X

അമിത് ഷാ വന്ന് അത്ഭുതം കാണിക്കുമോ? അതോ പഴയ വെടക്കാക്കി തനിക്കാക്കല്‍ തുടരുമോ!

ബിജെപി ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തതിന്റെ പേരില്‍ മുസ്ലിം ലീഗ് ഒറ്റപ്പെടുത്തിയ ഖമറുന്നീസ അന്‍വര്‍ തങ്ങള്‍ക്കൊപ്പം വരുമെന്ന് ചില ബിജെപിക്കാര്‍ പറഞ്ഞു നടക്കുന്നുണ്ട്

നാളെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ എത്തുന്നു. എന്‍ഡിഎ വിപുലീകരണമാണ് ഈ സന്ദര്‍ശനത്തിലൂടെ അമിത് ഷായും ബിജെപിയും ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ശനിയാഴ്ച ക്ഷണിക്കപ്പെട്ട വിഐപികളുമായി കൊച്ചിയില്‍ ഒരു കൂടിക്കാഴ്ചയും തീരുമാനിച്ചിട്ടുണ്ട്. വിഐപികള്‍ എന്നു പറയുമ്പോള്‍ വ്യത്യസ്ത മതനേതാക്കള്‍, രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളില്‍ അറിയപ്പെടുന്ന വ്യക്തികള്‍, കല- സാംസ്‌കാരിക രംഗത്ത് നിന്നുള്ളവര്‍, വാണിജ്യ പ്രമുഖര്‍, പ്രൊഫഷണലുകള്‍ തുടങ്ങി എല്ലാ മേഖലകളില്‍ നിന്നുള്ളവരും പെടുമെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. നേരത്തെ ചില മത മേലധ്യക്ഷന്മാരെ കാണാന്‍ തീരുമാനിച്ചിരുന്നെങ്കിലും ആ നീക്കം എന്തുകൊണ്ടോ ഉപേക്ഷിച്ചുവെന്നും പറയപ്പെടുന്നു.

അമിത്ജിയുടെ കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് ചില അത്ഭുതങ്ങള്‍ നടക്കുമെന്നും ചില ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നുണ്ട്. കാണാന്‍ പോകുന്ന പൂരം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ. അതുകൊണ്ട് ഈ അത്ഭുതങ്ങള്‍ എന്തെന്ന് അവര്‍ രഹസ്യമാക്കി വച്ചിരിക്കുകയാണ്. എങ്കിലും ഇന്നലെ ഇരിങ്ങാലക്കുടയില്‍ നടന്നതു പോലുള്ള എന്തെങ്കിലും അത്ഭുതപ്രവര്‍ത്തിയാണോ ബിജെപി ഉദ്ദേശിക്കുന്നത് എന്നൊരു ശങ്ക ഇല്ലാതെയില്ല. ഊരകം വാരിയാട്ടു ക്ഷേത്രത്തില്‍ ഇന്നലെ ആര്‍എസ്എസ് സംഘടിപ്പിച്ച ചടങ്ങില്‍ സിപിഎം നേതാവും ഇരിങ്ങാലക്കുട എംഎല്‍എയുമായ കെ യു അരുണനും കോണ്‍ഗ്രസ് മുരിയാട് മണ്ഡലം മുന്‍ പ്രസിഡന്റും നിലവില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ തോമസ് തത്തംപള്ളിയും പങ്കെടുത്തതും ഇത് സംബന്ധിച്ച് പിന്നീട് ഇരുവരും നല്‍കിയ വിശദീകരണവും ശങ്കയ്ക്ക് ആക്കം കൂട്ടുന്നു. തങ്ങളെ പറഞ്ഞു പറ്റിച്ചതാണെന്നാണ് എംഎല്‍എയുടെയും കോണ്‍ഗ്രസ് നേതാവിന്റെയും വിശദീകരണം. അവര്‍ പറയുന്നത് ശരിയാണെങ്കില്‍ ഇത് വെടക്കാക്കി തനിക്കാക്കുന്ന ഏര്‍പ്പാടാണെന്നു പറയേണ്ടി വരും.

ഇങ്ങനെയൊരു ഏര്‍പ്പാട് കേരളത്തില്‍ ബിജെപി പണ്ടും ചെയ്തിട്ടുണ്ട്. കൃത്യമായി പറഞ്ഞാല്‍ 2003-ല്‍. എറണാകുളം എംപി ജോര്‍ജ് ഈഡന്‍ മരിച്ച ഒഴിവിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കുന്നു. എറണാകുളത്ത് തങ്ങള്‍ ഒരു സര്‍പ്രൈസ് സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ പോകുന്നുവെന്ന് അന്ന് ബിജെപി കേരള അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയുടെ വക പ്രഖ്യാപനം. എത്ര ചൂണ്ടയിട്ടു നോക്കിയിട്ടും സര്‍പ്രൈസ് സ്ഥാനാര്‍ഥിയാരെന്ന് ശ്രീധരന്‍ പിള്ളയോ ഇതര ബിജെപി നേതാക്കളോ പറഞ്ഞില്ല. ഒടുവില്‍ സ്ഥാനാര്‍ഥി വന്നു; കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയും രണ്ടു തവണ എംപിയും ഒക്കെയായിരുന്നു വി വിശ്വനാഥ മേനോന്‍ എന്ന അമ്പാടി വിശ്വന്‍. ശരിക്കും ഒരു വലിയ സര്‍പ്രൈസ് തന്നെയായിരുന്നു അത്. തനിക്കു സീറ്റു നിഷേധിച്ച് സെബാസ്റ്റ്യന്‍ പോളിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ച് ബിജെപി പിന്തുണയോടെ മേനോന്‍ കളത്തിലിറങ്ങി. തോറ്റു തോപ്പിയിട്ടു. അടുത്ത തിരഞ്ഞെടുപ്പ് വേളയില്‍ സിപിഎം സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ടുപിടിക്കുന്ന മേനോനെയാണ് എറണാകുളത്തുകാര്‍ കണ്ടത്.
അടുത്ത ഊഴം പി.സി തോമസിന്റെതായിരുന്നു. സിറ്റിംഗ് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് 2004 -ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയോടെ മൂവാറ്റുപുഴയില്‍ നിന്നും വീണ്ടും മത്സരിച്ച പി.സി കഷ്ടിച്ചു കടന്നുകൂടി കേരളത്തില്‍ ഒരു പാതി താമര വിരിയിച്ച് കേന്ദ്ര സഹമന്ത്രിയുമായി. പിന്നീട് ബിജെപി ബാന്ധവം ഉപേക്ഷിച്ചെങ്കിലും എല്ലാ മാര്‍ഗങ്ങളും അടഞ്ഞ പി സി വീണ്ടും എന്‍ഡിഎയ്ക്ക് ഒപ്പമാണ്.

