X

കെ ബാലചന്ദര്‍: ഒരു തുടര്‍ക്കഥ

പി കെ ശ്രീനിവാസന്‍

(നൂറിലധികം ചിത്രങ്ങള്‍ സംവിധാനം ചെയ്ത തമിഴ് സിനിമയിലെ അതുല്യപ്രതിഭാശാലി കെ ബാലചന്ദര്‍ ഡിസംബര്‍ 23 നു അന്തരിച്ചു)

ഉലകം ചൂറ്റും വാലിബന്മാരും വീരപാണ്ടി കട്ടബൊമ്മന്മരും തങ്ങളുടെ മനസ്സിനെ ആക്രമിച്ച് നിലംപരിശാക്കി ഏറെക്കാലം കഴിഞ്ഞ ശേഷമാണ് സിനിമയുടെ ചന്ദ്രനില്‍ ജീവജലമുെണ്ടന്ന് തമിഴ്ജനത തിരിച്ചറിയുന്നത്.
അതിനു കാരണക്കാരനാകട്ടെ തഞ്ചാവൂര്‍ നല്ലംകുടി നാനിലത്തുകാരനായ കൈലാസം ബാലചന്ദ്രര്‍ എന്ന കെ ബാലചന്ദറും. കച്ചവടത്തിന്റെ വളക്കൂറുള്ള തമിഴകത്തെ മണ്ണില്‍ സിനിമയുടെ വിത്തുവിതച്ച് നൂറുമേനി
കൊയ്യുന്നവര്‍ തേരോടിക്കുന്ന കാലത്താണ് ബാലചന്ദര്‍ നാടകത്തിന്റെ നെടുംപുരയിലൂടെ സിനിമയുടെ തിരുവരങ്ങിലെത്തി പ്രേക്ഷകരെ അമ്പരപ്പിക്കുന്നത്. അതുവരെ കണ്ട കഥയും കഥാപാത്രങ്ങളും തലകുത്തി
വീഴുന്ന വിധത്തിലുള്ള വിഷയങ്ങളേയും കഥാപാത്രങ്ങളേയുമാണ് ഈ സംവിധായകന്‍ തന്റെ തൂലികത്തുമ്പില്‍ നിന്ന് കോടമ്പാക്കത്തിന്റെ സ്റ്റുഡിയോ ഫ്‌ളോറുകളിലേയ്ക്ക് തേരോടിച്ചുവിട്ടത്. സിനിമ കലയേക്കാള്‍ കച്ചവടത്തിന്റെ മൂടുപടത്തില്‍ വിലയിക്കുന്ന കാലത്താണ് ബാലചന്ദ്രര്‍ പുതിയൊരു ആസ്വാദനഭാവുകത്വത്തിന്റെ ദീപശിഖയുമായി ചലച്ചിത്രക്കൂട്ടായ്മയുടെ തിരുമുറ്റത്ത് വന്നിറങ്ങുന്നത്, കയറിവരുന്നത്.

ബാലചന്ദറിനു സിനിമ എന്നും ആശയങ്ങളുടെ വന്‍തുരുത്തുകളാണ് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. സാധാരണക്കാരുടെ ജീവിതത്തിന്റെ ഉള്‍ത്തുടുപ്പുകളില്‍ നിന്ന് അദ്ദേഹം കഥകള്‍ കെണ്ടത്തി. പുണ്യപുരാണകഥകള്‍ നാടകരൂപങ്ങളായി വേദികള്‍ തെന്നി ഉലയുമ്പോഴാണ് ചടുലങ്ങളായ സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളുമായി ബാലചന്ദര്‍ രംഗത്തെത്തുന്നത്. ഏറെ താമസിയാതെ പുരാണകഥാപാത്രങ്ങളുടെ വര്‍ണ്ണത്തൊപ്പികള്‍ ഇളകിത്തെറിച്ചു. എഴുപതുകളില്‍ തന്റെ പുതിയ തട്ടകമായി അദ്ദേഹം സിനിമ തെരഞ്ഞെടുത്തപ്പോള്‍ ഉള്ളടക്കത്തിന്റെ കരുത്ത് പ്രേക്ഷകര്‍ കണ്ടറിഞ്ഞിരുന്നു. അതുകൊണ്ടാകണം അദ്ദേഹത്തിന്റെ സൃഷ്ടകളെ അവര്‍ നെഞ്ചോടു ചേര്‍ത്തുവച്ചത്. ബാലചന്ദറിന്റെ കഥ പറച്ചില്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടിയപ്പോള്‍ അവ ദേശീയതലത്തില്‍ അംഗീകരിക്കപ്പെട്ടു. 

