X

ആക്രമണത്തിന് പിന്നില്‍ പി ജയരാജനല്ല, തലശ്ശേരിയിലെ ഒരു മുതിര്‍ന്ന സിപിഎം നേതാവെന്ന് സി ഒ ടി നസീര്‍

ആക്രമിച്ച മൂന്നു പേരല്ലാതെ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെയും പുറത്തു കൊണ്ടുവരണമെന്ന് സി.ഒ.ടി നസീര്‍ ആവശ്യപ്പെട്ടത്

തനിക്കു നേരെയുണ്ടായ ആക്രമണത്തിനു പിറകില്‍ ഗൂഢാലോചനയുണ്ടെന്നും, തലശ്ശേരിയിലെ ഒരു മുതിര്‍ന്ന സിപിഎം നേതാവിന് ഈ ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും വെട്ടേറ്റ് ചികിത്സയില്‍ കഴിയുന്ന വടകര ലോക്സഭാ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി.ഒ.ടി നസീറിന്റെ പ്രതികരണം. ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ട് സംസാരിക്കുന്നതിനിടെയാണ്, ആക്രമിച്ച മൂന്നു പേരല്ലാതെ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട മറ്റുള്ളവരെയും പുറത്തു കൊണ്ടുവരണമെന്ന് സി.ഒ.ടി നസീര്‍ ആവശ്യപ്പെട്ടത്. തലശ്ശേരി, കൊളശ്ശേരി സിപിഎം ലോക്കല്‍ കമ്മറ്റിയംഗങ്ങള്‍ക്ക് ഗൂഢാലോചനയില്‍ പങ്കുള്ളതായി അറിയാമെന്നും, ഇവര്‍ക്കൊപ്പം തലശ്ശേരിയിലെ പ്രമുഖ നേതാവുമുണ്ടെന്നുമാണ് നസീറിന്റെ വെളിപ്പെടുത്തല്‍. വടകര ലോക്സഭാ മണ്ഡലത്തിലെ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി പി. ജയരാജന് സംഭവവുമായി ബന്ധമുണ്ടെന്ന് വിശ്വസിക്കുന്നില്ലെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തിരുന്നു. പി. ജയരാജന്റെ അറിവോട് സി.പി.ഐ.എമ്മാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന വടകര മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ. മുരളീധരനടക്കമുള്ളവരുടെ ആരോപണം തള്ളിക്കളയുന്നതാണ് നസീറിന്റെ പ്രതികരണം.

ആക്രമണത്തിനിരയായി ആശുപത്രിയിലെത്തിച്ച തന്റെ മൊഴിയെടുക്കാനെത്തിയ പൊലീസ് സംഘത്തില്‍ നിന്നുണ്ടായ സംശയാസ്പദമായ പെരുമാറ്റത്തെക്കുറിച്ചും നസീര്‍ മാധ്യമങ്ങളോടു വ്യക്തമാക്കിയിട്ടുണ്ട്. തനിക്ക് ശാരീരികാസ്വാസ്ഥ്യം അല്പം അധികമായിരുന്ന സമയത്താണ് പൊലീസ് മൊഴിയെടുക്കാന്‍ മെഡിക്കല്‍ കോളേജിലെത്തിയതെന്നും, മൊഴി രേഖപ്പെടുത്തിയതിനു താഴെ വിരലടയാളം പതിപ്പിക്കുകയാണ് ചെയ്തതെന്നും നസീര്‍ പറയുന്നു. ‘മൊഴി രേഖപ്പെടുത്തിയ പേജുകള്‍ക്കു പുറമേ അഡീഷനലായി മറ്റൊരു ഒഴിഞ്ഞ പേജിലും പൊലീസ് എന്റെ വിരലടയാളം പതിപ്പിച്ചിരുന്നു. ഇതു ശ്രദ്ധിച്ച സുഹൃത്തുക്കള്‍ പേജ് വാങ്ങിച്ച് വെട്ടിയ ശേഷം തിരിച്ചു കൊടുക്കുകയാണ് ചെയ്തത്. കണ്ടാലറിയാവുന്ന മൂന്നു പേരാണ് ആക്രമിച്ചതെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. ഈ മൂന്നു പേരെക്കൊണ്ട് ആക്രമണം നടത്തിക്കാന്‍ ഗൂഢാലോചന ചെയ്ത ആളുകളുണ്ട്. ആക്രമണത്തിനു മുന്‍പ് നാലഞ്ചു ദിവസമായി അവരെന്നെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഞാന്‍ നിരീക്ഷണത്തിലാണെന്ന വിവരം എനിക്ക് നേരത്തേ തന്നെ ലഭിക്കുകയും ചെയ്തിരുന്നു. കൊളശ്ശേരി ലോക്കല്‍ കമ്മറ്റിയിലെ അംഗവും തലശ്ശേരി ലോക്കല്‍ കമ്മറ്റിയിലെ അംഗവും ഇതിനു പിന്നിലുണ്ടെന്നത് സത്യമാണ്. അവരിലൊരാള്‍ എന്നെ നിരീക്ഷിക്കുന്നതായാണ് വിവരം ലഭിച്ചിരുന്നത്. ഇവരെക്കൊണ്ട് ഇത് ചെയ്യിച്ചത് തലശ്ശേരിയിലെ ഒരു പ്രമുഖ നേതാവാണ്. കുറേക്കാലമായി ഇതു തുടരുന്നു. എതിരാഭിപ്രായങ്ങളുള്ളവരെല്ലാം ആക്രമിക്കപ്പെടുകയാണ്. ഇതിനു പിന്നിലെ ഗൂഢാലോചന കൂടി പുറത്തു കൊണ്ടുവരണം.’

