X

കനേഡിയന്‍ പാര്‍ലമെന്റിലേക്ക് ജയം തേടി മലയാളി

ജോബ്‌സണ്‍ ഈശോ/ജയശങ്കര്‍ പിള്ള

പ്രവാസ ജീവിതത്തില്‍ നമ്മെ നൊമ്പരപ്പെടുത്തുന്ന നാടിന്റെ ഓര്‍മകളില്‍ നിന്നെല്ലാം അനുഭവങ്ങള്‍ ഉള്‍ക്കൊണ്ട് തന്റെ ജീവിതത്തില്‍ വിജയക്കൊടി പാറിച്ച അപൂര്‍വ്വം ചില മലയാളികളില്‍ ഒരാളാണ് ജോബ്‌സണ്‍ ഈശോ. മലയാളി സമൂഹത്തിനു തന്നെ അഭിമാനിക്കാവുന്ന തരത്തില്‍ കാനഡയുടെ മണ്ണില്‍ പരിശ്രമവും, ആത്മവിശ്വാസവും കഠിന അധ്വാനവും മുതല്‍കൂട്ടാക്കി വിജയം കൈവരിച്ച ജോബ്‌സണ്‍ കാനഡയിലെ ഭരണകക്ഷിയായ കണ്‍സര്‍വേറ്ററി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായി മാര്‍ക്കംതോണ്‍ഹില്‍ മണ്ഡലത്തില്‍ നിന്ന് പാര്‍ലമെന്റിലേക്കു മത്സരിക്കുകയാണ്. 

സാധാരണ ഒരു മലയാളി കുടിയേറ്റക്കാരനെ പോലെ തന്നെ രണ്ടു പതിറ്റാണ്ടു മുന്‍പ് കാനഡയുടെ മണ്ണില്‍ കുടുംബസമേതം ജീവിതം തുടങ്ങിയതാണ് ജോബ്‌സണ്‍. കോഴഞ്ചരിക്കടുത്ത് മാരാമണ്‍ ആറഞ്ഞാട്ട്, പരേതനായ ജോണ്‍ ഈശോ-പൊന്നമ്മ ദമ്പതികളുടെ മകനായ ജോബ്‌സണ്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ പഠിക്കുമ്പോള്‍ സജീവ കെഎസ്‌യു പ്രവര്‍ത്തകനായിരുന്നു. ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. 

കോളജ് പഠനം കഴിഞ്ഞ് 1993 ല്‍ കാനഡയിലേക്കു കുടിയേറുകയും ഷെറാട്ടണ്‍, ഹില്‍ട്ടണ്‍ തുടങ്ങിയ ഹോട്ടലുകളില്‍ ജോലി ചെയ്തതിനു ശേഷം 2002 മുതല്‍ സ്വന്തമായി ചെയിന്‍ റസ്റ്റോറന്റുകളുടെ ബിസിനസ് നടത്തി വരികയാണ്. തന്റെ തിരക്കിട്ട ബിസിനസ് ജീവിതത്തിലും പ്രാദേശിക സമൂഹത്തില്‍ സജീവമായി പ്രവര്‍ത്തിക്കുവാനും, വിവിധ കമ്യൂണിറ്റിയില്‍ ഉള്ളവരുമായി ബന്ധം സ്ഥാപിക്കുവാനും ജോബ്സന് കഴിഞ്ഞു. അദ്ദേഹം ഭാര്യ കണ്ടനാട് മട്ടമേല്‍ കുടുംബാംഗമായ ഇന്ദു വിദ്യാര്‍ഥികളായ അലീന, അലന്‍ എന്നീ മക്കളുമൊത്തു ഒന്‍ട്രിയോവിലെ മാര്‍ക്കത്തു താമസിക്കുന്നു.

ജയശങ്കര്‍ പിള്ള: ജോബ്‌സണ്‍, താങ്കള്‍ കാനഡയിലെ ഭരണ കക്ഷി ആയ കണ്‍സര്‍വേറ്ററി പാര്‍ട്ടിയുടെ പാര്‍ലമെന്റ് സ്ഥാനാര്‍ഥി ആയി തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണല്ലോ. എന്താണ് അതിനെപറ്റി താങ്കള്‍ക്കു പറയാനുള്ളത്?

