X

മാര്‍ ആലഞ്ചേരിയുടെ പടിയിറക്കം വിശ്വാസികളുടെ പോരാട്ടത്തിന്റെ വിജയം; എറണാകുളം–അങ്കമാലി അതിരൂപതയെ ഇനി ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ നയിക്കും

ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ മാണ്ഡ്യ ബിഷപ്പ് ആയും ജോസ് പുത്തന്‍വീട്ടിലിനെ ഫരീദാബാദ് രൂപത സഹായ മെത്രാനായുമാണ് നിയമിച്ചിരിക്കുന്നത്

മണ്ഡ്യ രൂപത മെത്രാന്‍ ബിഷപ്പ് മാര്‍ ആന്റണി കരിയില്‍ എറണാകുളം-അങ്കമാലി അതിരൂപയുടെ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ വികാര്‍ (മെത്രാപ്പോലീത്തന്‍ വികാരി) ആയി നിയമിതനായി. സി എം ഐ സഭയില്‍ നിന്നുള്ള ആന്റണി കരിയില്‍ മാണ്ഡ്യ ബിഷപ്പ് ആയി സേവനം നടത്തി വരുന്നതിനിടയിലാണ് പുതിയ സ്ഥാനലബ്ധി ഉണ്ടായിരിക്കുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയായി നിയമിതനായ ബിഷപ്പ് ആന്റണി കരിയിലിന് ആര്‍ച്ച് ബിഷപ്പിന്റ പദവി(ad personam) ഫ്രാന്‍സീസ് മാര്‍പാപ്പ നല്‍കിയിട്ടുണ്ട്. മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെയും സീറോ മലബാര്‍ സഭ സിനഡിന്റെയും ശുപാര്‍ശ സ്വീകരിച്ചുകൊണ്ടാണ് ബിഷപ്പ് ആന്റണി കരിയിലിന് ആര്‍ച്ച് ബിഷപ്പ് പദവി നല്‍കിക്കൊണ്ട് മാര്‍പാപ്പ ഉത്തരവ് ഇറക്കിയത്. ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയില്‍ ഇന്നു തന്നെ പുതിയ സ്ഥാനം ഏറ്റെടുക്കുകയും ചെയ്യും.

സീറോ മലബാര്‍ സഭ സിനഡ് ആണ് വത്തിക്കാന്‍ നിര്‍ദേശം പ്രകാരമുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഇതോടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് ആലഞ്ചേരിക്ക് എറണാകുളം അതിരൂപതയില്‍ ഉള്ള ഭരണാധികാരങ്ങള്‍ നഷ്ടമായി. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന പദവി മാത്രമായിരിക്കും കര്‍ദിനാള്‍ ആലഞ്ചേരിക്ക് ഇനി മുതല്‍ ഉണ്ടാവുക. അതിരൂപതയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളിലോ സാമ്പത്തിക ഇടപാടുകളിലോ ഒന്നിനും കര്‍ദിനാള്‍ ആലഞ്ചേരിക്ക് ഇടപെടാന്‍ കഴിയില്ല.

ബിഷപ്പ് ആന്റണി കരിയിലിന്റെ പുതിയ സ്ഥാനലബ്ധിയോടെ എറണാകുളം അതിരൂപതയിലെ ഭൂരിഭാഗം വരുന്ന വൈദികരും വിശ്വാസികളും മുന്നോട്ടുവച്ച ആവശ്യം കൂടിയാണ് അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഭൂമിക്കച്ചവട വിവാദത്തില്‍ പ്രതിയായ കര്‍ദിനാള്‍ ആലഞ്ചേരി അതിരൂപത ഭരണത്തില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധങ്ങളും ഉപവാസ സമരങ്ങളുമെല്ലാം നടന്നിരുന്നു. ഇതിന്റെയെല്ലാം വിജയം എന്നോണമാണ് സീറോ മലബാര്‍ സഭ സിനഡിന്‍റെ സമാപന ദിവസത്തില്‍ കര്‍ദിനാളിന് തിരിച്ചടി നല്‍കി കൊണ്ടുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.

