X

വയനാട് സീറ്റിൽ തീരുമാനം ഉടന്‍ വന്നേക്കും; ആന്റണിയും വേണുഗോപാലും ചർച്ച നടത്തുന്നു; തീരുമാനം വൈകുന്നതിൽ മനപ്രയാസമുണ്ടെന്ന് മുല്ലപ്പള്ളി

കോൺഗ്രസ്സ് വക്താവ് രൺദീപ് സിങ് സുർജെവാലയാണ് ഇന്ന് വാർത്താസമ്മേളനം വിളിച്ചിട്ടുള്ളത്.

വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി ആരെന്നു സംബന്ധിച്ച് തീരുമാനം ഉടനെ വരുമെന്ന് റിപ്പോർട്ടുകൾ. ഈ പ്രശ്നത്തിൽ ഇന്ന് കോൺഗ്രസ്സ് വിളിച്ചിട്ടുള്ള വാർത്താ സമ്മേളനത്തിൽ വ്യക്തത വരുമെന്നാണ് അറിയുന്നത്.

എഐസിസി ആസ്ഥാനത്ത് കോൺഗ്രസ്സ് വക്താവ് രൺദീപ് സിങ് സുർജെവാലയാണ് ഇന്ന് വാർത്താസമ്മേളനം വിളിച്ചിട്ടുള്ളത്. എകെ ആന്റണിയും വേണുഗോപാലും ചർച്ച നടത്തുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

അതെസമയം രാഹുൽ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം വൈകുന്നതിൽ തനിക്ക് മനപ്രയാസമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. ഇതിൽ പ്രവർത്തകർക്കും അതൃപ്തിയുണ്ട്.

രാഹുലിന്റെ സ്ഥാനാർത്ഥിത്വം അട്ടിമറിക്കാൻ സിപിഎം ശ്രമിക്കുന്നുവെന്ന തന്റെ മുൻ പ്രസ്താവനയിൽ നിന്നും മുല്ലപ്പള്ളി പിന്നാക്കം പോയി. വയനാട്ടിൽ രാഹുലിന്റെ സ്ഥാനാർത്ഥിത്വം തടയാൻ സിപിഎം ശ്രമിക്കുന്നുവെന്ന് നേരത്തെ മുല്ലപ്പള്ളി വിമർശിച്ചിരുന്നു. ആരാണ് അട്ടിമറിക്കാൻ ശ്രമിക്കുന്നതെന്ന് പിന്നീട് പറയാമെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ കേരളത്തിൽ മത്സരിക്കുമ്പോൾ അത് ദേശീയരാഷ്ട്രീയത്തിന് എന്ത് സന്ദേശമാണ് നൽകുക എന്നാണ് മുഖ്യമന്ത്രി ചോദിക്കുന്നതെന്നും അത്തരമൊരു ചോദ്യമുന്നയിക്കാൻ മുഖ്യമന്ത്രിക്ക് എന്ത് ധാർമിക അവകാശമാണുള്ളതെന്നും അദ്ദേഹം ചോദിക്കുകയുണ്ടായി.

വയനാട് സീറ്റിൽ ആര് മത്സരിക്കുമെന്ന കാര്യത്തിൽ ഉടൻ തീരുമാനമാകുമെന്ന് ഇക്കഴിഞ്ഞ ദിവസം എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞിരുന്നു. രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയിൽ മത്സരിക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്നും വേണുഗോപാൽ വ്യക്തമാക്കിയിരുന്നു.