X

മമ്മൂട്ടി, താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നത് ഒരു തെലുങ്ക് മസാല പടമല്ല

നിധിന്‍ രഞ്ജിപണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ. അതൊരു മെഗാസ്റ്റാര്‍ മമൂട്ടി പോലീസ് കഥയാവുക, അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ എല്ലാം വമ്പന്‍ പ്രേക്ഷക ശ്രദ്ധ നേടുക, അതൊരു ഉത്സവകാല റിലീസ് ആവുക… പ്രതീക്ഷയുടെ വമ്പന്‍ ഭാരമുള്ള സിനിമയായി കസബ മാറാന്‍ ഇത്രയും മതിയായിരുന്നു. കസബ എന്നു പേരുള്ള പോലീസ് കഥ ചരിത്ര വിശകലനത്തിനും സാധ്യത ഉണ്ടല്ലോ. 

മമൂട്ടിയുടെ രാജന്‍ സക്കറിയ പാലക്കാട് ഒരു സ്‌റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആണ്. ഇത്തിരി തല്ലുകൊള്ളി സ്വഭാവങ്ങള്‍ കയ്യിലുള്ള, മനസ് നന്മകളാല്‍ സമൃദ്ധമായ സ്ഥിരം പൊലീസുകാരന്‍. ഒരു പ്രത്യേക സാഹചര്യത്തില്‍ കാസര്‍ഗോട്ടെ അതിര്‍ത്തി ഗ്രാമത്തില്‍ എത്തുകയാണ് അയാള്‍. പ്രധാന ഗുണ്ടയും ക്വാറി മുതലാളിയും ”ബി എസ് എസ് ” എന്ന രാഷ്ട്രീയ സംഘടന നേതാവുമായ പരമേശ്വരന്‍ നമ്പ്യാര്‍ ആണ് അവിടുത്തെ കിരീടം വയ്ക്കാത്ത രാജാവ്. രണ്ട് ഭാര്യമാരെ കൂടാതെ അയാള്‍ക്ക് കമല എന്ന, വേശ്യാലയ നടത്തിപ്പുകാരിയായ നിത്യ പ്രണയിനിയും ഉണ്ട്. ഇവിടെ അവര്‍ തമ്മില്‍ ഉടലെടുക്കുന്ന സംഘര്‍ഷങ്ങളും പകയും ഒക്കെയാണ് കസബ.

സിനിമയുടെ ചില പശ്ചാത്തലങ്ങള്‍ ഒരു ജാതി-രാഷ്ട്രീയ സംഘടനയെ ഓര്‍മിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ച് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനസമയത്ത് തുടക്കത്തിലെപ്പോഴോ ഞെട്ടിക്കുന്ന ലീഡ് നില കിട്ടിയ കാസര്‍ഗോഡെ ഒരു സ്ഥാനാര്‍ത്ഥിയെ. പക്ഷേ ഈ കഥ സാങ്കല്പികമാണ്. വേശ്യാലയം കേന്ദ്രീകരിച്ചുള്ള കഥ സന്ദര്‍ഭങ്ങള്‍, ജാതി രാഷ്ട്രീയത്തോടുള്ള പരോക്ഷ വിമര്‍ശനം ഒക്കെയാണ് സിനിമയുടെ തുടക്കത്തിലുള്ള സൂചനകള്‍. പക്ഷേ മലയാള മുഖ്യധാര സിനിമ ഇതുവരെ കാണാത്തത്രയും അശ്ലീലം, സ്ത്രീ വിരുദ്ധത, അതിശയോക്തീ ഒക്കെ നിറച്ചാണ് കസബ മുന്നേറുന്നത്. സ്ത്രീ ശരീരത്തെക്കുറിച്ചും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനെ പറ്റിയും ആണ് സിനിമയില്‍ മിക്ക രംഗങ്ങളിലും പറയുന്നത്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുക എന്നതില്‍ കവിഞ്ഞ് സ്ത്രീ പുരുഷ ബന്ധത്തിലെ സാധ്യതകളെ കുറിച്ച് സിനിമ ഒന്നോ രണ്ടോ രംഗങ്ങളില്‍ മാത്രമാണ് ചിന്തിക്കുന്നത്. അല്ലാത്ത രംഗങ്ങളില്‍ തോക്ക് അടക്കം എല്ലാ ആയുധങ്ങളുമായി വരുന്ന പത്തിരുപതോളം പേരെ വരെ മമ്മൂട്ടി തല്ലി തോല്‍പ്പിക്കുന്നു. ഇതിനിടയില്‍ കുറേ കഥാപാത്രങ്ങള്‍ വന്നും പോയും ഇരിക്കുന്നു.