എന്നാല്‍ കര്‍ദിനാള്‍ ആലഞ്ചേരിയില്‍ നിന്നും അധികാരങ്ങള്‍ നഷ്ടമാകുന്നതിനെ സിനഡ് മറ്റൊരു തരത്തിലാണ് വ്യാഖ്യാനിച്ചിരിക്കുന്നത്. സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന നിലയിലുള്ള ശ്രമകരമായ ദൗത്യവും എറണാകുളം-അങ്കമാലി അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പ് എന്ന ഉത്തരവാദിത്വവും ഒരുമിച്ച് നിറവേറ്റുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഗണിച്ചാണ് പുതിയ മെത്രപ്പോലീത്ത വികാരിയെ നിയമിച്ചിരിക്കുന്നതെന്നാണ് സിനഡ് പ്രസ്താവനയില്‍ പറയുന്നത്. അതിരൂപതയ്ക്ക് പുതിയ ഭരണ സംവിധാനം രൂപീകരിക്കുന്നതിനെക്കുറിച്ച് 2007 മുതല്‍ സിനഡില്‍ ആലോചനകള്‍ ആരംഭിച്ചിരുന്നുവെന്നും ഭൂമിക്കച്ചവടമോ ഇപ്പോഴത്തെ വിവാദങ്ങളോ ഇതിനൊരു കാരണമല്ലെന്ന നിലയില്‍ സിനഡ് ന്യായീകരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ സീറോ മലബാര്‍ സഭയുടെ രൂപതകള്‍ കേരളത്തിന് പുറത്തും ഇന്ത്യക്ക് വെളിയിലും വര്‍ദ്ധിച്ചതോടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന നിലയില്‍ കൂടുതല്‍ സമയം സഭയുടെ പൊതു ആവശ്യങ്ങള്‍ക്കു വേണ്ടി കര്‍ദിനാള്‍ ആലഞ്ചേരിക്ക് കണ്ടെത്തേണ്ടി വരികയായിരുന്നുവെന്നും ഈ പശ്ചാത്തലത്തിലാണ് 2019 ജനുവരിയിലെ സിനഡില്‍ എടുത്ത തീരുമാനം റോമിനെ അറിയിച്ചതിന്റെ പുറത്ത് പൗരസ്ത്യ തിരുസംഘത്തിന്റെ അംഗീകാരത്തോടെ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ വികാരിയെ എറണാകുളം-അങ്കമാലി അതിരൂപതയുടെ അനുദിന ഭരണനിര്‍വഹണത്തിനായി നിയമിക്കുന്നതെന്നും സിനഡ് പറയുന്നു.

എറണാകുളം-അങ്കമാലി അതിരൂപതയക്കുവേണ്ടിയുള്ള മെത്രാപ്പോലീത്തന്‍ വികാരിയുടെ ഉത്തരവാദിത്വങ്ങളും അവകാശങ്ങളും വ്യക്തമാക്കുന്ന മാര്‍ഗരേഖ സിനഡ് അംഗീകരിക്കുകയും ചെയ്തു. വൈകാതെ തന്നെ ഈ മാര്‍ഗരേഖ സഭയുടെ പ്രത്യേക നിയമത്തിന്റെ ഭാഗമാക്കുമെന്നും സിനഡ് അറിയിച്ചു. ഇനി മുതല്‍ അതിരൂപതയുടെ സാധാരണ ഭരണത്തിന്റെ ഉത്തരവാദിത്വം മെത്രോപ്പോലീത്തന്‍ വികാരിക്കായിരിക്കും. അതിരൂപതയുടെ സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതും പുതിയ മെത്രോപ്പോലീത്ത വികാരിയായിരിക്കും. സിവില്‍ നിയമം അനുസരിച്ച് അതിരൂപതയെ പ്രതിനിധീകരിക്കുന്നതും രേഖകളില്‍ ഒപ്പുവയ്ക്കുന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങളിലും പൂര്‍ണ ഉത്തരവാദിത്വം മെത്രാപ്പോലീത്ത വികാരിക്ക് ആയിരിക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പ് അതിരൂപതയുടെ മെത്രാപ്പോലീത്തയായി തുടരുന്നതിനാല്‍ വളരെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിനു മുമ്പ് അദ്ദേഹം അതിരൂപതാദ്ധ്യക്ഷനുമായി കൂടിയാലോചിക്കണമെന്നു മാത്രമാണ് മാര്‍ഗരേഖയില്‍ നിര്‍ദേശിക്കുന്നത്.