തന്റെ വഴി അക്രമമല്ല, മറിച്ച രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നും നസീര്‍ വിശദീകരിക്കുന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞതു മുതല്‍ എല്ലാ ദിവസവും എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ നസീറിനു നേരിട്ടുകൊണ്ടിരുന്നതായാണ് വിവരം. തെരഞ്ഞെടുപ്പിനു മുന്‍പും, പ്രചരണ പരിപാടികള്‍ക്കിടെ മേപ്പയ്യൂരില്‍ വച്ച് രണ്ടു തവണ നസീര്‍ ആക്രമിക്കപ്പെട്ടിരുന്നു. അന്നും പൊലീസ് നിസ്സംഗത പാലിച്ചതായി സുഹൃത്തുക്കള്‍ ആരോപിക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആക്രമണം നടന്നിരിക്കുന്നത് എന്നതിനാല്‍, തെരഞ്ഞെടുപ്പു കമ്മീഷനെയും ഇക്കാര്യവുമായി ബന്ധപ്പെട്ട് സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് നസീര്‍. ആദ്യത്തെ ദിവസം ശാരീരിക വിഷമതകള്‍ക്കിടയില്‍ വന്നു മൊഴി രേഖപ്പെടുത്തി പോയതൊഴിച്ചാല്‍, പിന്നീട് പൊലീസ് തന്നെ സമീപിച്ചിട്ടില്ലെന്നും, കൂടുതല്‍ വ്യക്തമായ മൊഴി പൊലീസ് രേഖപ്പെടുത്തണമെന്നുമാണ് നസീറിന്റെ ആവശ്യം. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രമുഖ നേതാവിനെക്കുറിച്ചുള്ള വിവരങ്ങളും പൊലീസ് മൊഴിയെടുക്കാനെത്തിയാല്‍ വ്യക്തമാകുമെന്നാണ് സൂചനകള്‍.

ആക്രമിച്ച മൂന്നാളുകളെ പിടികൂടി കേസ് അവസാനിപ്പിക്കാന്‍ ശ്രമിക്കരുതെന്നും നസീര്‍ ആവശ്യപ്പെടുന്നുണ്ട്. ‘മൂന്നാളെ പിടിച്ച് അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. അങ്ങിനെ ചെയ്താല്‍ ആക്രമണങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കും. ചെയ്യിച്ചവരെ പിടികൂടണം. ഒരുപാട് ചെറുപ്പക്കാരാണ് ഈ വഴിയില്‍ എത്തിപ്പെടുന്നത്. മുപ്പതുവയസ്സിനിടെ പ്രായമുള്ളവരാണ് എന്നെ ആക്രമിച്ച സംഘത്തിലുണ്ടായിരുന്നത്. തലശ്ശേരി കേന്ദ്രീകരിച്ച് ഒരു ഗൂഢാലോചനയുണ്ടായിട്ടുണ്ട്. രണ്ട് ലോക്കല്‍ കമ്മറ്റിയംഗങ്ങളും അതുകൂടാതെ മറ്റൊരാളും ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ആക്രമിച്ചവര്‍ക്ക് ഇതൊരു ജോലിയാണ്. മാഫിയ ബന്ധമുള്ളവരാണ് ആക്രമിച്ച സംഘത്തിലുള്ളവര്‍. അങ്ങിനെയുള്ളവരെ ഉപയോഗിച്ച് അഭിപ്രായം പറയുന്നവരെ അടിച്ചമര്‍ത്തുക എന്ന പുതിയൊരു രാഷ്ട്രീയം ഉയര്‍ന്നുവരുന്നുണ്ട്.’