ആര്‍ക്കും ഊഹിക്കാവുന്ന കഥാഗതിയാണ് കസബയുടെ. സക്കറിയ ലക്ഷ്യം നിറവേറ്റാന്‍ കസബ സ്‌റ്റേഷനില്‍ എത്തുന്നു. വിജയകരമായി ലക്ഷ്യം നിറവേറ്റി തിരിച്ചു പോകുന്നു. വേശ്യാലയ നടത്തിപ്പുകാരി മുഖ്യ സ്ത്രീ കഥാപാത്രം ആയി വരുന്ന സിനിമകള്‍ മലയാളത്തില്‍ കുറവാണ്. അത്തരം പശ്ചാത്തലമുളള സിനിമകളും കുറവാണ്. സൂത്രധാരനും രുക്മിണിയും പോലുള്ള സിനിമകളിലാണ് മുഖ്യ പശ്ചാത്തലമായി ശരീര വില്‍പ്പന കേന്ദ്രം വരുന്നത്. കസബയില്‍ പക്ഷേ കൂത്തിച്ചി, പൊലയാടി മോളെ എന്നൊക്കെ കുറച്ചധികം അധികാരത്തോടെ വിളിക്കാം എന്ന സൗകര്യത്തിനാണ് അത്തരം ഒരു പശ്ചാത്തലം ഒരുക്കിയത് എന്ന് തോന്നുന്നു. ലൈംഗിക അതൃപ്തി ഉള്ളവരും ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നവരും ആണ് പ്രധാന സ്ത്രീ കഥാപാത്രങ്ങള്‍. ഇതിനെ കയ്യടി കിട്ടുന്ന ദ്വയാര്‍ഥങ്ങള്‍ പറയാനുള്ള നല്ല സാധ്യത ആയാണ് നിധിന്‍ കണ്ടത്. ലൈംഗിക തൃപ്തിയും അതൃപ്തിയും ചിന്തിച്ച് വ്യാകുലരാവുക എന്നതാണ് നായകനടക്കം എല്ലാവരും സിനിമയില്‍ ചെയ്യുന്നത്.

നായകന്‍, അയാളുടെ സ്തുതിപാഠകര്‍, വില്ലന്മാരും വില്ലത്തികളും എന്നിങ്ങനെ മൂന്നായി ഈ സിനിമയിലെ കഥാപാത്രങ്ങളെ വര്‍ഗ്ഗീകരിക്കാം. നായകന്റെ ഉള്ളിലെ നന്മയെ തിരിച്ചറിഞ്ഞ മേലുദ്യോഗസ്ഥന് പോലും പഴയ ഛായ. ശരീര വില്‍പ്പന കേന്ദ്രത്തിലെ ഏറ്റവും കുലീന എന്നാദ്യം മുതല്‍ തെളിയിച്ച സ്ത്രീക്ക് നായകന്‍ തന്നെ സംരക്ഷകനാവുന്ന പതിവ് പോലും തെറ്റിയില്ല. അത്തരം പതിവുകള്‍ തെറ്റിയാല്‍ താന്‍ ജനകീയന്‍ അല്ലാതായിപ്പോകും എന്ന് സംവിധായകന്‍ ഭയക്കും പോലെ തോന്നി തുടക്കം മുതലുള്ള ഓരോ ദൃശ്യവും കണ്ടപ്പോള്‍.

തന്നെക്കാള്‍ ശക്തി കുറഞ്ഞവരെ നോക്കി കേട്ടാലറയ്ക്കുന്ന വര്‍ത്തമാനം പറയുന്നതും നായകന്‍ ആള്‍ക്കൂട്ടത്തെ യുക്തിയുടെ കണികപോലും ഇല്ലാതെ തല്ലിത്തോല്‍പ്പിക്കുന്നതും നിങ്ങള്‍ക്ക് ആനന്ദമുണ്ടാക്കുമെങ്കില്‍, തമിഴ്, തെലുങ്കു മസാലപടങ്ങള്‍ അനുകരിക്കുന്നതാണ് മമ്മൂട്ടിയെ പോലെ ഒരു പ്രതിഭ ചെയ്യേണ്ട മാസ്സ് സിനിമ എന്ന് വിശ്വസിക്കുന്നുണ്ടേല്‍ കസബക്ക് കയറുക. കഥയില്‍ ചോദ്യമില്ലാതിരിക്കല്‍ ആണ് ആള്‍ക്കൂട്ടത്തില്‍ ഒരാളാവാനുള്ള എളുപ്പവഴി, ചിലപ്പോഴൊക്കെ ചില സിനിമകള്‍ ഹിറ്റാവാനും.. ചോദ്യങ്ങള്‍ ഉണ്ടായാല്‍ കസബ നിങ്ങള്‍ക്ക് നല്ല കാഴ്ച ആയിരിക്കില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:

This post was last modified on December 14, 2016 12:58 pm