2004 ല്‍ ബിജെപി കേരളത്തില്‍ ഏറെ കൊട്ടിഘോഷിച്ച് ഒരു പരിപാടി സംഘടിപ്പിച്ചു. വെങ്കയ്യ നായിഡു ആയിരുന്നു അന്ന് ബിജെപി ദേശീയ അധ്യക്ഷന്‍. കേരളത്തില്‍ എത്തിയ നായിഡു തിരുവനന്തപുരത്ത് അന്തരിച്ച പ്രിയ നടന്‍ ഭാരത് ഗോപിയടക്കം 14 പേര്‍ക്ക് ബിജെപി അംഗത്വം വിതരണം ചെയ്തു. അന്തരിച്ച സിനിമനടനും നിശ്ചല ഛായാഗ്രാഹകനുമായ എന്‍എല്‍ ബാലകൃഷ്ണന്‍, കഥകളി കലാകാരന്‍ മടവൂര്‍ വാസുദേവന്‍ പിള്ള, സിഎസ്‌ഐ പുരോഹിതന്‍ എബ്രഹാം തോമസ് എന്നിവരെക്കൂടാതെ കന്നഡക്കാരനും മുന്‍ ക്രിക്കറ്റ് താരവുമായ ശ്രീകാന്തും ഒക്കെ ആ ചടങ്ങില്‍ ബിജെപി അംഗങ്ങളായി. മലയാളത്തിന്റെ നിത്യഹരിത നായകനായിരുന്ന പ്രേം നസീറിന്റെ പുത്രന്‍ ഷാനവാസ് അംഗത്വം സ്വീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നു കണ്ടില്ല. അന്ന് അംഗത്വം സ്വീകരിച്ച രണ്ടുപേര്‍ ഇന്നില്ല. ഇവരൊക്കെ പാര്‍ട്ടിയില്‍ ചേര്‍ന്ന വകയില്‍ വലിയ മെച്ചമൊന്നും അന്നൊന്നും ബിജെപിക്ക് ഉണ്ടായതുമില്ല. പറഞ്ഞുവരുന്നത് ബിജെപിക്കു പുതിയ അംഗങ്ങളെ ചേര്‍ക്കാനോ ആര്‍ക്കെങ്കിലും ബിജെപിയില്‍ ചേരാനോ അവകാശമില്ല എന്നല്ല. വെടക്കാക്കി തനിക്കാക്കുന്ന അത്ഭുതങ്ങള്‍ പ്രവര്‍ത്തിച്ച് നല്ല മനുഷ്യരെ പറ്റിക്കരുതെന്നു മാത്രമാണ്.

ബിജെപി ഫണ്ട് പിരിവ് ഉത്ഘാടനം ചെയ്തതിന്റെ പേരില്‍ മുസ്ലിം ലീഗ് ഒറ്റപ്പെടുത്തിയ ഖമറുന്നീസ അന്‍വര്‍ തങ്ങള്‍ക്കൊപ്പം വരുമെന്ന് ചില ബിജെപിക്കാര്‍ പറഞ്ഞു നടക്കുന്നുണ്ട്. ഒരു പക്ഷെ അമിത്ജി കൊച്ചിയില്‍ എത്തുമ്പോള്‍ സംഭവിക്കാന്‍ പോകുന്ന അത്ഭുതം ഖമറുന്നീസയുടെ ബിജെപി പ്രവേശനം ആയിരിക്കുമോ? കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ എത്തിയ നജ്മ ഹെപ്തുള്ള ആദ്യം മന്ത്രിയും ഇപ്പോള്‍ ജാമിയ മിലിയ യൂണിവേഴ്‌സിറ്റിയുടെ ചാന്‍സലറുമാണ്. ഖമറിനും വേണമെങ്കില്‍ പലതും ആകാം. എന്നാല്‍ അടുത്തിടെ നടന്ന അമിത്ജിയുടെ ലക്ഷദ്വീപ് സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രചരിച്ച വാര്‍ത്ത ലക്ഷദീപിലെ ഏക എംപി യും എന്‍സിപിക്കാരനുമായ മുഹമ്മദ് ഫൈസല്‍ ഇതാ ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നു എന്നായിരുന്നു. എന്നാല്‍ തൊട്ടു പിന്നാലെ എംപി യുടെ വിശദീകരണം വന്നു; പ്രചാരണം വ്യാജമാണെന്ന്. അമിത്ജിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന കഥകളും ഇതിങ്ങനെ തന്നെ ആയിരിക്കുമോ? അതോ ശരിക്കും അത്ഭുതം സംഭവിക്കുമോ എന്നറിയാന്‍ കാത്തിരിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

This post was last modified on June 1, 2017 1:54 pm