X

ആറ് സിറ്റിംഗ് എംപിമാര്‍, നാല് എംഎല്‍എമാര്‍, രണ്ട് സെക്രട്ടേറിയറ്റ് അംഗങ്ങള്‍, രണ്ട് ജില്ലാ സെക്രട്ടറിമാര്‍: സിപിഎം സ്ഥാനാര്‍ത്ഥികളെ അറിയാം

പാര്‍ട്ടി പിന്തുണയോടെ മത്സരിക്കുന്ന രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ പതിനാറ് സ്ഥാനാര്‍ത്ഥികളെയാണ് സിപിഎം ഇത്തവണ കളത്തിലിറക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ത്ഥികളെ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ആറ് സിറ്റിംഗ് എംപിമാരെയും നാല് എംഎല്‍എമാരെയും രണ്ട് സെക്രട്ടേറിയറ്റ് അംഗങ്ങളെയും രണ്ട് ജില്ലാ സെക്രട്ടറിമാരെയും സ്ഥാനാര്‍ത്ഥികളാക്കി കേരളത്തില്‍ തിളക്കമാര്‍ ന്ന വിജയം തന്നെയാണ് സിപിഎം ലക്ഷ്യമിടുന്നത്. പാര്‍ട്ടി പിന്തുണയോടെ മത്സരിക്കുന്ന രണ്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടെ പതിനാറ് സ്ഥാനാര്‍ത്ഥികളെയാണ് സിപിഎം ഇത്തവണ കളത്തിലിറക്കുന്നത്. ഈ സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള പ്രാഥമിക വിവരങ്ങള്‍ ചുവടെ.

സിപിഎം സ്ഥാനാര്‍ത്ഥികള്‍ ഇവര്‍:

ഡോ. എ സമ്പത്ത് – ആറ്റിങ്ങല്‍

മുതിര്‍ കമ്മ്യൂണിസ്റ്റ് നേതാവ് കെ അനിരുദ്ധന്റെ മകന്‍. നിലവില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലെ എംപി. ഇത് നാലാം തവണയാണ് സമ്പത്ത് ലക്‌സഭയിലേക്ക് ജനവിധി തേടുന്നത്. 1996ല്‍ ആദ്യമായി ലോക്‌സഭയിലെത്തിയ സമ്പത്ത് 2009ലും 2014ലും ആറ്റിങ്ങലില്‍ നിന്നും വീണ്ടും ലോക്‌സഭയിലെത്തി. തിരുവനന്തപുരം തൈക്കാട് സ്വദേശിയായ സമ്പത്ത് മണ്ഡലത്തിലെയും പാര്‍ലമെന്റിലെയും പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധയാകര്‍ശിച്ചു. നിയമത്തില്‍ ഡോക്ടറേറ്റ് നേടിയിട്ടുണ്ട്. ലിസി സമ്പത്ത് ആണ് ഭാര്യ. രണ്ട് മക്കള്‍.

കെ ബാലഗോപാല്‍– കൊല്ലം

പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശിയായ കെ എന്‍ ബാലഗോപാല്‍ ആദ്യമായാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. എന്നാല്‍ എന്നാല്‍ രാജ്യസഭാംഗമായിരിന്നിട്ടുണ്ട്. കൊല്ലം സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന ബാലഗോപാല്‍ നിലവില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്. എംകോം, എല്‍എല്‍എം ബിരുദങ്ങളാണ് വിദ്യാഭ്യാസ യോഗ്യത. ഭാര്യ ആശ പ്രഭാകരന്‍, രണ്ട് മക്കള്‍.

