X

സാമ്പത്തിക മാന്ദ്യം: കേരളത്തിലെ അപ്പോളോ പ്ലാന്റുകള്‍ ഉല്‍പ്പാദനം നിര്‍ത്തി; ആയിരക്കണക്കിന് തൊഴിലാളികള്‍ പ്രതിസന്ധിയില്‍

ടയര്‍ കമ്പനികള്‍ പ്രതിസന്ധിയിലാകുന്നത് റബ്ബര്‍ മേഖലയെയും ബാധിക്കും.

രാജ്യം നേരിടുന്ന സാമ്പത്തിക മാന്ദ്യം പ്രമുഖ ടയര്‍ നിര്‍മാതാക്കളായ അപ്പോളോയെയും ബാധിക്കുന്നു. കളമശ്ശേരി, ചാലക്കുടി എന്നിവിടങ്ങളിലെ അപ്പോളോ ടയര്‍പ്ലാന്റുകള്‍ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനവിപണിയെ മാന്ദ്യം ബാധിച്ചതാണ് അപ്പോളോയെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. വാഹനവില്‍പ്പന വന്‍തോതില്‍ ഇടിഞ്ഞിട്ടുണ്ട്.

ടയറുകള്‍ വിറ്റുപോകാത്തതിലാന്‍ ചാലക്കുടി പേരാമ്പ്ര അപ്പോളോ ടയേഴ്സ് അഞ്ചു ദിവസത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ഓണാവധിയോടൊപ്പം കൂടുതല്‍ ദിവസം അടച്ചിടാന്‍ തീരുമാനിക്കുകയായിരുന്നു. കളമശ്ശേരി അപ്പോളോ ടയേഴ്സും ചൊവ്വാഴ്ച മുതല്‍ അഞ്ചുദിവസം അവധിയിലാണ്.

അവധി ദിവസങ്ങളില്‍ തൊഴിലാളികള്‍ക്ക് പകുതി ശമ്പളമാണ് ലഭിക്കുക. ലീവ് ചെലവാകാതെയുള്ളവര്‍ക്ക് ഈ ദിവസങ്ങളില്‍ അതുപയോഗിക്കാം. അതുവഴി ശമ്പളനഷ്ടം ഒഴിവാക്കാം. ആയിരത്തിലേറെ ജീവനക്കാരെയാണ് ഈ പ്രതിസന്ധി നേരിട്ട് ബാധിക്കുന്നത്.

ടയര്‍ കമ്പനികള്‍ പ്രതിസന്ധിയിലാകുന്നത് റബ്ബര്‍ മേഖലയെയും ബാധിക്കും.

ട്രക്കുകള്‍, മിനി ട്രക്കുകള്‍ എന്നിവയുടെ ടയറുകളാണ് പേരാമ്പ്രയില്‍ ഉല്‍പാദിപ്പിക്കുന്നത്. മാരുതി ഇവിടെ നിന്ന് ടയറുകള്‍ വാങ്ങുന്നുണ്ട്. മാരുതി ഇപ്പോള്‍ ടയറുകള്‍ വാങ്ങുന്നത് 60% കുറച്ചിരിക്കുകയാണ്. 150 കോടിയുടെ ടയര്‍ കെട്ടിക്കിടക്കുകയാണ്. ദിവസവും 300 ടണ്‍ ടയറാണ് ഉല്‍പ്പാദിപ്പിച്ചിരുന്നത്. പേരാമ്പ്ര അപ്പോളോയില്‍ 1800 സ്ഥിരം തൊഴിലാളികളും ആയിരത്തോളം കരാര്‍ തൊഴിലാളികളുമുണ്ട്.

This post was last modified on September 13, 2019 10:45 am