X

സര്‍ക്കാര്‍വക ലിംഗവിവേചനം അരുത്: കരിമ്പം ഫാമിലെ സ്ത്രീത്തൊഴിലാളികള്‍ സമരത്തില്‍

പ്രിയന്‍ അലക്സ്

കൃഷിവകുപ്പിന്റെ ഉടമസ്ഥതയിലുള്ള തളിപ്പറമ്പ് കരിമ്പം കൃഷി ഫാമിലെ സ്ത്രീത്തൊഴിലാളികള്‍ കഴിഞ്ഞ ആറ് ദിവസമായി രാപ്പകല്‍ സമരത്തിലാണ്. തളിപ്പറമ്പ ശ്രീകണ്ഠാപുരം പാതയോരത്താണ് സ്ത്രീക്കൂട്ടായ്മ രാപ്പകല്‍ സത്യാഗ്രഹത്തിലേര്‍പ്പെട്ടിട്ടുള്ളത്. മൂന്നാറിലെ സ്ത്രീസമരത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടല്ല സമരം, എന്നാല്‍ സ്ത്രീത്തൊഴിലാളികള്‍ നേരിടുന്ന ലിംഗവിവേചനം പരിഹരിക്കാന്‍ ട്രേഡ് യൂണിയനുകള്‍ ഇടപെടാന്‍ തയ്യാറാവാത്ത സാഹചര്യത്തില്‍ രാപ്പകല്‍ സമരത്തിലേക്ക് ഇവര്‍ നീങ്ങുകയായിരുന്നു. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളില്‍ വിശ്വസിക്കുന്ന കാഷ്വല്‍ തൊഴിലാളികളുടെ സ്ത്രീക്കൂട്ടായ്മ ഉയര്‍ത്തുന്ന പരാതി ഒരു സര്‍ക്കാര്‍ സ്ഥാപനം നടത്തുന്ന കൊടിയ തൊഴില്‍ ചൂഷണത്തിന്റെയും ലിംഗവിവേചനത്തിന്റെയും ദൃഷ്ടാന്തമാണ്. 

സ്ത്രീക്കൂട്ടായ്മ കണ്‍വീനര്‍ പി വി ലത പറയുന്നു: “കരിമ്പം ഫാമിലെ സ്ത്രീകളുടെ പരാതി മൂന്നാറിലെ പെമ്പിളെ ഒരുമൈയുടെയോ തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നില്ല. കാരണം ഇതൊരു സര്‍ക്കാര്‍ സ്ഥാപനത്തിന്റെ ചൂഷണത്തെക്കുറിച്ചാണ്. ആകെയുള്ള 128 തൊഴിലാളികളില്‍ 68 പേരാണ് സ്ത്രീത്തൊഴിലാളികള്‍. ശേഷിച്ച നാല്പത് പുരുഷത്തൊഴിലാളികളും സ്ഥിരം തൊഴിലാളികളാണ്. അവര്‍ക്ക് എല്ലാ സര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീത്തൊഴിലാളികള്‍ക്ക് മാസത്തില്‍ പത്തുദിവസം പോലും തൊഴിലില്ല. ഒരൊറ്റ സ്ത്രീത്തൊഴിലാളിപോലും സ്ഥിരമല്ല. 2010ലും 2015ലും തൊഴിലാളികളെ സ്ഥിരപ്പെടുത്തി. എല്ലാം പുരുഷന്മാര്‍. അന്നുമുതല്‍ക്കുതന്നെ സ്ത്രീത്തൊഴിലാളികള്‍ കാഷ്വല്‍ തൊഴിലാളികളായി അംഗീകരിക്കപ്പെട്ടതാണ്. ചെയ്യുന്ന ജോലിയില്‍ ഒരു വ്യത്യാസവുമില്ല്ലെന്നിരിക്കെ സ്ത്രീകള്‍ക്കുമാത്രം അവകാശങ്ങള്‍ നിഷേധിക്കുകയാണ്. ഇതിനെതിരെ 2009 മുതല്‍ ഞങ്ങള്‍ സമരത്തിലാണ്. മുല്ലക്കര രത്നാകരനും, കെ പി മോഹനനും തമ്മിലും, വി എസും ഉമ്മന്‍ ചാണ്ടിയും തമ്മിലും ഒരു വ്യത്യാസവുമില്ല ഞങ്ങള്‍ക്ക്. എല്ലാ യൂണിയനുകളുമുണ്ട്. സി ഐ ടിയുവും, ഐ എന്‍ ടിയു സിയും, എ ഐ ടി യു സിയും ഇവിടെയുണ്ട്. ഒന്നിലും വനിതാ പ്രാതിനിധ്യമേയില്ല. വെറും മെമ്പര്‍ മാത്രം. യു ഡി എഫ് അധികാരത്തിലേറിയാല്‍ തങ്ങളെ സ്ഥിരപ്പെടുത്താമെന്ന് ഉമ്മന്‍ ചാണ്ടി  സാര്‍ സമ്മതിച്ചതാണ്. രണ്ട് ജനസമ്പര്‍ക്കപരിപാടികളില്‍ നിവേദനവും നല്‍കി.”


