X

താനും രോഹിത് വെമുലയുടെ വഴിയേ; മണ്ണുത്തി കാര്‍ഷിക സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ത്ഥി

അഴിമുഖം പ്രതിനിധി

മണ്ണുത്തി കേരള കാര്‍ഷിക സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ത്ഥി നേരിട്ടത് സ്വാഭാവിക നീതിയുടെ ലംഘനമാണെന്ന് അന്വേഷണ സമിതി റിപ്പോര്‍ട്ട്. തമിഴ്‌നാട് സ്വദേശി രാജേഷിനാണ് അധികൃതരുടെ മാനസികപീഢനം ഏല്‍ക്കേണ്ടി വന്നത്. രാജേഷ് 2014 മേയ് മാസത്തില്‍ തന്റെ ഗവേഷണ പ്രബന്ധത്തിന്റെ കരട് രൂപം സമര്‍പ്പിച്ചതാണ്. എന്നാല്‍ നാളിതുവരെ അദ്ദേഹത്തിന്റെ പ്രബന്ധത്തിന്റെ മേല്‍ യാതൊരു തീരുമാനവും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എടുത്തിരുന്നില്ല. ഇതിനെതിരെ രാജേഷ് നല്‍കിയ പരാതിയെ തുടര്‍ന്ന് സര്‍വകലാശ രൂപീകരിച്ച അന്വേഷണ സമതിയാണ് ഗവേഷക വിദ്യാര്‍ത്ഥിക്ക് നീതി നിഷേധിക്കപ്പെട്ടതായി കണ്ടെത്തിയിരിക്കുന്നത്.

സര്‍വകലാശാല അക്കാദമിക് ഡയറക്ടര്‍ ഡോ. ടി ഇ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സമിതി വൈസ് ചാന്‍സിലര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് വിദ്യാര്‍ത്ഥിയുടെ ഗവേഷണ പ്രബന്ധം സ്വീകരിക്കുന്നതില്‍ പ്ലാന്റ് ബ്രീഡിംഗ് ആന്‍ഡ് ജനറ്റിക്‌സ് വിഭാഗം ഏകോപനം കാണിച്ചില്ല. വകുപ്പുതല ഏകോപനമില്ലായ്മകൊണ്ട് വിദ്യാര്‍ത്ഥിക്ക് സ്വാഭാവിക നീതി നിഷേധിക്കപ്പെടുകയായിരുന്നുവെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം തന്നെ ഗവേഷണ ഗൈഡ് വിരമിച്ചതും വിദ്യാര്‍ത്ഥി ഒന്നരവര്‍ഷമായി സര്‍വകലാശാലയില്‍ എത്താത്തതും മറ്റ് കാരണങ്ങളായും അന്വേഷണ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ തനിക്കെതിരെ നടന്നത് ദളിത് പീഡനമാണെന്ന രാജേഷിന്റെ പരാതി നിയമപരമായി പരിശോധിക്കാന്‍ ഈ സമതിക്ക് നിര്‍വാഹമില്ലെന്നും ചൂണ്ടിക്കാണിക്കുന്നു. ഇതേ തുടര്‍ന്ന് സര്‍വകലാശാല ദളിത് വിഭാഗങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള ഉപസമിതി പുനസംഘടിപ്പിച്ച് കൊണ്ട് ഉത്തരവിറക്കിയിട്ടുണ്ട്. വെള്ളായനിക്കര ഹോട്ടികള്‍ച്ചര്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. കെ അജിത് കുമാറാണ് സമിതിയുടെ ചെയര്‍മാന്‍. രാജേഷിന്റെ പരാതിയെക്കുറിച്ച് ഈ സമിതി അന്വേഷണം നടത്തും.

സര്‍വകലാശാലകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി നിലകൊള്ളുന്ന യു.ജി.സി. ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ടും അധ്യാപകരുടെ നിരുത്തരവാദിത്തം കൊണ്ടും ഒരു ദളിത് വിദ്യാര്‍ത്ഥിക്ക് പി.എച്ച്.ഡി. നിഷേധിക്കപ്പെടുന്ന കാഴ്ച്ചയാണ് രാജേഷിന്റെ കാര്യത്തില്‍ കാണുന്നത്. 

