X

‘ഈ പ്രളയത്തിൽ ദുരിതം കൂടിയാൽ അത് സർക്കാരിനെതിരെ മാത്രമേ തിരിയൂ’: ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം

മുഖ്യമന്ത്രിയാണ് പ്രളയം വരുത്തി വെച്ചതെന്നും പ്രചാരണം നടക്കുന്നുണ്ട്. മുഖ്യമന്ത്രിക്കുള്ള 'അയ്യപ്പശാപം' ആണ് കാരണമായി പറയുന്നത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന പ്രചാരണം സംഘടിതമായ രീതിയിൽ നടക്കുന്നതായി സംശയമുയരുന്നു. ചില പ്രത്യേക സംഘടനകൾ ഇത്തരം പ്രചാരണങ്ങൾക്കായി തങ്ങളുടെ സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ ചർച്ച ചെയ്ത് പദ്ധതി തയ്യാറാക്കുന്നുവെന്നാണ് ആരോപണമുയരുന്നത്. ഇവയിൽച്ചിലതിന്റെ സ്ക്രീൻ ഷോട്ടുകളും പ്രചരിക്കുന്നുണ്ട്.

“ആഭ്യന്തര സഹമന്ത്രി എന്നെ വിളിച്ചിരുന്നു, ഹിന്ദിയിൽ സംസാരിച്ചു, എനിക്കൊന്നും മനസ്സിലായില്ല”: മുഖ്യമന്ത്രി

സുദർശനം എന്ന ഗ്രൂപ്പിൽ നടന്ന ചർച്ചയുടെ സ്ക്രീൻ ഷോട്ടുകളാണ് പ്രചരിക്കുന്നവയിലൊന്ന്. ഇത് ഒരു സംഘപരിവാർ സംഘടനയുടെ ആളുകൾ ചേർന്നുണ്ടാക്കിയ ഗ്രൂപ്പാണെന്നും ആരോപണമുണ്ട്. ഇതിൽ ദുരിതാശ്വാസ നിധിക്കെതിരെ പ്രചാരണം നടത്തുന്നതിന്റെ വിലയിരുത്തലും മറ്റുമാണ് ചർച്ച. പ്രചാരണം വിജയിക്കുന്നുണ്ടെന്ന് ചിലർ കമന്റ് ചെയ്യുന്നുണ്ട്.

മുഖ്യമന്ത്രിയാണ് പ്രളയം വരുത്തി വെച്ചതെന്നും പ്രചാരണം നടക്കുന്നുണ്ട്. മുഖ്യമന്ത്രിക്കുള്ള ‘അയ്യപ്പശാപം’ ആണ് കാരണമായി പറയുന്നത്.

അതെസമയം ക്യാമ്പുകൾ പലതും വേണ്ടത്ര ആൾസഹായമില്ലാതെയും സാധനങ്ങളില്ലാതെയും ബുദ്ധിമുട്ടുമ്പോഴാണ് ഈ പ്രചാരണങ്ങൾ നടക്കുന്നത്. രക്ഷാപ്രവർത്തനങ്ങളിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കാൻ ഇത് കാരണമാകുന്നുണ്ടാകാം എന്നും വിലയിരുത്തലുണ്ട്. ഇത്തരം പ്രചാരണങ്ങൾ‌ നടത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

അതെസമയം ‘ഊരും പേരുമില്ലാത്തവരുടെ’ പ്രചാരണങ്ങളുടെ പേരിൽ മുഖ്യമന്ത്രിയും ധനമന്ത്രിയും വൈദ്യുതി മന്ത്രിയും വാളെടുക്കുന്നുവെന്നാരോപിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രൻ രംഗത്തു വന്നിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കണ്ട്രോളർ ആന്റ് ഓഡിറ്റർ ജനറലിന്റെ ഓഡിറ്റിന് കീഴിൽ വരുന്നതാണ്. ഈ ഫണ്ടിലേക്കുള്ള പണം ബാങ്ക് വഴി വരുന്നതിനാൽ ഇതിന് രേഖയുണ്ട്. ആദായ നികുതി ഇളവും ഉണ്ട്. ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിലാണ് ഈ അക്കൗണ്ടുള്ളത്. മൂന്നുലക്ഷം രൂപ വരെയുള്ള ദുരിതാശ്വാസമേ മുഖ്യമന്ത്രിക്ക് അനുവദിക്കാനാകൂ. അതിൽ കൂടുതൽ പണം ചെലവഴിക്കണമെങ്കിൽ ക്യാബിനറ്റിന്റെ അനുവാദത്തോടെ മാത്രമേ അനുവദിക്കാനാകൂ.

This post was last modified on August 14, 2019 5:13 pm

Related Post
Leave a Comment