സിപിഎം നേതാക്കളായ പി. ജയരാജന്‍, എം.വി ജയരാജന്‍, എ.എന്‍ ഷംസീര്‍ എന്നിവരുള്‍പ്പടെ നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. സിപിഎം പ്രവര്‍ത്തര്‍ക്ക് പങ്കുണ്ടോ എന്ന് പാര്‍ട്ടി അന്വേഷിക്കുമെന്നും പ്രവര്‍ത്തകരുടെ പങ്ക് തെളിഞ്ഞാല്‍ നടപടിയെടുക്കുമെന്നും എം.വി ജയരാജന്‍ അറിയിച്ചിട്ടുള്ളതായി നസീര്‍ പറയുന്നു. എ്ന്നാല്‍, പൗരന്‍ എന്ന നിലയില്‍ താന്‍ ആഗ്രഹിക്കുന്നത് പാര്‍ട്ടിയുടെ അന്വേഷണമല്ല, മറിച്ച് പൊലീസിന്റെ കാര്യക്ഷമമായ അന്വേഷണമാണെന്നാണ് നസീറിന്റെ പക്ഷം. ജനാധിപത്യവാദി എന്ന നിലയില്‍ പൊലീസിലും ജുഡീഷ്യറിയിലുമാണ് വിശ്വാസം. കൃത്യമായ അന്വേഷണം തുടരാന്‍ പൊലീസ് തയ്യാറാകണമെന്നും നസീര്‍ ആവശ്യപ്പെടുന്നു. നേരത്തേയും നസീറിനു നേരെ ഫോണ്‍ വഴിയും അല്ലാതെയും വധഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. ഭീഷണികളെക്കുറിച്ച് പൊലീസില്‍ നസീര്‍ പരാതിപ്പെട്ടിട്ടുമുണ്ട്.

അതേസമയം, സിപിഎം പ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പങ്കുണ്ടോ എന്ന് നസീറാണ് പറയേണ്ടതെന്നും പാര്‍ട്ടി തലത്തില്‍ അന്വേഷണമുണ്ടാകും എന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും നസീറിന്റെ സഹോദരനും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുമായ സി.ഒ.ടി ഷബീറിന്റെ പ്രതികരണം. ‘പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടോ എന്ന് നസീറിനാണ് പറയാന്‍ സാധിക്കുക. അവന്‍ അത് പറയേണ്ടിടത്ത് പറഞ്ഞിട്ടുമുണ്ട്. പാര്‍ട്ടി തലത്തില്‍ അന്വേഷണമുണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.’ സിപിഎം പ്രവര്‍ത്തകരായ ബന്ധുക്കള്‍ നസീറിനടുത്തേയ്ക്ക് മാധ്യമങ്ങളേയോ മറ്റുള്ളവരേയോ പ്രവേശിപ്പിക്കുന്നില്ലെന്നും, സിപിഐ.എം നേതാക്കള്‍ക്ക് മാത്രമേ നസീറിനെ കാണാനുള്ള അനുമതി കൊടുക്കുന്നുള്ളൂ എന്നും പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതില്‍ വാസ്തവമില്ലെന്നും, ഐ.സിയുവിലും മറ്റുമായിരുന്നതിനാലാണ് നസീറിനെ ആര്‍ക്കും കാണാന്‍ സാധിക്കാതിരുന്നതെന്നും ഷബീര്‍ പറയുന്നു. ഇക്കഴിഞ്ഞ പത്തൊന്‍പതാം തീയതിയാണ് നസീറിന് തലശ്ശേരിയില്‍ വച്ച് വെട്ടേറ്റത്. പരിക്കേറ്റ നസീറിനെ ആദ്യം സര്‍ക്കാര്‍ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലും എത്തിച്ച ശേഷം ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Read: ഒരു ഇന്റര്‍നാഷണല്‍ ബ്രാന്‍ഡിനെങ്ങനെയാണ് തിരുവനന്തപുരത്തെ കരിമഠം കോളനിയുടെ പേരു കിട്ടിയത്? അതൊരുകൂട്ടം സ്ത്രീകളുടെ പോരാട്ടത്തിന്റെ ചരിത്രം കൂടിയാണ്

 

ശ്രീഷ്മ

സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Follow Author:

This post was last modified on May 22, 2019 5:07 pm