഎന്‍യുവില്‍ എത്തിച്ചേര്‍ന്നിട്ടുള്ളത്. തന്റെ ഗ്രാമത്തില്‍ ഡിഗ്രിക്കപ്പുറം പഠിച്ചിട്ടുള്ള ഏക വ്യക്തിയാണ് രാമ. ഗ്രാമങ്ങളില്‍ സൈക്കിള്‍ തള്ളി നടന്നു വളകള്‍ വിറ്റാണ് അയാളുടെ പിതാവ് കുടുംബം നോക്കുന്നത്. അമ്മ ചുരുങ്ങിയ വേതനത്തില്‍ കൂലിപ്പണിയെടുക്കുന്നു. പഠനത്തിന്റെ ഓരോ ഘട്ടത്തിലും ലഭിച്ചിരുന്ന സ്കോളര്ഷിപ്പുകളില്ലായിരുന്നെ
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഐസയുടെ (All India Students Association) ക്യാംപസിലെ മുഖങ്ങളാണ് അഷുതോഷും ശ്വേതാരാജും. സമരങ്ങളില്‍ സജീവ സാന്നിദ്ധ്യമെന്നു മാത്രമല്ല മുന്നില്‍ നിന്നു നയിക്കുന്നതും അവര്‍ തന്നെ. സര്‍വ്വകലാശാലയിലെ ആക്ടിവിസ്റ്റുകളില്‍ ഏറ്റവും നല്ല പ്രാസംഗികര്‍ കൂടിയാണ് ഇവര്‍ രണ്ടുപേരും. കഴിഞ്ഞമാസം ബീഹാറില്‍ അഷുതോഷ് പങ്കെടുത്ത ഒരു പരിപാടിക്കു നേരെ സംഘപരിവാര്‍ അഴിച്ചു വിട്ട അക്രമത്തില്‍ നിന്നും അയാള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. സംഘടനാപ്രവര്‍ത്തനത്തിന്റെ ഭാഗമായി ജാര്‍ഖണ്ഡിലും ഒറീസ്സയിലുമായിരുന്നു അഷുതോഷ് കുറെ ആഴ്ചകളായി. ബിഹാറിലെ ബാഡില്‍ നിന്നുള്ള അഷുതോഷ് സഖാവിന്റെ പിതാവ് ഒരു റെയില്‍വെ തൊഴിലാളിയാണ്. ശ്വേതാരാജും ഏറെ പിന്നോക്കാവസ്ഥകളില്‍ നിന്നും വന്ന്, ഒരു പെണ്‍കുട്ടിയായതിന്റെ സംഘര്‍ഷങ്ങള്‍ അതിലേറെയും, സഹിച്ചും പൊരുതിയുമാണ് ഇവിടെ പിഎച്ച്ഡി ചെയ്യുന്നത്.
വിദ്യാഭ്യാസത്തിനുള്ള വിഹിതവും ഉന്നതവിദ്യാഭ്യാസത്തിനായുള്ള സ്‌കോളര്‍ഷിപ്പുകളും വര്‍ഷം പ്രതി വെട്ടിക്കുറച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാരിനോ മുകളിലിരിക്കുന്നവര്‍ പറയുന്നത് റാന്‍മൂളി അക്ഷരം പ്രതി അനുസരിക്കുന്ന ബ്യൂറോക്രാറ്റിക് കുഞ്ഞാടുകള്‍ക്കോ ഇതൊന്നും അറിയേണ്ടതില്ല. അധികാരത്തിലേറിക്കഴിഞ്ഞാലാകട്ടെ അറിയാവുന്നതു തന്നെയും കണ്ടില്ലെന്നു നടിക്കാനാണ് മത്സരം. ഇന്ത്യന്‍ യാഥാര്‍ത്ഥ്യത്തില്‍ അധികാര ശ്രേണിയുടെ മുകളറ്റത്തെ കസേരകള്‍ ഇന്നും ഉന്നതകുലജാതര്‍ക്കു മാത്രമായി റിസര്‍വ്വു ചെയ്യപ്പെട്ടിരിക്കുന്നവയാണ്. അവര്‍ക്ക് താഴെ നിന്നും മുകളിലേക്കു നോക്കാന്‍ കഴിവും മനസ്സുമില്ല. നിയമത്തിന്റെ വഴിക്ക് ചിന്തുവിനെപ്പോലൊരാള്‍ നീങ്ങിയാലും കേള്‍ക്കാന്‍ ആളുണ്ടായെന്നു വരില്ല. 2012-ല്‍ ബത്തണി ടോള കൂട്ടക്കൊലയിലെ പ്രതികളായ സകല ഭുമിഹാറുകളെയും വെറുതെ വിട്ടത് ഭുമിഹാറുകളായ ജഡ്ജിമാര്‍ മാത്രമിരുന്ന ഉന്നത നീതിപീഠത്തിലെ ഒരു ബെഞ്ചാണെന്നോര്‍ക്കുക. ദളിതനായ ജഡ്ജിമാരൊന്നുപോലുമില്ലാത്ത ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയില്‍ നിന്നും ശ്രേഷ്ഠകുലജാതരായ അധികാരികളിരിക്കുന്ന ജെഎന്‍യു ഭരണസമിതിയില്‍ നിന്നും ഈ നാലു പേരും പ്രതീക്ഷിക്കേണ്ടതെന്താണ്?
