X

പശ്ചിമഘട്ട സംരക്ഷണത്തിന് വീണ്ടും പഠനമെന്ന സൂചന നല്‍കി സിപിഎം, ഗാഡ്ഗിലില്‍ എല്ലാം ഉണ്ടെന്ന വാദം ശരിയല്ല

പഠനം സിപിഎമ്മാണോ സര്‍ക്കാരാണോ നടത്തുകയെന്ന് വ്യക്തമാക്കിയിട്ടില്ല.

തുടര്‍ച്ചയായ പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തുണ്ടായ പാരിസ്ഥിതിക അവബോധത്തെ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ സിപിഎം. പശ്ചിമഘട്ട സംരക്ഷണത്തിന് പുതിയ പഠനം വേണമെന്ന നിര്‍ദ്ദേശവും പാര്‍ട്ടി മുന്നോട്ടുവെച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന സംസ്ഥാന നേതൃകമ്മിറ്റി യോഗങ്ങള്‍ക്ക് ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തിലാണ് ഇതിന്റെ സൂചനകള്‍ നല്‍കുന്നത്.

പാരിസ്ഥിതിക അവബോധം ശക്തമാകുന്ന സംസ്ഥാനത്ത് അതിനനുസരിച്ച് കാഴ്ചപ്പാടുകള്‍ പാര്‍ട്ടി രൂപപ്പെടുത്തുമെന്ന് പറഞ്ഞുകൊണ്ടാണ് സംസ്ഥാന സെക്രട്ടറി പശ്ചിമ ഘട്ട സംരക്ഷണത്തിന് പ്രത്യേക പഠനം നടത്തി മുന്നോട്ടുപോകുമെന്ന് പറഞ്ഞിരിക്കുന്നത്. “പശ്ചിമഘട്ട സംരക്ഷണത്തിന് പ്രത്യേക പഠനം നടത്തി ആവശ്യമായ ഇടപെടല്‍ നടത്താനുള്ള തീരുമാനം എടുത്തുകഴിഞ്ഞു”, കോടിയേരി ബാലകൃഷ്ണന്‍ എഴുതുന്നു.

എന്നാല്‍ ഈ പഠനം സര്‍ക്കാര്‍ തലത്തിലാണോ പാര്‍ട്ടി തലത്തിലാണോ നടത്തുകയെന്ന് വ്യക്തമായിട്ടില്ല.

കഴിഞ്ഞ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പശ്ചിമഘട്ട സംരക്ഷണത്തിനായുള്ള മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനോട് നിഷേധാത്മക നിലപാട് സ്വീകരിക്കരുതെന്ന് ചില അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇതാദ്യമായാണ് സിപിഎം സംസ്ഥാന കമ്മിറ്റിയില്‍ ഇങ്ങനെയുളള ആവശ്യം ഉയരുന്നത്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അതിനെതിരെ തെരുവില്‍ ഇറങ്ങി കലാപ സമാനമായ അന്തരീക്ഷം സൃഷ്ടിച്ചവരില്‍ സഭ നേതൃത്വത്തിനൊപ്പം സിപിഎമ്മും ഉണ്ടായിരുന്നു.

