X

കണ്ണീരോടെ വിലാപയാത്രയെ സ്വീകരിച്ച് പാലാ നഗരം; കെഎം മാണിയുടെ അന്ത്യകർമങ്ങൾ പുരോഗമിക്കുന്നു

കര്‍ദിനാള്‍ സിറില്‍ മാര്‍ ബസേലിയോസ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നൽ‌കി.

കേരളാ കോൺഗ്രസ്സിന്റെ അമരക്കാരൻ കെഎം മാണിയുടെ സംസ്കാരച്ചടങ്ങുകൾ നടക്കുന്നു. ഉച്ചതിരിഞ്ഞ് രണ്ടിന് ആരംഭിച്ച ശവസംസ്കാര ശുശ്രൂഷകൾക്കു ശേഷം മൃതദേഹം വിലാപയാത്രയായി പാലാ സെയ്ന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പള്ളിയിൽ എത്തിച്ചതിനു ശേഷം അവസാന ചടങ്ങുകള്‍ നടക്കുകയാണ് ഇപ്പോൾ.

പാലാ നഗരത്തെ ദുഖത്തിലാഴ്ത്തിക്കൊണ്ടായിരുന്നു വിലാപയാത്ര. തെരുവോരങ്ങളിൽ ആയിരങ്ങൾ തങ്ങളുടെ പ്രിയനേതാവിനെ കാണാനായി കാത്തു നിന്നു.

കര്‍ദിനാള്‍ സിറില്‍ മാര്‍ ബസേലിയോസ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവരാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നൽ‌കുന്നത്. ഔദ്യോഗിക ബഹുമതികളോടെയായിരിക്കും ശവസംസ്കാരം.

കേരളാ കോൺഗ്രസ്സ് പ്രവർത്തകരുടെ മുദ്രാവാക്യങ്ങളുടെ അകമ്പടിയോടെ നഗരത്തിൽ ചുറ്റിയതിനു ശേഷമാണ് മാണിയെ പള്ളിയിലെത്തിച്ചത്. പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിലാണ് വീട്ടിൽ നിന്നും വിലാപയാത്ര പുറപ്പെട്ടത്.

എറണാകുളത്തു നിന്ന് മാണിയുടെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര ബുധനാഴ്ച വൈകീട്ടോടെ വീട്ടിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അന്ത്യോപചാരമർപ്പിക്കലും മറ്റും നീണ്ടുപോയതോടെ ഇന്ന് രാവിലെ മാത്രമാണ് മൃതദേഹം വീട്ടിലെത്തിയത്. പുലര്‍ച്ചെയും നിരവധി പേർ മാണിയെ അവസാനമായി കാണാൻ വീട്ടിലേക്ക് എത്തി.

അടുത്ത ബന്ധുക്കളും നാട്ടുകാരുമാണ് കരിങ്ങോഴയ്ക്കൽ വീട്ടിൽ അന്ത്യോപചാരമർപ്പിച്ചത്. വിവിധ സഭകളുടെ പിതാക്കന്മാര്‍, സംവിധായകന്‍ രഞ്ജി പണിക്കര്‍, നടന്‍ മമ്മൂട്ടി തുടങ്ങിയവരും രാഷ്ട്രീരംഗത്തെ പ്രമുഖരും പാലായിലെ വസതിയിലെത്തി.

ശവസംസ്‌കാരച്ചടങ്ങുകള്‍ക്കുശേഷം പാലാ കത്തീഡ്രല്‍ പള്ളി പാരീഷ് ഹാളില്‍ അനുശോചനസമ്മേളനം നടക്കും.

This post was last modified on April 11, 2019 4:59 pm