വീണാ ജോര്‍ജ്ജ്– പത്തനംതിട്ട

പ്രമുഖ മാധ്യമ പ്രവര്‍കയായിരുന്ന വീണ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുളയില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായാണ് രാഷ്ട്രീയരംഗത്ത് ഇറങ്ങിയത്. പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്നിട്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ ശിവദാസന്‍ നായരെ അട്ടിമറിക്കാന്‍ വീണയ്ക്ക് സാധിച്ചു. 7646 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വീണയുടെ വിജയം. പാര്‍ട്ടി ചിഹ്നത്തില്‍ തന്നെയാണ് ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. കൈരളി ചാനല്‍, മനോരമ ന്യൂസ്, ഇന്ത്യാവിഷന്‍, എന്നീ ചാനലുകളിലൂടെയാണ് വീണ ജനങ്ങള്‍ക്ക് സുപരിചിതയായത്. എംഎല്‍എയായ ശേഷവും മുഖ്യമന്ത്രിയുടെ നാം മുന്നോട്ട് എന്ന പ്രതിവാര പരിപാടിയുടെ അവതാരകയും ജനങ്ങള്‍ക്ക് പരിചിതയാണ്. ഫിസിക്‌സില്‍ ബിരുദാനന്ദര ബിരുദധാരി. ജോര്‍ജ്ജ് ജോസഫ് ആണ് ഭര്‍ത്താവ്, രണ്ട് മക്കള്‍. പത്തനംതിട്ട മൈലപ്ര സ്വദേശിയാണ് വീണ.

എഎം ആരിഫ്– ആലപ്പുഴ

ലോകസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന നാല് എംഎല്‍എമാരില്‍ ഒരാളാണ് ആരിഫ്. അരൂര്‍ എംഎല്‍എയാണ് മാന്നാര്‍ സ്വദേശിയായ ആരിഫ്. തുടര്‍ച്ചയായി ഒമ്പത് തെരഞ്ഞെടുപ്പുകളില്‍ സാക്ഷാല്‍ ഗൗരിയമ്മയെ നിയമസഭയിലെത്തിച്ച അരൂരില്‍ അവരുടെ കുതിപ്പിന് തടയിട്ടത് ആരിഫ് ആണ്. സിപിഎമ്മിലായിരുന്നപ്പോള്‍ ഏഴ് തവണയും സിപിഎം വിട്ട് ജെഎസ്എസ് രൂപീകരിച്ച് യുഡിഎഫില്‍ പോയപ്പോള്‍ രണ്ട് തവണയുമാണ് ഗൗരിയമ്മ ഇവിടെ വിജയിച്ചത്. ആ ഗൗരിയമ്മയെയാണ് 2006ല്‍ ആരിഫ് ഇവിടെ തോല്‍പ്പിച്ചത്. 2011ല്‍ എഎ ഷുക്കൂറിനെയും 2016ല്‍ സിആര്‍ ജയപ്രകാശിനെയും തോല്‍പ്പിച്ച ഹാട്രിക് നേടിയ ശേഷമാണ് ആരിഫ് ഇപ്പോള്‍ ആദ്യമായി ലോക്‌സഭയിലേക്ക് മത്സരിക്കുന്നത്. ചെറുകിട കച്ചവടക്കാരും കയര്‍ തൊഴിലാളികളും നിര്‍ണായക വോട്ടിംഗ് ശക്തിയായ ആരിഫിനെ ഇത്തവണയും വോട്ടര്‍മാര്‍ കൈവിടില്ലെന്നാണ് സിപിഎമ്മിന്റെ പ്രതീക്ഷ. എല്‍എല്‍ബി ബിരുദധാരിയായ ആരിഫ് എഐഎസ്എഫ്, എസ്എഫ്‌ഐ എന്നീ വിദ്യാര്‍ത്ഥി സംഘടനകളിലൂടെ പൊതുരംഗത്തെത്തി. ഷഹനാസ് ബീഗം ആണ് ഭാര്യ. രണ്ട് മക്കള്‍.

വി എന്‍ വാസവന്‍– കോട്ടയം

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയാണ് വിഎന്‍ വാസവന്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ വാസവന്‍ 1987ലും 91ലും പുതുപ്പള്ളി മണ്ഡലത്തില്‍ നിന്നും 2006ലും 2011ലും കോട്ടയത്തു നിന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. 2006 മുതല്‍ 2011 വരെ എംഎല്‍എയായിരുന്നു. ഇതാദ്യമായാണ് വാസവന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. പത്താം ക്ലാസും ഐടിഐയുമാണ് വാസവന്റെ വിദ്യാഭ്യാസ യോഗ്യത. കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശിയാണ് വാസവന്‍.