സെപ്റ്റംബര്‍ 28ന് ആരംഭിച്ച സമരത്തിന് അഭിവാദ്യമര്‍പ്പിച്ച് ആം ആദ്മി പാര്‍ട്ടി മുതല്‍ ബി ജെ പി വരെ സര്‍വ്വ പാര്‍ട്ടികളുടെയും നേതാക്കള്‍ സന്ദര്‍ശിച്ചു. മൂന്നാര്‍ സമരക്കാരെപ്പോലെ ആരെയും ആട്ടിപ്പായിക്കാന്‍ ഈ സ്ത്രീകള്‍ മുതിര്‍ന്നിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സരളയും, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സന്ദര്‍ശിച്ചു. സ്ഥലം എം എല്‍ എ എത്തിയില്ല. ആരെയും സമരത്തിലേക്ക് പിന്തുണ ചോദിച്ച് അങ്ങോട്ട് ചെന്ന് കണ്ടിട്ടില്ലെന്ന് ലത പറയുന്നു. പാതയോരത്തുറങ്ങാനും സമരം ചെയ്യാനും സ്ത്രീകള്‍ക്ക് ആരുടെയും സഹായം വേണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ജീവല്‍പ്രശ്നമായി മുന്നില്‍ക്കണ്ട് ട്രേഡ് യൂണിയനിതരമായി സ്ത്രീകള്‍ സമരം ചെയ്യാന്‍ തയ്യാറായതും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ പോലീസ് സംരക്ഷണം പോലും പലപ്പോഴും ലഭ്യമായില്ല. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും ബുദ്ധിമുട്ടാണിവിടെ. കുടിവെള്ളം കൊണ്ടുവരാനും ഏറെ നടക്കണം. രാത്രി മെഴുകുതിരി കത്തിച്ചുവച്ചാണിരിക്കുന്നത്. സി പി ഐ (എംഎല്‍)കാര്‍ പന്തലിട്ടുകൊടുത്തത് മാത്രം സഹായമായി. അഭിവാദ്യമര്‍പ്പിച്ച് ആദ്യമെത്തിയതും അവരാണ്.

 
ജീവിതകാലത്തിന്റെ നല്ലകാലം മുഴുവന്‍ ഫാമിനുവേണ്ടി മാറ്റിവെച്ച് അത്ര നല്ലകാലം ജീവിക്കാതെ ഒട്ടും നല്ലൊരു കാലത്തിലേക്ക് റിട്ടയര്‍ ചെയ്ത് മടങ്ങാനാവാത്തതെന്തെന്ന്  ഇവര്‍ നൊമ്പരപ്പെടുന്നു. കഴിഞ്ഞ മാസം റിട്ടയര്‍ ചെയ്ത കല്യാണിയെന്ന തൊഴിലാളി – അവര്‍ സി ഐ ടി യു അംഗമാണ്- ഒരു രൂപ ആനുകൂല്യം വാങ്ങാതെയാണ് ഇറങ്ങിപ്പോയത്. വരും മാസങ്ങളില്‍ പത്തോളം സ്ത്രീകള്‍ ഇങ്ങനെ പിരിഞ്ഞുപോവാനുണ്ട്. 2009-ല്‍ കാഷ്വല്‍ ലേബേഴ്സ് ആയി അംഗീകരിക്കപ്പെട്ടതുമുതല്‍ സര്‍ക്കാരിന്റെ വഞ്ചനയുടെ ഇരകളാണിവര്‍. കൂലിപ്പണിക്കാരുടെ ഈ കുടുംബങ്ങള്‍ക്ക് നിവേദനം നല്‍കലിന്റെ ഒരു നീണ്ടകാലമുണ്ട്. ഏതുമന്ത്രി വന്നാലും, ഏതു കളക്ടര്‍ വന്നാലും, ഏതു ലേബര്‍ ഓഫീസര്‍ വന്നാലും നിവേദനം നല്‍കലാണ്. ഫാം നവീകരണത്തിലൂടെ തൊഴിലാളികളുടെ ജോലി ഭാരം വര്‍ധിച്ചിട്ടുണ്ട്, ഇക്കാലയളവില്‍. പോളിഹൌസ് സ്ഥാപിച്ചതും കൊപ്രാസംഭരണം തുടങ്ങിയതും നടീല്‍ വസ്തുക്കളുടെ ഉല്പാദനം വര്‍ദ്ധിച്ചതും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയാണ്. വികസനപദ്ധതികളില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. നീരയുല്പാദനം കണ്ണൂര്‍ ജില്ലയില്‍ കരിമ്പം ഫാമിലാണ് അനുവദിക്കുക എന്ന പ്രഖ്യാപനം നടപ്പിലായില്ല. 50 പശുക്കളെ പാര്‍പ്പിക്കാനുള്ള സൌകര്യമുണ്ടെങ്കിലും ഒരു പശു പോലുമില്ല. ഘട്ടംഘട്ടമായി ഫാമിനെ ഇല്ല്ലായ്മ ചെയ്യാനും ട്രേഡ് യൂണിയന്‍ കൊള്ളയടി നിര്‍ബാധം തുടരാനുമാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്നതില്‍ ഇവര്‍ക്ക് അമര്‍ഷമുണ്ട്. 

കരിമ്പം ജില്ലാഫാം കൂട്ടായ്മ കണ്‍വീനര്‍ പി വി ലത: ഫോണ്‍: 9961544941 
ജാസ്മിന്‍ സി: ഫോണ്‍: 9544597541

 

(പയ്യന്നൂര്‍ സ്വദേശിയായ പ്രിയന്‍ അലക്‌സ് വെറ്ററിനറി സര്‍ജനായി ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

This post was last modified on October 5, 2015 9:32 am