ജോബ്‌സണ്‍ ഈശോഈ ഒരു അവസരം എനിക്ക് കിട്ടിയത് മലയാളികളെ പോലെ തന്നെ ഇവിടുത്തെ മറ്റു കമ്മ്യൂണിറ്റിയിലുള്ളവരുടെ കൂടി പിന്തുണ കൊണ്ടാണ്. ഈ തിരഞ്ഞെടുപ്പിലെ വിജയം, തോല്‍വി എന്നതിനേക്കാളെല്ലാം ഉപരിയായി ഇതുവരെയുള്ള എന്റെ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഒരു അംഗീകാരമായിട്ടാണ് ഞാന്‍ കാണുന്നത്. 328 പാര്‍ലമെന്റ് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 18-നാണ് നടക്കുക. അഞ്ചുപേര്‍ ഈ സീറ്റിനു വേണ്ടി രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും ഇക്കുറി ഭാഗ്യം എന്നെ തുണക്കുകയായിരുന്നു. മണ്ഡലങ്ങളുടെ പുന:സംഘടനയെ തുടര്‍ന്ന് പുതിയതായി രൂപീകരിക്കപ്പെട്ട ഈ മണ്ഡലത്തില്‍ മലയാളികള്‍ കുറവാണ്. ദക്ഷിണേഷ്യ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ളവരും, തദ്ദേശീയരുമാണ് വോട്ടര്‍മാരില്‍ നല്ലൊരു പങ്കും.

ജയശങ്കര്‍താങ്കള്‍ ഇതിനു മുന്‍പ് ഇതുപോലെ ഏതെങ്കിലും ഭരണ സംവിധാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടോ?

ജോബ്‌സണ്‍ഞാനെന്റെ രാഷ്ട്രീയ ജീവിതം തുടങ്ങുന്നത് കലാലയത്തില്‍ നിന്നാണ്. അന്ന് അതൊരു രസകരമായ അനുഭവമായിരുന്നു. കൂടാതെ ആജീവനാന്തം രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആകണം എന്ന പ്രത്യേക മോഹങ്ങളും ഇല്ലായിരുന്നു. കാനഡയില്‍ ഒരു പ്രവാസിയായി ജീവിതം തുടങ്ങുന്നത് ഹാമില്‍റ്റണില്‍ ആണ്. ജോലി സമയത്തിന് ശേഷം കിട്ടുന്ന സമയങ്ങളില്‍ അവിടെയുള്ള മലയാളി സമാജം, പള്ളിയുമായി ബന്ധപ്പെട്ടുള്ള പ്രവത്തനങ്ങള്‍ എല്ലാത്തിലും വളരെ സജീവമായി പങ്കെടുത്തിട്ടുണ്ട്. കൂടാതെ മറ്റു കമ്മ്യുണിറ്റികളുമായും ചേര്‍ന്ന് സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങളിലും പങ്കു ചേര്‍ന്നിട്ടുണ്ട്. പക്ഷെ ഈ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഒന്നും തന്നെ ഇതുപോലെ ഒരു അവസരത്തിന് വഴി തുറക്കുന്നതാണ് എന്ന് ഞാന്‍ മനസ്സില്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.

ജയശങ്കര്‍ കഴിഞ്ഞ 20 വര്‍ഷത്തിലേറെ കാലമായി സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ താങ്കള്‍ വഹിച്ച സ്ഥാനങ്ങള്‍ അല്ലെങ്കില്‍ എന്തെങ്കിലും രീതിയിലുള്ള അവാര്‍ഡുകള്‍, പ്രശംസാ പത്രങ്ങള്‍ എന്നിവ ലഭിച്ചിട്ടുണ്ടോ?