എന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോട് സ്വീകരിച്ച സമീപനത്തില്‍ കാര്യമായ മാറ്റമൊന്നും പാര്‍ട്ടി വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സൂചന. പരിസ്ഥിതി ചര്‍ച്ചയാകുമ്പോള്‍ എന്ന തലക്കെട്ടില്‍ ദേശാഭിമാനി ഇന്ന് പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലും ഇത് പ്രതിഫലിക്കുന്നുണ്ട്. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ നിയമസഭ പ്രമേയം പാസ്സാക്കിയതിനെ ന്യായികരിച്ച എഡിറ്റോറിയല്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പശ്ചിമഘട്ട പ്രദേശങ്ങളില്‍ താമസിക്കുന്നവരില്‍ വലിയ ആശങ്ക ഉണ്ടാക്കിയിരുന്നുവെന്നും ആവര്‍ത്തിക്കുന്നു. അതേസമയം കഴിഞ്ഞ കാലത്ത് സ്വീകരിച്ച ചില നിലപാടുകള്‍ തെറ്റാണെന്ന് പൊതുവില്‍ സമ്മതിക്കണമെന്നും എഡിറ്റോറിയലിലുണ്ട്. പശ്ചിമഘട്ട സംരക്ഷണം എന്നത് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തില്‍ ചര്‍ച്ച ചെയ്യുന്നതിനെ സിപിഎം മുഖപത്രം എതിര്‍ക്കുകയും ചെയ്യുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പഠനം നടത്തുമെന്ന സംസ്ഥാന സെക്രട്ടറിയുടെ പ്രഖ്യാപനത്തിന് പ്രധാന്യമേറുന്നത്. എന്നാല്‍ ഇത്തരം ഒരു പഠനത്തെക്കുറിച്ച് ദേശാഭിമാനി എഡിറ്റോറിയല്‍ ഒന്നും പറയുന്നില്ല. പരിസ്ഥിതി സംരക്ഷണത്തെ സര്‍ക്കാരിന്റ മാത്രം ബാധ്യതയായി കാണാന്‍ കഴിയില്ലെന്ന് പറയുന്ന ദേശാഭിമാനി, നിര്‍മാണ പക്രിയകളില്‍ അടക്കം കാണിക്കേണ്ട ബദല്‍ അന്വേഷണങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുമാണ് പറയുന്നത്.

പശ്ചിമഘട്ടത്തില്‍ വീണ്ടും പഠനം നടക്കുകയാണെങ്കില്‍ അത് നാലാമത്തേതായിരിക്കും. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സഭാ നേതൃത്വവും ഖനി മാഫിയകളും സിപിഎം ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും കലാപമുണ്ടാക്കിയതിനെ തുടര്‍ന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞനായ കസ്തൂരി രംഗനെ പശ്ചിമഘട്ടത്തിന്റെ പാരിസ്ഥിതിക ഘടന പഠിക്കാന്‍ മുന്‍ യുപിഎ സര്‍ക്കാര്‍  നിയമിച്ചത്. എന്നാല്‍ കസ്തൂരി രംഗന്റെ റിപ്പോര്‍ട്ടിനെ അംഗീകരിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും കേരള കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും സഭയും തയ്യാറായില്ല.

ഇക്കാര്യത്തില്‍ മെല്ലപ്പോക്ക് കാണിക്കാന്‍ വേണ്ടിയായിരുന്നു ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ പിന്നീട് ഉമ്മന്‍ വി. ഉമ്മനെ കമ്മീഷനായി നിയമിച്ചത് എന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഗാഡ്ഗിലിന്റെ ശുപാര്‍ശകളില്‍ വലിയ രീതിയില്‍ വെള്ളം ചേര്‍ത്തും പാരിസ്ഥിതിക ദുര്‍ബല മേഖലകളുടെ പരിധിയില്‍ വലിയ കുറവുവരുത്തിയുമായിരുന്നു ഉമ്മന്‍ വി. ഉമ്മന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നിരവധി പാറമടകകള്‍ക്ക് പിന്നീട് വന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തിരുന്നു.

വീണ്ടും പശ്ചിമഘട്ട സംരക്ഷണത്തിനായി പഠനത്തിന് തയ്യാറാവുകയാണെങ്കില്‍ സംരക്ഷണ പരിപാടികളില്‍നിന്ന് പിന്നോക്കം പോകാനുള്ള തന്ത്രപരമായ നീക്കമായി അതിനെ കാണേണ്ടി വരുമെന്ന വിമര്‍ശനങ്ങളും ഒപ്പം ഉയരുനുണ്ട്. രണ്ടാം പ്രളയം കഴിഞ്ഞ നാല് ദിവസം കൊണ്ട് തന്നെ സംസ്ഥാനത്തെ എല്ലാ ക്വാറികള്‍ക്കും സര്‍ക്കാര്‍ പ്രവര്‍ത്തനാനുമതി നല്‍കിയിരുന്നു. ഇതും വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

Read Azhimukham: മുത്തൂറ്റ് കേരളം വിടുന്നുവെന്ന പ്രചരണവും സിഐടിയു ഗുണ്ടായിസവും; എന്താണ് യാഥാര്‍ത്ഥ്യങ്ങള്‍?