X

അട്ടപ്പാടിയില്‍ അവസാന ആദിവാസിയും മരിച്ചു വീഴുന്ന ഒരു കാലത്തിനായാണോ നമ്മള്‍ കാത്തിരിക്കുന്നത്?

ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് ഇതുവരെ 13 ശിശുക്കളാണ് ഈ വര്‍ഷം അട്ടപ്പാടിയില്‍ മരിച്ചിരിക്കുന്നത്

കേരളത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സൊമാലിയയെന്ന് പരിഹസിച്ചപ്പോള്‍ അതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയവരാണ് കേരളത്തിലുള്ള നല്ലൊരു വിഭാഗം ആളുകള്‍. അട്ടപ്പാടിയിലെ ശിശുമരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശമെന്ന് വിശദീകരണവുമായി അക്കാലത്ത് തന്നെ സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ അതിന് ശേഷവും അട്ടപ്പാടിയിലെ ശിശു മരണ നിരക്ക് നിയന്ത്രണ വിധേയമാക്കാന്‍ നമുക്ക് സാധിച്ചിട്ടില്ലെന്നത് വളരെയധികം ആശങ്കയോടെ മാത്രമേ കാണാന്‍ സാധിക്കൂ.

അട്ടപ്പാടിയിലെ മുക്കാലിയില്‍ രണ്ട് ദിവസം മാത്രം പ്രായമുള്ള ഒരു നവജാത ശിശു കൂടി കഴിഞ്ഞ ദിവസം മരിച്ചു. ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ അനുസരിച്ച് ഇതുവരെ 13 ശിശുക്കളാണ് ഈ വര്‍ഷം അട്ടപ്പാടിയില്‍ മരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം എട്ട് ശിശുമരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 2015ന് ശേഷം ഏറ്റവുമധികം ശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഈ വര്‍ഷമാണ്. 2014ല്‍ 15ഉം, 15ല്‍ 14ഉം 16ല്‍ എട്ടും ശിശുക്കള്‍ മരിച്ചപ്പോഴാണ് ഈ വര്‍ഷം സെപ്തംബര്‍ വരെ മാത്രം 13 കുഞ്ഞുങ്ങള്‍ മരിച്ചത്. 2012-13 കാലയളവില്‍ മാത്രം 72 കുഞ്ഞുങ്ങളാണ് അട്ടപ്പാടിയില്‍ മരിച്ചത്. അന്ന് ഇതിനെതിരായി ശക്തമായി വാദിച്ച എല്‍ഡിഎഫ് ആണ് ഇന്ന് സംസ്ഥാനം ഭരിക്കുന്നതെന്നത് എന്നതു കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

2001ല്‍ അറുപതിലേറെ കുഞ്ഞുങ്ങള്‍ ഒറ്റയടിക്ക് മരിച്ച ഘട്ടത്തിലാണ് കുടില്‍കെട്ടി സമരം ആരംഭിച്ചത്. അന്നത്തെ സാമൂഹിക സാഹചര്യത്തില്‍ യാതൊരു വ്യത്യാസവും ഇന്നുണ്ടായിട്ടില്ലെന്നാണ് ഇപ്പോഴും അട്ടപ്പാടിയിലും മറ്റ് ആദിവാസി മേഖലകളിലും തുടരുന്ന ശിശു മരണങ്ങള്‍ തെളിയിക്കുന്നത്. അട്ടപ്പാടിയെ സംബന്ധിച്ച് അവരുടെ ഭക്ഷണ സംസ്‌കാരം അപ്പാടെ തകര്‍ന്ന് തരിപ്പണമായിരിക്കുകയാണ്. ഭൂമിയുള്ളവര്‍ക്ക് അവിടെ കൃഷി ചെയ്യാനുള്ള സാഹചര്യങ്ങള്‍ ഒരുക്കാതെ പോഷക അടുക്കളയെന്ന പേരിലുള്ള കലാപരിപാടികളാണ് നടത്തുന്നതെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

