UPDATES

ട്രെന്‍ഡിങ്ങ്

തോമസ് ചാണ്ടി അത്ര ചെറിയ മരമൊന്നുമല്ല; വിളളല്‍ വീണത് ഇടതുമുന്നണിയിലും സിപിഐക്കുളളിലുമാണ്

താന്‍ ഒരിക്കലും തോമസ് ചാണ്ടിയുടെ റിസോര്‍ട് സന്ദര്‍ശിച്ചിട്ടില്ലെന്നുകൂടി ഇസ്മായില്‍ തറപ്പിച്ചുപറയുമ്പോള്‍ തോമസ് ചാണ്ടിയെ രാജി വെപ്പിച്ചതിനെ ചൊല്ലി ഇപ്പോള്‍ ഊറ്റം കൊള്ളുന്ന സി പി ഐ യുടെ പ്രാദേശിക നേതൃത്വം ആര്‍ക്കുവേണ്ടിയാണ് നാളിതുവരെ നിലകൊണ്ടത് എന്ന കാര്യം വ്യക്തമാണ്

കെ എ ആന്റണി

കെ എ ആന്റണി

എന്‍ സി പി നേതാവ് തോമസ് ചാണ്ടി ഏറെ കടുംപിടുത്തങ്ങള്‍ക്കൊടുവില്‍ ഇക്കഴിഞ്ഞ നവംബര്‍ 15-ന് ബുധനാഴ്ച മന്ത്രിസ്ഥാനം ഒഴിഞ്ഞപ്പോള്‍ കൈയടികള്‍ ഏറ്റുവാങ്ങി നെഞ്ചുവിരിച്ച് വിജയശ്രീലാളിതരായി നിന്നവരാണ് കേരളത്തിലെ സിപിഐ പ്രവര്‍ത്തകര്‍. ‘കൈയടി നിങ്ങള്‍ക്ക്, വിമര്‍ശനം ഞങ്ങള്‍ക്ക്’ എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സങ്കടം നിറഞ്ഞ കുത്തുവാക്കും നവംബര്‍ 15-ന്റെ മന്ത്രിസഭാ യോഗം സിപിഐ മന്ത്രിമാര്‍ ബഹിഷ്‌കരിച്ചത് അസാധാരണ സംഭവമായിപ്പോയി എന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണവും നമ്മള്‍ കേട്ടതാണ്. തൊട്ടു പിന്നാലെ ഇരു പാര്‍ട്ടികളുടെയും സംസ്ഥാന സെക്രട്ടറിമാര്‍ താന്താങ്ങളുടെ പാര്‍ട്ടി മുഖ പത്രങ്ങളിലൂടെ പോര്‍മുഖം തീര്‍ക്കുന്നതും നമ്മള്‍ കണ്ടു. കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയിലൂടെ സിപിഐ മന്ത്രിമാരുടെ നടപടിയെ നിശിതമായി വിമര്‍ശിച്ചപ്പോള്‍ കാനം രാജേന്ദ്രന്‍ എന്തുകൊണ്ട് സിപിഐ മന്ത്രിമാര്‍ക്ക് മന്ത്രിസഭാ ബഹിഷ്‌കരണം എന്ന കടുത്ത നടപടിയിലേക്കു നീങ്ങേണ്ടിവന്നു എന്ന് വിശദീകരിക്കുന്ന പേര് വെച്ചുള്ള ഒരു എഡിറ്റോറിയല്‍ തന്നെ എഴുതി; ജനയുഗത്തില്‍.