പി രാജീവ്– എറണാകുളം

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് പി രാജീവ്. മുന്‍ എറണാകുളം ജില്ലാ സെക്രട്ടറിയുമാണ് രാജീവ്. തൃശൂര്‍ ജില്ലയിലെ അന്നമനട സ്വദേശിയാണ് ഇദ്ദേഹം. 2009 മുതല്‍ 2015 വരെ രാജ്യസഭാംഗമായിരുന്നു. രാജ്യസഭയിലെ ഏറ്റവും സജീവമായിരുന്ന അംഗമായിരുന്ന രാജീവ് നിരവധി ജനകീയ വിഷയങ്ങള്‍ സഭയില്‍ ഉന്നയിക്കുകയും ചെയ്തു. എറണാകുളം ലോ കോളേജില്‍ നിന്നും നിയമ ബിരുദം നേടിയ രാജീവ് സജീവ രാഷ്ട്രീയത്തില്‍ എത്തുന്നതിന് മുമ്പ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്നു. സ്‌കൂള്‍ കാലം മുതല്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന രാജീവ് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായി. വിദ്യാഭ്യാസ രംഗത്തെ കച്ചവടവല്‍ക്കരണത്തിനും കാവിവല്‍ക്കരണത്തിനുമെതിരെ രാജീവ് നിരവധി സമരങ്ങള്‍ നയിച്ചു. പോലീസ് ഇതിനെയെല്ലാം ക്രൂരമായി അടിച്ചമര്‍ത്തുകയും ചെയ്തു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെയും കാര്‍ബൊറാണ്ടം യൂണിവേഴ്‌സല്‍ കമ്പനിയിലെയും തൊഴിലാളികളെയും സംഘടിപ്പിച്ച രാജീവ് എറണാകുളം ജില്ലയിലെ സിഐടിയു ജോയിന്റ് സെക്രട്ടറിയായിരുന്നു. സിപിഎം മുഖപത്രമായ ദേശാഭിമാനിയുടെ എഡിറ്റര്‍ കൂടിയാണ് രാജീവ്. വാണി കേസരിയാണ് ഭാര്യ. രണ്ട് മക്കള്‍.

ഇന്നസെന്റ്– ചാലക്കുടി

നിലവില്‍ ചാലക്കുടിയില്‍ നിന്നുള്ള പാര്‍ലമെന്റംഗമായ ഇന്നസെന്റിന് ഇത് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രണ്ടാം അങ്കമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഇന്നസെന്റ് ഇത്തവണ പാര്‍ട്ടി ചിഹ്നത്തിലാണ് മത്സരിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ നടനെന്ന നിലയിലാണ് ഇന്നസെന്റിനെ മലയാളികള്‍ക്ക് പരിചയം. തൃശൂരിലെ ഇരിങ്ങാലക്കുടയിലാണ് ജനനം. അര്‍ബുദത്തെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു. അതില്‍ നിന്നും തിരിച്ചുവന്ന ശേഷവും പാര്‍ലമെന്റില്‍ സജീവമായിരുന്നു. ചലച്ചിത്ര താര സംഘടനയായ അമ്മയുടെ പ്രസിഡന്റായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള ഇന്നസെന്റ് ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആലീസ് ആണ് ഭാര്യ. ഒരു മകന്‍.