ജോബ്‌സണ്‍ഞാന്‍ ആദ്യമേ തന്നെ സൂചിപ്പിച്ചുവല്ലോ പാര്‍ലമെന്റ് സ്ഥാനാര്‍ഥി ആയി മത്സരിക്കാന്‍ എനിക്ക് ലഭിച്ച അവസരം തന്നെ എന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം ആയിട്ടാണ് ഞാന്‍ കാണുന്നത്. കൂടാതെ, മാര്‍ക്കം റേസ് റിലേഷന്‍സ് കമ്മിറ്റി ചെയര്‍മാന്‍, ബോക്‌സ് ഗ്രൂവ് ഫണ്‍ഫെസ്റ്റ് 2013 ചെയര്‍മാന്‍, മെനി ഫെയ്‌സസ് ഓഫ് മാര്‍ക്കം ഇവന്റ് കോ ചെയര്‍മാന്‍, മാര്‍ക്കം സൗത്ത് ഏഷ്യന്‍ ഫെസ്റ്റിവല്‍ കോ ചെയര്‍മാന്‍, സൗത്ത് ഏഷ്യന്‍ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപകന്‍, മാര്‍ക്കം മ്യൂസിക് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, എക്യുമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ടൊറന്റോയുടെ സെക്രട്ടറി തുടങ്ങിയ സമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഇപ്പോഴും സജീവമാണ്. 

സേവന മികവിന് അംഗീകാരമായി ബ്രിട്ടീഷ് രാജ്ഞിയുടെ സ്ഥാനാരോഹണ വജ്രജൂബിലോയനുബന്ധിച്ച് കാനഡയില്‍ നിസ്വാര്‍ഥ സേവനം നടത്തുന്നവര്‍ക്കായി നല്‍കിയ ജൂബിലി മെഡല്‍, മാര്‍ക്കം നഗരത്തില്‍ സാമൂഹ്യ പ്രതിബദ്ധതയോടെ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മേയറുടെ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്.

ജയശങ്കര്‍ താങ്കള്‍ എങ്ങനെയാണ് ഈ തിരഞ്ഞെടുപ്പിനെ നോക്കി കാണുന്നത്?

ജോബ്‌സണ്‍ഇത് മലയാളി വോട്ടര്‍മാര്‍ വളരെ കുറവുള്ള ഒരു മണ്ഡലമാണ്. ഇതുവരെ ഞാന്‍ എന്റെ പൊതുപ്രവര്‍ത്തനങ്ങളില്‍ കാണിച്ചിരുന്ന അതെ ആത്മാര്‍ഥതയും അര്‍പ്പണ മനോഭാവവും, ആത്മവിശ്വാസവും എന്റെ പ്രവര്‍ത്തനങ്ങളില്‍ ഇനിയും തുടരുന്നതാണ്. അതുകൊണ്ട് തന്നെ വിജയം കൈവരിക്കാന്‍ പറ്റും എന്ന് വിശ്വസിക്കുന്നു. കൂടാതെ ഒന്‍ടാരിയോവില്‍ ഇന്ന് നിലവിലുള്ള പത്തോളം വരുന്ന മലയാളി സംഘടനകളുടെ എല്ലാം സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. മറ്റു കമ്യൂണിറ്റിയില്‍ ഉള്ളവരുമായും വളരെ അടുത്ത സ്‌നേഹബന്ധമാണ് ഇത് വരെയും പുലര്‍ത്തി വന്നിട്ടുള്ളത്. കൂടാതെ ഇതുവരെയുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും ശുഭ പ്രതീക്ഷയാണ് ഉള്ളത്.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ജയശങ്കര്‍ കേരള രാഷ്ട്രീയത്തെ പറ്റി എന്താണ് താങ്കളുടെ അഭിപ്രായം ?

ജോബ്‌സണ്‍ഇപ്പോള്‍ അതിനെ പറ്റി പറയുവാനുള്ള ഒരു അവസരം അല്ല എങ്കില്‍ കൂടി ഒരു കാര്യം മാത്രം സൂചിപ്പിക്കട്ടെ. ഇന്ത്യയിലെ സാക്ഷരതയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. സാക്ഷരത ഉണ്ട് എന്ന് അവകാശപ്പെടുകയും അതേ സമയം തന്നെ സ്വന്തം മണ്ണിന്റെ പേരിനു കളങ്കം ചാര്‍ത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ആണ് നിയമസഭയിലും മറ്റും നടന്ന കോലാഹലങ്ങളിലൂടെ രാഷ്ട്രീയ പാര്‍ട്ടികള്‍ കാഴ്ച്ചവയ്ക്കുന്നത്. ഹര്‍ത്താല്‍, പൊതുമുതല്‍ നശിപ്പിക്കുക എന്നിങ്ങനെയുള്ള പ്രവണതകള്‍ മാറേണ്ടിയിരിക്കുന്നു.

