X

ബിഡിജെഎസ്സിൽ പൊട്ടിത്തെറി: നേതാക്കൾ സിപിഎമ്മിലേക്ക്

പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ജീവിതം സംരക്ഷിക്കാൻ കഴിയുന്ന പ്രസ്ഥാനമായി ബിഡിജെഎസ് മാറുമെന്ന പ്രതീക്ഷ ഇല്ലാതായെന്ന് ഇവർ പറഞ്ഞു.

ബിഡിജെഎസ് നേതാക്കളെ അധികാരത്തോടുള്ള ആർത്തിയും സ്വന്തം കാര്യലാഭവും മാത്രമാണ് ഭരിക്കുന്നതെന്ന് ആരോപിച്ച് ആലപ്പുഴ ജില്ലയിലെ ഏഴ് ഭാരവാഹികൾ രാജിവെച്ചു. ഇവർ സിപിഎമ്മിൽ ചേരുമെന്നാണ് വിവരമെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിഡിജെഎസ‌് ആലപ്പുഴ ജില്ലാ സെക്രട്ടറി പി.ബൈജു, കുട്ടനാട് മണ്ഡലം ട്രഷറർ വരുൺ ടി.രാജ്, വൈസ‌് പ്രസിഡന്റ് ഉത്തമൻ, രാമങ്കരി പഞ്ചായത്ത് സെക്രട്ടറി വിപിൻ ലാൽ, മണ്ഡലം വൈസ‌് പ്രസിഡന്റ് അനിൽകുമാർ, അനീഷ് ടി.ആർ, ചമ്പക്കുളം പഞ്ചായത്ത് കമ്മറ്റി അംഗം സനീഷ് എന്നിവരാണ് രാജി വെച്ചത്.

പാവപ്പെട്ടവരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും ജീവിതം സംരക്ഷിക്കാൻ കഴിയുന്ന പ്രസ്ഥാനമായി ബിഡിജെഎസ് മാറുമെന്ന പ്രതീക്ഷ ഇല്ലാതായെന്ന് ഇവർ പറഞ്ഞു. സ്ഥാനമാനങ്ങൾക്കു വേണ്ടി പാദസേവ ചെയ്യുകയാണ് ബിഡ‍ിജെഎസ് നേതാക്കളെന്നും ഇവർ ആരോപിച്ചു.

അണികളെ സംഘടന പറഞ്ഞു പറ്റിക്കുകയാണെന്നും തെറ്റ് ചൂണ്ടിക്കാണിച്ചാൽ തിരുത്താൻ തയ്യാറാകുന്നില്ലെന്നും പുറത്തുവന്നവർ പറയുന്നു. ഇന്ത്യൻ തൊഴിലാളി വർഗത്തിന്റെയും അധസ്ഥിതരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സിപിഎമ്മിനൊപ്പം നിൽക്കാൻ തീരുമാനിച്ചതായും രാജിവെച്ചയാളുകൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.