X

ബാബുവിന് കുരുക്കിട്ട് കഴിഞ്ഞു; മുറുക്കാന്‍ ജേക്കബ് തോമസിനെ അനുവദിക്കുമോ എന്നാണറിയേണ്ടത്

കെ എ ആന്റണി

മുന്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ അനധികൃത സ്വത്തു സമ്പാദനത്തിന്റെ പേരില്‍ വിജിലന്‍സ് റെയ്ഡ് നടക്കുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ബാബുവിനെതിരേ ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ആരോപണവും കേസും തുടര്‍ന്നൊരു രാജിയും തിരിച്ചെടുപ്പും ഉണ്ടായിരുന്നതിനാല്‍ ഈ വാര്‍ത്തയ്ക്ക് പൊതുജനം അമിതപ്രാധാന്യം നല്‍കാന്‍ ഇടയില്ല. കേസുകള്‍ വരും പോകും, വന്നപോലെ പോകും എന്ന രീതിയിലായിരുന്നല്ലോ നാം കണ്ട കേരളം.

ഇത്തവണ കാര്യങ്ങള്‍ അങ്ങനെയൊന്നും ആയിരിക്കില്ല എന്നു പ്രത്യാശിക്കുന്നവരുമുണ്ട്. കള്ളന്മാര്‍ പിടിക്കപ്പെടണം, തുറങ്കിലടക്കപ്പെടണം എന്നൊക്കെയാഗ്രഹിക്കുന്ന ഒരു വലിയ ജനസമൂഹത്തില്‍ നിന്നു തന്നെയാണ് ഇത്രമേല്‍ കള്ളന്മാരും തട്ടിപ്പുകാരും ഉദയം ചെയ്യുന്നത്. അങ്ങനെയുള്ള വര്‍ത്തമാന കാലഘട്ടത്തില്‍ പടനിലങ്ങളിലേക്കു പോകണമോ അതോ ബാങ്ക് കൊള്ളയോ മെച്ചമെന്നു ചിലരെങ്കിലുമൊക്കെ ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാവും.

ഇത്തരമൊരു ദുഷ്ചിന്താക്കാലത്താണ് പെരുങ്കള്ളന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട കെ ബാബുവിനെതിരെ വിജിലന്‍സ് കേസ് എടുക്കുന്നതും റെയ്ഡ് നടത്തുന്നതും. മുന്‍ എക്‌സൈസ് മന്ത്രിയായിരുന്ന കെ ബാബു ബാര്‍ പ്രശ്‌നത്തില്‍ എടുത്ത ഇരട്ടത്താപ്പ് പണ്ടേ കുപ്രസിദ്ധമാണ്. പരസ്യമായല്ലെങ്കിലും കെഎം മാണിപോലും അക്കാര്യം ഉന്നയിച്ചാണ് യുഡിഎഫ് പാളയം വിട്ടത്. യുഡിഎഫ് വിട്ട മാണിസാര്‍ വല്ലാത്തൊരു വശക്കേടിലാണ്. ബിജെപിയിലേക്കോ എല്‍ഡിഎഫിലേക്കോ ഒരു പകര്‍ന്നാട്ടം നടത്താന്‍ കേസുകള്‍ വിഘാതമാകുന്നു. തുടക്കത്തില്‍ കള്ളുമാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ തൊട്ടുപിന്നാലെ തന്നെ വന്നു കോഴിക്കടത്തും ആയുര്‍വേദ ലൈസന്‍സും. എവിടേക്കു തിരിയണമെന്നറിയാതെ നട്ടംതിരിഞ്ഞു നില്‍ക്കുകയാണ് പാലാക്കാരന്‍ കാരിങ്കോഴയ്ക്കല്‍ മാണി മാണി എന്ന കെഎം മാണി. അതിനിടയിലാണ് ചരമവും കല്യാണവും ഗീര്‍വാണമാക്കി നടന്ന കെ ബാബുവിന് തൃപ്പൂണിത്തുറയില്‍ ഉണ്ടായ അവിചാരിത പരാജയം. വടക്കുനിന്നൊരാള്‍ വന്നു തന്നെ വീഴ്ത്തുമെന്ന് ബാബു സ്വപ്‌നേപി വിചാരിച്ചിരുന്നില്ല. എം സ്വരാജ് എന്ന ഡിവൈഎഫ്‌ഐ നേതാവിന്റെ ചങ്കൂറ്റം കണ്ടിട്ടു മാത്രമാകണമെന്നില്ല ബാബുവിന്റെ പതനം. തമസ്‌കരിക്കപ്പെടേണ്ടവരെ ജനം കണ്ടുപിടിച്ചു തമസ്‌കരിക്കും എന്ന കാര്യം ബാബുവിനും സ്വരാജിനും ഒരേപോലെ ഇണങ്ങും.

