X

കെവിന്റെ കൊലപാതകത്തേക്കുറിച്ച് കുറിപ്പിട്ടതിന്റെ പേരില്‍ വീടുകയറി ആക്രമിച്ചു

ആക്രമണം സിപിഎം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെന്ന് പറഞ്ഞ്

ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്റെ മരണത്തെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന്റെ പേരില്‍ വീടുകയറി ആക്രമിച്ചു. സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയാണെന്ന് പരിചയപ്പെടുത്തിയ ഒരാളുള്‍പ്പെടെ മൂന്ന് പേരാണ് ആക്രമണം നടത്തിയതെന്ന് അഴിമുഖത്തിലുള്‍പ്പെടെ കെവിന്റെ കൊലപാതകത്തെക്കുറിച്ച് ലേഖനമെഴുതിയ ഷിബി പീറ്റര്‍ പറയുന്നു. ആക്രമണത്തെ തുടര്‍ന്ന് ഷിബിയുടെ പിതാവ് സി ജെ പീറ്റര്‍ അബോധാവസ്ഥയിലായി. ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഉച്ചയ്ക്ക് രണ്ട് മണിയോടെ പനച്ചിക്കാട് പഞ്ചായത്തില്‍ കാരമ്മൂടുള്ള സോഷ്യോ എക്കണോമിക് ഡെവലപ്പ്‌മെന്റ് സര്‍വീസ്(എസ് ഇ ഡി എസ്) എന്ന ഓര്‍ഗനൈസേഷന്റെ ഓഫീസുകൂടിയായ ഇവരുടെ വീട്ടിലേക്കാണ് ആക്രമി സംഘം ഇരച്ചു കയറിയത്. 21 വര്‍ഷമായി ഈ സംഘടനയുടെ ഡയറക്ടറാണ് പീറ്റര്‍. വീട്ടിലേക്ക് തള്ളിക്കയറി വന്ന മൂന്ന് പേര്‍ ഇവരോട് വീട്ടില്‍ നിന്നും താമസം മാറണമെന്നും മറ്റും ആവശ്യപ്പെടുകയായിരുന്നു. പീറ്ററും ഭാര്യയും മരുമകളും മാത്രമാണ് അപ്പോള്‍ വീട്ടിലുണ്ടായിരുന്നത്. സിപിഎം നാട്ടകം ലോക്കല്‍ സെക്രട്ടറി രാജേന്ദ്രനാണെന്ന് പരിചയപ്പെടുത്തിയ ഒരാളാണ് അച്ഛനെ മര്‍ദ്ദിച്ചതെന്ന് ഷിബി പീറ്റര്‍ അഴിമുഖത്തോട് പറഞ്ഞു.

അതേസമയം സിപിഎമ്മുമായി തങ്ങള്‍ക്ക് ഇന്നേവരെ യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും തങ്ങളുടെ ലോക്കല്‍ കമ്മിറ്റി വരുന്ന ചിങ്ങവനം ലോക്കല്‍ കമ്മിറ്റിയിലാണെന്നും ഷിബി പറയുന്നു. അതിനാലാണ് താന്‍ എഴുതിയ ലേഖനങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നതുന്നതെന്ന് ഷിബി പറയുന്നു. കൂടാതെ എഴുപത് വയസ് കഴിഞ്ഞ വ്യക്തിയാണ് പീറ്റര്‍. അടുത്തകാലത്ത് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ അദ്ദേഹം വിശ്രമജീവിതത്തിലായിരുന്നു. സുഖമില്ലാതിരിക്കുകയാണെന്നും ഒച്ചവയ്ക്കരുതെന്നും പറഞ്ഞപ്പോള്‍ ഇദ്ദേഹത്തിന്റെ ഭാര്യയെയും പിടിച്ച് തള്ളി. വീട്ടില്‍ നിന്നും ഇറങ്ങണമെന്ന് ആവശ്യപ്പെട്ടവരെ മുന്‍ പരിചയമില്ലാത്തതിനാല്‍ ആരാണെന്ന് തിരക്കിയപ്പോള്‍ താന്‍ സിപിഎം നാട്ടകം ലോക്കല്‍ സെക്രട്ടറി രാജേന്ദ്രന്‍ ആണെന്നാണ് പറഞ്ഞത്. വീടുമാറി പോയതായിരിക്കുമെന്ന് വീട്ടുകാര്‍ പറഞ്ഞപ്പോള്‍ നിങ്ങളെ തന്നെയാണ് ഉദ്ദേശിക്കുന്നതെന്നാണ് ഇയാള്‍ പറഞ്ഞത്. തനിക്ക് വീട് മാറിയിട്ടില്ലെന്നും ഇപ്പോള്‍ തന്നെ വീട്ടില്‍ നിന്നും ഇറങ്ങണമെന്നും അക്രമികള്‍ ആവശ്യപ്പെട്ടു. ഇതു പറഞ്ഞതും പീറ്ററിനെ പിടിച്ച് തള്ളുകയായിരുന്നു. എന്നാല്‍ തള്ളലിന്റെ ശക്തിയില്‍ പുറകിലേക്ക് മലര്‍ന്ന് പോയ പീറ്റര്‍ അബോധാവസ്ഥയിലായി.