അതേസമയം സര്‍ക്കാര്‍ പുറത്തുവിടുന്ന കണക്കുകളും കാരണങ്ങളും തെറ്റാണെന്നും ഇവര്‍ പറയുന്നു. പ്രായം തികയാതെ പ്രസവിച്ചതിനാലും അമ്മമാര്‍ മദ്യപിക്കുന്നതിനാലും കുഞ്ഞുങ്ങള്‍ മരിച്ചുവെന്നാണ് പലപ്പോഴും സര്‍ക്കാര്‍ പറയുന്നത്. പല ശിശു മരണങ്ങളും ഇത്തരം കാരണങ്ങള്‍ പറഞ്ഞ് കണക്കില്‍പ്പെടുത്താതെ ചെറിയ കണക്കുകള്‍ മാത്രമാണ് സര്‍ക്കാര്‍ പുറത്തുവിടുന്നത്. 2015-16 കാലഘട്ടത്തില്‍ മാത്രം നാല്‍പ്പതോളം കുട്ടികള്‍ മരിച്ചിട്ടുള്ളയിടത്താണ് സര്‍ക്കാര്‍ 14ന്റെയും എട്ടിന്റെയും മാത്രം കണക്കുകള്‍ പറയുന്നത്. അട്ടപ്പാടിയിലെ ശിശുമരണം ഒരു തുടര്‍ക്കഥ പോലെ നടക്കുന്നതാണെന്ന് ആദിവാസി നേതാവ് സി കെ ജാനു പറയുന്നു. “ഈ വര്‍ഷം പതിമൂന്ന് എന്ന് കണക്കുപറയുന്ന സര്‍ക്കാര്‍ അവിടെ മരിച്ച ആയിരക്കണക്കിന് കുഞ്ഞുങ്ങളെ മറന്നിരിക്കുകയാണ്. അവിടെയുണ്ടാകുന്ന മുഴുവന്‍ കുഞ്ഞുങ്ങളും മരിച്ചുകൊണ്ടിരിക്കുകയാണ്. ഇതില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടാണ് 2001ല്‍ ഞങ്ങള്‍ സമരം നടത്തിയത്. പതിനാറ് വര്‍ഷം കഴിഞ്ഞിട്ടും ആ സാഹചര്യത്തില്‍ ഒരുമാറ്റവും വന്നിട്ടില്ല. എന്നാല്‍ അതിന്റെ പേരില്‍ കുടുംബശ്രീയ്ക്കും മറ്റും ഒരുപാട് ഫണ്ട് ലഭിച്ചതാ”യും ജാനു ചൂണ്ടിക്കാട്ടുന്നു.

http://www.azhimukham.com/kerala-attappadi-tribal-life-infant-death-malnutrition-by-kg-balu/

അട്ടപ്പാടിയിലെ പരമ്പരാഗതമായ ആവാസ വ്യവസ്ഥ തകിടം മറിഞ്ഞതും അവരുടെ ജീവിതം ദുരിതമയമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അവര്‍ക്ക് പോഷാകാഹാരം ലഭിക്കാനുള്ള സാഹചര്യവും നഷ്ടപ്പെട്ടു. നിരവധി പ്രോജക്ടുകള്‍ നടപ്പാക്കി പോഷാകാഹാരം ഉറപ്പുവരുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇത് ആദിവാസികള്‍ക്ക് പ്രയോജനപ്പെടുന്നില്ല എന്നതാണ് വസ്തുത. ആദിവാസികളുടെ പാരമ്പര്യ ആവാസ വ്യവസ്ഥിതിയും കൃഷിയും പുനരുജ്ജീവിപ്പിച്ചാല്‍ മാത്രമാണ് ആദിവാസികള്‍ക്കിടയിലെ ശിശുമരണം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കണ്ടെത്താനാകൂ എന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. അട്ടപ്പാടിയിലെ ആദിവാസികള്‍ പാരമ്പര്യ കൃഷി രീതിയായിരുന്നു തുടര്‍ന്നുകൊണ്ടിരുന്നത്. അതില്‍ നിന്നും ലഭിക്കുന്ന വിഭവങ്ങള്‍ ഉപയോഗിച്ച് ഭക്ഷണം കഴിച്ചിരുന്ന കാലത്ത് അവിടെ കാര്യമായ ശിശുമരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ പിന്നീട് അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് കൃഷി ചെയ്യാനുള്ള ഭൂമി നഷ്ടമായി. ഉള്ള ഭൂമിയില്‍ വഴി, വെള്ളം തുടങ്ങിയ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ കൃഷി ചെയ്യാനാകാത്ത സാഹചര്യമാണ് ഇന്നുള്ളത്. കൃത്യമായ ഒരു ജോലിയോ അതില്‍ നിന്നുള്ള വരുമാനമോ ഇല്ലാത്തതിനാലും പട്ടിണിയും പോഷകാഹാരക്കുറവും അവരുടെ ജീവിതത്തിന്റെ ഭാഗമാണിന്ന്.

വയനാട്ടില്‍ ആദിവാസികള്‍ക്ക് സര്‍ക്കാര്‍ നിര്‍മ്മിച്ചു കൊടുത്ത വീടുകള്‍ ഏതാനും വര്‍ഷങ്ങള്‍ക്കകം തന്നെ തകര്‍ന്നു തരിപ്പണമായതിന്റെയും വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതിനെതിരെ വയനാട്ടിലെ മുപ്പതോളം ആദിവാസി കുടുംബങ്ങള്‍ മൂന്ന് ദിവസമായി സമരം ആരംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ അട്ടപ്പാടിയില്‍ മാത്രമല്ല ആദിവാസികള്‍ക്കിടയില്‍ തന്നെ ഇനിയും മരണങ്ങള്‍ സംഭവിച്ചില്ലെങ്കിലേ അത്ഭുതപ്പെടാനാകൂ.

ചിത്രങ്ങള്‍: ലൈജു യേഷ്‌

 

അരുണ്‍ ടി. വിജയന്‍

അഴിമുഖം സബ് എഡിറ്റര്‍

More Posts

Follow Author:

This post was last modified on September 24, 2017 3:33 pm