X

പീഡനക്കേസില്‍ മുന്‍ മന്ത്രിക്ക് ജാമ്യം അനുവദിച്ച ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്തു

അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ച് പ്രജാപതിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കുകയും ചെയ്തു

പീഡനക്കേസില്‍ പ്രതിയായ മുന്‍ മന്ത്രിയും സമാജ്‌വാദി പാര്‍ട്ടി നേതാവുമായ ഗായത്രി പ്രജാപതിക്ക് ജാമ്യം അനുവദിച്ച് ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്തു. ഹൈക്കോടതി അഡ്മിനിസ്‌ട്രേഷന്‍ ആണ് ജഡ്ജിയെ സസ്‌പെന്‍ഡ് ചെയ്തത്. ഇദ്ദേഹത്തിനെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്.

അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ച് പ്രജാപതിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കുകയും ചെയ്തു. പോസ്‌കോ കോടതിയാണ് ഇയാള്‍ക്ക് ജാമ്യം നല്‍കിയിരുന്നത്. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് മുന്‍ മന്ത്രികൂടിയായ ഗായത്രി പ്രജാപതിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്.

സുപ്രിംകോടതി ഉത്തരവ് പ്രകാരം മാര്‍ച്ച് 15ന് ലക്‌നൗവില്‍ നിന്നും അറസ്റ്റിലായ പ്രജാപതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. പിന്നീട് ഇദ്ദേഹത്തെ നുണപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. എന്നാല്‍ കേസ് രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു ഇദ്ദേഹം അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചത്.

ഫെബ്രുവരി 17നാണ്49കാരനായ ഇദ്ദേഹം മറ്റ് ആര് പേരും ചേര്‍ന്ന് ഒരു യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയതായും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായും എഫ്‌ഐആര്‍ രജസിറ്റര്‍ ചെയ്തത്. 2014 ഒക്ടോബര്‍ മുതല്‍ 2016 ജൂലൈ വരെ താന്‍ ഇവരുടെ പീഡനത്തിന് ഇരയാകുന്നതായാണ് യുവതി മൊഴി നല്‍കിയത്. ഈ പരാതിയിലാണ് തന്റെ മകളെ പീഡിപ്പിക്കാനും ശ്രമം നടന്നതായി പറയുന്നത്. 2016 ഒക്ടോബര്‍ 26നാണ് ഇവര്‍ ഡിജിപിക്ക് കത്തയച്ചത്.

പ്രജാപതിക്കെതിയുടെ പാസ്‌പോര്‍ട്ട് റദ്ദാക്കിയ പോലീസ് ഇദ്ദേഹത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസും ജാമ്യമില്ലാ വാറന്റും പുറപ്പെടുവിച്ചു. ഇയാള്‍ രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രതയാണ് പുലര്‍ത്തിയിരുന്നു. 2016ല്‍ സാമാജ്‌വാദി പാര്‍ട്ടിയിലുണ്ടായ അഭിപ്രായഭിന്നതയെ തുടര്‍ന്ന് അപ്പോഴത്തെ മുഖ്യമന്ത്രി അഖിലേഷ് യാദവ് മന്ത്രിസഭയില്‍ നിന്നും പ്രജാപതിയെ പുറത്താക്കുകയായിരുന്നു.

This post was last modified on April 29, 2017 11:44 am