ഇരു കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെയും സൈബര്‍ പോരാളികളുടെ ഊഴമായിരുന്നു അടുത്തത്. കോണ്‍ഗ്രസ് നേതാക്കളും ബിജെപി നേതാക്കളും കിട്ടിയ അവസരം നന്നായി പ്രയോജനപ്പെടുത്താന്‍ മടിച്ചതുമില്ല. ചെങ്കൊടി മാറ്റിവെച്ചുകൊണ്ട് ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും അരിവാള്‍ ആഞ്ഞു വീശി അന്യോന്യം വെട്ടി വീഴ്ത്താനായി പാഞ്ഞടുക്കുന്ന പ്രതീതി തന്നെ സൃഷ്ടിച്ച് പത്രങ്ങളും ചാനലുകളും തങ്ങളുടെ റോളും ബാക്കിയാക്കി. എന്നാല്‍ ദിവസങ്ങള്‍ ഒന്നൊന്നായി കൊഴിയവെ തുടക്കത്തില്‍ ദൃശ്യമായ ആവേശമൊന്നും സിപിഐ നിരയില്‍ കാണുന്നില്ല. തന്നെയുമല്ല, മന്ത്രിസഭാ ബഹിഷ്‌കരണം സംബന്ധിച്ച് സിപിഐ നേതാക്കള്‍ക്കിടയില്‍ നിന്നുതന്നെ ഭിന്നസ്വരം ഉയരുന്നതാണ് ഇപ്പോള്‍ കാണുന്നത്. സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായിലില്‍ നിന്ന് തന്നെയായി ഇതിന്റെ തുടക്കം എന്നതും ഏറെ ശ്രദ്ധേയമാണ്. കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്റെ എം പി ഫണ്ട് തോമസ് ചാണ്ടിക്ക് റോഡ് നിര്‍മാണത്തിന് ലഭിച്ചതുപോലെ തന്നെ ഇസ്മയിലിന്റെ ഫണ്ടും ചാണ്ടിക്ക് ലഭിച്ചിരുന്നല്ലോ! തന്നെ സ്വന്തം പാര്‍ട്ടിക്കാര്‍ തെറ്റിദ്ധരിപ്പിച്ചതുമൂലമാണ് തോമസ് ചാണ്ടിക്ക് റോഡ് നിര്‍മ്മിക്കാന്‍ പണം അനുവദിച്ചതെന്നാണ് ഇത് സംബന്ധിച്ച് ഇസ്മായിലിന്റെ വിശദീകരണം. ഇക്കാര്യം സിപിഐ യുടെ ദേശീയ സെക്രട്ടേറിയറ്റ് അംഗമായ പന്ന്യന്‍ രവീന്ദ്രനും ശരിവെക്കുന്നുണ്ട്. സിപിഐ മണ്ഡലം കമ്മിറ്റി കോളനിയിലേക്ക് റോഡ് നിര്‍മിക്കുന്നുവെന്ന തെറ്റായ വിവരമാണ് നല്‍കിയതെന്നും അവര്‍ ചതിക്കുഴിയില്‍ വീഴുകയായിരുന്നുവെന്നുമാണ് പന്ന്യന്റെ വിശദീകരണം. ഫണ്ട് നല്‍കിയതല്ലാതെ താന്‍ ഒരിക്കലും തോമസ് ചാണ്ടിയുടെ റിസോര്‍ട്ട്സന്ദര്‍ശിച്ചിട്ടില്ലെന്നു കൂടി ഇസ്മായില്‍ തറപ്പിച്ചുപറയുമ്പോള്‍ തോമസ് ചാണ്ടിയെ രാജി വെപ്പിച്ചതിനെ ചൊല്ലി ഇപ്പോള്‍ ഊറ്റം കൊള്ളുന്ന സിപിഐയുടെ പ്രാദേശിക നേതൃത്വം ആര്‍ക്കുവേണ്ടിയാണ് നാളിതുവരെ നിലകൊണ്ടത് എന്ന കാര്യം വ്യക്തമാണ്.