അസംബ്ലിയിലെ കന്നി പ്രസംഗത്തില്‍ സ്വരാജ് ബൈബിള്‍ വാക്യങ്ങള്‍ ഉദ്ധരിച്ചുകണ്ടു. എതിരാളികളെ ഒന്നിരുത്താന്‍ ഏതു ബൈബിള്‍ വാക്യങ്ങളും ഉപകരിക്കും. അതിനുമപ്പുറം സ്വരാജ് അവിടെയുണ്ടോ എന്നു ചില പ്രസ്താവനകളില്‍ നിന്നും സംശയം ദ്യോതിപ്പിക്കുന്നു.

ഇതിലെ തമാശ ഇതല്ല. ഒരുഭാഗത്ത് മാണിക്കെതിരെ അന്വേഷണം നടക്കുന്നു. യുഡിഎഫ് വിട്ട മാണിക്കൊപ്പം പെട്ടെന്നൊരുനാള്‍ ഒന്നുമല്ലാതായിപ്പോയ കോണ്‍ഗ്രസ് മന്ത്രി ബാബുവിനെതിരെയും അന്വേഷണം പുരോഗമിക്കുന്നു. ഇന്നു നടന്ന റെയ്ഡ് സൂചിപ്പിക്കുന്നത് അതുതന്നെയാണ്. കിണ്ണംകട്ടവരെ കണ്ടുപിടിച്ചേ അടങ്ങൂ എന്ന വാശിതന്നെയാണ് ഇത്തരം നടപടികള്‍ക്കു പിന്നില്‍ എന്നു ചിന്തിക്കുന്നതാണ് ഉചിതം.

‘പാറക്കെട്ടുകളില്‍ വസിക്കുകയും ഗിരിശൃംഗങ്ങളെ കീഴടക്കിയും ചെയ്ത നീ അന്യരില്‍ ഉയര്‍ത്തിയ ഭീതിയും നിന്റെ ഗര്‍വും നിന്നെ വഞ്ചിച്ചു. നീ കഴുകനെപ്പോലെ ഉയരത്തില്‍ കൂടുവെച്ചാലും നിന്നെ ഞാന്‍ താഴെയിറക്കും’. പഴയനിയമത്തില്‍ ജെറേമിയ പ്രവാചകന്റെ പുസ്തകത്തില്‍ നിന്നുള്ള വായനയാണിത്. ഇതേ വാക്യങ്ങള്‍ മോഹന്‍ലാല്‍ നായകനായ ഒളിമ്പ്യന്‍ അന്തോണി ആദം എന്ന സിനിമയിലും കേട്ട് കൈയടിച്ച പ്രേക്ഷകര്‍ ഒരുപാടാണ്. പലവിശ്വാസങ്ങളില്‍ വിശ്വസിക്കുന്നവര്‍.

എല്ലാവര്‍ക്കും അറിയേണ്ടത് ആരാണ് യഥാര്‍ത്ഥ കുറ്റവാളി എന്നതാണ്. ബിജു രമേശിന്റെ പരാതി തട്ടിക്കളഞ്ഞ പഴയൊരു വിജിലന്‍സ് സംവിധാനം ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ പുതിയൊരു സംവിധാനം വന്നിരിക്കുന്നു. ആരെങ്കിലുമൊക്കെ കൃത്യമായൊന്ന് അന്വേഷിച്ച് ഈ വന്‍ പറവകളെ ഒന്നുതാഴെയിറക്കിയാല്‍ കേരളത്തിന് വലിയ ലാഭം കിട്ടുമെന്നൊന്നും കരുതുന്നില്ലെങ്കിലും ഒരുപാട് നന്നായിരിക്കും എന്നു തോന്നുന്നു.

വിജിലന്‍സ് തലപ്പത്തേക്ക് എത്തിയ ജേക്കബ് തോമസ് എത്രകണ്ട് ബൈബിള്‍ വായനക്കാരനാണെന്നറിയില്ല. അങ്ങനെയൊരാള്‍ ഉണ്ടായിരുന്നു പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍; ഡോക്ടര്‍ അലക്‌സാണ്ടര്‍ ജേക്കബ്. ബൈബിള്‍ വായനയ്ക്കും പ്രഭാഷണത്തിനും അപ്പുറം തിരിയണഞ്ഞു കൊണ്ടിരുന്ന മൃദംഗശൈലേശ്വരി ക്ഷേത്രത്തിനു പുതുവെളിച്ചം പകര്‍ന്ന അലക്‌സാണ്ടര്‍ ജേക്കബിനൊപ്പം എത്തുമോ ജേക്കബ് തോമസ് എന്നകാര്യത്തിലും ചിലര്‍ക്കെങ്കിലും ശങ്കയുണ്ടായേക്കാം.