എം ബി രാജേഷ്– പാലക്കാട്

പഞ്ചാബിലെ ജലന്ധറില്‍ ജനിച്ച എം ബി രാജേഷ് 2009 മുതല്‍ ഇന്ത്യന്‍ പാര്‍ലമെന്റിലുണ്ട്. അന്ന് പാര്‍ലമെന്റിലെ ഏറ്റവും പ്രായംകുറഞ്ഞ അംഗങ്ങളില്‍ ഒരാളായിരുന്നു രാജേഷ്. ഇത് മൂന്നാം തവണയാണ് പാലക്കാട് മത്സരിക്കുന്നത്. എല്‍എല്‍ബി ബിരുദ ധാരിയായ രാജേഷ് ഷൊര്‍ണൂറിനടുത്ത് ചലവറ സ്വദേശിയാണ്. സ്‌കൂള്‍ പഠനകാലത്ത് എസ്എഫ്‌ഐയിലൂടെ പൊതുരംഗത്തെത്തി. പിന്നീട് എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായി. എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറിയും വൈസ് പ്രസിഡന്റുമായിരുന്നു. നിലവില്‍ ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റും സിപിഎം സംസ്ഥാന സമിതി അംഗവുമാണ്. എസ്എഫ്‌ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും കാലിക്കറ്റ് സര്‍വകലാശാല മുന്‍ ചെയര്‍പേഴ്‌സണുമായിരുന്ന നിനിതയാണ് ഭാര്യ, രണ്ട് മക്കള്‍.

പി കെ ബിജു– ആലത്തൂര്‍

ആലത്തൂര്‍ മണ്ഡലം രൂപീകരിച്ചപ്പോള്‍ സംവരണ മണ്ഡലമാക്കുകയും ചെയ്തപ്പോഴാണ് പി കെ ബിജുവിനെ 2009ല്‍ അവിടെ സ്ഥാനാര്‍ത്ഥിയാക്കുന്നത്. തുടര്‍ച്ചയായി രണ്ട് തെരഞ്ഞെടുപ്പിലും ബിജു ഇവിടെ വിജയിക്കുകയും ചെയ്തു. വൈക്കം താലൂക്കിലെ മാഞ്ഞൂര്‍ സ്വദേശിയാണ് ബിജു. കോട്ടയം എംജി സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റ് നേടി. എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. എംജി സര്‍വകലാശാല യൂണിയന്‍ കൗണ്‍സിലര്‍, സെനറ്റ് മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ശാസ്ത്രജ്ഞയായ വിജി വിജയന്‍ ആണ് ഭാര്യ.

വി പി സാനു– മലപ്പുറം

എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് വി പി സാനുവിനെയാണ് മലപ്പുറത്ത് സിപിഎം അങ്കത്തിനിറക്കുന്നത്. മലപ്പുറം വാളാഞ്ചേരി മുക്കില്‍പീടിക സ്വദേശിയായ സാനു ബാലസംഘത്തിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്ത് എത്തുന്നത്. മുന്‍കാല എസ്എഫ്‌ഐ നേതാക്കന്മാരില്‍ നിന്നും വ്യത്യസ്തമായി വളരെ പെട്ടെന്ന് തന്നെ സാനുവിനെ തേടി ഉയര്‍ന്ന സ്ഥാനങ്ങള്‍ എത്തി. എസ്എഫ്‌ഐയില്‍ പ്രായം നടപ്പാകുന്നതിന് മുമ്പ് തന്നെ ബാലസംഘം ജില്ലാ പ്രസിഡന്റായിരുന്ന സാനുവിനെ എസ്എഫ്‌ഐ നേരിട്ട് മലപ്പുറം ജില്ലാ പ്രസിഡന്റാക്കി. തുടര്‍ന്ന് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയായിരിക്കെ കാലിക്കറ്റ് സര്‍വകലാശാലയിലെ നിരാഹാര സമരത്തിന് നേതൃത്വം നല്‍കി സാനു ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് നടന്ന എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ അപ്രതീക്ഷിതമായി സാനുവിനെ സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുപ്പു. ദേശീയ തലത്തില്‍ എസ്എഫ്‌ഐ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനിടെയാണ് ലോക്‌സഭാ സ്ഥാനാര്‍ത്ഥിത്വം തേടിയെത്തിയിരിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ വി പി സക്കറിയയാണ് സാനുവിന്റെ പിതാവ്.

