X

കണ്ണൂരിലും ആത്മഹത്യ? ബ്ലൂവെയ്ല്‍ കേരളത്തില്‍ ഭീതിയേറ്റുന്നു; നിഷേധിച്ച് പൊലീസ്‌

കേരളത്തില്‍ ബ്ലൂവെയ്ല്‍ ആത്മഹത്യ സ്ഥിരീകരിച്ചിട്ടില്ലെന്ന് പൊലീസ്‌

ബ്ലൂവെയ്ല്‍ ഗെയിം മരണങ്ങളൊന്നും കേരളത്തില്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നു ഡിജിപി അടക്കം ആവര്‍ത്തുക്കുമ്പോഴും കേരളത്തില്‍ കൊലയാളിക്കളിയുടെ ഇരകളുടെ എണ്ണം കൂടിവരുന്നതായി വാര്‍ത്തകളും. തിരുവനന്തപുരത്ത് 16 കാരന്‍ ആത്മഹത്യ ചെയ്യതെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ കണ്ണൂരില്‍ നിന്നും സമാനമായ വാര്‍ത്ത വരുന്നു.

കണ്ണൂര്‍ കൊളശേരിയിലെ ഐടിഐ വിദ്യാര്‍ത്ഥി സാവന്തിന്റെ മരണമാണ് ബ്ലൂവെയ്ല്‍ ഗെയിമിന്റെ സംശയത്തില്‍ എത്തിനില്‍ക്കുന്നത്. കഴിഞ്ഞ മെയിലാണ് സാവന്ത് തൂങ്ങിമരിച്ചത്. തിരുവനന്തപുരത്ത് മരിച്ച മനോജിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് സാവന്തിന്റെ മരണത്തില്‍ ബന്ധുക്കള്‍ക്ക്‌ സംശയം തോന്നാന്‍ കാരണം.

രാത്രി മുഴുവന്‍ സാവന്ത് ഫോണില്‍ കളിക്കുമായിരുന്നുവെന്നാണ് അമ്മ പറയുന്നത്. സാവന്ത് പുലര്‍ച്ചെയാണ് ഭക്ഷണം കഴിച്ചിരുന്നത്. അപ്പോഴാണ് ഉറങ്ങിയിരുന്നതും. അസ്വാഭാവിക പെരുമാറ്റത്തെ തുടര്‍ന്ന് പലതവണ ഈ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയനാക്കിയിരുന്നു. മരിക്കുന്നതിന് മൂന്ന് മാസം മുമ്പ് വരെ തനിക്കൊപ്പമായിരുന്നു കിടത്തിയിരുന്നത്.

കയ്യിലും നെഞ്ചിലും മുറിവുണ്ടാക്കിയിരുന്നു. പിന്നീട് ശരീരത്തില്‍ അക്ഷരങ്ങള്‍ കോറിയിടാന്‍ തുടങ്ങി. ഒരുതവണ കൈമുറിച്ചതിനെ തുടര്‍ന്ന് സ്റ്റിച്ച് ഇടേണ്ടി വന്നു. കോമ്പസ് കൊണ്ട് നെഞ്ചത്ത് എസ്എഐ എന്നെഴുതി. മൂന്ന് മാസം മുമ്പ് കൈയില്‍ മുറിവേല്‍പ്പിച്ചിരുന്നു. ഇപ്പോഴെല്ലാം മാനസിക പ്രശ്‌നമാണെന്നാണ് കരുതിയത്. ഒരു തവണ വീടുവിട്ട് പോയപ്പോള്‍ തലശേരി കടല്‍പ്പാലത്തിന് സമീപത്ത് നിന്നാണ് കണ്ടെത്തിയത്. അപ്പോള്‍ കൈവശമുണ്ടായിരുന്ന ബാഗും പുസ്തകങ്ങളുമെല്ലാം കടലിലേക്ക് വലിച്ചെറിഞ്ഞു. കല്യാണത്തിനെന്ന് പറഞ്ഞിട്ട് വിവാഹ വീട്ടില്‍ എത്താതിരുന്ന സംഭവവും ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത മനോജിന്റെ സ്വഭാവങ്ങളും കേട്ടപ്പോഴാണ് ബ്ലൂവെയ്ല്‍ ഗെയിമാണ് സാവന്തിന്റെ മരണത്തിന് പിന്നിലെന്ന സംശയമുണ്ടായതെന്ന് അമ്മ വ്യക്തമാക്കി. എന്നാല്‍ സാവന്തിന്റെ ആത്മഹത്യ പ്രണയനൈരാശ്യം മൂലമാണെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം കേരളത്തില്‍ ഇതുവരെയും ആരും ബ്ലൂവെയ്ല്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്തതായി കണ്ടെത്തിയിട്ടില്ലെന്നാണ് ഇന്നലെ തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം പറഞ്ഞത്. ബ്ലൂവെയ്‌ലിന്റെ സ്വാധീനത്തിലുള്ള മരണങ്ങളൊന്നും ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്രയും പറയുന്നു. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇതിനെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്തുമെന്നാണ് അദ്ദേഹം പറയുന്നത്.

This post was last modified on August 16, 2017 1:29 pm