ജയില്‍ വിട്ടു വന്നശേഷം കനയ്യ ചെന്നെത്തുന്ന ചില രാഷ്ട്രീയ പരാജയങ്ങളുണ്ട്. ഭാരത് മാതാ കീ ജയ് മടികൂടാതെ വിളിക്കാന്‍ അയാള്‍ക്കാകുന്നു. ദേശദ്രോഹിയല്ലെന്നു തെളിയിക്കാന്‍ ഭാരത് മാതാ കീ ജയ് വിളിക്കണമെന്നാണെങ്കില്‍ ഏത് ദേശത്തെക്കുറിച്ച്, ആരുടെ ദേശത്തെക്കുറിച്ചാണ് നിങ്ങള്‍ സംസാരിക്കുന്നത്? ‘ഇന്ത്യയുടെയും ഹിന്ദുവിന്റെയും ചരിത്രത്തിലെവിടെയുമില്ലാത്ത രണ്ട് ദൈവങ്ങളെ സ്വാതന്ത്ര്യാനന്തരം സൃഷ്ടിക്കുകയും പൂജിക്കുകയും ചെയ്യുകയാണ് സംഘപരിവാര്‍; ഭാരത് മാതാവും ഗോമാതാവും’- രാം പുനിയാനി 2003-ല്‍ എഴുതുകയുണ്ടായി. സംഘപരിവാര്‍ ഇപ്പോഴും ശ്രമിക്കുന്നത് അവര്‍ക്കു പുറത്തുനില്‍ക്കുന്ന ഇവിടത്തെ വലതിനെയും ഇടതിനെയും കൊണ്ട് ഈ രണ്ടു ദൈവങ്ങളെയും അംഗീകരിപ്പിക്കാനാണ്. കനയ്യ വരെയുള്ളവര്‍ അറിയാതെയും ആലോചിക്കാതെയും ആ ആര്‍എസ്എസ് പ്രൊജക്ടിന്റെ ഭാഗമാകുകയാണ്. ഇപ്പോള്‍ പുറകില്‍ നിന്നും ആക്രമിക്കപ്പെടുന്നവരോ, ഒരു തരിക്കുപോലും തങ്ങളുടെ രാഷ്ട്രീയത്തില്‍ നിന്നും സമരങ്ങളില്‍ നിന്നും വ്യതിചലിക്കില്ലെന്നു വാശിപിടിക്കുന്നവരും. ഫാസിസ്റ്റു ഭരണകൂടങ്ങളും ബ്രാഹ്മണാധികാരകേന്ദ്രങ്ങളും എത്രതന്നെ പീഢിപ്പിച്ചാലും പിന്തിരിഞ്ഞോടാതെ, ജീവിതം തന്നെ സാമൂഹിക നീതിക്കായുള്ള സമരത്തിനു സമര്‍പ്പിക്കുന്ന സഖാവ് ശ്വേതയെപ്പോലുള്ളവരും വിദ്യാഭ്യാസം, സമരം, സംഘാടനമെന്ന തത്വത്തില്‍ വിശ്വസിക്കുന്ന സഖാവ് ചിന്തുവിനെപ്പോലുള്ളവരും എക്കാലവും ഇതുപോലെ ആക്രമിക്കപ്പെട്ടുകൊണ്ടേയിരിക്കും. മുന്നില്‍ നിന്നല്ല; പുറകില്‍ നിന്ന്.
(ജെ.എന്‍.യുവില്‍ എം.ഫില്‍ വിദ്യാര്‍ഥിയാണ് സൂരജ്)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)
Leave a Comment