X

ചീഫ് ജസ്റ്റിസിനെതിരായ അന്വേഷണം; ചന്ദ്രചൂഡിന്റെ വിമര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, അന്വേഷണത്തില്‍ ജഡ്ജിമാര്‍ക്കിടയില്‍ വ്യാപക പരാതിയെന്ന് സൂചന

അന്വേഷണ സമിതിയില്‍ പുറത്തുനിന്നുള്ള അംഗം കൂടി വേണമെന്ന് ആവശ്യം

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗിക പീഡനാരോപണത്തെക്കുറിച്ച് സുപ്രീം കോടതി നടത്തുന്ന ആഭ്യന്തര അന്വേഷണത്തെക്കുറിച്ച് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നടത്തിയ വിമര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അന്വേഷണത്തിന്റെ രീതികളില്‍ വിമര്‍ശനമുന്നയിച്ച് എഴുതിയ കത്തിനെ തുടര്‍ന്ന് അതിന്റെ വിശദാംശങ്ങളാണ് ചന്ദ്രചൂഡ് അന്വേഷണ കമ്മീഷന്‍ തലവന്‍ ജസ്റ്റിസ് ബോബ്ദെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ജസ്റ്റിസ് ആര്‍ എസ് നരിമാനും ചന്ദ്രചൂഡും സമിതി അംഗങ്ങളെ കണ്ടുവെന്ന വാര്‍ത്ത ഇന്നലെ സുപ്രീം കോടതി നിഷേധിച്ചിരുന്നു. എന്നാല്‍ കൂടിക്കാഴചയ്ക്ക് മുമ്പ് ഈ മാസം രണ്ടാം തീയതി ചന്ദ്രചൂഡ് സമിതിക്ക് കത്തയച്ചുവെന്ന വാര്‍ത്തയെക്കുറിച്ച് സുപ്രീം കോടതി ഒന്നും പറഞ്ഞിരുന്നില്ല. ഈ കത്തിലെ വിശദാംശങ്ങള്‍ ഇന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

അന്വേഷണത്തെക്കുറിച്ചുള്ള ആക്ഷേപങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഫുള്‍ കോര്‍ട്ട് വിളിക്കണമെന്നാണ് ചന്ദ്രചൂഡ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനവും ഉണ്ടായിട്ടില്ലെന്നാണ് സൂചന. ചീഫ് ജസ്റ്റിസിനെതിരായ പരാതി അന്വേഷിക്കുന്ന സമിതിയില്‍ സുപ്രീം കോടതിയില്‍നിന്ന് പുറത്തുള്ള ആളെ ഉള്‍പ്പെടുത്തണമെന്നതാണ് ചന്ദ്രചൂഡ് മുന്നോട്ടുവെച്ച മറ്റൊരു ആവശ്യം. ഇതിലേക്ക് വിരമിച്ച മൂന്ന് സുപ്രീം കോടതി വനിതാ ജഡ്ജിമാരുടെ പേരും ചന്ദ്രചൂഡ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. റിട്ട. ജസ്റ്റിസുമാരായ റുമാ പാല്‍, സുജാത മനോഹര്‍, രഞ്ജന ദേശായി എന്നിവരുടെ പേരുകളാണ് ചന്ദ്രചൂഡ് മുന്നോട്ടുവെച്ചത്.

അതിനിടെ ചീഫ് ജസ്റ്റിസിനെതിരായ ആരോപണം അന്വേഷിക്കുന്ന സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ചന്ദ്രചൂഡ് ഉന്നയിച്ചത് വ്യക്തിപരമായ വിമര്‍ശനമല്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സുപ്രീം കോടതിയിലെ 17 ജഡ്ജിമാരുമായി കൂടിയാലോചിച്ചതിന് ശേഷമാണ് ഇത്തരത്തില്‍ ഒരു കത്തെഴതിയതെന്നാണ് റിപ്പോര്‍ട്ട്. ചീഫ് ജസ്റ്റിസിന് പുറമെ 22 ജഡ്ജിമാരാണ് സുപ്രീം കോടതിയില്‍ ഇപ്പോഴുള്ളത്.

ചീഫ് ജസ്റ്റിസിനെതിരായ ആരോപണത്തെക്കുറിച്ചുള്ള അന്വേഷണം സുപ്രീം കോടതിയുടെ വിശ്വാസ്യതയെ സംബന്ധിച്ച് വളരെ പ്രധാനമാണെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡ് കത്തില്‍ പറയുന്നത്. ജനങ്ങള്‍ വലിയ വിശ്വാസമാണ് കോടതിയില്‍ രേഖപ്പെടുത്തുന്നത്. പരാതിക്കാരി ഉന്നയിച്ച എല്ലാ ആക്ഷേപങ്ങളിലും പരിഹാരം ഉണ്ടാക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.

അഭിഭാഷകയെ അനുവദിച്ചില്ല, സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ റിക്കോര്‍ഡ് ചെയ്യണമെന്ന ആവശ്യം അനുവദിച്ചില്ല, തന്റെ മൊഴിയുടെ പകര്‍പ്പ് നല്‍കിയില്ല തുടങ്ങിയ കാര്യങ്ങള്‍ ഉന്നയിച്ചാണ് പരാതിക്കാരി അന്വേഷണവുമായി സഹകരിക്കില്ലെന്ന് പറഞ്ഞത്. പരാതിക്കാരിയുടെ പിന്മാറ്റമാണ് സമിതിയുടെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച വിമര്‍ശനം ഉണ്ടാക്കിയത്. അതിനിടെ സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതി പരസ്യപ്പെടുത്തില്ലെന്നാണ് സൂചന. റിപ്പോര്‍ട്ട് സുപ്രീം കോടതിയുടെ ഫുള്‍ കോര്‍ട്ടിന് മുന്നില്‍ സമര്‍പ്പിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

This post was last modified on May 6, 2019 11:33 am