അത്തരം ശങ്കകള്‍ അസ്ഥാനത്തു തന്നെയാണെന്നതാണ് മറുകുറി കുറിക്കാന്‍ ഉമ്മന്‍ ചാണ്ടിയോ വി എം സുധീരനോ തത്കാലം മുതിരാത്തത് എന്നതുകൊണ്ടു തന്നെ ചിലകാര്യങ്ങള്‍ കൂടി നമുക്ക് ഉറപ്പിക്കാം. എവിടെയൊക്കെയോ എന്തൊക്കെയോ വീഴ്ച്ചകള്‍ വന്നിട്ടുണ്ട്. ആരും പൂര്‍ണര്‍ അല്ലല്ലോ എന്ന സ്വതസിദ്ധമായ ചിരിയോടെ ഇനിയാര്‍ക്കും ഇരിക്കാനാവില്ല എന്ന ഒരുകാലം വന്നുകഴിഞ്ഞൂവെന്ന് ഡല്‍ഹി രാഷ്ട്രീയം പോലും ബോധ്യപ്പെടുത്തി കൊണ്ടിരിക്കുമ്പോള്‍ ആര് ആരെ വിശ്വസിക്കണമെന്ന ചോദ്യം പ്രസക്തമാവുകയാണ്.

ജേക്കബ് തോമസ് കുറ്റമറ്റ ഒരു അന്വേഷകനാണ്. അദ്ദേഹത്തിന്റെ അന്വേഷണങ്ങള്‍ കൊള്ളേണ്ടിടങ്ങളിലേക്കു തന്നെയാണ് ചെന്നെത്തുന്നത്. കുറ്റരഹിതമായ അന്വേഷണങ്ങളെ അട്ടിമറിച്ച സ്വഭാവം കേരളത്തിനും കേരളം ഭരിച്ച മുഖ്യമന്ത്രിമാര്‍ക്കും നാളിതുവരെ ഉണ്ടായിട്ടുണ്ട്. രാജന്‍കേസ് തന്നെ പ്രധാന ഉദാഹരണം. പിണറായി മുഖ്യമന്ത്രിയെങ്കിലും മാറി നിന്നൊന്നു ചിന്തിച്ചാല്‍ വര്‍ക്കല വിജയനും രാജനും ഒക്കെ ഒരുപാട് ശാന്തി ലഭിക്കും. അസംതൃപ്തരാകുമ്പോഴാണ് ഒരു ജനത കലാപത്തിന് ഇറങ്ങിപ്പുറപ്പെടുന്നത്. ഇത് അറിയാത്ത ആളല്ലല്ലോ മുഖ്യമന്ത്രിയും. പണിമുടക്ക് ആഹ്വാനം ചെയ്ത് സര്‍ക്കാര്‍ കാറില്‍ എകെജി സെന്ററിലേക്കും പിന്നീട് എയര്‍പോര്‍ട്ടിലേക്കും പുറപ്പെടേണ്ട ഗതികേടും സ്‌കൂളുകളില്‍ ക്ലാസ് എടുക്കും എന്ന പ്രഖ്യാപനം നടത്തി പിന്‍വാങ്ങേണ്ടി വരുന്ന ഗതികേടും ഒരു ഗവണ്‍മെന്റിനു ഭൂഷണമല്ലെന്ന് തിരിച്ചറിയേണ്ട കാലം വൈകിയിരിക്കുന്നു.

 

ഓര്‍മകളും ഓരങ്ങളും ചേര്‍ന്നു നില്‍ക്കുന്ന പഴയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചേരുവകള്‍ വെറും ലായിനിയായി മാറുമ്പോള്‍ അങ്ങു ക്യൂബയില്‍ പുതിയൊരു മാറ്റം നടക്കുകയാണ്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന മതില്‍ക്കെട്ടുകള്‍ പൊളിയുന്നതിന്റെ ബാക്കിപത്രം പിണറായിയും കേരളത്തില്‍ ഏറ്റെടുക്കുന്നു. അതിനെ നിലനില്‍പ്പിന്റെ രാഷ്ട്രീയമായി ഇതെഴുതുന്ന ആളും കാണുന്നു. എന്നു കരുതി കള്ളന്മാരെന്നു നമ്മള്‍ കണ്ടെത്തുകയും പ്രഖ്യാപിക്കുകയും ചെയ്തവര്‍ക്കെതിരെ വേണ്ടാത്ത ന്യായവിധികള്‍ സാധ്യമാവാതിരിക്കട്ടെ എന്ന് വോട്ട് ചെയ്തു വിജയിപ്പിച്ച ആളുകള്‍ വിചാരിച്ചാല്‍ എത്രകണ്ടു താങ്കള്‍ ഇതിനോട് പ്രതികരിക്കും എന്നാണ് ഒരു പഴയ കമ്യൂണിസ്റ്റ് സഖാവ് ഈ ലേഖകനോട് ചോദിച്ചത്. ന്യായവാദങ്ങളാകാം, ആക്രാന്തവും ആക്രോശങ്ങളും ഭരണാര്‍ത്തി പൂണ്ടവരുടെ സ്വന്തം ജല്‍പ്പനങ്ങളാകുമ്പോള്‍ പാവം ജേക്കബ് തോമസ് നടത്തുന്ന അന്വേഷണങ്ങള്‍ എവിടെവരെ എത്തും എന്നറിയാന്‍ കേരളജനതയ്ക്ക് ആഗ്രഹമുണ്ട്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

This post was last modified on September 3, 2016 3:11 pm