മധ്യവര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ കഥകളാണ് ബാലചന്ദറിന്റെ ശക്തിയായി പരിണമിച്ചത്. ആലംബമില്ലാത്ത സ്ത്രീകള്‍ സമൂഹത്തില്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ മനസ്സില്‍ തട്ടുന്ന വിധത്തില്‍, ആത്മാര്‍ത്ഥതയോടെ പറയാന്‍ ഈ സംവിധായകന്‍ ശ്രദ്ധിച്ചിരുന്നു. തന്റെ സ്ഥാനം നിലനിര്‍ത്താന്‍ പാടുപെടുന്ന നിരവധി സ്ത്രീകളെ നമുക്ക് ബാലചന്ദറിന്റെ ചിത്രങ്ങളില്‍ കാണാം. അതിലൊന്നാണ് അവള്‍ ഒരു തുടര്‍ക്കഥ (1974). സുജാത അവതരിപ്പിച്ച് ആ ചിത്രത്തിലെ കഥാപാത്രം തമിഴ് സിനിമയുടെ നെടുംശാലകളില്‍ ചര്‍ച്ചാവിഷയമായി. മാത്രമല്ല അതിനു ശേഷമുള്ള സിനിമയുടെ കഥാപാത്രസങ്കല്‍പ്പത്തെ അത് മാറ്റിമറിക്കുകയും ചെയ്തു. 1973 ല്‍ ബാലചന്ദര്‍ സംവിധാനം ചെയ്ത അരങ്ങേറ്റത്തില്‍ ബ്രാഹ്മണകുടുംബത്തിലെ അപചയത്തെക്കുറിച്ചായിരുന്നു അദ്ദേഹം വാചാലാനായത്. താന്‍ ജനിച്ച സമുദായത്തെക്കുറിച്ചായപ്പോള്‍ അത് വിമര്‍ശനങ്ങള്‍ക്കിടയായി. പല തലങ്ങളില്‍ നിന്നും അദ്ദേഹത്തിനെതിരെ കുന്തമുനകള്‍ ഉയര്‍ന്നു. എന്നാല്‍ കഥപറച്ചില്‍ രീതിയെ ആര്‍ക്കും കുറ്റപ്പെടുത്താന്‍ കഴിഞ്ഞില്ല. പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച ലളിതയെന്ന ബ്രാഹ്മണ യുവതി തന്റെ എട്ടു സഹോദരങ്ങളെ വളര്‍ത്താന്‍ ജോലിക്കിറങ്ങുകയാണ്. എന്നാല്‍ ജോലിയില്‍ നിന്നുള്ള വരുമാനം മതിയാകാതെ വന്നപ്പോള്‍ വ്യഭിചാരത്തിന്റെ ഇരു വഴികളിലേക്ക് ലളിത ഇറങ്ങിച്ചെല്ലേണ്ടിവരുന്നു. കഷ്ടപ്പാടിലൂടെ തന്റെ സഹോദീസഹോദരങ്ങളെയൊക്കെ മികച്ച ജീവിതത്തിലേക്ക് അവള്‍ കൈപിടിച്ചുയര്‍ത്തി വിടുന്നു. പക്ഷേ തങ്ങളുടെ സഹോദരി സഞ്ചരിച്ച ഇരുവഴികളെക്കുറിച്ചറിയുമ്പോള്‍ സഹോദരങ്ങള്‍ ലളിതയെ നിന്ദ്യമായി അടിച്ചുപുറത്താക്കുന്നു. അരങ്ങേറ്റത്തിന്റെ ഇതിവൃത്തം അന്ന് ഏറെ ഒച്ചപ്പാടുണ്ടാക്കി. ഇത്തരത്തിലൊരു കഥ പറച്ചില്‍ തമിഴ് സമൂഹം അംഗീകരിക്കുന്നതായിരുന്നില്ല. പക്ഷേ ചിത്രം ബോക്‌സോഫീസില്‍ വന്‍വിജയം നേടി. പ്രമീള, ശിവകുമാര്‍, എസ് വി സുബ്ബയ്യ, കമലഹാസ്സന്‍, എം എന്‍ രാജം, ജയചിത്ര, ജയസുധ, ശശികുമാര്‍ തുടങ്ങിയ ഒരു പറ്റം നടീനടന്മാര്‍ അരങ്ങറ്റത്തലൂടെ അരങ്ങില്‍ ശ്രദ്ധിക്കപ്പെട്ടു. കമലഹാസനു പ്രായപൂര്‍ത്തിയായ കഥാപാത്രം ലഭിക്കന്നത് ഈ ചിത്രത്തിലാണ്. അത്തരത്തിലൊരു വിഷയമായിരുന്നു മനതില്‍ ഉറുതി വേും (1987) എന്ന ചിത്രവും. അതുവരെയുള്ള പ്രണയകഥാസങ്കല്‍പ്പത്തെ മാറ്റിമറിക്കുന്നതായിരുന്നു 1973 ല്‍ പുറത്തുവന്ന സൊല്ലത്താന്‍ നിനൈക്കിറേന്‍. ശ്രീവിദ്യ, ശുഭ, ജയസുധ എന്നിവരെ മുന്‍നിരയില്‍ നിര്‍ത്തി സംവിധാനം ചെയ്ത ചിത്രത്തില്‍ കമലഹാസ്സന്‍ നായകന്റെ വേഷത്തിലെത്തി. തികച്ചും വ്യത്യസ്തമായ ഇതിവൃത്തമായിരുന്നു ഇത്.