തമിഴ്‌നാട് സ്വദേശിയായ രാജേഷ് കേരളത്തിലെ നെല്ലിനങ്ങളെ കുറിച്ചാണ് ഗവേഷണം നടത്തിയത്. തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് സ്വര്‍ണ മെഡലോടെ കൃഷിശാസ്ത്രത്തില്‍ എം.എസ്.സി. ബിരുദം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥിയാണ് രാജേഷ്. 

2012 ഒക്ടോബര്‍ മാസം പി.എച്ച്.ഡി. പഠനത്തിന് യോഗ്യത നേടിയ രാജേഷ് തന്റെ ഗവേഷണം വിജയകരമായി പൂര്‍ത്തീകരിച്ചതിനുശേഷം 2014 മേയ് മാസത്തില്‍ ഗവേഷണ പ്രബന്ധത്തിന്റെ കരട് രൂപം കമ്മറ്റിയുടെ ചെയര്‍മാനായ ഡോ. വി.വി. രാധാകൃഷ്ണന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഒരു വര്‍ഷവും എട്ടുമാസവും കഴിഞ്ഞിട്ടും രാജേഷിന്റെ ഗവേഷണ പ്രബന്ധം ആരും തൊട്ടില്ല. ഈ സാഹചര്യത്തിലാണ് രാജേഷ് 2016 ഫെബ്രുവരി 25 ന് സര്‍വകലാശാല റജിസ്ട്രാര്‍ക്ക് പരാതി സമര്‍പ്പിക്കുന്നത്. ഹൈദരാബാദ് സര്‍വകലാശാലയിലെ രോഹിത് വെമൂലയുടെ കാല്‍പാടുകള്‍ തനിക്കും പിന്തുടരേണ്ടിവരുമെന്ന് രാജേഷ് പരാതിയില്‍ പറയുന്നുണ്ട്. 

ഇതിനിടെ കമ്മറ്റിയുടെ ചെയര്‍മാന്‍ ഡോ. വി.വി. രാധാകൃഷ്ണനും മറ്റൊരു മെമ്പറായ ഡോ. അമ്പിളി എസ്. നായരും കാര്‍ഷിക സര്‍വകലാശാല സര്‍വീസില്‍ നിന്ന് പോയിരുന്നു. പകരം ആരെയും തല്‍സ്ഥാനത്ത് നിയമിച്ചതുമില്ല. യു.ജി.സി. ചട്ടങ്ങള്‍ പ്രകാരം സര്‍വകലാശാല സര്‍വീസില്‍ ഇല്ലാത്ത അധ്യാപകരുടെ നേതൃത്വത്തില്‍ ഗവേഷണം നടത്തരുതെന്നുണ്ട്. 

അഞ്ചു പേരടങ്ങുന്ന കമ്മറ്റിയിലെ ഒരംഗം രാജേഷിന്റെ ഗവേഷണ പ്രബന്ധത്തിനോടും രാജേഷിനോടും വംശീയ വൈരാഗ്യവും വിവേചനവും കാണിച്ചതായി സര്‍വകലാശാലയ്ക്ക് ഉള്ളില്‍ നിന്നു തന്നെ അറിയാന്‍ കഴിയുന്നുണ്ട്. ഈ അംഗം വര്ഷങ്ങളായി സര്‍വകലാശാലയിലെ ബൗദ്ധിക സ്വത്തവകാശ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടുതന്നെ രാജേഷിന്റ ഗവേഷണവുമായി ബന്ധപ്പെട്ട് കമ്മറ്റിയില്‍ വരാന്‍ ഇവര്‍ക്കു യോഗ്യതയില്ലെന്നും പറയുന്നു. ഇതേ കമ്മറ്റിയിലെ രണ്ടംഗങ്ങള്‍ സര്‍വകലാശാല തലത്തില്‍ നടപടി നേരിട്ടവരുമാണ്. 

