X

അമ്പൂരി കൊലപാതകം: നിര്‍ണായകമായത് രക്ഷപ്പെടാന്‍ അഖില്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്ത് പത്തുലക്ഷം രൂപ ആവശ്യപ്പെട്ടത്

അഖില്‍ വിമാനത്തില്‍ നാട്ടിലെത്തുമെന്ന് സൂചന ലഭിച്ചതോടെ തിരുവനന്തപുരം വിമാനത്താവളം നിരീക്ഷണത്തിലായിരുന്നു.

അമ്പൂരി കൊലപാതക കേസിലെ പ്രധാന പ്രതി അഖില്‍ രക്ഷപ്പെടാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പോലീസ്. രാഖിയെ കൊലപ്പെടുത്തിയശേഷം ലഡാക്കിലേക്കെന്ന് പറഞ്ഞു പോയ അഖില്‍ ജോലിയില്‍ പ്രവേശിച്ചിരുന്നില്ല. ക്യാമ്പില്‍ പ്രവേശിക്കാതെ ഡല്‍ഹിയില്‍ തങ്ങുകയായിരുന്നു. പോലീസ് തിരയുന്ന വിവരം അറിഞ്ഞു മറ്റെവിടേക്കെങ്കിലും രക്ഷപ്പെടാന്‍ തീരുമാനിച്ച അഖില്‍ വീട്ടിലേക്ക് ഫോണ്‍ചെയ്ത് പത്തുലക്ഷംരൂപ ആവശ്യപ്പെട്ടു. ഈ വിവരം പോലീസിന് ലഭിച്ചതാണ് നിര്‍ണായകമായത്.

അഖില്‍ വിമാനത്തില്‍ നാട്ടിലെത്തുമെന്ന് സൂചന ലഭിച്ചതോടെ തിരുവനന്തപുരം വിമാനത്താവളം നിരീക്ഷണത്തിലായിരുന്നു. ശനിയാഴ്ച രാത്രി എട്ടുമണിക്ക് ഡല്‍ഹിയില്‍ നിന്നുള്ള ഇന്‍ഡിഗോ വിമാനത്തിലെത്തിയ അഖിലിനെ മഫ്തിയിലുള്ള പോലീസ് സംഘം പിടികൂടുകയായിരുന്നുവെന്നും പോലീസ് പറയുന്നു.

തുടര്‍ന്ന് അഖിലിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി നെയ്യാറ്റിന്‍കര ഡിവൈ എസ് പി ഓഫീസിലേക്ക് കൊണ്ടുപോയി. രാത്രി വൈകിയും അഖിലിനെയും സഹോദരനും രണ്ടാംപ്രതിയുമായ രാഹുലിനെയും ഒരുമിച്ച് ചോദ്യം ചെയ്തുവെന്നാണ് വിവരം.

Read: അമ്പൂരി കൊലപാതകം; കുഴിയെടുക്കാന്‍ അച്ഛനും സഹായിച്ചു, കൃത്യത്തിന് ശേഷം പോയത് കശ്മീരിലേക്ക് – അഖിലിന്റെ മൊഴി

 

This post was last modified on July 28, 2019 10:36 am