എ. പ്രദീപ് കുമാര്‍– കോഴിക്കോട്

കോഴിക്കോട് നോര്‍ത്തില്‍ നിന്നുള്ള എംഎല്‍എയാണ് എ പ്രദീപ് കുമാര്‍. 2006ലും പ്രദീപ് കുമാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തനത്തിലൂടെയാണ് രാഷ്ട്രീയ രംഗത്തെത്തിയത്. കോഴിക്കോട് വെസ്റ്റ് ഹില്‍ സ്വദേശിയായ പ്രദീപ് കുമാര്‍ കേരള നിയമസഭയിലെ പ്രതിച്ഛായയുള്ള നേതാക്കളില്‍ ഒരാളാണ്. ബിഎ ബിരുദധാരിയായ ഇദ്ദേഹം കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്നു. കാലിക്കറ്റ് സര്‍കലാശാല സെനറ്റിലും അംഗമായിരുന്നു. എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, അഖിലേന്ത്യാ വൈസ് പ്രസിഡന്റ്, ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. അഖിലയാണ് ഭാര്യ. ഒരു മകള്‍.

പി ജയരാജന്‍– വടകര

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജനാണ് വടകരയില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി. കണ്ണൂര്‍ ജില്ലയിലെ കതിരൂരിലാണ് ജനനം. എസ്എസ്എല്‍സി വിദ്യാഭ്യാസത്തിന് ശേഷം ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകനായി പ്രവര്‍ത്തനം ആരംഭിച്ചു. നിരവധി രാഷ്ട്രീയ കൊലപാതക കേസുകളില്‍ ആരോപണ വിധേയനായ ജയരാജന്‍ അതിന്റെ പേരില്‍ ജയില്‍വാസവും അനുഷ്ഠിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണൂരില്‍ സിപിഎമ്മിന്റെ ശക്തനായ നേതാവാണ് ജയരാജന്‍. അണികള്‍ക്കിടയിലും സര്‍വസമ്മതനും. വ്യക്ത്യാരാധനയാണ് ജയരാജനുള്ളതെന്ന ആരോപണവും ശക്തമാണ്. ജയരാജനെ കണ്ണൂരില്‍ മത്സരിപ്പിക്കണമെന്നാണ് ആവശ്യമുയര്‍ന്നതെങ്കിലും ജില്ലയിലെ സിപിഎം കോട്ടകളായ തലശേരിയും കൂത്തുപറമ്പും വടകര മണ്ഡലത്തിലാണ് വരുന്നത്. കൂത്തുപറമ്പില്‍ നിന്നു 3 തവണ നിയമസഭാംഗം. 2001, 2006 തിരഞ്ഞെടുപ്പുകളില്‍ ജയം. 2001 ലെ വിജയം സുപ്രീം കോടതി റദ്ദാക്കിയതിനെത്തുടര്‍ന്നു 2005 ല്‍ നടത്തിയ ഉപതിരഞ്ഞെടുപ്പിലും വിജയിച്ചു. എസ്എഫ്ഐ മുന്‍ ജില്ലാ സെക്രട്ടറി, ദേശാഭിമാനി മുന്‍ ജനറല്‍ മാനേജര്‍, സാന്ത്വനപരിചരണ സംഘടന ഐആര്‍പിസിയുടെ ഉപദേശക സമിതി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. യമുനയാണ് ഭാര്യ. രണ്ട് മക്കള്‍.

പി.കെ. ശ്രീമതി– കണ്ണൂര്‍

കണ്ണൂരിലെ സിറ്റിങ് എംപിയാണ് ശ്രീമതി. കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ സ്വദേശി. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരില്‍ ആരോഗ്യ മന്ത്രിയായും സേവനം അനുഷ്ഠിച്ചു. പ്രീഡിഗ്രി മാത്രം വിദ്യാഭ്യാസമുള്ള ശ്രീമതി ആരോഗ്യരംഗത്ത് നടത്തിയ പരിഷ്‌കരണങ്ങള്‍ ശ്രദ്ധേയമായി. പയ്യന്നൂര്‍ മണ്ഡലത്തില്‍ നിന്നു 2 തവണ എംഎല്‍എയായി. 2001, 2006 തെരഞ്ഞെടുപ്പുകളിലായിരുന്നു ഇത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ ആദ്യ പ്രസിഡന്റ് കൂടിയാണ് ശ്രീമതി. സിപിഎം കേന്ദ്രകമ്മിറ്റി അംഗം, ജനാധിപത്യ മഹിളാ അസോസിയേഷന്‍ ദേശീയ ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശക്തനായ കെ സുധാകരനെ തോല്‍പ്പിച്ചാണ് ശ്രീമതി പാര്‍ലമെന്റിലെത്തിയത്. ദാമോദരന്‍ നമ്പ്യാരാണ് ഭര്‍ത്താവ്. ഒരു മകന്‍.