യു.ജി.സി. ചട്ടങ്ങള്‍ പ്രകാരം രാജേഷിന്റെന ഗവേഷണ പ്രബന്ധം വിലയിരുത്താന്‍ പത്തുതവണയെങ്കിലും കമ്മറ്റി കൂടേണ്ടതായുണ്ട്. എന്നാല്‍ ഇവിടെ കേവലം മൂന്നു തവണ മാത്രമാണ് കമ്മറ്റി കൂടിയത്. 

വിഷയം വിവാദമായപ്പോള്‍ സര്‍വകലാശാല അധികൃതര്‍ രാജേഷിനെ ഭീഷണിപ്പെടുത്തി പരാതി മരവിപ്പിക്കുകയുണ്ടായി. പ്രശ്‌നങ്ങള്‍ ഒന്നുംതന്നെ ഉണ്ടാക്കാത്തപക്ഷം രണ്ടു മാസങ്ങള്‍ക്കുള്ളില്‍ രാജേഷിന് പി.എച്ച്.ഡി. കൊടുക്കാമെന്ന വാഗ്ദാനമാണ് പകരം നല്‍കിയത്. എന്നാല്‍ രാജേഷ് തുടര്‍ന്നു തന്റെ പരാതിയുമായി മുന്നോട്ടുപോവുകയും എന്തുവന്നാലും പരാതിയില്‍ ഉറച്ചു നില്‍ക്കുമെന്ന നിലപാട് കൈക്കൊള്ളുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് സര്‍വകലാശാല അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.

പി.എച്ച്.ഡി. പ്രബന്ധം അനാവശ്യമായി വച്ചു താമസിപ്പിച്ച് ദളിതനായ തന്നെ പീഡിപ്പിച്ച അധ്യാപകര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് രാജേഷിന്റെ പരാതിയില്‍ പറഞ്ഞിരുന്നത്. വിദ്യാര്‍ത്ഥി ഉറച്ച നിലപാട് എടുക്കുമെന്ന് ബോധ്യമായതോടെ രാജേഷിന്റെ വായ മൂടിക്കെട്ടി പി.എച്ച്.ഡി. കൊടുത്ത് കാര്യങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍വകലാശാല തന്ത്രങ്ങള്‍ മെനയാനും തുടങ്ങിയിരുന്നു. ഇതിനിടയിലാണ് ഇപ്പോള്‍ അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. പ്രശ്‌നം കൂടുതല്‍ വഷളാക്കാതെ സര്‍വകലാശാലയുടെ പേര് സംരക്ഷിക്കാനായിരിക്കും ശ്രമം ഉണ്ടാവുകയെന്നും അറിയുന്നു.

രാജേഷിന് പിഎച്ച്ഡി നല്‍കുന്നതോടെ പ്രശ്നം അവസാനിക്കില്ല എന്നാണ് സര്‍വകലാശാലയിലെ ഒരു വിഭാഗം അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പറയുന്നത്.  ഒരു വിവാദം ഉണ്ടാകരുതെന്നു കരുതി എടുപിടിയെന്നു പറഞ്ഞു കൊടുക്കാനുള്ള ഒന്നാണോ പിഎച്ച്ഡി എന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ട്. രാജേഷ് തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിന്റെ യഥാര്‍ത്ഥ മൂല്യനിര്‍ണയം ഇത്തരമൊരു സാഹചര്യത്തില്‍ സര്‍വകലാശാലക്ക് പുറത്തുള്ള ഗവേഷണ ഏജന്‍സികള്‍ നടത്തണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. അല്ലാത്ത പക്ഷം പ്രശ്‌നം ഒതുക്കി തീര്‍ക്കാനും ഇതുമായി ബന്ധപ്പെട്ടവരെ രക്ഷപ്പെടുത്താനും സര്‍വകലാശാല ശ്രമിക്കുമെന്ന് ഇവര്‍ പറയുന്നു. ഒരു വിവാദത്തിന്റെ ആനുകൂല്യത്തില്‍ ഗവേഷണ പ്രബന്ധം വിലയിരുത്തപ്പെടരുത്. ഇതുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധം അടക്കമുള്ള എല്ലാ രേഖകളും നിയമപരമായിതന്നെ കണ്ടുകെട്ടി സംഭവത്തില്‍ ജൂഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യമുയരുന്നുണ്ട്. 

This post was last modified on March 17, 2016 4:21 pm