അതോടെ അപകടം മനസിലായ സംഘം വീട്ടില്‍ നിന്നും ഇറങ്ങി രക്ഷപ്പെടുകയും ചെയ്തു. സിപിഎം പ്രവര്‍ത്തകനായ എന്റെ സഹോദരന്‍ നടത്തിയ അന്വേഷണത്തില്‍ ഇത്തരമൊരു സംഭവത്തെക്കുറിച്ച് പലര്‍ക്കും അറിയില്ല. കോട്ടയത്തെ സിപിഎം നേതാക്കളായ വിഎന്‍ വാസവന്‍, സുരേഷ് കുറുപ്പ് തുടങ്ങിയവര്‍ക്ക് സുപരിചിതനായ വ്യക്തിയാണ് തന്റെ പിതാവെന്നും ഷിബി വ്യക്തമാക്കി. രാഷ്ട്രീയത്തിന് അതീതമായ ഒരു ബന്ധമാണ് പലരുമായുമുള്ളത്. അപ്പോഴാണ് മറ്റൊരു ലോക്കല്‍ കമ്മിറ്റിയില്‍ നിന്നുമെത്തിയ ആളുകള്‍ ഇത്തരം ഒരു അതിക്രമം കാണിച്ചിരിക്കുന്നത്. ദലിത് ക്രിസ്ത്യന്‍ മുന്നേറ്റത്തിന്റെയെല്ലാം മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച വ്യക്തിയാണ്. ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ട ഒരു സിവില്‍ കേസ് നിലനില്‍ക്കുന്നുണ്ടെങ്കിലും അതില്‍ സിപിഎമ്മിന് യാതൊരു പങ്കുമില്ല. തന്റെ എഴുത്ത് മാത്രമാണ് സിപിഎമ്മിനെ പ്രകോപിപ്പിക്കാന്‍ എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ ഉള്ളതെന്നും ഷിബി പീറ്റര്‍ പറയുന്നു.

ഏതായാലും സിപിഎമ്മിന്റെ വിവിധ കമ്മിറ്റികളുമായി കൂടിയാലോചിച്ച് പുനര്‍നടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രിയ്ക്കും ഡി.ജി.പിയ്ക്കും പരാതി നല്കിക്കൊണ്ട് നിയമ നടപടികള്‍ സ്വീകരിക്കാനുമാണ് ഷിബിയുടെയും കുടുംബത്തിന്റെയും തീരുമാനം.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

പള്ളിയും പാര്‍ട്ടിയും; ഒരേസമയം ദൈവരാജ്യത്തിന്റെയും സോഷ്യലസിത്തിന്റെയും പ്രഘോഷകരും ദളിത് അപരവത്കരണത്തിന്റെ പതാകവാഹകരുമാണ്

This post was last modified on June 9, 2018 7:16 pm