ബാലചന്ദറിന്റെ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കുന്നതായിരുന്നു വറുമയിന്‍ നിറം ശുവപ്പ് (1980), തണ്ണീര്‍തണ്ണീര്‍ (1981), അച്ചമില്ലെ അച്ചമില്ലെ (1984) തുടങ്ങിയ ചിത്രങ്ങള്‍. അഭ്യസ്തവിദ്യര്‍ അനുഭവിക്കുന്ന പട്ടിണിയുടേയും പരിവട്ടത്തിന്റേയും കഥ പറയുകയാണ് വറുമയിന്‍ നിറം ശുവപ്പില്‍. 1988 ലെ തെലുങ്ക് ചിത്രമായ രുദ്രവീണക്കായിരുന്നു ഏറ്റവും മികച്ച ദേശീയോദ്ഗ്രഥനത്തിനുള്ള നര്‍ഗീസ് അവര്‍ഡ് ലഭിച്ചത്. ഏറ്റവും മികച്ച സാമൂഹ്യപ്രശ്‌നം കൈകാര്യം ചെയ്ത ചിത്രമെന്ന നിലയക്ക് ഒരു വീട് ഒരു വാസലിനു 1990 ല്‍ അദ്ദേഹത്തിനു ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു. ജെമിനി ഗണേശന്റെ ഭാഗധേയം നിര്‍ണയിച്ചത് കെ ബാലചന്ദ്രര്‍ ആയിരുന്നു. ഇരുകോടുകള്‍ (1969) തുടങ്ങിയ നിരവധി ചിത്രങ്ങള്‍ അതിന് ഉദാഹരണമാണ്.

ഒരിക്കല്‍ പത്രപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ചോ രാമസ്വാമി പറഞ്ഞു, ‘അദ്ദേഹം നല്ലൊരു നടനാണ്. അതിനാലാണ് ശരാശരി നടന്മാരെ കണ്ടെത്തി ഉന്നത സ്ഥാനത്തെത്തിച്ചത്.’1965 ല്‍ പുറത്തിറങ്ങിയ നീര്‍ക്കുമിഴി മുതല്‍ 2006 ല്‍ അവസാനമായി സംവിധാനം ചെയ്ത പൊയ്ക്കാല്‍ക്കുതിരൈ വരെയുള്ള നൂറിലധികം ചിത്രങ്ങളിലൂടെ കെ ബാലചന്ദ്രര്‍ എന്ന അതുല്യ പ്രതിഭയുടെ തനിമ നാമറിയുന്നു. രജനീകാന്ത്, കമലഹാസ്സന്‍, സരിത, സുജാത, മോഹന്‍, പ്രകാശ് രാജ്, വിവേക് തുടങ്ങിയ നൂറിലധികം നടീനടന്മാരെ അദ്ദേഹം സിനിമയുടെ മുഖ്യധാരയിലേക്ക് വന്നു. കമല്‍ അദ്ദേഹത്തിന്റെ 36 ചിത്രങ്ങളില്‍ അഭിനയിച്ചു എന്നതു ചരിത്രസംഭവം. സംവിധാനമെന്ന പോലെ നിര്‍മ്മാണവും തനിക്കു വഴങ്ങുമെന്ന് അദ്ദേഹം തെളിയിച്ചു. മണിരത്തിനം ഇന്ത്യന്‍ സിനിമയിലേക്ക് കടന്നുവരാന്‍ കാരണം കെ ബാലചന്ദ്രര്‍ നിര്‍മ്മിച്ച റോജ ആയിരുന്നു. അദ്ദേഹത്തിനു ലഭിച്ച അവാര്‍ഡുകള്‍ തമിഴ്‌സിനിമയുടെ മികവിന്റെ അടിത്തറയായി മാറുന്നു. തമിഴ് സിനിമയുടെ തിരുമുറ്റത്ത് കെ ബാലചന്ദ്രര്‍ പടുത്തുയര്‍ത്തിയ നെടുംകോട്ട അതിശക്തമാണ, അനന്തമാണ്. ആസ്വാദനത്തിന്റെ പുസ്‌കതത്തില്‍ അദ്ദേഹം കുറിച്ചിട്ട തിരുവെഴുത്തുകള്‍ തമിഴ് സിനിമയുടെ ഭാവിയെ കാര്യമായ സ്വാധീനിക്കുമെന്നുറപ്പാണ്.

(മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

This post was last modified on December 24, 2014 7:41 pm