ജയശങ്കര്‍താങ്കളുടെ ഈ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ ഭാര്യ ഇന്ദുവിന്റെ പിന്തുണ?

ജോബ്‌സണ്‍തുറന്നു പറയാമല്ലോ, എന്റെ ജീവിതത്തിലെ എല്ലാ വിജയങ്ങള്‍ക്കു പിന്നിലും എന്റെ ഭാര്യയുടെയും കുടുംബത്തിന്റെയും പ്രാര്‍ഥനയും, പ്രോത്സാഹനവും എല്ലായ്‌പോഴും ലഭിച്ചിട്ടുണ്ട്. അല്ലെങ്കില്‍ തികച്ചും സാധാരണക്കാരനായി കാനഡയില്‍ കുടിയേറിയ ഞങ്ങള്‍ക്കിങ്ങനെ ഒരു സൗഭാഗ്യം ഉണ്ടാവുകയില്ലല്ലോ. 20 വര്‍ഷം മുന്‍പ് ഞങ്ങള്‍ കാനഡയില്‍ വരുമ്പോള്‍ ഉള്ളതിനെക്കാളും എല്ലാം എത്രയോ കാതം കാനഡ മുന്നോട്ടു പോയിരിക്കുന്നു. പിന്നെ ഒന്ന് നാട്ടിലെ ശൈലികള്‍ മറന്നു പുതിയ ഒരു സാംസ്‌കാരിക ചുറ്റുപാടുമായി പൊരുത്തപ്പെട്ടു പോകാന്‍ മനസ്സിനെ പാകപ്പെടുത്തി എടുക്കാന്‍ ദൈവ കൃപ കൊണ്ട് സാധിച്ചു. മലയാളത്തെയും, കേരളത്തെയും മറക്കാതെ ആ ഒരു വീക്ഷണ മനോഭാവം ഇപ്പോഴും ജീവിതത്തില്‍ തുടരാനും സാധിക്കുന്നു.

ജയശങ്കര്‍താങ്കള്‍ക്ക് എന്താണ് പുതുതായി കാനഡയില്‍ കുടിയേറ്റക്കാരായി വരുന്ന മലയാളികളോട് പറയാനുള്ളത്?

ജോബ്‌സണ്‍പുതുതായി വരുന്ന മലയാളികളോട് എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളൂ. സാംസ്‌കാരിക കേരളത്തിന്റെ വക്താക്കളായിട്ടാണ് നാം കാനഡ പോലുള്ള വിഭിന്ന രീതിയിലുള്ള ഒരു രാജ്യത്തേക്ക് കുടിയേറി പാര്‍ക്കുന്നത്. ഇവിടത്തെ നല്ല കാര്യങ്ങള്‍ മാത്രം സ്വീകരിക്കുവാനും, മറ്റു കമ്മ്യൂണിറ്റിയില്‍പ്പെട്ടവരെ ജാതി, മത, ഭാഷാ വ്യത്യാസമില്ലാതെ കാണുവാനും ഉള്ള മനസ്സ് നമുക്ക് ആദ്യം ഉണ്ടാവണം. നല്ലത് കാണുമ്പോള്‍ അത് നല്ലതാണ് എന്ന് പറയുന്നതിനും പ്രശംസിക്കുന്നതിനും ഉള്ള കഴിവ് നാം സമ്പാദിക്കുകയും പ്രകടിപ്പിക്കുകയും വേണം.

(ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ് പ്രസിഡന്റാണ് ജയശങ്കര്‍ പിള്ള)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

This post was last modified on July 15, 2015 8:34 am