റോഡിന് പണം നല്‍കിയത് പാര്‍ട്ടി പറഞ്ഞിട്ട്; ചാണ്ടിയുടെ റിസോര്‍ട്ടില്‍ പോയിട്ടില്ല- കെ ഇ ഇസ്മായില്‍

സിപിഐ സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന ഇസ്മയിലിന്റെ പ്രതികരണത്തിന്റെ കുന്തമുന നീളുന്നത് തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിലേക്കുള്ള റോഡ് നിര്‍മാണത്തിന് എം പി ഫണ്ട് അനുവദിക്കേണ്ടിവന്ന സാഹചര്യത്തിലേക്ക് മാത്രമല്ല, സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌ക്കരിച്ച അസാധാരണ നടപടിയിലേക്കു കൂടിയാണ്. തോമസ് ചാണ്ടിയുടെ രാജിക്ക് സ്വാഭാവികമായ സമയം മാത്രമേ എടുത്തുള്ളുവെന്നു ഇസ്മായില്‍ പറയുമ്പോള്‍ അതിനു അനാവശ്യ തിടുക്കം കാട്ടുക വഴി സിപിഐ മന്ത്രിമാര്‍ മുന്നണിയുടെയും സര്‍ക്കാരിന്റെയും ശോഭ കെടുത്തി എന്ന അര്‍ഥം കൂടിയുണ്ട്. മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കുക വഴി സിപിഐ മന്ത്രിമാര്‍ കൂട്ടുത്തരവാദിത്വം ലംഘിക്കുകയും മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തുകയും ചെയ്തുവെന്ന വാദം ശക്തി പ്രാപിക്കുന്നതിനിടയില്‍ തന്നെയാണ് ഇസ്മായിലിന്റെ ഈ വിമര്‍ശനം എന്നത് തോമസ് ചാണ്ടി വിഷയത്തില്‍ തുടക്കത്തില്‍ കൈയടി കിട്ടിയ സിപിഐ ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നുവെന്നതിന്റെ കൂടി സൂചനയാണ്.

കെ ഇ ഇസ്മായിലിന്റെ പ്രസ്താവന ഒന്നുകില്‍ ജാഗ്രതക്കുറവ് മൂലം സംഭവിച്ചതാണെന്നും അല്ലെങ്കില്‍ നാക്കുപിഴ ആയിരിക്കുമെന്നുമാണ് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബുവിന്റെ പ്രതികരണം. ദേശീയ സമിതി അംഗങ്ങള്‍ക്ക് സംസ്ഥാന കമ്മറ്റികളില്‍ പങ്കെടുക്കുകയും തങ്ങളുടെ അഭിപ്രായം അവിടെ പറയുകയും ചെയ്യാമെങ്കിലും തീരുമാനം എടുക്കുന്നത് സംസ്ഥാന സമിതി തന്നെയാണ് എന്നുകൂടി പറഞ്ഞുകൊണ്ട് പ്രകാശ് ബാബു വ്യക്തമാക്കുന്നത് ഇസ്മയിലിന്റെ പ്രതികരണത്തിന് പ്രസക്തിയില്ല എന്ന് തന്നെയാണ്. എന്നാല്‍ ഇസ്മായിലിന്റേതു ഒറ്റപ്പെട്ട ശബ്ദം അല്ലെന്ന സൂചന നല്‍കുന്നവയാണ് പന്ന്യന്‍ രവീന്ദ്രന്റെയും മന്ത്രി വി എസ് സുനില്‍കുമാറിന്റെയും ഒക്കെ ഇന്നലത്തെ പ്രസ്താവനകള്‍. എന്തായാലും ഇസ്മായില്‍ ഉന്നയിച്ച വിഷയം 22 നു ചേരുന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് ഗൗരവമായി ചര്‍ച്ച ചെയ്യുമെന്ന പ്രകാശ് ബാബുവിന്റെ ഇന്നലത്തെ പ്രസ്താവനയും നല്‍കുന്ന സൂചന മന്ത്രിസഭാ യോഗ ബഹിഷ്‌കരണം സിപിഐക്കുള്ളില്‍ ഒരു വലിയ പ്രശ്‌നമായി വളര്‍ന്നു കഴിഞ്ഞു എന്ന് തന്നെയാണ്

പിണറായി ശരിക്കും ചാക്കോ മാഷാണ്; കാനം ആടു തോമയും; ഇടതു സര്‍ക്കാരിന്റെ സ്പന്ദനം മാത്തമറ്റിക്സും

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