കെ.പി. സതീഷ് ചന്ദ്രന്‍– കാസറഗോഡ്

എല്‍ഡിഎഫ് ജില്ലാ കണ്‍വീനറാണ് സതീഷ് കുമാര്‍. 2 തവണ സിപിഎം ജില്ലാ സെക്രട്ടറിയായിരുന്നു. തൃക്കരിപ്പൂരില്‍ നിന്നു 2 തവണ എംഎല്‍എയായി. നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രി സ്ഥാപക ചെയര്‍മാന്‍, എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്റും ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. കാസറഗോഡ് നീലേശ്വരത്ത് ജനനം. എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. എസ്എഫ്‌ഐ ഹൊസ്ദുര്‍ഗ് ഏരിയാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ്, സെന്‍ട്രല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി ജോയിന്റ് സെക്രട്ടറി, സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും സംസ്ഥാന പ്രസിഡന്റ് കേന്ദ്ര് എക്‌സിക്യൂട്ടീവ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച നിലവില്‍ കാസറഗോഡ് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ്. കെ കെ സീതാദേവിയാണ് ഭാര്യ. രണ്ട് മക്കള്‍

പി.വി.അന്‍വര്‍– പൊന്നാനി

നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച പി വി അന്‍വറിനെയാണ് പൊന്നാനി ലോക്‌സഭാ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിയാക്കുന്നത്. സിപിഎം പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ്. യൂത്ത് കോണ്‍ഗ്രസിലൂടെയാണ് അന്‍വര്‍ പൊതുരംഗത്തെത്തിയത്. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായിരുന്നു.2011 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറനാട്ടില്‍ സ്വതന്ത്രനായി മത്സരിച്ചു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ എം.ഐ. ഷാനവാസിനെതിരെ സ്വതന്ത്രനായി മത്സരിച്ചു. 2016ല്‍ നിലമ്പൂരില്‍ നിന്ന് സിപിഎം സ്വതന്ത്രനായി എംഎല്‍എ ആയി. പ്രമുഖ വ്യവസായി കൂടിയാണ് അന്‍വര്‍. മലപ്പുറം ജില്ലയിലെ എടവന്നയില്‍ ജനിച്ചു. ഷീജയാണ് അന്‍വറിന്റെ ഭാര്യ. മൂന്ന് മക്കളുണ്ട്.

ജോയ്‌സ് ജോര്‍ജ് – ഇടുക്കി

ഇടുക്കിയിലെ സിറ്റിങ് എംപിയാണ് ജോയ്‌സ് ജോര്‍ജ്ജ്. സിപിഎം സ്വതന്ത്രനായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഇടുക്കിയില്‍ മത്സരിച്ചത്. ലോക്സഭയിലേക്കു ഇത് രണ്ടാം മത്സരമാണ്. ഇടുക്കി ജില്ലയിലെ വാഴത്തോപ്പിലാണ് ജനനം. ഇപ്പോള്‍ തടിയമ്പാട് താമസം. അഭിഭാഷകനാണ്. കെഎസ്യുവിലൂടെയായിരുന്നു രാഷ്ട്രീയ തുടക്കം. 1990 ല്‍ തൊടുപുഴ ന്യൂമാന്‍ കോളജില്‍ കെഎസ്യു ചെയര്‍മാനായിരുന്നു. അനുപമ മാത്യുവാണ് ഭാര്യ. ഒരു മകള്‍.

This post was last modified on March 9, 2019 4:36 pm

Related Post
Leave a Comment