എറണാകുളം അതിരൂപതയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്ന സഹായമെത്രാന്മാരായ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോസ് പുത്തന്‍വീട്ടില്‍ എന്നിവര്‍ക്കും പുതിയ ചുമതലകള്‍ നല്‍കി കൊണ്ട് സിനഡ് തീരുമാനം എടുത്തു. ബിഷപ്പ് സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെ മാണ്ഡ്യ ബിഷപ്പ് ആയും ജോസ് പുത്തന്‍വീട്ടിലിനെ ഫരീദാബാദ് രൂപത സഹായ മെത്രാനായുമാണ് നിയമിച്ചിരിക്കുന്നത്. ഭൂമികച്ചവട വിവാദത്തെ കുറിച്ച് അന്വേഷിക്കാന്‍ നിയോഗിച്ച അപ്പസ്റ്റോലിക് അഡ്മിനിസ്‌ട്രേറ്ററുടെ കാലാവധി കഴിഞ്ഞതോടെ വീണ്ടും അതിരൂപതയുടെ ഭരണ ചുമതലകള്‍ കര്‍ദിനാള്‍ ആലഞ്ചേരിക്ക് തിരിച്ചു കിട്ടിയ ഉടനെയായിരുന്നു സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും ജോസ് പുത്തന്‍ വീട്ടിലിനെയും സസ്‌പെന്‍ഡ് ചെയ്തത്. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രതികാര നടപടിയാണിതെന്ന് ആരോപിച്ച് വിശ്വാസികളും വൈദികരും വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു. അതിരൂപതയ്ക്ക് സ്വതന്ത്രാധികാരമുള്ള ആര്‍ച്ച് ബിഷപ്പിനെ നിയമിക്കുക എന്ന ആവശ്യത്തിനൊപ്പം തന്നെ ഉയര്‍ന്ന ആവിശ്യമായിരുന്നു സസ്‌പെന്‍ഡ് ചെയ്ത സഹായമെത്രാന്മാരെ അതിരൂപതയിലേക്ക് തിരികെ കൊണ്ടുവരണമെന്നതും. എന്നാല്‍ ഇരുവരെയും സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും എറണാകുലം അതിരൂപതയില്‍ തന്നെ വീണ്ടും നിയമിക്കാനുള്ള ആവശ്യം തള്ളി. ഇക്കാര്യത്തില്‍ ആലഞ്ചേരി പക്ഷം വിജയം കാണുകയാണ് ചെയ്തത്.

ആലപ്പുഴ ചേര്‍ത്തലയില്‍ ചാലില്‍ സ്വദേശിയാണ് എറണാകുളം അതിരൂപതയുടെ ആദ്യത്തെ മെത്രപ്പോലീത്ത വികാരിയായി നിയമിതനായ മാര്‍ ആന്റണി കരിയില്‍. സി എം ഐ സന്ന്യാസി സമൂഹത്തില്‍ ചേര്‍ന്ന് വൈദീക പരിശീലനം ആരംഭിച്ച കരിയില്‍ 1997 ല്‍ ആണ് വൈദികനാകുന്നത്. തത്വശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും സോഷ്യോളജില്‍ ഡോക്ടറല്‍ ബിരുദവും നേടിയിട്ടുള്ള ആന്റണി കിരിയില്‍ ബെംഗളൂരു ക്രൈസ്റ്റ് കോളേജില്‍ അധ്യാപകനായും പ്രിന്‍സിപ്പാളായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇതു കൂടാത കളമശ്ശേരി രാജഗിരി കോളേജ് പ്രിന്‍സിപ്പാള്‍, കൊച്ചിയിലെ രാജഗിരി സ്ഥാപനങ്ങളുടെ ഡയറക്ടര്‍, സി എം ഐ സന്ന്യാസ സമൂഹത്തിന്റെ കൊച്ചി പ്രൊവിന്‍ഷ്യല്‍, സി എം ഐ സന്ന്യാസി സമൂഹത്തിന്റെ പ്രയോര്‍ ജനറല്‍ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. 2015 ല്‍ ആണ് മാണ്ഡ്യ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ആന്റണി കരിയിലിനെ നിയമിക്കുന്നത്. ആ പദവിയില്‍ നിന്നാണ് സീറോ മലബാര്‍ സഭ സിനഡ് സെക്രട്ടറി കൂടിയായ കരിയില്‍ പുതിയ ദൗത്യവുമായി എറണാകുളം അതിരൂപതയില്‍ എത്തുന്നത്.

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:

This post was last modified on August 30, 2019 8:30 pm